ഇന്ത്യാവിഷനെന്ന വിഷനാവ്



റിയല്‍ എസ്റ്റേറ്റ് ബിസിനസിലോ, ബ്ലേഡ് പണമിടപാടിലോ, വ്യഭിചാര ശാലകള്‍ നടത്താനോ, മയക്കുമരുന്ന് കച്ചവടം നടത്താനോ, ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ ഉണ്ടാക്കാനോ ഡി വൈ എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്ന യുവതീ-യുവാക്കള്‍ക്ക് വേണമെങ്കില്‍ പോകാം. ഈ സമൂഹത്തിന് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ സാധിക്കു. കേരളത്തിലെ അമ്പത് ലക്ഷത്തിലേറെ വരുന്ന യുവതയെ അത്തരത്തിലുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളിലേക്ക് വലിച്ചെറിയാതെ നവോത്ഥാനത്തിന്റെ ധാരയുടെ പിന്‍തുടര്‍ച്ചക്കാരാക്കി മാറ്റുകയാണ് ഡി വൈ എഫ് ഐ. അത് ചെറിയ കാര്യമല്ല. ഇന്ത്യാവിഷനെ സംബന്ധിച്ചിടത്തോളം ഇത്രയും യുവതീ-യുവാക്കള്‍ ഒരിക്കലും ഈ സംഘടനയുടെ കൊടിക്കീഴില്‍ അണിനിരക്കാന്‍ പാടില്ല. അവര്‍ സര്‍ഗാത്മകയൗവനമായി നിവര്‍ന്ന് നില്‍ക്കാന്‍ പാടില്ല. ഈ യുവത, അരാജകത്വത്തില്‍ മുങ്ങി ബലാല്‍സംഗങ്ങള്‍ ചെയ്ത് കൊള്ളയും കൊലപാതകങ്ങളും നടത്തി തങ്ങളുടെ ചാനലില്‍ ബ്രേക്കിംഗ് ന്യൂസായി നിറയണം. അത്തരത്തിലുള്ള അധമബോധത്തില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത്. 

ഡി വൈ എഫ് ഐ, മലയാള മനോരമയ്ക്കയച്ച കത്താണ് ഇന്ത്യാവിഷന്റെ പുതിയ തുരുപ്പ്. വല്ലതും നടക്കുന്നുണ്ടെങ്കില്‍ നടക്കട്ടെ എന്ന സ്ഥിരം മനോഭാവത്തോടെയുള്ള കമ്യൂണിസം പഠിപ്പിക്കല്‍. ഇങ്ങനെയൊന്നുമല്ല യുവജനപ്രസ്ഥാനം വളരേണ്ടത്, അടച്ചിട്ട മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍ നിന്നെടുത്ത് ഉളുപ്പില്ലാതെ വിളമ്പുന്ന ഞങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ നേരും നെറിയും കണ്ടാണ് വളരേണ്ടത് എന്നാണോ ഇന്ത്യാവിഷന്‍ പറയുന്നത്? എപ്പോഴോ അയച്ചൊരു കത്ത് പുതിയൊരു കാര്യമെന്നുള്ള രീതിയിലാണ് ഇന്ത്യാവിഷന്‍ വിളിച്ചുപറയുന്നത്. വാര്‍ത്താ ദാരിദ്ര്യം കൊണ്ടല്ല ഇന്ത്യാവിഷന്‍ ഈ വാര്‍ത്ത പൊക്കിപിടിക്കുന്നത്. നുണപറയുമ്പോള്‍, പരദൂഷണത്തെ മൂശയിലിട്ട് വാര്‍ത്തയാക്കി വാര്‍ത്തെടുക്കുമ്പോള്‍ ആത്മസംതൃപ്തി കിട്ടുന്ന ചില ജന്‍മങ്ങള്‍ ഇന്ത്യാവിഷനിലുണ്ട്. അവര്‍ക്ക് ഈ നാട്ടിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളല്ല വാര്‍ത്തകളായി വേണ്ടത്. പാതി അറിഞ്ഞതും തങ്ങളുടെ ദുഷിച്ചഭാവനയിലൂടെ പൂര്‍ണമാക്കാനാവുന്നതുമായ നുണപറച്ചിലുകളാണ്. അത്തരത്തില്‍ പാതിവെന്ത നുണയില്‍ നിന്നാണ് ഈ വാര്‍ത്തയും ഉണ്ടായത്.

പരിസ്ഥിതിവിഷത്തില്‍ ഡി വൈ എഫ് ഐ നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിസ്ഥിതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് സുഗതകുമാരി ടീച്ചറായിരുന്നു. പരിസ്ഥിതിസംരക്ഷണം എന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ, പക്ഷത്തിന്റെ മാത്രം ആവശ്യമല്ല. ഡി വൈ എഫ് ഐയുടെ ആ ഇടപെടലിനെ കുറിച്ച് മലയാള മനോരമ ഒരുവരി പോലും വാര്‍ത്തയായി കൊടുക്കാന്‍ പതിവുരീതിയില്‍ തയ്യാറായില്ല. മാതൃഭൂമിയും ആ വാര്‍ത്ത തമസ്‌കരിച്ചു. പരിസ്ഥിതി വിഷയത്തെ കാണാത്ത മാധ്യമങ്ങളല്ല ഇവ രണ്ടും. സ്വന്തമെന്ന നിലയില്‍ വരെ പരിസ്ഥിതി അവബോധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍കൂടിയാണ്. ആ വലിയ പരിപാടിയുടെ വാര്‍ത്തകള്‍ ഈ പത്രങ്ങളില്‍ വരാത്തത് തീര്‍ച്ചയായും പരിസ്ഥിതി എന്ന വിഷയത്തോടുള്ള അതൃപ്തികൊണ്ടല്ല. ഡി വൈ എഫ് ഐ എന്ന സംഘടനയോടുള്ള അതൃപ്തികൊണ്ടാണെന്ന് യുക്തിപരമായി ചിന്തിക്കുന്ന ആ സംഘടനയ്ക്ക് ബോധ്യപ്പെട്ടുകാണും. ഇത്തരത്തിലുള്ള പരിപാടികളുടെ വാര്‍ത്തകള്‍ മാത്രമല്ല ഈ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാനകമ്മറ്റി പുറപ്പെടുവിക്കുന്ന പത്രകുറിപ്പുകള്‍ വരെ ഇവര്‍ വെളിച്ചം കാട്ടാറില്ല. പത്രസമ്മേളനങ്ങളില്‍ വന്നാല്‍പോലും അത് വാര്‍ത്തയാവാറില്ല. ആ സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ ഈ മാധ്യമങ്ങള്‍ക്ക് കത്ത് അയക്കുവാന്‍ വേണ്ടി തയ്യാറാവുന്നത്.

മലയാളമനോരമയുടെയും മാതൃഭൂമിയുടെയും ഉത്തരവാദിത്തപ്പെട്ട പത്രാധിപന്‍മാര്‍ക്ക് ഡി വൈ എഫ് ഐ അയച്ച കത്തില്‍ ''അയ്യോ, സാറേ... ഞങ്ങളുടെ വാര്‍ത്ത കൊടുക്കണേ, എന്റെ ഫോട്ടം ഫ്രന്റ് പേജില്‍ കളറില്‍ അച്ചടിക്കണേ'' എന്നുള്ള പ്രാര്‍ത്ഥനയല്ലായിരുന്നു. അത്തരം പ്രാര്‍ത്ഥനകള്‍ നിരന്തരം കേള്‍ക്കുകയും അവരുടെ നേര്‍ക്ക് ചാനല്‍ക്യാമറകള്‍ വിടര്‍ത്തിവെച്ച് സുഖിപ്പിക്കുകയും അത്തരക്കാരുടെ ഓശാരങ്ങളും നുണകളും സ്വീകരിക്കുകയും ചെയ്യുന്ന മലിനമായ ചാനല്‍ സംസ്‌കാരത്തിന് കത്തയപ്പ് എന്നത് കേട്ടാല്‍ അതിനപ്പുറം ചിന്തിക്കാന്‍ സാധിക്കില്ല എന്നത് വേറെ കാര്യം.

ഡി വൈ എഫ് ഐ അയച്ച കത്തില്‍; ഡി വൈ എഫ് ഐയുടെ വാര്‍ത്തകള്‍ താങ്കളുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ സംഘടനയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അമ്പത് ലക്ഷത്തിലേറെ അംഗങ്ങളുള്ള ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തകരില്‍ ഏറെയും മനോരമ/മാതൃഭൂമി യുടെ വായനക്കാരാണ്. അവര്‍ പ്രതീക്ഷിക്കുന്ന വാര്‍ത്തകള്‍ ഈ പത്രത്തില്‍ സ്ഥിരമായി ഉണ്ടാവുന്നില്ല എന്നത് ചൂണ്ടിക്കാട്ടുകയാണ് എന്ന രീതിയിലാണ് ഉള്ളടക്കമുണ്ടായിരുന്നത്. ഏതായാലും രണ്ട് പത്രങ്ങളും ഡി വൈ എഫ് ഐയോട് പ്രതികരിച്ചു. മനോരമയുടെ പത്രാധിപര്‍ ഡി വൈ എഫ് ഐക്ക് എഴുതിയ മറുപടി കത്തില്‍ മനോരമയുടെ തിരുവനന്തപുരം ബ്യൂറോയില്‍ വാര്‍ത്തകളും വിവരങ്ങളും എത്താത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള പോരായ്മ സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. ആ കത്തിന് ഡി വൈ എഫ് ഐ വീണ്ടും ഒരു മറുപടി കത്തയച്ചു. അതില്‍ മലയാള മനോരമയ്ക്കയച്ച വാര്‍ത്തകളുടെയും പരിപാടി അറിയിപ്പുകളുടെയും ഇ മെയില്‍ അറ്റാച്ച്‌മെന്റുകള്‍ കൂടി ഉള്ളടക്കം ചെയ്തിരുന്നു. പത്രാധിപര്‍ക്ക് പറയുന്നത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ബോധ്യപ്പെടുത്താനായിരുന്നു ആ മറുപടി. ഏതായാലും ഈ കത്തിടപാടിന് ശേഷം ഡി വൈ എഫ് ഐ വാര്‍ത്തകള്‍ മനോരമയില്‍ വരാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയുള്ള ചില സ്വ.ലേഖകന്‍മാരുടെ 'രാജാവിനേക്കാള്‍ വലിയ രാജഭക്തി' അവസാനിച്ചു എന്നത് വസ്തുതയാണ്. മാതൃഭൂമി പത്രമാവട്ടെ തങ്ങളുടെ ഒരു മുതിര്‍ന്ന ലേഖകനെ ഡി വൈ എഫ് ഐയുടെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകരോട് ചര്‍ച്ച ചെയ്യാന്‍ നിയോഗിക്കുകയാണ് ചെയ്തത്.

യഥാര്‍ത്ഥത്തില്‍ ഈ കത്തെഴുത്തും ഒരു സമരപ്രവര്‍ത്തനം തന്നെയാണ്. ഒരിക്കലും തിരുത്താന്‍ തയ്യാറാവാത്ത മനസുമായി നില്‍ക്കുന്നത് പോലെ ഭാവിക്കുന്ന വലതുപക്ഷ സ്വഭാവമുള്ള മാധ്യമ സ്ഥാപനങ്ങളുടെ നേര്‍ക്ക്, ഞങ്ങളെല്ലാം കാണുന്നുണ്ട്. നിങ്ങളുടെ നിലപാടില്‍ ഞങ്ങള്‍ക്കുള്ള അഭിപ്രായം ഇതാണ്. ഞങ്ങളുടെ കാഴ്ചപ്പാട് ഇതാണ് എന്ന വിളിച്ചുപറയലാണ് ആ കത്തെഴുത്ത്. അവരുടെ നിലപാടുകള്‍ തിരുത്താനുള്ള പ്രേരണയായി മാറുകയാണ് ആ കത്ത്. ആ കത്തെഴുത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐയുടെ വാര്‍ത്തകള്‍ എത്രയോ പുതിയ വായനക്കാരിലേക്ക് എത്തിയിട്ടുണ്ടാവും. എത്ര വീട്ടകങ്ങളിലെ അമ്മമാര്‍, സഹോദരിമാര്‍ ഈ സംഘടന ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട് അല്ലെ എന്ന് മനസില്‍ വിചാരിച്ചിട്ടുണ്ടാവും. അത്തരത്തില്‍ ഡി വൈ എഫ് ഐ അറിയപ്പെടുന്നതാണ് ഇന്ത്യാവിഷനെ വ്യാകുലപ്പെടുത്തുന്നത്.

മലയാള മനോരമയിലും മാതൃഭൂമിയിലും ഡി വൈ എഫ് ഐ വാര്‍ത്തകള്‍ വരുമ്പോള്‍ അസംതൃപ്തരാവുന്ന മലയാളമനോരമയിലെ ചില ലേഖകന്‍മാരുടെയും ഇന്ത്യാവിഷനിലെ ചില കമ്യൂണിസ്റ്റ് വേട്ടക്കാരുടെയും ഗൂഡാലോചനയില്‍ നിന്നാണ് കാലംതെറ്റി പെയ്ത മഴപോലെ ഈ കത്ത് വിവാദം ഉണ്ടാവുന്നത്. ഡി വൈ എഫ് ഐ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച 'രാത്രികീഴടക്കല്‍' സമരത്തിന്റെ ഭാഗമായി അയച്ചതല്ല ഈ കത്തുകള്‍. ആ സമരത്തിന്റെ വാര്‍ത്തകള്‍ ചിത്രങ്ങള്‍ സഹിതം കൊടുക്കേണ്ടി വന്ന ഗതികേടില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുവാന്‍ സാധിക്കുമോ എന്ന അന്വേഷണം നടത്തുന്ന മനോരമയിലെ വിഷച്ചെടികളുടെ കുഴിഞ്ഞബുദ്ധിയില്‍ നിന്നാണ് ഈ കത്ത് പുറത്ത് വന്നത്. അത് ഇന്ത്യാവിഷനിലൂടെ പൂത്തുലഞ്ഞു.

മറ്റ് യുവജനസംഘടനകള്‍ ചാനല്‍റൂമുകളില്‍ ജീവിക്കുമ്പോഴാണ് ഡി വൈ എഫ് ഐ നാടിന്റെ നാഡിഞരമ്പുകളില്‍ ചോരയായ് നിറയുന്നത്. ആഗോളവത്കരണ കാലത്ത് ലോകമെങ്ങും യുവതയില്‍ അരാജകത്വം നുരക്കുമ്പോള്‍ കേരളത്തിലെ യുവജനങ്ങള്‍ ഇന്നും ആ ദുരന്തത്തെ മറികടക്കാന്‍ ശ്രമിക്കുന്നത് ഡി വൈ എഫ് ഐയുടെ സജീവത കൊണ്ടാണ്. ഡി വൈ എഫ് ഐ ഇല്ലാതായി, ഇല്ലാതായി എന്ന് പേര്‍ത്തും പേര്‍ത്തും മന്ത്രിക്കുന്നവര്‍ നാട്ടിന്‍പുറങ്ങളിലേക്ക് പോകണം. അവിടെ കണ്ണുനീരൊപ്പാന്‍ നീളുന്ന കൈ, ഡി വൈ എഫ് ഐയുടേത് തന്നെയാണ്. അവിടെ പാറിപ്പറക്കുന്നത് ശുഭ്രപതാക തന്നെയാണ്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലോ, ബ്ലേഡ് പണമിടപാടിലോ, വ്യഭിചാര ശാലകള്‍ നടത്താനോ, മയക്കുമരുന്ന് കച്ചവടം നടത്താനോ, ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ ഉണ്ടാക്കാനോ ഡി വൈ എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്ന യുവതീ-യുവാക്കള്‍ക്ക് വേണമെങ്കില്‍ പോകാം. ഈ സമൂഹത്തിന് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ സാധിക്കു. കേരളത്തിലെ അമ്പത് ലക്ഷത്തിലേറെ വരുന്ന യുവതയെ അത്തരത്തിലുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളിലേക്ക് വലിച്ചെറിയാതെ നവോത്ഥാനത്തിന്റെ ധാരയുടെ പിന്‍തുടര്‍ച്ചക്കാരാക്കി മാറ്റുകയാണ് ഡി വൈ എഫ് ഐ. അത് ചെറിയ കാര്യമല്ല. ഇന്ത്യാവിഷനെ സംബന്ധിച്ചിടത്തോളം ഇത്രയും യുവതീ-യുവാക്കള്‍ ഒരിക്കലും ഈ സംഘടനയുടെ കൊടിക്കീഴില്‍ അണിനിരക്കാന്‍ പാടില്ല. അവര്‍ സര്‍ഗാത്മകയൗവനമായി നിവര്‍ന്ന് നില്‍ക്കാന്‍ പാടില്ല. ഈ യുവത, അരാജകത്വത്തില്‍ മുങ്ങി ബലാല്‍സംഗങ്ങള്‍ ചെയ്ത് കൊള്ളയും കൊലപാതകങ്ങളും നടത്തി തങ്ങളുടെ ചാനലില്‍ ബ്രേക്കിംഗ് ന്യൂസായി നിറയണം. അത്തരത്തിലുള്ള അധമബോധത്തില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത്. ഈ വാര്‍ത്തയിലൂടെയും തങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുന്ന ഇന്ത്യാവിഷന് ഇനിയും വളര്‍ച്ചയുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. പടവലങ്ങകള്‍ക്കും വളരാതെ വയ്യല്ലൊ.

 

16-Jul-2014