വലത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാധ്യമ രതി

ഇനിയെങ്കിലും സിപിഐ നേതാക്കള്‍ തങ്ങളുടെ മുഖത്തെ മുഖപ്പാള അഴിച്ചു കളയണം. അഭിനയം നിര്‍ത്തണം. ഇന്നോവക്കാറില്‍ സഞ്ചരിക്കുന്ന പാര്‍ട്ടി സെക്രട്ടറി, മലപ്പുറത്ത് പോയി കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്ത് വാര്‍ത്തയുണ്ടാക്കുന്ന മാധ്യമ ബന്ധങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ചില പുത്തന്‍കൂറ്റ് മുതലാളിമാര്‍ ജനയുഗം പത്രത്തിനെ നിലനിര്‍ത്താനായി കോടികള്‍ ഫണ്ട് നല്‍കിയിട്ടുണ്ട് എന്നൊക്കെ അവകാശപ്പെട്ട് നടക്കുന്നുണ്ട്. വിവരാവകാശ നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണം എന്ന് വലിയ വായില്‍ വീമ്പടിക്കുന്നവര്‍ ഇതൊക്കെ വെളിപ്പെടുത്താന്‍ തയ്യാറാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്. ഒരുപാട് കാലം എല്ലാവരെയും ഇങ്ങനെ പറ്റിച്ച് കമ്യൂണിസം പറയാന്‍ സാധിക്കില്ല. മുഖംമൂടി പറിച്ചെറിഞ്ഞാല്‍ മാത്രമേ സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന കൊടിക്കൂറയ്ക്ക് പ്രസക്തിയുള്ളു. അതിന് തയ്യാറാവുകയാണ് വേണ്ടത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചാണ് കുത്ത മാധ്യമങ്ങള്‍ കുറച്ചുദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ആഘോഷിക്കുന്നത്. സിപിഐയുടെ ഭരണഘടനയില്‍ മാറ്റം വരുത്തുന്നു എന്നുവരെ മലയാളമനോരമ എഴുതുകയുണ്ടായി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ആക്ഷേപഹാസ്യ പരിപാടിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പത്ര സമ്മേളനം ആവര്‍ത്തിച്ച് കാണിക്കുന്നത് കണ്ടു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ അവതാരകന്‍ കഴിയുന്നത്ര തമാശ അതിലേക്ക് ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് കാണാമായിരുന്നു. ആ പരിപാടിയുടെ തമാശക്കുമപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ ദൈന്യതയാണ് അതില്‍ ദര്‍ശിക്കാന്‍ സാധിച്ചത്. തിരുവനന്തപുരത്തെ പത്രക്കാരോട് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വെല്ലുന്ന വിധത്തില്‍ സങ്കടപ്പെടുകയാണ് പന്ന്യന്‍ രവീന്ദ്രന്‍. അപേക്ഷിക്കുകയാണ് അദ്ദേഹം. അവരുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരില്‍ എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിക്കുന്ന നിജമായ വാര്‍ത്തകള്‍ നല്‍കണമെന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയാണ്. ഈ പ്രാര്‍ത്ഥന, സങ്കടപ്പെടല്‍, അപേക്ഷിക്കല്‍... കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഭൂഷണമാണോ എന്നത് സിപിഐ പരിശോധിക്കേണ്ടതാണെന്ന് തോന്നുന്നു.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമ പ്രവര്‍ത്തകരെ, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന ചില രീതികള്‍ ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. ഒന്ന്, കെ പി സി സി ഓഫീസിലെ രീതിയാണ്. കെ പി സി സി പ്രസിഡന്റിന്റെ പത്രസമ്മേളന രീതി. പത്രസമ്മേളനത്തിന് മുന്നെയും ശേഷവും പ്രസിഡന്റ് വി എം സുധീരന്‍ പത്രക്കാരോട് കുശലം പറഞ്ഞും പേരെടുത്ത് വിളിച്ചും അവരെ പോക്കറ്റിലാക്കുന്നത് കാണാം. ഇത് പണ്ടുള്ള പ്രസിഡന്റുമാര്‍ കൂടിയ രീതിയില്‍ പ്രയോഗിച്ചിരുന്നു. കെ പി സി സി പ്രസിഡന്റിന്റെ ഈ കുശലം പറച്ചില്‍ പത്രപ്രവര്‍ത്തകര്‍ക്കും ഇഷ്ടമാണ്. തോളില്‍ കൈയ്യിടലും ഗൗരീ/സുബൈറേ/ശ്രീജിത്തേ/സിന്ധു/സുജിത്തേ... എന്നുള്ള വിളിയും മാധ്യമപ്രവര്‍ത്തകര്‍ പരിഗണിക്കുന്നത് അവര്‍ക്കുള്ള അംഗീകാരം ആയിട്ടാണ്. അങ്ങനെ രാഷ്ട്രീയനേതാക്കളുടെ വിളി വരുമ്പോഴാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, സ്വീകാര്യനായ പത്രപ്രവര്‍ത്തകന്‍, ചില രഹസ്യങ്ങള്‍, വാര്‍ത്തയുടെ സോഴ്‌സുകള്‍ തുടങ്ങിയവ രഹസ്യമായി കൈമാറാന്‍ മാത്രം യോഗ്യതയുള്ള! പരിഗണിക്കപ്പെടുന്ന!! പത്രപ്രവര്‍ത്തകനായി മാറുന്നത്.

രണ്ട്, എ കെ ജി സെന്ററില്‍ നടക്കുന്ന പത്ര സമ്മേളനമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം. പത്രസമ്മേളനത്തിനായി പറഞ്ഞ സമയത്ത് പിണറായി വിജയന്‍ ഹാളിലേക്കെത്തും. നേരെ കസേരയിലേക്ക്. അവിടേക്ക് നടക്കുമ്പോള്‍ എല്ലാവരോടുമായി ഒരു ചിരി. പത്രസമ്മേളനത്തില്‍ പേരെടുത്ത് വിളിച്ചുള്ള പ്രകടനമൊന്നുമില്ല. സുഖിപ്പിക്കലില്ല. അതിനാല്‍ നേരത്തെ കെ പി സി സി ഓഫീസില്‍ നിന്ന് അംഗീകാരം ലഭിച്ചെന്ന് സ്വയം കരുതുന്ന പത്രപ്രവര്‍ത്തകര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി നടപ്പാണ് (നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി, ഇപ്പോഴും നടക്കുന്നു) പത്ര സമ്മേളനം കഴിഞ്ഞാലും ഹാളില്‍ തങ്ങി നിന്ന് പത്രപ്രവര്‍ത്തകന്റെ ഭാര്യ പ്രസവിച്ചതിനെ കുറിച്ചും ഹൗസിംഗ് ബോര്‍ഡ് ഫഌറ്റിലെ കുടിശിക അടക്കാതെ ഊരുന്നതിനെ പറ്റിയും പറഞ്ഞ് ചായ കുടിപ്പിക്കുന്ന, പഴം തൊലിച്ച് വായില്‍ വെച്ച് കൊടുക്കുന്ന സ്വഭാവമില്ല. അതല്ല പാര്‍ട്ടി സെക്രട്ടറിയുടെ ജോലി എന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു. അത്തരത്തിലുള്ള രീതികളിലൂടെയല്ല വാര്‍ത്തകള്‍ വരുത്തേണ്ടത് എന്നും നല്ല ബോധ്യമുണ്ട്. പത്രക്കാരില്‍ ആരോടെങ്കിലും വ്യക്തിപരമായി സംസാരിക്കണമെങ്കില്‍ അത് പിന്നീട് സ്വകാര്യമായി നിര്‍വഹിക്കാനും അദ്ദേഹം തയ്യാറാവാറുമുണ്ട്. അതിനുള്ള വേദി പത്ര സമ്മേളന വേദിയുമല്ലല്ലോ. കേരളത്തിന്റെ ചരിത്രത്തില്‍ മാധ്യമങ്ങളാല്‍ ഇത്രയേറെ വേട്ടയാടപ്പെട്ട പാര്‍ട്ടി, സിപിഐ എം ആയതും സെക്രട്ടറി, പിണറായി വിജയന്‍ ആയതും വെറുതെയല്ല എന്ന് തോന്നുന്നുണ്ടാവാം.

മൂന്നാമത്തേത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്ര സമ്മേളന വേദിയാണ്. സിപിഐയുടെ എം എന്‍ സ്മാരകത്തിലെ പത്രസമ്മേളന വേദി. അവിടെവെച്ച് കണ്ട പത്രസമ്മേളന ദൃശ്യമാണ് ആദ്യം പങ്കുവെച്ചത്. പന്ന്യന്‍ രവീന്ദ്രനെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി മുതലാളിത്ത മാധ്യമങ്ങളോട് കെഞ്ചുകയാണ്. 'നിങ്ങള്‍ക്കെന്നെ അറിയുന്നതല്ലേ, നമ്മള്‍ വിളിക്കാറുള്ളതല്ലേ, ഒന്ന് വിളിച്ചു ചോദിച്ചാല്‍ ഞാന്‍ സത്യാവസ്ഥ പറയുമായിരുന്നില്ലേ...' ! മുതലാളിത്ത മാധ്യമങ്ങളോട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ഈ നിലപാട് തന്നെയാണോ എടുക്കേണ്ടത്? എന്തിനാണ് സിപിഐ സെക്രട്ടറി ഈ പത്രപ്രവര്‍ത്തകരെയും തിരിച്ചും നിരന്തരം വിളിക്കാറുള്ളത്? സമൂഹത്തിന് വേണ്ടി എന്ത് ഉദാത്തമായ പത്രപ്രവര്‍ത്തനമാണ് ഈ മാധ്യമക്കൂട്ടം നടത്തുന്നത്? അവര്‍ക്ക് എന്ത് മാര്‍ഗനിര്‍ദേശമാണ് സിപിഐ സെക്രട്ടറി നല്‍കാറുള്ളത്? അവരെ നിരന്തരം വിളിച്ച് ബന്ധം സ്ഥാപിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്ക് ഉത്തരം തരാനുള്ള ബാധ്യതയുണ്ട്. പത്ര സമ്മേളനം കഴിഞ്ഞയുടന്‍ കമ്യൂണിസ്റ്റ് ബോധമുള്ളവരില്‍ ലജ്ജ പടര്‍ത്തും വിധത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി വീണ്ടും കെഞ്ചുകയാണ്. 'ഇതെങ്കിലും നിങ്ങള്‍ കൊടുക്കണം. നമ്മള്‍ തമ്മിലുള്ള ബന്ധം മറക്കരുത്. ശ്രീജിത്തേ, വിളിക്കണം....' ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗെന്ന വര്‍ഗീയ പാര്‍ട്ടിയുടെ നേതാവും അഴിമതിക്കാരനായ യു ഡി എഫ് മന്ത്രിയുമായ എം കെ മുനീറിന്റെ, നിരന്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്ന ചാനലിന്റെ വക്താവിനോടാണ് പന്ന്യന്റെ പഞ്ചാര. 'നമ്മള്‍ ഇനിയും കാണേണ്ടവരാണ്. നമ്മുടെ ബന്ധം മറക്കരുത്...' കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി നിര്‍ത്തുന്നില്ല. പക്ഷെ, റിപോര്‍ട്ടര്‍ ചാനലിന്റെ ക്യാമറമാന്‍ നിര്‍ത്തി. അയാള്‍ക്ക് വേറെ പണിയുണ്ട്. സിപിഐയുടെ ഓഫീസിലെ ചുവരിലുള്ള ഫോട്ടോയിലെ കമ്യൂണിസ്റ്റ് മഹാരഥന്‍മാര്‍ കാര്‍ക്കിച്ച് തുപ്പിക്കാണും പുത്തന്‍ സെക്രട്ടറിയുടെ ഗതികേട് കണ്ടിട്ട്.

ആ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സിപിഐ നേതാവും പ്രമുഖ ബുദ്ധിജീവിയുമായ ബിനോയ് വിശ്വം മലയാള മനോരമ പത്രത്തില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നു. മനോരമ ആ ലേഖനം പ്രസിദ്ധീകരിച്ചത് അതില്‍ സിപിഐ എമ്മിനെ കുറിച്ചുള്ള ദുസൂചനകള്‍ വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാമെന്നുള്ളതുകൊണ്ടാണ്. ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം പാര്‍ലമെന്റ് അസംബ്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത അച്ചടക്ക നടപടി വേറൊരു പാര്‍ട്ടിയുമെടുക്കുന്നതല്ല എന്ന് ലേഖനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. അത് സ്ഥാപിക്കാന്‍ സിപിഐ എമ്മിനുനേരെ എന്ന് ധ്വനിപ്പിക്കുന്ന മൂന്നാല് കുത്തുകളും കോക്രികാട്ടലുകളും സിപിഐയുടെ ആരാധ്യനായ നേതാവ് നടത്തുന്നുണ്ട്. ഏതായാലും സിപിഐ നേതാവിന്റെ ലേഖനം വന്നതിന്റെ അടുത്ത ദിവസം തന്നെ മനോരമയ്ക്ക് സിപിഐയുടെ ഭരണ ഘടനയില്‍ വരുത്തുന്ന മാറ്റത്തെ കുറിച്ചുള്ള വാര്‍ത്ത ചോര്‍ന്നുകിട്ടി. നല്ലത്. മനോരമയും ബിനോയ് വിശ്വവും ഹാപ്പി. സിപിഐയെ സ്‌നേഹിക്കുന്ന കമ്യൂണിസ്റ്റുകള്‍ വെഞ്ഞാറമ്മൂടില്ലാത്ത ശശിയായി.

ഇനിയെങ്കിലും സിപിഐ നേതാക്കള്‍ തങ്ങളുടെ മുഖത്തെ മുഖപ്പാള അഴിച്ചു കളയണം. അഭിനയം നിര്‍ത്തണം. ഇന്നോവക്കാറില്‍ സഞ്ചരിക്കുന്ന പാര്‍ട്ടി സെക്രട്ടറി, മലപ്പുറത്ത് പോയി കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്ത് വാര്‍ത്തയുണ്ടാക്കുന്ന മാധ്യമ ബന്ധങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ചില പുത്തന്‍കൂറ്റ് മുതലാളിമാര്‍ ജനയുഗം പത്രത്തിനെ നിലനിര്‍ത്താനായി കോടികള്‍ ഫണ്ട് നല്‍കിയിട്ടുണ്ട് എന്നൊക്കെ അവകാശപ്പെട്ട് നടക്കുന്നുണ്ട്. വിവരാവകാശ നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണം എന്ന് വലിയ വായില്‍ വീമ്പടിക്കുന്നവര്‍ ഇതൊക്കെ വെളിപ്പെടുത്താന്‍ തയ്യാറാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്. ഒരുപാട് കാലം എല്ലാവരെയും ഇങ്ങനെ പറ്റിച്ച് കമ്യൂണിസം പറയാന്‍ സാധിക്കില്ല. മുഖംമൂടി പറിച്ചെറിഞ്ഞാല്‍ മാത്രമേ സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന കൊടിക്കൂറയ്ക്ക് പ്രസക്തിയുള്ളു. അതിന് തയ്യാറാവുകയാണ് വേണ്ടത്.

 

16-Aug-2014