എറണാകുളം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് വിധേയകനാകുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറിവരുമ്പോള്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സമരത്തിന് പിന്നിലുള്ള നിര്‍ദ്ദിഷ്ട താല്‍പ്പര്യക്കാര്‍ അങ്കലാപ്പില്‍. കന്യാസ്ത്രീകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞ് കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തില്‍ നിന്ന് സര്‍ക്കാര്‍ വിരുദ്ധവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമോ എന്ന പരിശ്രമത്തിലേര്‍പ്പെടാനാണ് ജമാ അത്തെ ഇസ്ലാമിയും ആര്‍ എം പിയും ചില എന്‍ ജി ഒകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ പ്രയത്‌നം പൂര്‍ണാര്‍ത്ഥത്തില്‍ ഫലം കണ്ടെത്തുന്നതിന് മുമ്പ് ബിഷപ്പ് ഫ്രാങ്കോവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇത്രയും ദിവസത്തെ പരിശ്രമം വൃഥാവിലുമെന്ന നിരാശയിലാണ് ഈ ഗ്രൂപ്പുകളുള്ളത്. 

ബിഷപ്പിന്റെ മൊഴികളില്‍ പത്തോളം വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാകും ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട് ഇ ഐ ജി വിജയ് സാക്കറെ ഡി ജി പി ലോക്‌നാഥ് ബഹ്‌റയുമായി ആശയവിനിമയം നടത്തി. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസമാവില്ലെന്ന് ഡി ജി പി വ്യക്തമാക്കി. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ തീരുമാനമാണ് അന്തിമമെന്നും ഡി ജി പി വ്യക്തമാക്കി. 

ഇന്നലത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ നിഷേധിക്കുന്ന തരത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മൊഴി നല്‍കിയത്. നേരത്തെ ജലന്ധറില്‍ വച്ച് നല്‍കിയ മൊഴികളില്‍ തന്നെ കടിച്ചുതൂങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ നിലവില്‍ പൊലീസിന് പക്കലുള്ള പത്തോളം നിര്‍ണായക തെളിവുകളുമായി ബിഷപ്പിന്റെ മൊഴിയിലുള്ള വൈരുദ്ധ്യങ്ങള്‍ പരിഗണിച്ചാകും ഇന്നത്തെ ചോദ്യം ചെയ്യല്‍. ബഷപ്പിന്റെ അറസ്റ്റിന് നിയമ തടസങ്ങളില്ലെന്നാണ് ഉന്നതപൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സര്‍ക്കാരിന്റെ ഭാഗത്തും നിന്നും അറസ്റ്റിന് അനുകൂല നിലപാട് തന്നെയാണുള്ളത്. ഇതും ബിഷപ്പിന്റെ അറസ്റ്റ് വേഗത്തിലാക്കാന്‍ സഹായകമാകും.

ഇന്നലത്തെ ചോദ്യം ചെയ്യലിനിടെ കന്യാസ്ത്രീയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളും മറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിനെ കാണിച്ചത് അദ്ദേഹത്തെ വെട്ടിലാക്കി. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈല്‍ നമ്പര്‍ തന്റേതാണെന്ന് സമ്മതിച്ചെങ്കിലും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്നാണ് ബിഷപ്പ് വാദിച്ചു. അതേസമയം, ഇത്തരത്തില്‍ ഇരുപതിലേറെ സന്ദേശങ്ങളാണ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്ക് അയച്ചിട്ടുള്ളതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആദ്യം പീഡീപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട് പോയിട്ടില്ലെന്നാണ് ബിഷപ്പ് ജലന്ധറില്‍ വച്ച് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ആ ദിവസം അവിടെ പോയിരിക്കാമെന്നും അന്ന് രാത്രി അവിടെ തങ്ങിയിട്ടില്ലെന്നും ബിഷപ്പ് ഇന്നലെ മൊഴി തിരുത്തി. കോട്ടയം എസ്.പി ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, ഡി.സി.പി ഹിമേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ഇന്നത്തെ ചോദ്യം ചെയ്യലിനായി ഇരുനൂറോളം ചോദ്യങ്ങളടങ്ങിയ പുതിയ ചോദ്യാവലി കൂടി അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. തൃപ്പൂണിത്തുറയിലെ െ്രെകം ബ്രാഞ്ച് ഓഫീസിലെ ഹൈടെക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ ഇന്നലെ ഏഴേകാല്‍ മണിക്കൂര്‍ നീണ്ട് നിന്നിരുന്നു.

കൊച്ചിയില്‍ സമരപന്തലില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സമരത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നുള്ള രീതിയില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പൊതുബോധമുണ്ടാക്കണമെന്നാണ് സമരത്തിന് പിറകില്‍ സജീവമായി നില്‍ക്കുന്ന അക്റ്റിവിസ്റ്റുകള്‍ തീരുമാനിച്ചിട്ടുള്ളത്. ചില മാധ്യമ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.