നില്‍പ്പ് സമരം സി ഐ എ സ്പോണ്‍സേര്‍ഡോ?

കേരളത്തിലെ ആദിവാസി സമൂഹം നില്‍പ്പ് സമരത്തിന്റെ ഗുണഭോക്താക്കളല്ല. സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ മനോഭാവത്തില്‍ വംശഹത്യ ചെയ്യപ്പെടുകയാണ് ആദിവാസികള്‍. മനുഷ്യന് ആദ്യം വേണ്ടത് സ്വന്തം ജീവന്‍ നിലനിര്‍ത്തലാണ്. ആദിവാസി കോളനികളിലെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കുവാനും മൃഗങ്ങളായി പോലും പരിഗണിക്കാതെ, ആദിവാസി സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പടയണി തീര്‍ക്കാനും കേരളത്തിലെ ആദിവാസികള്‍ ഉണരേണ്ടതുണ്ട്. പക്ഷെ, ആദിവാസികളുടെ പേരില്‍ പത്ത്. പതിനഞ്ച് ലോഡ് മുദ്രാവാക്യവുമായി ദിശാബോധം നഷ്ടപ്പെട്ട സമരരീതിയുമായി, ആദിവാസി സമൂഹത്തെയാകെ വഞ്ചിക്കുന്ന ഒരു സമര നാടകത്തിനാണ് സെക്രട്ടേറിയറ്റിന് മുന്‍വശം വേദിയാവുന്നത്. അതാണ് ഗോത്രമഹാസഭയുടെ നില്‍പ്പ് സമരം.

ആദിവാസി സമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങളെ പൊതു സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ, എല്ലാ പ്രശ്‌നങ്ങള്‍ക്കും നില്‍പ്പ്‌സമരത്തിലൂടെ പരിഹാരമുണ്ടാവാന്‍ പോകുന്നു എന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു! മുഖ്യമന്ത്രിയുമായി ചര്‍ച്ച, പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുമായി ചര്‍ച്ച, എ കെ ആന്റണിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ചര്‍ച്ച, ഇന്ദിരാ ഭവനില്‍ ചര്‍ച്ച, വി എം സുധീരനുമായി ചര്‍ച്ച, കെ പി സി സി ഓഫീസില്‍ ചര്‍ച്ച, മുഖ്യമന്ത്രിയുടെ വീട്ടില്‍ ചര്‍ച്ച, എം എം ഹസനുമായി ചര്‍ച്ച, പന്തളം സുധാകരനുമായി ചര്‍ച്ച... ആദിവാസി വിഭാഗം അഭിമുഖീകരിക്കുന്ന സമസ്ത പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു എന്ന തോന്നലുളവാക്കാന്‍ ഉള്ള വലതുപക്ഷ ഗിമ്മിക്ക് മാത്രമാണോ ഈ സമരം? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വേണ്ടിയുള്ള സി കെ ജാനുവിന്റെയും ഗീതാനന്ദന്റെയും സഹായം എന്നതിനപ്പുറം നില്‍പ്പ് സമരത്തിന് തലങ്ങളുണ്ടോ? ഉണ്ട്. അതിനപ്പുറത്തും നില്‍പ്പ് സമരത്തിന് വേരുകളുണ്ട്.

ആദിവാസികളുടെ അവകാശ പോരാട്ടത്തിന്റെ പേരില്‍ ഫോര്‍ഡ് ഫൗണ്ടേഷനടക്കമുള്ള വിദേശ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് ആദിവാസി ഗോത്രമഹാസഭ, വിദേശഫണ്ട് സ്വരൂപിക്കുന്നു എന്ന ആരോപണത്തിന് കുറെക്കാളത്തെ പഴക്കമുണ്ട്. വിവിധ ആദിവാസി സംഘടനകളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍, കേരളത്തിലെ ആദിവാസികളെ വഞ്ചിച്ച് നില്‍പ്പ്‌സമര നാടകം കളിക്കുന്ന ആദിവാസി ഗോത്രമഹാസഭയ്ക്ക്, വിദേശ ഫണ്ടിംഗ് ഏജന്‍സികളുമായുള്ള ബന്ധം അന്വേഷിക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെയായി സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. നില്‍പ്പ്‌സമര നാടകത്തിന്റെ ഭാഗമായി ലഭിക്കുന്ന വിദേശ ഫണ്ട്, സമരം ചെയ്യുന്ന എല്ലാ ആദിവാസികള്‍ക്കും ലഭിക്കുന്നു എങ്കില്‍ അവരുടെ പട്ടിണി മാറുമല്ലൊ എന്നോര്‍ത്ത് കണ്ണടക്കാം. പക്ഷെ, വിദേശഫണ്ട് നില്‍പ്പുകാര്‍ക്കൊന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറച്ച് ആദിവാസികളെ ദിവസക്കൂലിക്ക് വാടകയ്‌ക്കെടുത്ത് കേരളത്തിലെ ആദിവാസികളുടെ പരിച്ഛേദമാണിവരെന്ന് തെറ്റിദ്ധരിപ്പിച്ച്, അവരുടെ ജീവിത ദുരിതങ്ങള്‍ മുന്‍നിര്‍ത്തി, ഭൂമിയും അടിച്ചമര്‍ത്തലും മുന്‍നിര്‍ത്തി പണം കൊയ്യുന്നവര്‍ ആരാണെന്ന അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. കേരളത്തിലെ പൊതുസമൂഹവും ഈ ആദിവാസി വഞ്ചനയെ തിരിച്ചറിയണം.

എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗീതാനന്ദനും സി കെ ജാനുവിനും നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടാണ്, ആന്റണിയുടെ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് സര്‍ക്കാരിനെതിരെ ആദിവാസി ഗോത്രമഹാസഭ, നില്‍പ്പ്‌സമരം ആരംഭിച്ചത്. പക്ഷെ, ഈ സമരത്തിന്റെ രൂപവും ഭാവവും സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രോശങ്ങളും ശ്രദ്ധിക്കുമ്പോള്‍ ഇത് സിപിഐ എംനും ഇടതുപക്ഷത്തിനുമെതിരെയുള്ള സമരമെന്ന തോന്നലാണ് ഉളവാക്കുക. ഈ തോന്നല്‍ ചെങ്ങറ സമരത്തിലും ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. കാരണം അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്ന സി ഐ എ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഫണ്ടിങ് ഏജന്‍സിയായ ഫോര്‍ഡ് ഫൗണ്ടേഷന്‍ വഴി പണമെറിയുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനാണ്. കമ്യൂണിസത്തെ ഇല്ലാതാക്കാനാണ്. കമ്യൂണിസത്തിന്, ഇടതുപക്ഷത്തിന് വേണ്ടി ശബ്ദിക്കേണ്ട നാവുകളെ നിര്‍വീര്യമാക്കാന്‍, കമ്യൂണിസ്റ്റ് മനോഭാവമുള്ളവരുടെ കാഴ്ചപ്പാടുകളെ ഭിന്നിപ്പിക്കാന്‍, അവരുടെ സമരശേഷിയെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരത്തിലുള്ള നില്‍പ്പ്‌സമരങ്ങളെയും സാമ്രാജ്യത്വം ഉപയോഗിക്കും. അതിനായി ഫണ്ടുകള്‍ ഒഴുക്കും.

സി കെ ജാനുവും ഗീതാനന്ദനും, നില്‍പ്പ്‌സമരത്തിനായി കൊണ്ടുവന്ന ആദിവാസികള്‍ താമസിക്കുന്നത് തിരുവനന്തപുരം പേരൂര്‍ക്കടയിലെ എന്‍ സി സി റോഡിലെ ദുര്‍ഗാനഗറിലുള്ള, അടച്ചുപൂട്ടിയ വിക്‌ടോറിയാ സ്‌കൂളിലാണ്. ഈ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉടമ, ചെന്നൈ മലയാളിയായ സാമുവല്‍ ഹാരിസാണ്. അദ്ദേഹത്തിന് തമിഴ്‌നാട്ടില്‍ വലിയ വിദ്യാഭ്യാസ ശൃംഖലയുണ്ട്. ധനാഢ്യനായ സാമുവല്‍, ചില കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പേരൂര്‍ക്കടയിലെ വിക്‌ടോറിയാ സ്‌കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. സ്‌കൂള്‍ രണ്ട് വര്‍ഷത്തേക്ക് അദ്ദേഹം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. സി എസ് ഐ ബിഷപ്പിനാണ് ഈ കെട്ടിടം നല്‍കിയിരിക്കുന്നത് എന്നാണ് സ്‌കൂള്‍ ഉടമയുടെ സഹോദരന്‍ വെളിപ്പെടുത്തിയത്. ആദിവാസികള്‍ക്ക്് ട്രെയിനിംഗ് കൊടുക്കാനാണ് അവിടെ താമസിപ്പിക്കുന്നത് എന്ന് ഇദ്ദേഹം വെളിപ്പെടുത്തുമ്പോള്‍, നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനും ആദിവാസി ഗോത്രമഹാസഭ കളമൊരുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സി എസ് ഐ ബിഷപ്പ് വഴിയല്ല, നിരവധി ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ നടത്തുന്ന ബ്രദര്‍ സുരേഷ്ബാബു വഴിയാണ് ആദിവാസി ഗോത്രമഹാസഭ, പേരൂര്‍ക്കടയിലെ വിക്‌ടോറിയ സ്‌കൂളിലേക്ക് എത്തുന്നത് എന്നാണ് അന്വേഷണത്തിലൂടെ മനസിലാക്കാന്‍ സാധിച്ചത്.

ആദിവാസി ഗോത്രമഹാസഭ, തങ്ങളുടെ പങ്കാളികളാണെന്ന് തുറന്ന് പറഞ്ഞ എന്‍ജിഒയാണ് ഡല്‍ഹി ഫോറം. അവര്‍ ധനസഹായമഭ്യര്‍ത്ഥിച്ച് ചില ഫണ്ടിങ് ഏജന്‍സികള്‍ക്ക് അയച്ച കത്തില്‍, തങ്ങള്‍ വര്‍ഷങ്ങളായി വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍നിന്നും സ്വിസ് എയ്ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഏജന്‍സികളില്‍നിന്നും കോടികള്‍ കൈപ്പറ്റിയതായി സമ്മതിക്കുന്നുണ്ട്. സി എസ് ഐ സഭയ്ക്ക് വേള്‍ഡ് കൃസ്ത്യന്‍ കൗണ്‍സിലിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ഈ ബന്ധമാവണം ഗീതാനന്ദനും സി കെ ജാനുവിനും പാവപ്പെട്ട ആദിവാസികളെ പേരൂര്‍ക്കടയില്‍ സി എസ് ഐ അധികൃതര്‍ വാടക കൊടുക്കുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ താമസിപ്പിക്കാന്‍ സഹായകമായത്. കിട്ടുന്ന വിദേശഫണ്ടെല്ലാം ഗീതാനന്ദനും ജാനുവും എന്താണ് ചെയ്യുന്നത്? സമരത്തിനെന്ന പേരില്‍ വിളിച്ചുകൊണ്ടുവന്ന പാവപ്പെട്ട ആദിവാസികള്‍ക്ക് നല്ല താമസ സൗകര്യമെങ്കിലും ഏര്‍പ്പെടുത്തി കൊടുക്കണമായിരുന്നു.

ഗീതാനന്ദന്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന ഗോത്രമഹാസഭ, സി കെ ജാനുവിനെ മുന്നില്‍ നിര്‍ത്തി നടത്തുന്ന നില്‍പ്പ്‌സമരം വിദേശ ഫണ്ട് സ്വന്തമാക്കാനുള്ള ഒരു സമരനാടകം മാത്രമാണ്. നില്‍പ്പ്‌സമരത്തിന്റെ ഇംഗ്ലീഷ് റിപ്പോര്‍ട്ടുകള്‍ ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് വേണ്ടി മനോഹരമായി തയ്യാറാക്കുകയാവണം ഗീതാനന്ദന്‍. ഡല്‍ഹി ഫോറവുമായുള്ള ബന്ധം പൊതുസമൂഹത്തോട് തുറന്ന് പറയാന്‍ ഇദ്ദേഹം തയ്യാറാണോ? ഡല്‍ഹി ഫോറം പറയുന്നത്, ആദിവാസി ഗോത്രമഹാസഭ, കേരള ഫാമേഴ്‌സ് ഫോറം, ഹുമുസ് എന്നീ സംഘടനകള്‍ തങ്ങളുടെ പങ്കാളികളാണെന്നാണ്. സി കെ ജാനുവിന് ഈ വസ്തുത തള്ളിപ്പറയാന്‍ സാധിക്കുമോ?

ദളിത്- ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടക്കുന്ന സമരങ്ങള്‍ക്ക് ഫോര്‍ഡ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കാറുണ്ടെന്ന് അവരുടെ വെബ്‌സൈറ്റില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ചെങ്ങറ ഭൂസമരത്തിനും ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇതുപോലെ പണം കൊടുത്തിരുന്നു. ചെങ്ങറ കൈയേറ്റത്തിന് നേതൃത്വം നല്‍കുന്ന സാധുജന വിമോചന സംയുക്തവേദിക്ക് ഡല്‍ഹിയിലെ നാഷണല്‍ ക്യാമ്പയിന്‍ ഫോര്‍ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് (എന്‍സിഡിഎച്ച്ആര്‍) മുഖാന്തരമാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ പണം നല്‍കിയത്. 2007-08ല്‍ മാത്രം ഏതാണ്ട് ഒരുകോടി രൂപ ഫോര്‍ഡ് ഫൌഷേന്‍ എന്‍സിഡിഎച്ച്ആറിന് നല്‍കിയിട്ടുണ്ട്. സി കെ ജാനുവിന്റെ നില്‍പ്പ്‌സമരത്തിന്റെ അമ്പത് മീറ്റര്‍ അപ്പുറത്ത്, ചെങ്ങറ സമരക്കാരുടെ സമരപന്തലുണ്ട്. നില്‍പ്പ് സമരത്തേക്കാള്‍ എത്രയോ ദിവസമായി തുടരുന്ന സമരം. ഫേസ്ബുക്ക് ഐക്യദാര്‍ഡ്യ സമിതിക്കാര്‍ കാണാതെ പോയ ദളിതുകളുടെ സമരം. ചെങ്ങറസമരത്തിന്റെ മുന്നില്‍ നിന്ന് വിദേശ ഫണ്ട് കീശയിലാക്കിയ മാന്യന്‍മാരൊന്നും ഇപ്പോള്‍ സമര ചിത്രത്തിലില്ല. ആ മാന്യന്‍മാര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ എഴുതി തള്ളിയ മാധ്യമങ്ങളും ഈ സമരത്തെ കാണുന്നില്ല. അതുപോലെ, നില്‍പ്പ്‌സമരത്തിനായി കൊണ്ടുവന്ന ആദിവാസികളെ വഞ്ചിച്ച് സി കെ ജാനുവും ഗീതാനന്ദനും ഫണ്ടുമായി മുങ്ങുന്ന നാള്‍ വിദൂരമല്ല.

എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗീതാനന്ദനും സി കെ ജാനുവിനും നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടാണ്, ആന്റണിയുടെ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് സര്‍ക്കാരിനെതിരെ ആദിവാസി ഗോത്രമഹാസഭ, നില്‍പ്പ്‌സമരം ആരംഭിച്ചത്. പക്ഷെ, ഈ സമരത്തിന്റെ രൂപവും ഭാവവും സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രോശങ്ങളും ശ്രദ്ധിക്കുമ്പോള്‍ ഇത് സിപിഐ എംനും ഇടതുപക്ഷത്തിനുമെതിരെയുള്ള സമരമെന്ന തോന്നലാണ് ഉളവാക്കുക. ഈ തോന്നല്‍ ചെങ്ങറ സമരത്തിലും ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. കാരണം അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്ന സി ഐ എ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഫണ്ടിങ് ഏജന്‍സിയായ ഫോര്‍ഡ് ഫൗണ്ടേഷന്‍ വഴി പണമെറിയുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനാണ്. കമ്യൂണിസത്തെ ഇല്ലാതാക്കാനാണ്.

കമ്യൂണിസത്തിന്, ഇടതുപക്ഷത്തിന് വേണ്ടി ശബ്ദിക്കേണ്ട നാവുകളെ നിര്‍വീര്യമാക്കാന്‍, കമ്യൂണിസ്റ്റ് മനോഭാവമുള്ളവരുടെ കാഴ്ചപ്പാടുകളെ ഭിന്നിപ്പിക്കാന്‍, അവരുടെ സമരശേഷിയെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരത്തിലുള്ള നില്‍പ്പ്‌സമരങ്ങളെയും സാമ്രാജ്യത്വം ഉപയോഗിക്കും. അതിനായി ഫണ്ടുകള്‍ ഒഴുക്കും. ഇത്തരത്തിലുള്ള വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരുമ്പോള്‍, “ആദിവാസികളും സി ഐ എയും! ഒന്ന് പോട്രോ...” എന്ന് ലഘൂകരിക്കാനാണ് പുരോഗമന മനസുകള്‍ വരെ തയ്യാറാവുക. എന്നാല്‍, നന്ദിഗ്രാമില്‍ ഭൂമി ഉച്ഛേദ് പ്രതിരോധകമ്മിറ്റിക്ക് സിഐഎയില്‍നിന്ന് വലിയ അളവില്‍ സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട് എന്നത് പുറത്തുവന്നിട്ടുള്ള വസ്തുതയാണ്. അവിടെ ആദിവാസികളടക്കമുള്ള ദരിദ്രജനവിഭാഗത്തെ സമരഭൂവിലിറക്കിയിരുന്നു എന്നത് ലഘൂകരണ കമ്മറ്റിക്കാര്‍ മറക്കരുത്.

സി കെ ജാനുവും ഗീതാനന്ദനും പാവപ്പെട്ട ആദിവാസികളെ കരുക്കളാക്കി ഇനിയും നില്‍പ്പ്‌നാടകം കളിക്കരുത്. ആദിവാസികള്‍ക്ക് വേണ്ടി ഹിഡന്‍ അജണ്ടകളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന, പോരാടുന്ന ആദിവാസി ക്ഷേമ സമിതി പോലുള്ള സംഘടനകള്‍ ഈ നാട്ടിലുണ്ട്. അവര്‍ നടത്തുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി മാത്രമേ, ഈ കപടനാടകം ഉപകരിക്കൂ. ഇനി ഡല്‍ഹിയിലാണ് നില്‍പ്പ്‌സമരം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സി കെ ജാനു, നില്‍പ്പ്‌നാടകം തുടരുക തന്നെയാണ്. കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധയ്ക്ക് വേണ്ടി, കൂടുതല്‍ ഫണ്ടിംഗിനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് ഡല്‍ഹിയിലേക്ക് പോവുകയാണ് ഗീതാനന്ദനും ജാനുവും.

ആണിയടി : സി കെ ജാനു, ഡല്‍ഹിയിലേക്ക് സമരത്തിനായി പോവുമ്പോള്‍; 2012 ജനുവരി പത്തിന് അംബാലാ സെന്‍ട്രല്‍ ജയിലില്‍ വെച്ച് സ്വാമി അസീമാനന്ദ് നടത്തിയ ആദ്യ അഭിമുഖമാണ് ഓര്‍മ വരുന്നത്. ആ അഭിമുഖത്തില്‍ അദ്ദേഹം കേരള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് നിയന്ത്രിക്കുന്ന സംഘപരിവാര സംഘനയായ വനവാസി കല്യാണ ആശ്രമത്തിന് വേണ്ടി ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അദ്ദേഹം ആ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. കേരളം സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ.ജാനുവുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ചതായും അസീമാനന്ദ പറയുന്നു. അമൃതാനന്ദമയി മഠവും വിദേശഫണ്ട് കണ്ടമാനം കൈപ്പറ്റുന്നുണ്ട്. സി കെ ജാനുവിന്റെ ആദിവാസി ഗോത്രമഹാസഭ ഡല്‍ഹിഫോറത്തിന്റെ പങ്കാളികളാണ്. പങ്കാളികളായ ഞങ്ങള്‍ വിദേശ ഫണ്ട് മാത്രം പങ്കിടാറില്ല എന്ന് പോലും സി കെ ജാനു ഇതുവരെ പറഞ്ഞിട്ടില്ല. പലനാള്‍ കള്ളം ഒരു നാള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും.

 

 

23-Nov-2014