ഇടുക്കിയുടെ ആഴങ്ങളില്‍!
എ മനോജ്
![]() |
|
ആകാശത്തെ മഴമുകില്‍ ചിത്രവേലയും മഴക്കാടുകളുടെ കടുംപച്ചയും തടാകത്തിന്റെ ഇരുളിമയും ചേര്‍ന്നൊരുക്കുന്ന അസുലഭ ദൃശ്യം. ചെറുതോണി ഡാമിനു സമീപമായി വീതികുറഞ്ഞ പടികള്‍ തടാകത്തിലേക്ക് ഇറങ്ങി വരുന്നു. ഇതാണ് വെള്ളപ്പാറ ബോട്ടു ജെട്ടി. യാത്ര അവാനിക്കുന്ന ഇടം. ഞങ്ങളിറങ്ങി. കണ്ണടയ്ക്കാന്‍ തോന്നാത്ത ഭംഗി നിനക്കാരാണ് തന്നതെന്റെ രജനി എന്ന പഴയൊരു ഹിന്ദിപ്പാട്ടുണ്ട്. അത് മെല്ലെ മനസിലെത്തി. മൂളുമ്പോള്‍ രജനിക്ക് പകരം പ്രകൃതി നാവിലേക്ക് കയറി. അനുഭവങ്ങളാണല്ലൊ മാറ്റം വരുത്താന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നത്. ഇടുക്കീ നീയൊരു സുന്ദരിയാണ്. |
ഇടുക്കി ജലസംഭരണിയിലൂടെയുള്ള ബോട്ടു യാത്ര കുളമാവിലെ നെല്ലിക്കപ്പാറയില്‍ നിന്ന് തുടങ്ങാനാണ് പ്ളാനിട്ടത്. കുളമാവു കഴിഞ്ഞാല്‍ ഭക്ഷണമൊന്നും കിട്ടില്ല. വഴിയിലേക്കുള്ളതു കൂടി വാങ്ങി വേണം പോകാന്‍. കുളമാവ് ഡാമിലെത്തും മുമ്പ് വലത്തേക്കു തിരിയണം നെല്ലിക്കാപ്പാറയിലേക്ക്. എന്നാല്‍ പുളിയന്‍മല റോഡില്‍ത്തന്നെ 100 മീറ്റര്‍ കൂടി പോയാല്‍ ഒരു നാടന്‍ ഹോട്ടലുണ്ട്. ഡാമില്‍ നിന്നു പിടച്ച മീനിന്റെ പുതുമയോടെ രുചി വൈവിധ്യമുള്ള ഹോട്ടല്‍. വേണ്ടതൊക്കെ വാങ്ങി കുളമാവ് സിറ്റി വഴി നെല്ലിക്കാപ്പാറയിലേക്ക്. കുളമാവ് ക്ഷേത്രത്തിനു എതിര്‍വശത്തേക്ക് ഒരു വാഹനത്തിനു മാത്രം പോകാവുന്ന മണ്‍ റോഡ്. മണ്‍റോഡിലൂടെ 700 മീറ്ററോളം കയറിക്കഴിഞ്ഞാല്‍ പിന്നെ വണ്ടി പോകില്ല. താഴേക്ക് ഡാമിന്റെ സംഭരണ പ്രദേശത്തേക്ക് കാടിറങ്ങി നടക്കണം. ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ കാല്‍നടയാത്ര 500 മീറ്ററില്‍ ഒതുക്കാം. ഇത്തവണ മഴയില്ലാത്തതിനാല്‍ വെള്ളമിറങ്ങി. ഒന്നര കിലോമീറ്റര്‍ കൂടുതല്‍ നടക്കേണ്ടിയും വന്നു ബോട്ടുജെട്ടിയിലെത്താന്‍.
നെല്ലിക്കാപ്പാറയെ ജെട്ടി എന്നു വിളിക്കുന്നത് മാപ്പര്‍ഹിക്കാത്ത കാര്യമാണ്. നേരത്തെ ബുക്ക് ചെയ്തതുകൊണ്ട് ബോട്ട് ഡ്രൈവര്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സണ്ണിയെന്നാണ് പേര്. സാധാരണ ദിവസങ്ങളില്‍ ഇടുക്കി തടാകത്തില്‍ സഞ്ചാരികളുമായി പോകാന്‍ അനുവാദമുള്ള ഒരേയോരു ബോട്ടാണ് സണ്ണി ഓടിക്കുന്നത്. ചക്കിമാലിമുല്ലക്കാനം വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണിത്. ടൂറിസ്റുകളെ കോണ്ടുപോവുകയല്ല ബോട്ടിന്റെ യഥാര്‍ഥ ലക്ഷ്യം. ജലസംഭരണിക്കക്കരെയുള്ള അവികസിത ഗ്രാമമായ ചക്കിമാലിമുല്ലക്കാനം നിവാസികള്‍ക്ക് ആഴ്ച്ചയില്‍ രണ്ടുദിവസം ബുധനും ശനിയും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഉപാധിയാണിത്. മറ്റു ദിവസങ്ങളില്‍ ടൂറിസ്റുകളെ തടാകത്തില്‍ കൊണ്ടു പോകും. മൂന്നു മണിക്കൂറാണ് യാത്ര. 60 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഡാമിന്റെ എല്ലാഭാ ഗത്തും പോകാറില്ല. കുളമാവില്‍ തുടങ്ങി ഇടുക്കി ഡാം കണ്ട് ചെറുതോണി ഡാമിന്റെ സമീപത്ത് യാത്ര അവസാനിപ്പിക്കാം.
ഒരു ദിവസം വെറുതെയങ്ങ് ഓടിച്ചെന്നാല്‍ നെല്ലിക്കാപ്പാറയില്‍ ബോട്ടുണ്ടാവില്ല. കാട്ടാനകളാവും ചിലപ്പോള്‍ വരവേല്‍ക്കാനുണ്ടാവുക. നേരത്തെ ബോട്ട് ബുക്കു ചെയ്തേ യാത്ര പുറപ്പെടാവൂ. സംരക്ഷിത വനത്തിലെ ആഴമേറിയ ഡാമിലൂടെയുള്ള യാത്രക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം. ജാക്കറ്റ് ധരിക്കണം. രാവിലെ ആറിനും വൈകീട്ട് അഞ്ചിനും ഇടക്കു മാത്രമെ ബോട്ട് ഓടിക്കൂ. പ്രതികൂല കാലാവസ്ഥയില്‍ യാത്രയില്ല. ആഹ്ളാദത്തിന്റെയും സുഖകരമായൊരു ഭയത്തിന്റെയും ഓളപ്പുരത്ത് ചാഞ്ചാടി നീങ്ങുന്നത് അസുലഭാനുഭവമാണ്. വെള്ളമിറങ്ങിയ ജലസംഭരണിയിലൂടെ നടന്ന് ബോട്ടിനു സമീപമെത്തുന്നതു വരെയുള്ള കാഴ്ച്ചകള്‍ തന്നെ മനം നിറക്കും.
തടാകത്തിലൂടെ യന്ത്രവത്കൃത ബോട്ട് മുന്നോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരു വെയില്‍ തെളിഞ്ഞു. തൊട്ടു പിന്നാലെ പെയ്ത ചാറ്റല്‍ മഴ മഴവില്ലിനെ കൊണ്ടുവന്നു. വെള്ളം കുറഞ്ഞ തടാകം തുടക്കത്തില്‍ മലയിടുക്കുകള്‍ക്കിടയിലെ ചാലുപോലെയാണ്. അവിടമൊന്നു കഴിഞ്ഞാല്‍ ചുറ്റും ജലനിരപ്പ്. മറച്ചുവെച്ച കാഴ്ച്ചകളെ മലകള്‍ വഴിമാറി കാട്ടിത്തരുന്നു. അങ്ങോട്ടുമിങ്ങോട്ടും കയറിയും ഇറങ്ങിയും നീണ്ടും പരന്നും നീരാളിക്കൈകള്‍ പോലെ വെള്ളത്തിന്റെ വിചിത്രവഴികള്‍ ഇടക്കിടക്ക് തെളിയും. ഓളപ്പരപ്പിനു മീതെ മീന്‍ കൊത്തിപ്പറക്കുന്ന നീര്‍ക്കാക്കകള്‍, ഊളിയിടുന്ന നീര്‍നായകള്‍. തടാകക്കരയില്‍ മുഖമുയര്‍ത്തുന്ന കാട്ടുപോത്തുകള്‍. ആനക്കൂട്ടങ്ങള്‍ ഓടിപ്പോകുന്ന മ്ളാവുകള്‍. പച്ചപുതച്ച കാടുകള്‍ക്കപ്പുറം പലനിറങ്ങളുള്ള കുപ്പായമിട്ട മലകള്‍. മുകളില്‍ വെളുത്തും നീലിച്ചും ചിലപ്പോള്‍ കറുത്തും ആകാശം. ഒരു മണിക്കൂര്‍ യാത്ര ചെയ്യുമ്പോള്‍ വൈരമണിയിലെത്തും. അവിടെ പഴയൊരു കെട്ടിടത്തിന്റെ അവശിഷ്ടം കാണാം. ഇടക്കെവിടേയും ബോട്ടടുപ്പിക്കരുതെന്നാണ് വ്യവസ്ഥ. എങ്കിലും വെള്ളം താഴ്ന്ന തലമണ്ട തെളിഞ്ഞ മൊട്ടക്കുന്നുകളിലൊന്നില്‍ ബോട്ടടുപ്പിച്ച് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുന്നറിയിപ്പുപോലെ ഒരിടിമുഴക്കം.
കാലവര്‍ഷത്തില്‍ ഇത് പതിവില്ലാത്തതാണെന്ന് സണ്ണി. തടാകക്കരയില്‍ കാടിന്റെ ഭാവങ്ങളിലൂടെ കുറച്ചുനേരം. ബോട്ടിലൂടെ വീണ്ടും മുന്നോട്ട്. കരയും കാടും തടാകത്തില്‍ വിസ്മയിപ്പിക്കുന്ന പ്രതിബിംബങ്ങള്‍ തീര്‍ത്തു. ഉയര്‍ന്നുതാണ ജലവിതാനങ്ങള്‍ പലനാള്‍കൊണ്ട് മലഞ്ചെരിവിലെ മണ്ണില്‍ വരഞ്ഞിട്ട രേഖകള്‍. അതില്‍ ചിലവ പിരമിഡുകളെ ഓര്‍മ്മിപ്പിച്ചു. ഒഴുകിയിറങ്ങിയ മണ്ണ് വെള്ളത്തില്‍ വീഴും മുമ്പ് പാറകളില്‍ രചിച്ചിരിക്കുന്നത് മനോഹരചിത്രങ്ങള്‍. പറഞ്ഞാല്‍ തീരാത്ത കാഴ്ച്ചകളുടെ ഒടുവില്‍ ഇടുക്കി ആര്‍ച്ച് ഡാം. കുറവന്‍ കുറത്തി മലകളും കുറവന്‍ മലയിലെ വൈശാലി ഗുഹയും കണ്ടു. ഈ ഗുഹയിലാണ് വൈശാലി സിനിമയിലെ ചിലഭാഗങ്ങള്‍ ചിത്രീകരിച്ചത്. മറുവശത്ത് ചെറുതോണി ഡാം. തടാകത്തിന് ഏറ്റവും വിസ്തൃതി ഇവിടെയാണ്. ആകാശത്തെ മഴമുകില്‍ ചിത്രവേലയും മഴക്കാടുകളുടെ കടുംപച്ചയും തടാകത്തിന്റെ ഇരുളിമയും ചേര്‍ന്നൊരുക്കുന്ന അസുലഭ ദൃശ്യം. ചെറുതോണി ഡാമിനു സമീപമായി വീതികുറഞ്ഞ പടികള്‍ തടാകത്തിലേക്ക് ഇറങ്ങി വരുന്നു. ഇതാണ് വെള്ളപ്പാറ ബോട്ടു ജെട്ടി. യാത്ര അവാനിക്കുന്ന ഇടം. ഞങ്ങളിറങ്ങി. കണ്ണടയ്ക്കാന്‍ തോന്നാത്ത ഭംഗി നിനക്കാരാണ് തന്നതെന്റെ രജനി എന്ന പഴയൊരു ഹിന്ദിപ്പാട്ടുണ്ട്. അത് മെല്ലെ മനസിലെത്തി. മൂളുമ്പോള്‍ രജനിക്ക് പകരം പ്രകൃതി നാവിലേക്ക് കയറി. അനുഭവങ്ങളാണല്ലൊ മാറ്റം വരുത്താന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നത്. ഇടുക്കീ നീയൊരു സുന്ദരിയാണ്.