ഒരു ബാര്‍-ബേറിയന്‍ രാത്രി

രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ, കിളികള്‍ കൊക്കുരുമ്മുന്നതു കൊണ്ടൊ, യക്ഷിപ്പാലകള്‍ ഗന്ധം പരത്തി ജ്വലിക്കുന്നതു കൊണ്ടൊ, ജാരന്മാര്‍ ജീവന്മരണ പോരാട്ടത്തിലേര്‍പ്പെടുന്നതു കൊണ്ടൊ അല്ല.

മനുഷ്യര്‍ വായ് മൂടുന്നതു കൊണ്ടാണ്.

നൃത്തം വീണ്ടും ശരീരമിളക്കുകയാണ്. ശരീരത്തില്‍ നിന്നും അനന്തതകള്‍ അണപൊട്ടുകയാണ്. ഇതില്‍ നിന്നും കാഴ്ചയൂരി ഞങ്ങള്‍ പുറത്തേക്ക് കടന്നു. ശരീരത്തിന്റെയും സംഗീതത്തിന്റേയും ലോകം ഞങ്ങള്‍ക്കെതിരെ വാതിലച്ചു.

ഞങ്ങള്‍ ഏതു ലോകത്തില്‍, ഇരുട്ടിലോ വെളിച്ചത്തിലോ?

ആരു പറഞ്ഞുതരും ?

സ്വര്‍ഗസീമകള്‍ കടന്ന് ആനന്ദത്തിന്റെ പൂക്കള്‍ കൊണ്ട് ഞാന്‍ ഈ ലോകത്തെ സുഗന്ധമാക്കുകയാണ്.

അവര്‍ പാടുകയാണ്.അവര്‍ എന്നു പറഞ്ഞാല്‍ അഞ്ചുപേരുണ്ട്. മേശക്ക് ചുറ്റും ഞങ്ങള്‍ സുഹൃത്തുക്കളും അഞ്ചുപേരായിരുന്നു. രുചികളുടെ പലതരം കോക്ടെയിലുകള്‍ പരീക്ഷിക്കുകയായിരുന്നു ഞങ്ങള്‍. ചവര്‍പ്പും പുളിയും കയ്പും മധുരങ്ങളും അവയുടെ സമ്മിശ്രങ്ങളുമായി ഞങ്ങള്‍ അവയെ മാറിമാറി നുണഞ്ഞുകൊണ്ടിരുന്നു. ചുണ്ടില്‍ നിന്നും നാവിലേക്ക് പടര്‍ന്ന് ലഹരിയുടെ ഉടല്‍സഞ്ചാരങ്ങള്‍ ഉള്ളില്‍ കുളമ്പടിച്ചുകൊണ്ടിരുന്നു. കൗണ്ടറിന് തൊട്ടുള്ള വേദിയിലെ നൃത്തച്ചുവടുകളും പാട്ടും മറ്റ് മനുഷ്യരുടെ അപരശബ്ദങ്ങളെ മായ്ച്ചുകളഞ്ഞു. ശബ്ദരഹിതമാക്കി വെച്ച ടിവിയിലെ ക്രിക്കറ്റിലേക്ക് ഒറ്റയൊരുത്തനും ശ്രദ്ധ വെക്കുന്നില്ല. ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ ആവേശം പലതിനുമുള്ള പകരം വെപ്പായിരിക്കുമോ? ഉയര്‍ന്നുപൊങ്ങുന്ന ഉല്‍സവവേളയില്‍ മറ്റെന്ത് എന്നൊരു ചിന്ത എല്ലാവരിലും നുരഞ്ഞുപൊങ്ങിയിരുന്നു. നുരകള്‍ ചുണ്ടില്‍ പൊട്ടിയമര്‍ന്നു.

എന്റെ ശ്രദ്ധ, പാട്ടിനേക്കാളും ശരീരചലനങ്ങളിലായിരുന്നു. പതിഞ്ഞ വെളിച്ചത്തില്‍ വെളുത്ത ശരീരങ്ങള്‍ കാഴ്ചയെ ജ്വലിച്ചിച്ചു നിര്‍ത്തി. അകക്കണ്ണുപോലും വെളിയിലേക്ക് മിഴിതുറന്ന് വെക്കുന്നതുപോലെ തോന്നി. വലിയ ഹൈഹീല്‍ ചെരിപ്പില്‍ ഉലയാതെയുലഞ്ഞ ശരീരങ്ങള്‍ അധികമൊന്നും വസ്ത്രങ്ങള്‍ മൂടി അശ്ലീലമാക്കിയിരുന്നില്ല. മറുനാടന്‍ ഉടലുകള്‍ മലയാളികള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയാണോ എന്ന് സംശയിച്ചു. കാഴ്ചയില്‍ അഭിരമിക്കേണ്ട സമയത്തുപോലും ഒരുതരം വിധേയത്വം അനുഭവപ്പെട്ടു. അവരുടെ ശരീരത്തിന്റെ വെളുപ്പോ, നാവില്‍ നിന്നുതിരുന്ന ഇംഗ്‌ളീഷോ കാരണമായിരിക്കണം അത്. ശരീരത്തിന്റെ ആഘോഷവേളയിലൊന്നും ആരുടെയും നെഞ്ചിടിപ്പ് കുറയുകയോ കൂടുകയോ ചെയ്തില്ല. തികച്ചും സ്വാഭാവികമായത് എന്ന പോലെ എല്ലാവരും. മനുഷ്യാഭിവാഞ്ചകള്‍ മാതൃഭാഷ പോലെ സ്വാഭാവികമാകുന്നു.

അപ്പുറവും ഇപ്പുറവും അയ്യഞ്ചുപേര്‍ മാത്രമെന്ന മനോഹരമായ ഭാവനയിലേക്ക് ഞങ്ങള്‍ ചുരുങ്ങി. താല്‍പര്യത്തിനനുസരിച്ച് ഞങ്ങള്‍ അപ്പുറത്തെ അഞ്ചുപേരെയും പകുത്തെടുത്തു. ഉയരം കൂടിയതിനെ ഒരാള്‍, തടികൂടിയതിനെ മറ്റൊരാള്‍, എപ്പോഴും ചിരിയണിഞ്ഞു നിന്നവളെ വേറൊരാള്‍, എനിക്ക് കിട്ടിയത് കൂട്ടത്തില്‍ എറ്റവും ഉയരം കുറഞ്ഞതിനെ. അവളെ ഞാന്‍ ഒരു നാടന്‍കാമുകിയോടുപമിച്ച് മനസാവരിച്ചു. അവളായിരുന്നു പാട്ടില്‍ ഉയര്‍ന്നുനിന്നവള്‍. വെട്ടിയൊതുക്കിയ മുടിയും പച്ചനിറം അരികുപാകിയ വസ്ത്രവുമാണവള്‍ ധരിച്ചിരുന്നത്. വസ്ത്രങ്ങള്‍ എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. അത് ശരീരത്തെ പൊതിഞ്ഞുവെക്കാനുള്ളതായിരുന്നില്ല. നഗ്‌നതയെ മികവുറ്റ രീതിയില്‍ തര്‍ജ്ജമ ചെയ്യാനുള്ളതായിരുന്നു.

വസ്ത്രങ്ങളുടെ സാദ്ധ്യതകള്‍ പലതാകുന്നു.ഓരോ സംസ്‌കാരത്തിനും ഓരോ വഴികള്‍.ആ വ്യത്യസ്തതകള്‍ അണ് ലോകത്തിന്റെ സൗന്ദര്യം എന്ന് ഞാന്‍ ഒരു കൊളുത്തിട്ടു നോക്കി.ആരുമൊന്നും പറഞ്ഞില്ല.ഓരോ സിപ്പിനുമൊപ്പം വാക്കുകളെ വികാരങ്ങളെ അവര്‍ വിഴുങ്ങുകയായിരുന്നു.ആ വിഴുങ്ങലിന്റെ കനം അവരുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നത് ഞാനറിഞ്ഞു.

നഗ്‌നത വെറും കാഴ്ചയല്ല. ജീവികള്‍ക്കിടയിലെ തുറന്ന സംവേദനമാകുന്നു. തുറന്ന കാഴ്ചകള്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കുന്നില്ല. നിഗൂഢതകള്‍ നമുക്കു തരുന്നത് നിലക്കാത്ത നിഗൂഡഭാവനകളും അനന്തമായ വാങ്മയചിത്രങ്ങളുമാണ്. അങ്ങിനെയും ആശ്വസിക്കാവുന്നതാണ്.

വലിയ മീനുകള്‍ തീന്‍മേശയില്‍ തലകുത്തിപ്പിടഞ്ഞു. അതിന്റെ ചലനമറ്റ ശരീരനഗ്‌നതകളില്‍ ഞങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കൈകള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ പെരുകുന്നതാണ് മനുഷ്യന്റെ കൈകള്‍. വാലും തലയും വയറും കണ്ണും ചെവിയും ചിതമ്പലുകളില്‍ വരെ ഞങ്ങളുടെ കൈകള്‍ ഒഴുകി നടന്നു. മീന്‍ അതിന്റെ ആകൃതിയില്‍ നിന്നും ധൃതിയില്‍ പരാവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. അത്രക്കായിരുന്നു അതിന്മേല്‍ ഞങ്ങളുടെ കൊതികള്‍ അള്ളിപ്പിടിച്ചിരുന്നത്. വസ്തു ശില്പമാവുന്നത് പോലുള്ള അനുഭവത്തെ മീനിന്മേല്‍ ആസ്വദിച്ചുകൊണ്ടിരുന്നു.

കാഴ്ചകളെ സൂക്ഷ്മമാക്കിയാല്‍ എന്തൊക്കെ സവിശേഷതകളാണ് കാണാന്‍ കഴിയുക.

ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ പാടുന്നത് വെറും ശരീരങ്ങള്‍ മാത്രമല്ല. ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന സ്വാതന്ത്ര്യത്തിന്റെ ആര്‍ജ്ജവങ്ങളാണ്. സംസ്‌കാരങ്ങളെ വിനിമയം ചെയ്യുന്ന രൂപകങ്ങളാണ്. നിലനില്‍പ്പിനുള്ള ദൂരങ്ങള്‍ താണ്ടി ഭൂമികതേടുന്ന അതിജീവനം കൂടിയാവുന്നു ഇത്.

കാഴ്ചയും കേള്‍വിയും ഇല്ലാത്ത ഒരു ലോകത്തെ ചിന്തിക്കുക. ശരീരം കൊണ്ടായിരിക്കില്ലെ നമ്മള്‍ പരസ്പരം അറിയുക? സ്‌നേഹം വെറുപ്പ്, സൗന്ദര്യം ആര്‍ജ്ജവം ആഴങ്ങള്‍, കാമനകള്‍ എല്ലാം ശരീരം കൊണ്ടല്ലെ അനുഭവിക്കുക? ആ ലോകത്ത് ആര്‍ക്കും പേരുണ്ടാവില്ല. വിളിക്കാനും വിളിക്കപ്പെടാനും ആരുമില്ലാത്ത ലോകം. ദൈവം പോലും ഉണ്ടാവില്ല. എത്ര മനോഹരമാണത്. മനുഷ്യര്‍ ശരീരങ്ങളിലൂടെയും നിശ്വാസങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരിടം. ഈ ലോകം.

ശരീരമില്ലെങ്കില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ് ശരീരമുള്ളപ്പോള്‍ ഒന്നും ഉണ്ടാവാത്ത അവസ്ഥയേക്കാള്‍ നല്ലത്.

മാംസളതകള്‍ ചോര്‍ന്ന് അസ്ഥികൂടമായ മീന്‍ ചില്ലുപാത്രത്തില്‍ അമര്‍ന്നുകിടന്നു. നൃത്തത്തില്‍ നിന്നും തെറിച്ചുകൊണ്ടിരുന്ന കണ്ണുകളേക്കാള്‍ ജീവന്‍ ചില്ലുപാത്രത്തില്‍ കിടന്ന കണ്ണുകള്‍ക്കുണ്ടായിരുന്നു. എന്നിട്ടും മണ്ടന്മാര്‍ മീനിന്റെ പിടക്കുന്ന കണ്ണുകളെ കാമുകിയുടേതിനോടുപമിക്കുന്നു. കണ്ണില്‍ ആരും തൊട്ടില്ല. ജീവനുള്ള കണ്ണുകളെ എല്ലാര്‍ക്കും പേടിയാണ്.

നൃത്തം തുടരുകയാണ്. പാട്ടിന്റെ ഭാഷകള്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്നു. പല ശരീരങ്ങളിലൂടെ നൃത്തം പെയ്‌തൊഴിയുകയാണ്. നഗ്‌നമായ ശരീരത്തിന്റെ തെറിപ്പുകള്‍ വ്യത്യസ്തമായ സംസ്‌കാരങ്ങളെ വിനിമയം ചെയ്യുന്നു.

മീന്‍മുള്ളുകള്‍ ഫോസിലുകള്‍ പോലെ പാത്രത്തില്‍ പതിഞ്ഞുകിടന്നു. ഹാള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

ക്രിക്കറ്റ് സ്‌ക്രീനിലെ ദൈവങ്ങള്‍ വെയിലില്‍ ഓടിയും വാടിയും ബാറ്റുയര്‍ത്തിയും തളര്‍ന്ന് നിലവിളിക്കുന്നത് ആരും കണ്ടില്ല. എല്ലാവരും പാട്ടിനും നൃത്തത്തിനും ഒപ്പമായിരുന്നു അപ്പോള്‍ സഞ്ചരിച്ചത്. സ്‌കോര്‍ ബോര്‍ഡുകളേക്കാള്‍ ബോഡിമൂവ്‌മെന്റിലായിരുന്നു എല്ലാ ശ്രദ്ധകളും.

മെയ് വഴക്കങ്ങള്‍ സ്‌കോര്‍ ചെയ്യാനുള്ളതല്ല, ഷെയര്‍ ചെയ്യാനുള്ളതാകുന്നു എന്ന ഉല്‍സാഹം എല്ലാവരിലും നുരഞ്ഞു.

ഗ്‌ളാസുകള്‍ കൂട്ടിമുട്ടിച്ചും പൊട്ടിച്ചും തീന്‍പാത്രത്തില്‍ കൈകാലിട്ടടിച്ചും നൃത്തക്കാരിലേക്ക് പണമെറിഞ്ഞും കണക്കുനോക്കാതെ ടിപ്പുകള്‍ കൊടുത്തും ഇന്‍കമിങ്ങ് കോളുകളില്‍ നുണ പൊരിച്ചും ഇരിപ്പിടങ്ങളിലേക്ക് ചാഞ്ഞും ചെരിഞ്ഞും മലര്‍ന്നടിഞ്ഞും മദ്യത്തിനും കാമനകള്‍ക്കും വിപരീതമല്ലാത്ത മനുഷ്യര്‍ സാഹചര്യത്തെ ആവോളം ആസ്വദിച്ചു.

നൃത്തത്തിനു താല്‍ക്കാലിക വിരാമമിട്ട് നൃത്തക്കാര്‍ പിന്‍വാങ്ങിയതോടെ എല്ലാവരും സാധാരണ മനുഷ്യരായിത്തീരുകയും അതിസാധാരണമായ വര്‍ത്തമാനങ്ങള്‍ ഹാളില്‍ ഉയരുകയും ചെയ്തു. റിയല്‍എസ്‌റ്റേറ്റും കുടുംബവും വിവാഹവും വേര്‍പ്പിരിയലും പശ്ചിമഘട്ടവും രാഷ്ട്രീയവും സുധാമണിയും കൊലപാതകവുമൊക്കെ സിപ്പുകള്‍ക്കിടയിലെ വിഷയമായി. സന്തോഷത്തിന്റെ നിമിഷങ്ങളില്‍ തൊട്ടുനക്കാന്‍ പോലും അര്‍ഹത നേടാത്തത്. എന്താണ് ഈ ലോകത്തില്‍ അശ്ലീലം എന്ന ചിന്തയെ ബ്‌ളഡി മേരിയില്‍ ഞാന്‍ അലിയിച്ചിറക്കി.

മാനം നോക്കികളായി മാറിയ മനുഷ്യര്‍ മണ്ണിനെ മറക്കുന്നു. പാതിരിമാരുടെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ മുപ്പത് വെള്ളിക്കാശ് ഓര്‍മ്മവരും. ഉടയാത്ത ഉടുപ്പിട്ട രാഷ്ട്രീയക്കാരുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ചമ്മട്ടിയേയും. ഉച്ഛിഷ്ടം പോലും ബാക്കിവെക്കാതെ ഭൂമിയിലെ സന്തോഷങ്ങള്‍ ചിലര്‍ പങ്കിട്ടനുഭവിക്കുന്നു.

സ്വയം ആഴങ്ങള്‍ നിര്‍മ്മിക്കുകയും അതിലേക്ക് ഊന്നുകയും ചെയ്യുന്ന സൗന്ദര്യമുള്ള മനുഷ്യരെ, നിങ്ങള്‍ ഏതു മറവികളിലാണ് ഒളിച്ചിരിക്കുന്നത്.

ബ്‌ളഡി മേരിക്കൊപ്പമായിരുന്നു എന്റെ ചിന്തകള്‍ക്ക് ചൂടുപിടിച്ചത്.

രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ, കിളികള്‍ കൊക്കുരുമ്മുന്നതു കൊണ്ടൊ, യക്ഷിപ്പാലകള്‍ ഗന്ധം പരത്തി ജ്വലിക്കുന്നതു കൊണ്ടൊ, ജാരന്മാര്‍ ജീവന്മരണ പോരാട്ടത്തിലേര്‍പ്പെടുന്നതു കൊണ്ടൊ അല്ല.

മനുഷ്യര്‍ വായ് മൂടുന്നതു കൊണ്ടാണ്.

ഭൂമിയിലെ മനുഷ്യരുടെ വ്യഗ്രത ആസുരമായ ലോകം നിര്‍മ്മിക്കാനാണോ? തളര്‍ച്ചയും അലസതയും വീഴ്ചകളും തളര്‍ച്ചകളും ഭൂമിയിലെ മനോഹരമായ കാഴ്ചകളാകുന്നത് അതുകൊണ്ടായിരിക്കണം.

നൃത്തം വീണ്ടും ശരീരമിളക്കുകയാണ്. ശരീരത്തില്‍ നിന്നും അനന്തതകള്‍ അണപൊട്ടുകയാണ്. ഇതില്‍ നിന്നും കാഴ്ചയൂരി ഞങ്ങള്‍ പുറത്തേക്ക് കടന്നു. ശരീരത്തിന്റെയും സംഗീതത്തിന്റേയും ലോകം ഞങ്ങള്‍ക്കെതിരെ വാതിലച്ചു.

ഞങ്ങള്‍ ഏതു ലോകത്തില്‍, ഇരുട്ടിലോ വെളിച്ചത്തിലോ?
ആരു പറഞ്ഞുതരും ?

 

17-Jul-2014

ആത്മാംശം മുന്‍ലക്കങ്ങളില്‍

More