ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിലേക്ക്

സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ക്ക് സംസ്ഥാനതലത്തില്‍ ശരാശരി 7 മാസത്തെ കുടിശികയാണ് നിലവിലുള്ളത്. 11 മാസത്തെ കുടിശികയുള്ള ജില്ലകളും 4 മാസത്തെ കുടിശികയുള്ള ജില്ലകളുമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ കുറവുള്ള ജില്ലകളില്‍ കുടിശിക കൂടും. പെന്‍ഷന്‍ വിതരണത്തിനുള്ള ബജറ്റ് അലോട്ട്‌മെന്റ് കൃത്യമായി വകുപ്പുകളിലേക്ക് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പക്ഷെ, അത് പെന്‍ഷനായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. മന്ത്രിമാരുടെ നിര്‍ദേശാനുസരണം വകമാറ്റി ചെലവഴിക്കുകയാണ്. പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്ന സംസ്‌കാരം. ഇടതുപക്ഷ ഭരണകാലത്ത് കുടിശിക ഒന്നുമുണ്ടായിരുന്നില്ല. കാരണം അന്ന് പെന്‍ഷന്‍ ഇനത്തിനുള്ള അലോട്ട്‌മെന്റ് കൃത്യമായി വിനിയോഗിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 31,40,709 ഗുണഭോക്താക്കളാണ് ക്ഷേമപെന്‍ഷന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 5,01,031പേര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരാണ്. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 2187751 സ്ത്രീകള്‍ പെന്‍ഷന്‍ ഗുണഭോക്താക്കളാണ്. ഖേദകരമായ വസ്തുത, മൂന്നാറിലെ പെമ്പിളൈഒരുമൈ സമരത്തിന് പിന്തുണയുമായി മുന്നോട്ടുവന്ന സുമനസുകള്‍ നരകയാതന അനുഭവിക്കുന്ന ഈ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്തുവരുന്നില്ല എന്നതാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ പട്ടികജാതി വിഭാഗത്തില്‍ 116220 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ 55530 പേരുമാണ് ഉള്ളത്. ഈ പാവങ്ങള്‍ക്ക് പെന്‍ഷന്‍ തുക ലഭ്യമാക്കേണ്ട കോടിക്കണക്കിന് രൂപ വകമാറ്റി ചിലവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള ഉയര്‍ന്ന വരുമാന പരിധി വെട്ടിക്കുറക്കുന്ന നടപടികളും നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അതുവഴി നിരവധി പേര്‍ ക്ഷേമ പെന്‍ഷനുകളുടെ പരിധിയില്‍ നിന്നും പുറത്തായിരുന്നു.

ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷനുകളുടെയും സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുടെയും വിതരണം താറുമാറായിട്ട് കാലമേറെയായി. നിരവധി തവണ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കര്‍ഷക തൊഴിലാളി യൂണിയന്‍ ഈ പ്രശ്‌നം കൊണ്ടുവന്നിട്ടുണ്ട്. നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമ്പോള്‍, വെളുക്കെ ചിരിച്ച് ഈ പ്രശ്‌നം പരിഹരിച്ചിരിക്കും എന്നുള്ള ഉറപ്പ് നല്‍കും. പക്ഷെ, സത്വരമായ നടപടികള്‍ ഒന്നും എടുക്കുന്നില്ല. വീണ്ടും പെന്‍ഷന്‍ വിതരണം നിലയ്ക്കുന്നു. കുടിശിക പെരുകുന്നു. പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നു. അവര്‍ക്കൊരു ധൈര്യമായി മാറേണ്ട തുച്ഛമായ പെന്‍ഷന്‍ തുക നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബലരുടെ ജീവിതത്തെ തീര്‍ത്തും അവഗണിക്കുകയാണ്.

ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പാടത്തും വരമ്പത്തും പണിയെടുത്ത് ആരോഗ്യം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി വയോധികരെ എത്ര പുച്ഛത്തോടെയാണ് ഈ സര്‍ക്കാര്‍ കാണുന്നത്. കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥയെ നിലനിര്‍ത്തിയ ഈ അധ്വാനശക്തിയെ ആദരിക്കേണ്ടതിന് പകരം ഇക്കൂട്ടര്‍ മനുഷ്യരല്ല എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കൈക്കൊള്ളുന്നത്. കോരന് കുമ്പിളില്‍ കഞ്ഞി മതി എന്ന ബൂര്‍ഷ്വാ ഭൂപ്രഭുവിന്റെ മനോഭാവം ഇനിയും മാറ്റിവെക്കാന്‍ വലതുപക്ഷ മനസുകള്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്നും ഈ അവഗണന തുടരുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷനോടൊപ്പം മറ്റ് ക്ഷേമപെന്‍ഷനുകളും ഈ സര്‍ക്കാര്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, അഗതി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വിവാഹമോചിതര്‍ക്കുള്ള പെന്‍ഷന്‍, അമ്പത് വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, തുടങ്ങി സകല ക്ഷേമപെന്‍ഷനുകളും അട്ടിമറിക്കുന്ന നടപടിയുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സുതാര്യമായ സംവിധാനങ്ങളുപയോഗിച്ച് കാലങ്ങളായി നടന്നുവരുന്ന പെന്‍ഷന്‍ വിതരണം സാങ്കേതികത്വങ്ങളില്‍ കുടുക്കി ഇല്ലാതാക്കുന്നു. നേരത്തെ, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത് തൊഴില്‍ വകുപ്പ് വഴിയാണ്. മറ്റ് പെന്‍ഷനുകള്‍ക്കുള്ള ഫണ്ട് കലക്ടര്‍ മുഖാന്തിരം പഞ്ചായത്തുകള്‍ക്ക് കൈമാറി, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തപാല്‍വകുപ്പ് വഴി ഗുണഭോക്താക്കള്‍ക്ക് മണിയോര്‍ഡര്‍ എത്തിക്കും. കുടിശിക വരുത്തിയില്ലെങ്കില്‍ ആ രീതി കാര്യക്ഷമമായിരുന്നു. ഇപ്പോള്‍ ഡയറക്ട് ബനിഫിഷ്യറി ട്രാന്‍സ്ഫര്‍(ഡിബിടി) എന്ന രീതിയാണ് അവലംബിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് വേണം. പെന്‍ഷന്‍ ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഗുണഭോക്താവ് ബാങ്കില്‍ പോയി പെന്‍ഷ തുക കൈപ്പറ്റണം. തുഗ്ലക്കിന്റെ പരി്ഷ്‌കാരം പോലുള്ള ഒന്ന്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കിടപ്പ് ചികിത്സയിലുള്ളവരാണ്. നടക്കുവാനും സഞ്ചരിക്കാനും ബുദ്ധിമുട്ടുള്ളവരാണ്. അവര്‍ക്ക് ബാങ്കുവരെ പോയി, നടപടിക്രമങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. ഗുണഭോക്താവിന്റെ വീട്ടില്‍ മണിയോര്‍ഡറായി പെന്‍ഷ തുക എത്തിക്കുന്നതില്‍ നിന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ പിന്‍മാറിയത്. ബാങ്കില്‍ പോകാന്‍ സാധിക്കാത്തവര്‍ പെന്‍ഷന്‍ ആനുകൂല്യം അനുഭവിക്കേണ്ടതില്ല എന്ന ഈ മനോവികാരം എത്രമാത്രം മനുഷ്യത്വ രഹിതമാണ്.

ഗുണഭോക്താക്കള്‍ ബാങ്കില്‍ അക്കൗണ്ടെടുക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണം. അധാര്‍ കാര്‍ഡടക്കമുള്ള നിരവധി മാനദണ്ഡങ്ങള്‍ അക്കൗണ്ടിനായി സമര്‍പ്പിക്കണം. പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത പാവങ്ങളോടാണ് ഈ നിര്‍ദേശങ്ങള്‍. ബാങ്കുവഴി വിതരണമാവുന്നതിന് മുമ്പ് പെന്‍ഷന്‍ വരുന്ന സമയം പഞ്ചായത്തുകളില്‍ നിന്ന് അറിയാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ പഞ്ചായത്തുകള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ല. ഗുണഭോക്താക്കളുടെ ലിസ്റ്റ് നല്‍കുന്നതിനപ്പുറം ഒന്നും ഞങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞ് അവര്‍ കൈകഴുകും. ബാങ്കധികൃതര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയില്ല, വന്നാല്‍ പണം തരാം എന്ന നിലപാടിലാണ്. വല്ലാത്തൊരനിശ്ചിതത്വമാണ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഉള്ളത്. പെന്‍ഷനുണ്ടോ ഇല്ലയോ, എന്താണ് നിലവിലുള്ള അവസ്ഥ തുടങ്ങിയതൊന്നും എവിടെ നിന്നും അറിയാന്‍ പറ്റുന്നില്ല.

സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ക്ക് സംസ്ഥാനതലത്തില്‍ ശരാശരി 7 മാസത്തെ കുടിശികയാണ് നിലവിലുള്ളത്. 11 മാസത്തെ കുടിശികയുള്ള ജില്ലകളും 4 മാസത്തെ കുടിശികയുള്ള ജില്ലകളുമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ കുറവുള്ള ജില്ലകളില്‍ കുടിശിക കൂടും. പെന്‍ഷന്‍ വിതരണത്തിനുള്ള ബജറ്റ് അലോട്ട്‌മെന്റ് കൃത്യമായി വകുപ്പുകളിലേക്ക് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പക്ഷെ, അത് പെന്‍ഷനായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. മന്ത്രിമാരുടെ നിര്‍ദേശാനുസരണം വകമാറ്റി ചെലവഴിക്കുകയാണ്. പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്ന സംസ്‌കാരം. ഇടതുപക്ഷ ഭരണകാലത്ത് കുടിശിക ഒന്നുമുണ്ടായിരുന്നില്ല. കാരണം അന്ന് പെന്‍ഷന്‍ ഇനത്തിനുള്ള അലോട്ട്‌മെന്റ് കൃത്യമായി വിനിയോഗിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 31,40,709 ഗുണഭോക്താക്കളാണ് ക്ഷേമപെന്‍ഷന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 5,01,031പേര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരാണ്. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 2187751 സ്ത്രീകള്‍ പെന്‍ഷന്‍ ഗുണഭോക്താക്കളാണ്. ഖേദകരമായ വസ്തുത, മൂന്നാറിലെ പെമ്പിളൈഒരുമൈ സമരത്തിന് വേണ്ടി വിടര്‍ന്ന ടെലിവിഷന്‍ ലൈവ് കുടകള്‍ ഈ സ്ത്രീകള്‍ക്ക് വേണ്ടി വിടരുന്നില്ല എന്നതാണ്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ പട്ടികജാതി വിഭാഗത്തില്‍ 116220 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ 55530 പേരുമാണ് ഉള്ളത്. ഈ പാവങ്ങള്‍ക്ക് പെന്‍ഷന്‍ തുക ലഭ്യമാക്കേണ്ട കോടിക്കണക്കിന് രൂപ വകമാറ്റി ചിലവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള ഉയര്‍ന്ന വരുമാന പരിധി വെട്ടിക്കുറക്കുന്ന നടപടികളും നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അതുവഴി നിരവധി പേര്‍ ക്ഷേമ പെന്‍ഷനുകളുടെ പരിധിയില്‍ നിന്നും പുറത്തായിരുന്നു. യഥാര്‍ത്ഥത്തില്‍ പെന്‍ഷനുകള്‍ ലഭ്യമാക്കേണ്ട ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതുവഴി നിരാലംബരായി.

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ വേണ്ടി അനുവദിച്ച തുക തിരിച്ചുപിടിക്കാനും ഈ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടായിരുന്നു. പെന്‍ഷന്‍ വിതരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ട്രഷറികളില്‍ നിക്ഷേപിച്ചിരിക്കുന്ന തുക തിരികെയടക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് സാമൂഹ്യനീതി ഡയറക്ടര്‍ ഉത്തരവ് കൊടുത്തത് മന്ത്രി തലത്തിലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ്. ഇത്തരം നീതി നിഷേധം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്തരത്തിലുള്ള നടപടികള്‍ കൊണ്ടാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശികകള്‍ പെരുകി വരുന്നത്.

കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. 226 കോടിയുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ലഭിച്ചില്ല. 2.91 ലക്ഷം പേരുടെ അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡില്‍ കെട്ടികിടക്കുന്നു. ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോള്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നുമാണ് ബോര്‍ഡ് മറുപടി നല്‍കിയത്. കണ്‍സ്യൂമര്‍ഫെഡ് കുഭകോണത്തില്‍ കോടികള്‍ വെട്ടിപ്പ് നടത്തുമ്പോഴാണ് ഈ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുന്നത് എന്നതാണ് വിചിത്രം.

തൊഴിലാളികളില്‍ നിന്ന് അംശാദായവും ഭൂവുടമകളില്‍ നിന്ന് വിഹിതവും സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റും ക്ഷേമനിധി ബോര്‍ഡിന് ലഭിക്കുന്നുണ്ട്. തൊഴിലാളികളില്‍ നിന്ന് മാസം അഞ്ച് രൂപ വെച്ച് വര്‍ഷത്തില്‍ 60 രൂപ ഈടാക്കുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന തൊഴിലാളിക്ക് അധിവര്‍ഷാനുകൂല്യമായി നല്‍കുന്നത് വര്‍ഷത്തില്‍ 625 രൂപയാണ്. ഈ ആനുകൂല്യം ലഭിക്കാനുള്ളവരുടെ 2,16,942 അപേക്ഷകള്‍ ഇപ്പോള്‍ കെട്ടിക്കിടപ്പുണ്ട്. ഇവര്‍ക്കുള്ള കുടിശിക 206 കോടി രൂപയാണ്. വിദ്യാഭ്യാസം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവ ധനസാഹം, ചികിത്സാ ധനസഹായം തുടങ്ങിയവയൊന്നും ഇന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാരിന് ഈ വിഷയങ്ങളിലൊന്നിലും താല്‍പ്പര്യമില്ല. 

കര്‍ഷകതൊഴിലാളി- സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കാന്‍ വേണ്ടി, ഒരു പെന്‍ഷന്‍ സംരക്ഷണ പ്രക്ഷോഭത്തിനാണ് കെ എസ് കെ ടി യു മുന്നോട്ട് വരുന്നത്. ഇതില്‍ കര്‍ഷക തൊഴിലാളികളുടെ കൂടെ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായ, എന്നാല്‍ അവ നിഷേധിക്കപ്പെട്ട ജനവിഭാഗവും കൈകോര്‍ക്കും. സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ദുര്‍ബലരുടെ വര്‍ഗബോധത്തില്‍ നിന്നാണ് ഈ പ്രക്ഷോഭം ഉയിര്‍കൊള്ളുന്നത്.
കര്‍ഷക തൊഴിലാളി പെന്‍ഷനും മറ്റ് ക്ഷേമ പെന്‍ഷനുകളും പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങാണ്. അതുകൊണ്ട് ജീവിക്കാമെന്നല്ല. പക്ഷെ, അതൊരു കരുത്ത് തന്നെയാണ്. അതിന്റെ വില മനസിലാക്കണമെങ്കില്‍ പാവപ്പെട്ടവന്റെ ദൈന്യത എന്താണെന്ന് മനസിലാക്കണം. മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി ഭരണം നടത്തുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ദുര്‍ബല ജനവിഭാഗത്തിന് ഇത്തരം പരിഗണനകള്‍ മാത്രമേ ലഭിക്കുകയുള്ളു എന്നത് വസ്തുതയാണ്. പക്ഷെ, ഈ സര്‍ക്കാര്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍, അവരുടെ ജീവന് സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. ആ ഉത്തരവാദിത്തം നിറവേറ്റാതെ മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ അതിന് അനുവദിക്കുന്ന പ്രശ്‌നമുദിക്കുന്നില്ല. പ്രക്ഷോഭത്തിന്റെ വേലിയേറ്റങ്ങളില്‍ കടപുഴകാത്ത ഒരു ഭരണകൂടവും ലോകത്തുണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും അത് ഓര്‍മ വേണം.

30-Sep-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More