കര്‍ഷക തൊഴിലാളികള്‍ ആത്മഹത്യ ചെയ്യണോ?

കര്‍ഷകതൊഴിലാളി യൂണിയന്‍ ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ചില്ല. 175.87 കോടി രൂപയാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ആനുകൂല്യ കുടിശികയായി കിടക്കുന്നത്. അത് ധനമന്ത്രി അറിയാഞ്ഞിട്ടല്ല. ഉത്തമബോധ്യമുണ്ടായിട്ടും കര്‍ഷക തൊഴിലാളികളെ പരിഗണിക്കാത്തതാണ്. ഇത്തരത്തിലുള്ളൊരു ദുരവസ്ഥയെ മറികടക്കാനായി നയാപൈസ നീക്കിവെക്കാതെ തൊഴിലാളി ഗൃഹനാഥനോ,നാഥയോ മരണപ്പെടുമ്പോള്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് പ്രഖ്യാപിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ധനമന്ത്രിയെയും യു ഡി എഫ് സര്‍ക്കാരിനെയും സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ മനസിലാക്കുന്നുണ്ട്. വരും നാളുകളില്‍ യു ഡി എഫ് സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരും.

ഒരു സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ബജറ്റ് അവതരണത്തിലൂടെയല്ല മനസിലാക്കേണ്ടത്. അതിലൂടെ പ്രഖ്യാപിച്ചതും പറഞ്ഞതുമായ കാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കി എന്ന പരിശോധനയിലൂടെയാണ്. അത്തരമൊരു പരിശോധന, യു ഡി എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെ അധികരിച്ച് നടത്തുമ്പോഴാണ് ധനമന്ത്രി കെ എം മാണിയുടെ ബജറ്റിലെ പൊള്ളത്തരം മനസിലാക്കുക. വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിക്കലിനപ്പുറം 50ശതമാനം കാര്യങ്ങള്‍ പോലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത പൊള്ളത്തരത്തിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ ബജറ്റ്.

പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലേക്ക് ചിരിച്ചുകൊണ്ട് പച്ചമണ്ണ് വാരിയിടുകയാണ് കേരളത്തിന്റെ ധനമന്ത്രി. വിലക്കയറ്റത്തിന്റെ കെടുതിയില്‍ നാടാകെ പൊറുതിമുട്ടുമ്പോള്‍ ദുര്‍ബല ജനവിഭാഗങ്ങളെ ബജറ്റിലൂടെ പരിഹസിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. കര്‍ഷക തൊഴിലാളികളെ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് മേനി നടിക്കുന്നത് കോക്രിക്കാട്ടുന്നതിന് തുല്യമാണ്.

വരുമാനവര്‍ധനവ് ഇല്ലാത്ത കര്‍ഷക തൊഴിലാളിക്ക് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചിലവില്‍ ഉണ്ടായ വര്‍ധനവ് ധനമന്ത്രിയ്ക്ക് അറിവില്ലാഞ്ഞിട്ടല്ല. പക്ഷെ, അശരണരെ പരിഗണിക്കാതിരുന്നാല്‍ ഒന്നും സംഭവിക്കാനില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെ ഭരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് സഹായങ്ങള്‍ വാരിക്കോരി നല്‍കുകയും പാവങ്ങളുടെ സൗജന്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളെ തന്നെയാണ് കെ എം മാണിയും പിന്‍പറ്റുന്നത്.

കര്‍ഷക തൊഴിലാളി യൂണിയന്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് തൊഴിലാളി പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്നത്. ഈ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനത്ത് നിരവധി സമരമുഖങ്ങള്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍, കര്‍ഷകതൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നതായിപ്പോയി യു ഡി എഫിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍.

യാഥാര്‍ത്ഥ്യബോധമുണ്ടെങ്കില്‍, മനുഷ്യത്വത്തിന്റെ കണിക അവശേഷിക്കുന്നുണ്ടെങ്കില്‍ മണ്ണില്‍പ്പണിയെടുത്ത് അവശരായവര്‍ക്ക് ഒരു കൈത്താങ്ങാവാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമായിരുന്നു. പക്ഷെ, സര്‍ക്കാരിന്റെ ഈ സമീപനം കര്‍ഷക തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമായി.

കര്‍ഷകതൊഴിലാളി ക്ഷേമനിധിയെ കുറിച്ച് ബജറ്റില്‍ ധനമന്ത്രി പാലിക്കുന്ന മൗനവും അര്‍ത്ഥഗര്‍ഭമാണ്. ക്ഷേമനിധി ബോര്‍ഡിന്റെ മരണമണിമുഴങ്ങുകയാണ് എന്നുവേണം കരുതാന്‍. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ക്ഷേമനിധിബോര്‍ഡ് ചക്രശ്വാസം വലിക്കുകയാണ്. നാഥനില്ലാത്ത അവസ്ഥയ്ക്ക് വിരാമമിടാന്‍ കഴിഞ്ഞില്ലെന്നത് പോകട്ടെ, എല്‍ ഡി എഫ് സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്ന ആ സംവിധാനത്തെ ഇല്ലാതാക്കാനുള്ള കരുനീക്കമാണ് യു ഡി എഫ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് 114.9 കോടി രൂപ ക്ഷേമനിധിയുടെ അതിവര്‍ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ വേണ്ടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി യു ഡി എഫ് സര്‍ക്കാര്‍ വരുത്തിയ കുടിശികകള്‍ വരെ വിതരണം ചെയ്യുകയുണ്ടായി. അത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ദരിദ്രപക്ഷ മനോഭാവത്തിന്റെ ഭാഗമായി നടപ്പിലാക്കിയതാണ്.

ക്ഷേമനിധിബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ വിഹിതം നല്‍കാതെ, ഭൂവുടമാ വിഹിതം ശേഖരിക്കാതെ തൊഴിലാളികളുടെ വിഹിതം പിടിച്ചുവാങ്ങി ക്ഷേമനിധിബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന നിലയില്‍ തരംതാണ ഭരണനിര്‍വഹണമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കര്‍ഷക തൊഴിലാളികള്‍ നല്‍കുന്ന അംശാദായത്തില്‍ നിന്നാണ് ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള സകല ചെലവുകളും നിര്‍വഹിക്കുന്നത്. ഈ അവസ്ഥ മറികടക്കാന്‍, ബജറ്റിലൂടെ യു ഡി എഫ് സര്‍ക്കാര്‍ സഹായിക്കുമെന്ന് കേരളത്തിലെ കര്‍ഷക തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതീക്ഷിച്ചു. ആ പ്രതീക്ഷ ബജറ്റവതരണത്തിലൂടെ ധനമന്ത്രി അട്ടിമറിച്ചു.

കര്‍ഷകതൊഴിലാളി യൂണിയന്‍ ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ചില്ല. 175.87 കോടി രൂപയാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ആനുകൂല്യ കുടിശികയായി കിടക്കുന്നത്. അത് ധനമന്ത്രി അറിയാഞ്ഞിട്ടല്ല. ഉത്തമബോധ്യമുണ്ടായിട്ടും കര്‍ഷക തൊഴിലാളികളെ പരിഗണിക്കാത്തതാണ്. ഇത്തരത്തിലുള്ളൊരു ദുരവസ്ഥയെ മറികടക്കാനായി നയാപൈസ നീക്കിവെക്കാതെ തൊഴിലാളി ഗൃഹനാഥനോ,നാഥയോ മരണപ്പെടുമ്പോള്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് പ്രഖ്യാപിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ധനമന്ത്രിയെയും യു ഡി എഫ് സര്‍ക്കാരിനെയും സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ മനസിലാക്കുന്നുണ്ട്. വരും നാളുകളില്‍ യു ഡി എഫ് സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരും.

25-Jan-2014

ഭാരതീയം മുന്‍ലക്കങ്ങളില്‍

More