നമുക്കാ വിഷം വേണ്ട, കൂടപ്പിറപ്പുകളെ മതി

ലോകത്ത് പലയിടങ്ങളിലും ഈ വിഷം നേരത്തേ നിരോധിച്ചിട്ടുണ്ട്. അവരുടെ രാജ്യങ്ങളിലുള്ള മനുഷ്യജീവനാണ് വലുത് എന്ന സന്ദേശമാണ് അവരൊക്കെ മുന്നോട്ട് വെക്കുന്നത്. നമുക്കും അത്തരത്തിലുള്ള നന്‍മനിറഞ്ഞ ഒരു സന്ദേശം മുന്നോട്ട് വെച്ചുകൂടെ? അതിന് കൊടിയുടെയും ജാതി മതങ്ങളുടെയും വ്യത്യാസമില്ലാതെ നമുക്കൊരുമിച്ച് മുന്നോട്ട് പോയ്ക്കൂടെ? മനുഷ്യരാണെന്ന് പറയപ്പെടുന്ന നരകിക്കുന്ന ആ ജീവിതങ്ങളുടെ കണ്ണീരൊപ്പാന്‍ ഇനിയെന്ത് സാവകാശമാണ് വേണ്ടത്? നമുക്ക് ആ വിഷം വേണ്ട, നമ്മുടെ കൂടപ്പിറപ്പുകളെ മതി.

വീണ്ടും എന്‍ഡോസള്‍ഫാനെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് വേദനാജനകമാണ്. നമ്മുടെ നാട്ടില്‍ നമ്മുടെ കൂടെ സന്തോഷവും മണ്ണും വായുവും ജലവും പകുത്ത് ജീവിക്കേണ്ട കൂടപ്പിറപ്പുകള്‍ ജീവനെടുക്കുന്ന ഈ വിഷത്തിന്റെ പേരില്‍ വല്ലാതെ ബുദ്ധിമുട്ടുന്നെങ്കില്‍ അതങ്ങ് വേണ്ടെന്ന് വെച്ചൂടെ?

എല്ലാ വികസനവും മനുഷ്യന് വേണ്ടിയാണ്. ഉത്പാദനങ്ങള്‍ നടത്തുന്നത് മനുഷ്യന് അനുഭവിക്കാന്‍ വേണ്ടിയാണ്. കാസര്‍കോട്ടെ വിവാദ പ്ളാന്റേഷന്‍ കോര്‍പ്പറേഷനും മനുഷ്യര്‍ക്ക് വേണ്ടി, ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. കുറെ മനുഷ്യരുടെ ജീവിതങ്ങള്‍ അവിടെ വളമായി ഉപയോഗിക്കുവാന്‍ പാടില്ല. അവരുടെ മുരടിച്ചുപോയ സ്വപ്നങ്ങള്‍ക്ക് പകരംവെക്കാന്‍ ഒരു നഷ്ടപരിഹാരത്തിനും സാധിക്കില്ല. അവരുടെ വരുംതലമുറയുടെ ജീവിത സ്വപ്നങ്ങളെ കരിച്ചുകളയാതിരിക്കാനുള്ള ബാധ്യത, ഉത്തരവാദിത്തം നമുക്കുണ്ട്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്‍ഡോസള്‍ഫാന്‍ വേണ്ട എന്ന് പറയുന്നു. അത് ജീവനാശിനി ആണെന്ന് ഒരൊറ്റ ശബ്ദത്തില്‍ പറയുന്നു. പിന്നെ എങ്ങനെയാണ് ഒരു മെഡിക്കല്‍ കമ്മറ്റി ഇത് വേണ്ട എന്ന് പറയുമ്പോള്‍ വേണം എന്ന ബദല്‍ ശബ്ദം ഉയര്‍ന്ന് വരുന്നത്. അത്തരം ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല?

കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്ന അസാധാരണമായ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ മാത്രമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലൂടെ തെളിഞ്ഞതാണ്. ആ പഠനത്തെ സുപ്രീം കോടതി പോലും ആധികാരിക രേഖയായി സ്വീകരിച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. രോഗബാധിത പ്രദേശത്തെയും രോഗമില്ലാത്ത പ്രദേശങ്ങളിലേയും മണ്ണും വെള്ളവും മറ്റും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷമാണ് എന്‍ഡോസള്‍ഫാന് എതിരായുള്ള നിഗമനത്തിലേക്ക് അവര്‍ എത്തിയത് എന്ന് മനസിലാക്കുന്നു. എന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ എന്തുകൊണ്ട് പൊട്ടന്‍കളിക്കുന്നു? മനുഷ്യരുടെ ജീവിതം വെച്ചുള്ള ഈ കളിയില്‍ ആര്‍ക്കാണ് ലാഭം? അത് വേണ്ട. ആ ലാഭം അനുഭവിക്കാന്‍ സാധിക്കില്ല.

ലോകത്ത് പലയിടങ്ങളിലും ഈ വിഷം നേരത്തേ നിരോധിച്ചിട്ടുണ്ട്. അവരുടെ രാജ്യങ്ങളിലുള്ള മനുഷ്യജീവനാണ് വലുത് എന്ന സന്ദേശമാണ് അവരൊക്കെ മുന്നോട്ട് വെക്കുന്നത്. നമുക്കും അത്തരത്തിലുള്ള നന്‍മനിറഞ്ഞ ഒരു സന്ദേശം മുന്നോട്ട് വെച്ചുകൂടെ? അതിന് കൊടിയുടെയും ജാതി മതങ്ങളുടെയും വ്യത്യാസമില്ലാതെ നമുക്കൊരുമിച്ച് മുന്നോട്ട് പോയ്ക്കൂടെ? മനുഷ്യരാണെന്ന് പറയപ്പെടുന്ന നരകിക്കുന്ന ആ ജീവിതങ്ങളുടെ കണ്ണീരൊപ്പാന്‍ ഇനിയെന്ത് സാവകാശമാണ് വേണ്ടത്? നമുക്ക് ആ വിഷം വേണ്ട, നമ്മുടെ കൂടപ്പിറപ്പുകളെ മതി.

06-Dec-2013

ജീവിതനൗക മുന്‍ലക്കങ്ങളില്‍

More