കൊത്തങ്കല്ലേറ്
സോണി ഡിത്ത്
തുന്നിത്തീര്‍ന്നിട്ടും
കുടുക്ക് വയ്ക്കാനാകാതെ
ജീവിതമിപ്പോഴും
പുത്തന്‍ കുപ്പായം പോലെ
ചുളുങ്ങാതിരിക്കുന്നുണ്ട്.
കുടുക്ക് വച്ചു തീരുമ്പോഴേക്കും
അസ്തമയം വിഴുങ്ങിത്തീര്‍ത്ത
പാലം പോലെ അത്
അപ്രത്യക്ഷമാകുന്നു.
ഇത്തിരി മഴയും
ഒത്തിരി വെയിലും
കുതിര്‍ത്തുണക്കി
കരിമ്പനടിച്ച കുപ്പായവുമായി
കാലമപ്പോഴും
തലയിലെഴുത്തിന്റെ
കൊത്തങ്കല്ലെറിഞ്ഞു
കുട്ടിക്കരണം മറിഞ്ഞു നടപ്പാണ്.

പന്ത്
ഡോണ മയൂര
ഉണര്‍ന്നപ്പോള്‍ നീയൊരു മരത്തിന്മേലായിരുന്നു
മനുഷ്യരെ പോലെ തന്നെ
മരങ്ങള്‍ ബാസ്കറ്റ് ബോള്‍ കളിക്കുമ്പോള്‍,
പുറത്തേക്ക് വളര്‍ന്ന് പുളഞ്ഞു കിടക്കുന്ന
ഒരു വേരിന്മേല്‍
‘സ്ളാം ഡങ്ക്' ഭയക്കുന്ന ഒരു പന്തായി.
മരങ്ങളോട് വോളിബോള്‍ കളിക്കാന്‍
ഉച്ചത്തില്‍ അലറിവിളിച്ചുപറഞ്ഞുകൊണ്ട്
ഞാനൊരു ‘നെറ്റായി' മാറി.
ഏതെങ്കിലും ഒരു മരത്തിന്റെ
പിഴച്ച ‘സെര്‍വില്‍'
നീയെന്റെ വലയില്‍ തടയുമ്പോള്‍
പിടിച്ചെടുക്കാമെന്ന് കരുതി.
വീണ്ടും ഉണരുമ്പോള്‍
അസ്വഭാവികമായി ഒന്നും തോന്നിയില്ല,
നീയോ വളരെ സുരക്ഷിതമായും!
ഞാന്‍ ഒരു സ്വപ്നത്തില്‍ നിന്നും
മറ്റൊന്നിലേക്ക് ഉണരുകയായിരുന്നല്ലോ!.

പൌളയുടെ റൊട്ടിക്കട
അച്യുതന്‍ വടക്കേടത്ത് രവി

പൌളാ,
പൌളയുടെ റൊട്ടിക്കട
എന്നും
ആരാധകരെക്കൊണ്ട്
നിറഞ്ഞിരിക്കുന്നു.
തിന്നും കുടിച്ചും മദിച്ചും
കഴിയുന്നവരുടെ
പല്ലുകളും നഖങ്ങളും
വീഞ്ഞൊഴുകുന്ന ശരീരത്തില്‍,
ചെറിയ ചെറിയ
അടയാളങ്ങള്‍
വരച്ചുകൊണ്ടിരിക്കുന്നു,
പൌള സുഖിക്കുന്നുവെന്നപോലെ.
പൌളയുടെ ശരീരത്തില്‍
അവര്‍
ആഘോഷമായി,
വിലപിടിച്ച ലോഹക്കൊളുത്തുകള്‍
പിടിപ്പിച്ചുകൊണ്ടിരിക്കുന്നു;
പൌളയുടെ സൌഹൃദം
പങ്കിടാന്‍ വന്നവരുടെ
പേരുകള്‍ എഴുതിയ
പലവര്‍ണ്ണക്കടലാസുകള്‍
തൂക്കിക്കൊണ്ടിരിക്കുന്നു;
ആരാധനാലയങ്ങളിലെ
ചുമരുകളില്‍ വരച്ചിട്ട
നഗ്നചിത്രങ്ങള്‍ പോലെ
പുതുമയാര്‍ന്ന രക്തസ്രാവങ്ങള്‍,
അടയാളങ്ങള്‍
തീര്‍ത്തുകൊണ്ടേയിരിക്കുന്നു.
പൌള,
ഈ മണ്ണില്‍,
ലയിക്കുന്നതുവരെ
പൌളയുടെ റൊട്ടിക്കട
എന്നും
ആരാധകരേക്കൊണ്ട്
നിറഞ്ഞിരുന്നു.

Comments
പുതിയ എഴുത്തുകാരുടെ കൂട്ടായ്മ . നല്ല വായനക്കാരുടെ കൂട്ടായ്മ
നവ നവ സൃഷ്ടികള്‍ ! പഴയ സൃഷ്ടികള്‍
ചേരുക ! കൂട്ടുകാരെയും ചേര്‍ക്കുക മലയാള കൂട്ടായ്മ
http://www.facebook.com/groups/malayalakoottaayma/
RSS feed for comments to this post