ദുശാസനന്മാരുടെ സഭ!

2015 മാര്‍ച്ച് 13. കേരള നിയമസഭ അഴിമതിക്കെതിരായ യുദ്ധഭൂവായി മാറിയ ദിവസം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിചാരിച്ചാല്‍ ലഘുവായി പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നമായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്. നിരവധി അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി, ഒരു കേസിലെ ഒന്നാം പ്രതിയായി നില്‍ക്കുന്ന, ബജറ്റ്‌ വില്‍പ്പനക്ക്‌ വെക്കുന്നു എന്ന ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണി ബജറ്റ്‌ അവതരിപ്പിക്കാന്‍ പാടില്ല എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്‌. പകരം വേറെ ആരെങ്കിലും അവതരിപ്പിച്ചാല്‍ മതി. പക്ഷെ, ഉമ്മന്‍ചാണ്ടിയും യു ഡി എഫും മാണിയെ കൊണ്ട് തന്നെ ബജറ്റ്‌ അവതരിപ്പിക്കും, കേരളജനതയോടുള്ള ആ ധാര്‍ഷ്ട്യത്തെ പൊരുതി തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ശക്തമായി ഉണര്‍ന്നെണീറ്റു. നിയമാസഭയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. മുണ്ട് മടക്കി

കുത്താതെ ഖദറിട്ട കരിവേഷങ്ങള്‍ സംഹാര താണ്ഡവമാടി. പ്രതിപക്ഷത്തെ വനിതാ എം എല്‍ എ മാര്‍ അക്രമത്തിന് ഇരകളായി. വേട്ടക്കാരായ യു ഡി എഫ് എം എല്‍ എമാര്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇരകളാണ് ആക്രമകാരികള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ വ്യാപകമായ പ്രചരണം അഴിച്ചുവിട്ടു. പക്ഷെ, സത്യത്തെ അങ്ങനെ കുഴിച്ചു മൂടാന്‍ കഴിയില്ല തന്നെ. ജമീല പ്രകാശം എം എല്‍ എ നെല്ലിനോട് സംസാരിക്കുന്നു.

രഞ്ജിത്ത് ശ്രീധര്‍ : 2015 മാര്‍ച്ച് 13ലെ സംഭവ വികാസങ്ങളെ കുറിച്ച് ആലോചിച്ചെടുക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

ജമീല പ്രകാശം : ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നരീതിയലുള്ള ചെയ്ത്തുകള്‍ക്കാണ് അന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. ഉടയാത്ത ഖദറിനുള്ളിലുള്ള രാഷ്ട്രീയക്കാരുടെ തനിനിറം ലോകത്തിന് മനസിലാക്കാന്‍ സാധിച്ച ദിവസം കൂടിയായിരുന്നു അത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണപക്ഷം അഴിമതിക്കെതിരായ ജനവികാരത്തെ മാനിക്കാതെ ധാര്‍ഷ്ട്യവും തന്നിഷ്ടവും അഹങ്കാരത്തോടെ നിയമസഭയ്ക്കകത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമായി സംഭവിച്ചതായിരുന്നു മാര്‍ച്ച് പതിമൂന്നിന് നടന്ന സംഭവങ്ങള്‍. കുറെയേറെ മാധ്യമങ്ങളുടെ സഹായത്തോടെ തങ്ങളുടെ പ്രവൃത്തികള്‍ പൊതുസമൂഹത്തില്‍ നിന്നും മറച്ചുപിടിക്കാമെന്ന് അവര്‍

കരുതി. ചില വാര്‍ത്താ ചാനലുകളും അച്ചടി മാധ്യമങ്ങളും യു ഡി എഫിന്റെ മനസാക്ഷിയെന്ന നിലയില്‍ വാര്‍ത്തകള്‍ കൊടുക്കാന്‍ തയ്യാറാവുകയും ചെയ്തു. പക്ഷെ, സത്യത്തെ ഒരിക്കലും മൂടിവെക്കാനോ, നശിപ്പിക്കാനോ സാധിക്കില്ല. നിയമസഭയ്ക്കകത്ത് സംഭവിച്ചത് യു ഡി എഫ് നേതൃത്വം പറഞ്ഞരീതിയിലല്ല എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക്് ഹാജരാക്കാന്‍ സാധിച്ചു. ജനങ്ങളെ സത്യമെന്താണ് എന്ന് ധരിപ്പിക്കാന്‍ സാധിച്ചു. 2015 മാര്‍ച്ച് 13 കേരളത്തിലെ യു ഡി എഫിന്റെ മുഖംമൂടി പിച്ചിചീന്തിയ ദിവസമാണ്.

രഞ്ജിത്ത് ശ്രീധര്‍ :കേരളത്തിന്റെ നിയമസഭയില്‍ പോലും സ്ത്രീകള്‍ വേട്ടയാടപ്പെടുകയാണല്ലൊ! സ്തീകള്‍ക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക?

ജമീല പ്രകാശം :നിയമസഭയെ പോലും സ്ത്രീപീഡനത്തിനായുള്ള വേദിയാക്കി മാറ്റുന്ന രാഷ്ട്രീയമാണ് യു ഡി എഫിനുള്ളത്. പ്രബുദ്ധകേരളം എന്ന പ്രയോഗത്തെപ്പോലും അപ്രസക്തമാക്കുന്ന വിധത്തിലായിപ്പോയി ചില യു ഡി എഫ് എം എല്‍ എമാരുടെ പ്രകടനം. അതിനൊക്കെ അനുവാദം കൊടുത്തുകൊണ്ട് സ്ത്രീ പീഡനംവരെ കണ്ടാസ്വദിക്കുന്ന ഒരു മുഖ്യമന്ത്രിയെയും നിയമസഭയില്‍ കണ്ടു. കേരള വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷണബില്‍ 2013, നിയമമാക്കുന്നതിനുള്ള ചര്‍ച്ച സഭയില്‍ നടക്കാനിരിക്കെയാണ് നിയമസഭയിലെ അംഗങ്ങളായ ഞങ്ങള്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്. ആ ബില്ലില്‍ ഒരു സ്ഥാപനത്തിന്റെയും അതിന്റെ പരിസരത്തിന്റെയും

ചുമതലയുള്ള ആളിന്റെ കടമകള്‍ എന്ന ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത്, സ്ഥാപനം ഏതുതന്നെയായാലും ആ സ്ഥാപനത്തില്‍ എവിടെയെങ്കിലും വെച്ച് വനിതകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനം അനുഭവപ്പെടുക യാണെങ്കില്‍ പോലീസിനെ അറിയിക്കണം എന്നാണ്. അല്ലാത്തപക്ഷം സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുക്കാനും ശിക്ഷവിധിക്കാനും അധികാരമുണ്ടെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ബില്‍ നിയമമാക്കാന്‍ പോകുന്ന സഭയില്‍ വെച്ചാണ് ഭരണകക്ഷി എം എല്‍ എമാര്‍ ഞങ്ങളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. ഇതിനപ്പുറം എന്താണ് സംഭവിക്കാന്‍ ഉള്ളത്? സ്ത്രീ സ്വത്വത്തിന് യു ഡി എഫ് സര്‍ക്കാര്‍

യാതൊരുവിലയും കല്‍പ്പിക്കുന്നില്ല. ഇവരില്‍ നിന്ന് ഒരു നീതിയും സ്ത്രീകള്‍ പ്രതീക്ഷിക്കാനും പാടില്ല.

രഞ്ജിത്ത് ശ്രീധര്‍ :പ്രതിപക്ഷത്തെ വനിതാമെമ്പര്‍മാര്‍ മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നപ്പോള്‍ പ്രതിരോധിച്ചു എന്നാണ് ശിവദാസന്‍ നായരടക്കമുള്ള യു ഡി എഫ് എം എല്‍ എമാര്‍ പറയുന്നത്.

ജമീല പ്രകാശം : പ്രതിപക്ഷം മാര്‍ച്ച് 13ന് മുഖ്യമന്ത്രിക്കെതിരായ സമരമായിരുന്നില്ലല്ലോ നടത്തിയത്. ബജറ്റവതിരിപ്പിക്കാന്‍ വേണ്ടി വരുന്ന കെ എം മാണിയെ തടയാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നില്‍ ഞാനടക്കമുള്ള വനിതാ എം എല്‍ എമാര്‍ നിന്നത്. ഞങ്ങളെ കൈകാര്യം ചെയ്യാന്‍ മുന്‍കൂട്ടി

ഉറപ്പിച്ചതുപോലെയാണ് ചില യു ഡി എഫ് എം എല്‍ എമാര്‍ പ്രതികരിച്ചത്. സംഘര്‍ഷത്തിന്റെ ഒരു വേളയിലും ഞാന്‍ മുഖ്യമന്ത്രിയുമായി മുഖാമുഖം വന്നിട്ടില്ല.

സംഘര്‍ഷം നടന്ന, ഞങ്ങള്‍ അപമാനിതരായ സമയം അന്ന് രാവിലെ 8.46മുതല്‍ 8.48വരെയാണ്. ആ സമയത്ത് തുടര്‍ച്ചയായി എടുത്ത 141 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഞങ്ങള്‍ പ്രതിപക്ഷനേതാവിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. ആ ഫോട്ടോകള്‍ ഈ ആരോപണക്കാര്‍ക്കുള്ള മറുപടിയാണ്.

രഞ്ജിത്ത് ശ്രീധര്‍ :മാതൃഭൂമി ന്യൂസിലെ വേണുബാലകൃഷ്ണന്‍ എന്ന വാര്‍ത്താ അവതാരകന്‍ മാര്‍ച്ച് 13ന്  രാത്രി 9മണിക്ക് അദ്ദേഹത്തിന്റെ ചാനലില്‍ വാര്‍ത്തയും ചര്‍ച്ചയും നടത്തിയപ്പോള്‍ താങ്കള്‍ മുഖ്യമന്ത്രിയെ പച്ച ചീത്ത വിളിച്ചുപറഞ്ഞു എന്ന് തറപ്പിച്ച് പറയുന്നുണ്ടായിരുന്നു, ശിവദാസന്‍ നായരടക്കമുള്ള ഭരണപക്ഷ എം എല്‍ എമാര്‍ ആ നുണപ്രചരണത്തെ പൊലിപ്പിച്ചു. താങ്കളുടെ ശ്രദ്ധയില്‍ അത് വന്നിട്ടുണ്ടോ?

ജമീല പ്രകാശം : എന്നോട് പലരും പറഞ്ഞു. എനിക്ക് ആ കുട്ടിയോട് സഹതാപം മാത്രമേയുള്ളു. എല്ലാ അമ്മമാര്‍ക്കും അത്തരം കുട്ടികളോട് സഹാതാപവും പിന്നെ നന്നാവണേ എന്നുള്ള പ്രാര്‍ത്ഥനയും മാത്രമേ ഉണ്ടാവു.

രഞ്ജിത്ത് ശ്രീധര്‍ : താങ്കളും ശിവദാസന്‍ നായരുമൊക്കെ പഴയ കെ എസ് യുക്കാരല്ലേ? അന്നു മുതലേയുള്ള പരിചയം ഉണ്ടാവുമല്ലൊ. നിയമസഭയിലെ ഈ കൈയ്യേറ്റം കെ എസ് യു കാലത്തെ കൊതിക്കെറുവിന്റെ തുടര്‍ച്ചയാണെന്ന് പറയാന്‍ സാധിക്കുമോ?

ജമീല പ്രകാശം : 1970ല്‍ കെ എസ് യു ടിക്കറ്റില്‍ ഞങ്ങളെല്ലാവരും യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് മത്സരിച്ച് ജയിച്ചവരാണ്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ഞാന്‍ വൈസ് ചെയര്‍പേഴ്‌സണായി മത്സരിച്ച് ജയിച്ചു. അന്ന് ശിവദാസന്‍ നായര്‍ എക്‌സിക്യുട്ടീവ് കമ്മറ്റി മെമ്പറായിരുന്നു. അന്നും എനിക്ക് ശിവദാസന്‍ നായരെ കുറിച്ച് നല്ല അഭിപ്രായമില്ല. ഇപ്പോഴത് സ്വന്തം അനുഭവത്തില്‍ നിന്ന് ശരിയാണെന്ന് തെളിയുകയും ചെയ്തു. ഒരു സുഹൃത്തായി പരിഗണിക്കാനുള്ള മാനവീകത ശിവദാസന് അന്നേ ഉണ്ടായിരുന്നില്ല.

രഞ്ജിത്ത് ശ്രീധര്‍ :ബിജിമോള്‍ എം എല്‍ എ, ഭരണകക്ഷി എം എല്‍ എമാരുടെ അതിക്രമം സഹിക്കാന്‍ വയ്യാതെ അലറികരയുന്ന ഫോട്ടോയും താങ്കള്‍ പ്രദര്‍ശിപ്പിച്ചതില്‍ ഉണ്ട്. മുഖ്യമന്ത്രി ബിജിമോളെ അക്രമിക്കുന്നത് തന്‍റെ സീറ്റില്‍ തിരിഞ്ഞ് നോക്കിയിരിക്കുന്നതും കാണാം. അവിടെയും ശിവദാസന്‍ നായരുണ്ട്.!

ജമീല പ്രകാശം : അതെ. അവിടെയുമുണ്ട്. ശിവദാസനും ബെന്നി ബെഹനാനും ഡൊമനിക് പ്രസന്റേഷനുമാണ് ബിജിമോള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിക്കൊണ്ട് അതിക്രമം കാണിക്കുന്നത്. മുഖ്യമന്ത്രി ഇതൊക്കെ കണ്ടിട്ടും അരുത് എന്നൊന്ന് പറഞ്ഞില്ലല്ലോ? മുകളില്‍ ദൂരെ നിന്നിരുന്ന ശിവദാസന്‍ അപ്പോള്‍ തന്നെ താഴേക്ക് വന്നു. എന്റെയടുക്കല്‍ വന്ന് അപമാനിക്കാന്‍ ശ്രമിച്ചു.

രഞ്ജിത്ത് ശ്രീധര്‍ :ശിവദാസന്‍ നായര്‍ എന്താണ് ചെയ്തത്?

ജമീല പ്രകാശം : മോശമായ ഉദ്ദേശത്തോടെ എന്റെ ശരീരത്തില്‍ പിടിച്ചു. എന്റെ ഇടതുകൈ നേരത്തെ അപകടത്തില്‍പ്പെട്ട് ബെല്‍റ്റ് ഇട്ടതാണ്. ആ കൈ ശിവദാസന്‍ പിടിച്ച് തിരിച്ചു. വേദനകൊണ്ട് പുളഞ്ഞുപോയി. അയാളുടെ കാല്‍മുട്ടുകൊണ്ട് ശരീരത്തില്‍ അമര്‍ത്തി. എന്റെ കൈ വിടാന്‍ പറഞ്ഞപ്പോള്‍ അയാള്‍ എന്നെ വെല്ലുവിളിച്ചു. അപ്പോഴാണ് ഞാന്‍ കടിക്കുമെന്ന് പറഞ്ഞത്. 'എന്നാല്‍ കടിക്കെടീ..' എന്നായിരുന്നു ആ മാന്യന്റെ പ്രതികരണം. പിടിവിടാതെ അതിക്രമം കാണിക്കുന്ന അയാളെ ഞാന്‍ കടിച്ചു. എന്നിട്ടും അതിക്രമം അവസാനിപ്പിച്ചില്ല. ശിവദാസന്റെ അക്രമം കണ്ട് സഹിക്കാന്‍ വയ്യാതെ ഒരു വാച്ച് ആന്റ് വാര്‍ഡ് അയാളുടെ മുതുകില്‍ കൈമുട്ടുകൊണ്ട് തള്ളിയാണ് അയാളെ അവിടെ നിന്ന് മാറ്റിയത്.

രഞ്ജിത്ത് ശ്രീധര്‍ :നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് അതിന്റെ പരിപാവനത നഷ്ടപ്പെട്ടു എന്നൊക്കെയാണ് സ്പീക്കര്‍ ജി ശക്തന്‍ പറയുന്നത്. താങ്കള്‍ക്ക് എന്ത് തോന്നുന്നു?

ജമീല പ്രകാശം : കേരള നിയമസഭയെ വനിതകളുടെ സുരക്ഷയും മാനവും ചുട്ടെരിക്കുന്ന അരക്കില്ലമാക്കി മാറ്റുകയാണ് യു ഡി എഫ്. അവര്‍ക്ക് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് പറയാനുള്ള അവകാശമില്ല. ധൃതരാഷ്ടരെപോലെ ഇരിക്കുന്ന സഭാനാഥനായ സ്പീക്കറും ദുര്യോധനനെ പോലെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയും ദുശാസനനെ കടത്തിവെട്ടുന്ന പ്രകടനങ്ങളുമായി സ്ത്രീത്വത്തെ അപമാനിക്കുന്ന ശിവദാസനും ഡൊമനിക്കും മറ്റുമാണ് ജനാധിപത്യത്തെ കാത്തുസംരക്ഷിക്കുന്നവര്‍ എന്ന് പറഞ്ഞാല്‍ ഇനി ലോകം നമ്മളെ പരിഹസിക്കും.

രഞ്ജിത്ത് ശ്രീധര്‍ :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴും താങ്കള്‍ ശിവദാസന്‍ നായരെ കടിക്കുന്ന ഫോട്ടോ ഉള്ളടക്കം ചെയ്ത ഇമേജ് ഉണ്ടാക്കി ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്നുകാണാന്‍ വെല്ലുവിളിക്കുകയാണ്.

ജമീല പ്രകാശം : നിയമസഭയില്‍ വെച്ച് അദ്ദേഹത്തിന്റെ കൂട്ടാളികള്‍ കാട്ടിക്കൂട്ടിയ വൈകൃതങ്ങള്‍, ഞങ്ങള്‍ക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടുമൊപ്പം കാണാന്‍ അദ്ദേഹം തയ്യാറാവുമോ?

18-Mar-2015