തുടികൊട്ടി, വിജയത്തിലേക്ക്!

ജനുവരി 23ന് സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയും വനംവകുപ്പ് മന്ത്രിയും സമര നേതാക്കളുമായി ചര്‍ച്ച നടത്തി. സമയ ബന്ധിതമായി മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കാമെന്ന് ഉറപ്പുനല്‍കി. തുടികൊട്ടി സമരത്തിന്റെ വിജയം ആറളംഫാമിലെ ആദിവാസികള്‍ക്കും കേരളത്തിലെ വൈവിധ്യമാര്‍ന്ന ആദിവാസി സമൂഹത്തിനും ആവേശം പകരുകയാണ്. ആദിവാസികളെ ഭിന്നിപ്പിച്ച് അവരുടെ സമരശേഷിയെ നാനാവിധമാക്കി കളയാന്‍, വിദേശഫണ്ടിംഗ് ഏജന്‍സികളുടെ താല്‍പ്പര്യാര്‍ത്ഥം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലെ നാട്ടുകാരെ കാണിക്കാനും ഐക്യദാര്‍ഡ്യശേഖരണം നടത്താനുമുള്ളതായിരുന്നില്ല തുടികൊട്ടി സമരം. ഇത് ആദിവാസികളുടെ ആവശ്യം നേടിയെടുക്കാന്‍ വേണ്ടിയുള്ള അവകാശപോരാട്ടം തന്നെയായിരുന്നു. ലോകത്തെ തന്നെ പറ്റിച്ചാലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല എന്ന് കരുതി മുന്നോട്ട് പോവുന്ന സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം വരുത്തിയാല്‍ ആദിവാസികള്‍ ഈ സര്‍ക്കാരിനെ തന്നെ മുട്ടുകുത്തിക്കാന്‍ പോന്ന സമരശക്തിയായി മലയിറങ്ങും.

കേരളത്തിലെ ആദിവാസികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് സിപിഐ എമ്മും ഇടതുപക്ഷവും ആണ്. ആദിവാസി മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി, അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ആ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് ആദ്യകാലത്ത് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയനും തുടര്‍ന്ന് ആദിവാസി ക്ഷേമസമിതിയ്ക്കും കഴിഞ്ഞിട്ടുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനമാണ് ആദിവാസി മേഖലയില്‍ എ കെ എസ് ഇപ്പോള്‍ നടത്തിവരുന്നത്. ആദിവാസി സമൂഹത്തെ കേവലം ആവേശകരമായ മുദ്രാവാക്യങ്ങളില്‍ കൂട്ടിക്കെട്ടി, വാചകമടി വിപ്ലവം നടത്തി അവരുടെ സമരത്തെ നിര്‍ജ്ജീവമാക്കുന്ന, ആദിവാസി കൂട്ടായ്മകളുടെ ശക്തി ക്ഷയിപ്പിക്കുന്ന തീവ്ര ഇടതുപക്ഷ, കടലാസ് സംഘടനകളില്‍ നിന്നും എന്‍ ജി ഒകളില്‍ നിന്നും വ്യത്യസ്തമായി ആദിവാസവിഭാഗത്തിന് വര്‍ഗപരമായ തിരിച്ചറിവ് പകര്‍ന്ന് നല്‍കി സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട അവരുടെ ജീവിതത്തെ കേരള വികസന മാതൃകയുടെ ഗുണഭോക്താക്കളാക്കുന്ന തലത്തില്‍ ഉയര്‍ത്തുവാനാണ് എ കെ എസിന്റെ പരിശ്രമം. ഇവരുടെ മുന്നേറ്റങ്ങള്‍ മുതലാളിത്വ ഭൂപ്രഭുവിഭാഗങ്ങള്‍ക്കെതിരായി നടത്തുന്ന വര്‍ഗസമരം തന്നെയാണ്.

ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന വൈപുല്യമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഏറ്റവും പ്രധാനമായത് അവരുടെ ഭൂരാഹിത്വം തന്നെയാണ്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനുമുന്‍പ് നാല്‍പ്പതുകളുടെ മധ്യത്തില്‍ തന്നെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ആദിവാസി മേഖലകളിലേക്ക് വന്‍തോതില്‍ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. കൈയ്യേറ്റവും കുടിയേറ്റവും നടന്നത് ആദിവാസികള്‍ കൈവശം വെക്കുന്ന ഭൂമിയിലേക്ക് ആയിരുന്നു. ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്, അവര്‍ക്ക് വേണ്ടി സംരമുഖങ്ങള്‍ സൃഷ്ടിച്ചത് സിപിഐ എമ്മും കെ എസ് കെ ടി യുവും ഇപ്പോള്‍ എ കെ എസുമാണ്. ആറളം ഫാമിലെ ആദിവാസികള്‍ അവകാശ സമരത്തിനായി സമരഭൂമിയിലേക്ക് പോകുമ്പോള്‍ സിപിഐ എം തന്നെയാണ് നേതൃത്വമായി മുന്നില്‍ നിന്നത്.

ആറളംഫാം ആരംഭിക്കുന്നത് 1970ല്‍ ആണ്. 1972ല്‍ കുറിച്യവിഭാഗത്തിലുള്ള ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ വീതം ഭൂമി കൊടുത്ത് അവരെ വിയറ്റ്‌നാം എന്ന പ്രദേശത്ത് അധിവസിപ്പിച്ചു. എന്നാല്‍, പണിയ വിഭാഗത്തിന് അക്കാലത്ത് കൃഷിഭൂമി ലഭിച്ചില്ല. കൈനകൊല്ലി, ഓടന്തോട് എന്നിവിടങ്ങളിലെ മൂന്ന് കോളനികളില്‍ അവര്‍ താമസിച്ചു. സിപിഐ എം അന്ന് മുതല്‍ക്കേ ഇവര്‍ക്കും കൃഷിയിറക്കാനുള്ള ഭൂമി നല്‍കണം എന്ന നിലപാടാണ് എടുത്തത്. ആദിവാസികളുടെ ഭൂമി ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി പ്രദേശിക പ്രക്ഷോഭങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയെങ്കിലും അത് ശ്രദ്ധപിടിച്ചുപറ്റാന്‍ പര്യാപ്തമായിരുന്നില്ല. 1998ലെ ആദിവാസി സമരം സംഘടിപ്പിക്കാന്‍ സിപിഐ എം മുന്നോട്ട് വരുന്നത് ആ സാഹചര്യത്തിലാണ്. കര്‍ഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു കീഴ്പ്പള്ളിക്കപ്പുറമുള്ള കൈനകൊല്ലി, ഓടന്തോട്-കണ്ണൂര്‍ കലക്‌ട്രേറ്റ് മാര്‍ച്ച്. 98 ഏപ്രില്‍ 18ന് ആരംഭിച്ച മാര്‍ച്ച് ഏപ്രില്‍ 21ന് കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലെത്തി. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള ആദ്യത്തെ സമരം. ആദിവാസികളുടെ ഭൂസമരത്തിന്റെ തിളക്കമുള്ള ഏടായിരുന്നു എത്. ഊരുമൂപ്പന്‍ ഉള്‍പ്പെടെ 122 ആദിവാസികള്‍ ഈ സമരത്തിന്റെ ഭാഗമായി ജയിലിലേക്ക് പോയി. പിന്നീട് കോടതി സമരക്കാരെ വിട്ടയച്ചു. ഈ സമരത്തിന്റെ തുടര്‍ച്ചയായി ആറളം ഫാമിനകത്ത് കുടില്‍കെട്ടി സമരം ആരംഭിച്ചു.

ആറളംഫാമിലെ ആദിവാസികളുടെ സമരത്തിന്റെ കൂടിയാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റ്, ആറളം ഫാം കേരളത്തിന് വിട്ടുതരണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിക്കുന്നത്. മാത്രമല്ല, പാര്‍ലമെന്റില്‍ ഈ വിഷയം കൊണ്ടുവരുന്നതിനും ഇടതുപക്ഷത്തിന് കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഫാം അനുവദിച്ച് നല്‍കുന്നത് തുടര്‍ന്ന് വന്ന എ കെ ആന്റണിയുടെ സര്‍ക്കാരിന്റെ കാലത്താണ്. പക്ഷെ, ആ സര്‍ക്കാരിന് ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള ഇച്ഛാശക്തി ഉണ്ടായിരുന്നില്ല. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഫാംഭൂമി സ്വകാര്യവത്കരിക്കാനുള്ള നീക്കം വരെ ഉണ്ടായി. പക്ഷെ, ജനകീയ പ്രതിഷേധത്തിന് മുന്നില്‍ അവര്‍ മുട്ടുമടക്കി. ഭൂമി അളന്ന് തിട്ടപ്പെടുത്തിയില്ലെങ്കിലും ആദിവാസികളായ 840 ഗുണഭോക്ത കുടുംബങ്ങളുടെ ലിസ്റ്റ് ആ സര്‍ക്കാരിന്റെ സമയത്ത് ഉണ്ടാക്കി. അപ്പോഴേക്കും വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്നു. ആദിവാസി ഭൂവിതരണത്തിനും ഫാം നവീകരണത്തിനും വേണ്ട നടപടികള്‍ ഇടതുസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. 2006 മാര്‍ച്ച് മൂന്നാം തിയ്യതി ഒന്നാംഘട്ട ഭൂമി വിതരണം നടത്തി.

ആറളംഫാമില്‍ 7 ഘട്ടങ്ങളിലായി 3304 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ഇതില്‍ വയനാട്ടില്‍ നിന്നുള്ള 396 ആദിവാസി കുടുംബങ്ങള്‍ കൂടെയുണ്ട്. ഫാമില്‍ ഭൂമി നല്‍കുന്നതച് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദിവാസികള്‍ക്കാവണം എന്നാണ് തീരുമാനിച്ചതെങ്കിലും വയനാട്ടിലെ ആദിവാസികളുടെ വലിയ രീതിയിലുള്ള ഭൂരാഹിത്യം മനസിലാക്കിയപ്പോള്‍ അവിടെയുള്ളവര്‍ക്കും ഫാമില്‍ ഭൂമി നല്‍കാന്‍ ധാരണയിലെത്തുകയായിരുന്നു. പട്ടികവര്‍ഗ വിഭാഗത്തിലുള്ള 13 ഉപജാതികള്‍ക്കാണ് ആറളം ഫാമില്‍ ഭൂമി കൊടുത്തത്.

ഭൂമി നല്‍കിയതില്‍ 70.8 ശതമാനവും പണിയ വിഭാഗത്തിലുള്ള ആദിവാസികളായിരുന്നു. പണിയര്‍-2342, കരിമ്പാലര്‍-400, കുറിച്യര്‍-268, മാവിലര്‍-161, അടിയ-60, കാട്ടുനായ്ക്കര്‍-21, കുറുമര്‍-18, മലവേട്ടുവര്‍-17, ഊരാളികുറുമര്‍-12, കാണി-2, കാടര്‍-1, മുള്ളുകുറുമര്‍-1, ഉള്ളാടര്‍-1 എന്നിങ്ങനെയാണ് ആറളംഫാമില്‍ ഭൂമിയുള്ള ആദിവാസികള്‍. പൊതുവില്‍ ആദിവാസികള്‍ എന്ന് പറയുമ്പോഴും ഈ ഗോത്രവിഭാഗങ്ങള്‍ വേറിട്ട ജീവിതചര്യകള്‍ നയിക്കുന്നവരാണ്. ഇവരെ ഗോത്രങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും ഉയര്‍ത്തി വര്‍ഗപരമായ വീക്ഷണത്തോടെ കൂട്ടിയോജിപ്പിക്കുന്നതിലും സിപിഐ എം ശ്രമിച്ചിട്ടുണ്ട്.

ആറളംഫാമിനകത്ത് 990 ആദിവാസികുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിരുന്നു. പക്ഷെ, 710 വീടുകളുടെ നിര്‍മാണം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. എല്‍ ഡി എഫ് ഭരണകാലത്ത് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. നിര്‍മിതികേന്ദ്രയുടെ അപാകതകള്‍ കൊണ്ടാണ് പൂര്‍ത്തിയാകാതെ വന്നത്. ഇപ്പോള്‍ വീടില്ലാത്ത കുടുംബങ്ങള്‍ താമസിക്കുന്നത് പ്ലാസ്റ്റിക് ഷെഡുകളിലാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളേറെ ആയിട്ടും വീട് നിര്‍മാണത്തിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഷെഡില്‍ ഉറങ്ങി കിടന്ന മാധവി എന്ന സ്ത്രീയെ കാട്ടാന കുത്തി കൊന്നു. മഴക്കാലത്ത് 17 ഷെഡുകളാണ് ആന പൊളിച്ചുകളഞ്ഞത്. ഭൂമി കിട്ടിയ കുടംബങ്ങള്‍ ഭീതിയോടെ ആറളംഫാം വിട്ടുപോവാന്‍ നിര്‍ബന്ധിതമാവുന്ന അവസ്ഥയാണ് ഉണ്ടായത്.

ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ആറളം ഫാമിനെ വേര്‍തിരിക്കുന്ന 11 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ കെട്ടിയാല്‍ മാത്രമേ കാട്ടാനകളുടെയും വന്യജീവികളുടെയും ആക്രമണത്തില്‍ നിന്ന് ആദിവാസികള്‍ക്ക് രക്ഷനേടാനാവു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ നിര്‍മിച്ചപ്പോള്‍ ഭരണമാറ്റമുണ്ടായി. യു ഡി എഫ് സര്‍ക്കാര്‍ ഇതുവരെയായി ഒന്നും ചെയ്തിട്ടില്ല. നിലവിലുള്ള നാല് കിലോമീറ്റര്‍ മതില്‍ നാല് ഭാഗത്തായി ആന കുത്തിപ്പൊളിച്ചിരിക്കയാണ്. അത് നന്നാക്കാന്‍ പോലും യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് സിപിഐ എം പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് വന്നത്.

ആറളത്ത് സിപിഐ എംന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതിയുടെ സമരത്തിന്റെ ഭാഗമായി സിപിഐ എം ലോക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അനിശ്ചിത നിരാഹാര സമരം ആരംഭിച്ചു. ജില്ലാ ഭരണകൂടവുമായ ചര്‍ച്ചക്കൊടുവില്‍ ആ സമരം ഒത്തുതീര്‍ന്നു. പക്ഷെ, ആദിവാസികളെ പുഴുക്കളായി പോലും വിലകല്‍പ്പിക്കാത്ത യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. അപ്പോഴാണ് ജില്ലാ കലക്‌ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സത്യഗ്രഹസമരത്തിന് സിപിഐ എം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി മുന്നോട്ടുവന്നത്.

തുടികൊട്ടി സമരം എന്നപേരില്‍ ജനുവരി 11ന് ആരംഭിച്ച പ്രക്ഷോഭം പുനരധിവാസ മേഖലയിലെ ഭവനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക, താമസക്കാര്‍ക്ക് ആറളം ഫാമില്‍ ജോലി നല്‍കുക, റേഷന്‍ കാര്‍ഡ് നല്‍കുക, 240 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുക, ഫാമിലെ എല്ലാ ബ്ലോക്കുകളും ബന്ധിപ്പിച്ച് റോഡ് നിര്‍മിക്കുക, മുഴുവന്‍ വീടുകളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കുക, കാട്ടാനശല്യം തടയാന്‍ നടപടി സ്വീകരിക്കുക, പബ്ലിക്ക് ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ജനുവരി 23 വരെ സമരം നീണ്ടു. കണ്ണൂരിലെ ജനാവലിയുടെ പിന്തുണ നേടാന്‍ ആദിവാസി വിഭാഗത്തിന്റെ തുടികൊട്ടി സമരത്തിന് സാധിച്ചു. ജനുവരി 23ന് സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയും വനംവകുപ്പ് മന്ത്രിയും സമര നേതാക്കളുമായി ചര്‍ച്ച നടത്തി.

സമയ ബന്ധിതമായി മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കാമെന്ന് ഉറപ്പുനല്‍കി. തുടികൊട്ടി സമരത്തിന്റെ വിജയം ആറളംഫാമിലെ ആദിവാസികള്‍ക്കും കേരളത്തിലെ വൈവിധ്യമാര്‍ന്ന ആദിവാസി സമൂഹത്തിനും ആവേശം പകരുകയാണ്. ആദിവാസികളെ ഭിന്നിപ്പിച്ച് അവരുടെ സമരശേഷിയെ നാനാവിധമാക്കി കളയാന്‍, വിദേശഫണ്ടിംഗ് ഏജന്‍സികളുടെ താല്‍പ്പര്യാര്‍ത്ഥം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലെ നാട്ടുകാരെ കാണിക്കാനും ഐക്യദാര്‍ഡ്യശേഖരണം നടത്താനുമുള്ളതായിരുന്നില്ല തുടികൊട്ടി സമരം. ഇത് ആദിവാസികളുടെ ആവശ്യം നേടിയെടുക്കാന്‍ വേണ്ടിയുള്ള അവകാശപോരാട്ടം തന്നെയായിരുന്നു. ലോകത്തെ തന്നെ പറ്റിച്ചാലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല എന്ന് കരുതി മുന്നോട്ട് പോവുന്ന സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം വരുത്തിയാല്‍ ആദിവാസികള്‍ ഈ സര്‍ക്കാരിനെ തന്നെ മുട്ടുകുത്തിക്കാന്‍ പോന്ന സമരശക്തിയായി മലയിറങ്ങും.

24-Jan-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More