ഫാസിസം ആലോചനാരഹിതമായ അസംബന്ധം

ആലോചനാരഹിതമായ അസംബന്ധമാണ് ഫാസിസം. അത് അതിന്റെ തന്നെ അഴുക്കില്‍ ചീഞ്ഞുതീരുന്നതുവരെ അസംബന്ധങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ജനത. എന്നാല്‍, അധികാരത്തെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം വെറുമൊരു അവസരം മാത്രമാണെന്ന് കരുതേണ്ടതില്ല. മറിച്ച് അതൊരു ഭാരിച്ച ചുമതലയാണ്. ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വ്യക്തമായ പാഠങ്ങളിലൊന്ന് അവകാശങ്ങള്‍ ഒന്നും ദാനം ചെയ്യപ്പെടുന്നില്ല, അവയൊക്കെ നേടിയെടുക്കേണ്ടതാണ് എന്നതാണ്.

ഒക്ടോബര്‍ 5ന് ആര്‍ എസ് എസിന്റെ ചരിത്ര ഗവേഷണ ശാഖയായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന (എ ബി ഐ എസ് വൈ) മധ്യകാലയുഗത്തിലെ രാജാവായിരുന്ന ഹ്യെമുവിനെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച യോഗത്തിന്റെ ഉദേശ ലക്ഷ്യങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് ആയ സതീഷ് മിത്തല്‍ വിവരിച്ചത് ഇപ്രകാരം ആണ് : 'പാശ്ചാത്യ, മുസ്ലീം കമ്യുണിസ്റ്റ് മതേതര ചരിത്രകാരന്മാര്‍ നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ചിരിക്കയാണ്, പാശ്ചാത്യ ചരിത്രകാരന്മാര്‍ ക്രിസ്തീയത പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യമിട്ടത്, അതിലൂടെ ഇംഗ്ലണ്ടിന് നമ്മളെ ഭരിക്കാന്‍ എളുപ്പമാവും എന്നവര്‍ കണക്കു കൂട്ടി. മുസ്ലീങ്ങള്‍ ഇസ്ലാംമതം പ്രചരിപ്പിക്കാനാഗ്രഹിച്ചു. കമ്യൂണിസ്റ്റുകാരാവട്ടെ ഇവിടെ മാവോ ഭരിക്കണമെന്നും നിരീശ്വര ഭരണകൂടം സ്ഥാപിക്കണമെന്നും ലക്ഷ്യം വെച്ചു. ഇന്ത്യക്ക് വേണ്ടി പോരാടിയ ദേശാഭിമാനികളുടെ യഥാര്‍ത്ഥ കഥകള്‍ തമസ്‌കരിക്കപ്പെട്ടു. ഇതിന്റെ ഫലമായി നമുക്ക് അഭിമാനിക്കാവുന്ന പല പൈതൃകങ്ങളും നഷ്ടപ്പെട്ടു. ഈ ദേശാഭിമാനികളെ നാം സ്മരിക്കുകയും പുതിയ തലമുറയുടെ ബോധം ഉണര്‍്ത്തി വിടാന്‍ വേണ്ടി ഇത് ഉപയോഗപ്പെടുത്തുകയും വേണം.'

ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങളും പ്രസ്താവനകളും രാജ്യത്ത് എത്രമാത്രം കലുഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്, അദ്വാനിയുടെ രഥയാത്രയും മുസഫര്‍നഗറില്‍ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളുമൊക്കെ ഉദാഹരണങ്ങള്‍ മാത്രം. ചരിത്രപഠനത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ അംഗീകരിക്കാതിരിക്കുകയും ശാസ്ത്രവിരുദ്ധതയില്‍ കെട്ടിപ്പടുക്കുകയും ചെയ്തതാണ് ഹിന്ദുത്വചരിത്രനിര്‍മ്മാണത്തിന്റെ അസ്ഥിവാരം. ചരിത്രം അതാണ് തെളിയിക്കുന്നത്. മധ്യകാല യുഗത്തിലെ രാജാവ് ആയിരുന്ന ഹ്യെമുവിന്റെ ജീവിതകഥ അവതരിപ്പിക്കുന്നത് മധ്യകാലത്തെ നരേന്ദ്രമോഡി എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്. എ ബി ഐ എസ് വൈ'ക്ക് പുറത്തു നില്‍്ക്കുന്ന മധ്യകാല ചരിത്രകാരന്മാര്‍ അന്വേഷിച്ചപ്പോള്‍ ഹ്യെമുവിനെ കാര്യമായി അറിയില്ലെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതിനോ, ഗോവധനിരോധനം നടപ്പിലാക്കിയതിണോ യാതൊരു തെളിവുകളും ലഭ്യമല്ലെന്നും പറയുന്നു.

സതീഷ് മിത്തലിന്റെ പ്രസംഗം ഒരു സൂചനമാത്രമാണ്. വരാനിരിക്കുന്ന കാലം രാജ്യത്തിന്റെ ചരിത്രനിര്‍മിതിയില്‍ ഏതുതരത്തിലുള്ള കൈകടത്തലാവും നടത്തുക എന്നത് ഇതിലൂടെ വ്യക്തമാവുന്നു. ഥങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ സംഘപരിവാരിന് അധികാരം പോലും ആവശ്യമില്ലെന്നത് ഗുജറാത്ത് കലാപത്തിലൂടെ മനസിലാക്കിയവരാണ് നമ്മള്‍. എത്രയോ ഫാസിസ്റ്റ് അക്രമങ്ങള്‍. വര്‍ഗീയ കലാപങ്ങള്‍. കൊലപാതകങ്ങള്‍. അതുവഴിയാണ് സംഘപരിവാരം വളര്‍ന്നിട്ടുള്ളത്.

പ്രമുഖ സാഹിത്യകാരന്‍ എ സേതുമാധവനെ(സേതു) നാഷണല്‍ ബുക്ക്ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് സേതു ആ സ്ഥാനത്ത് നിന്നും രാജിവെച്ചൊഴിഞ്ഞത്. ആര്‍ എസ് എസ് ഹിന്ദി മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്റര്‍ ബാല്‍ദേവ് ശര്‍മ്മയാണ് എന്‍ ബി ടിയുടെ പുതിയ ചെയര്‍മാന്‍. സേതുവിന്റെ കാലാവധി തീരാന്‍ ആറ് മാസം കൂടി ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന് പകരം സംഘപരിവാരത്തിന്റെ സ്വന്തക്കാരനെ തിരുകികയറ്റാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രാജി സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയത്. ഫെബ്രുവരി 25ന് മാനവ വിഭവശേഷി മന്ത്രാലയം സേതുവിനെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഇത്തരം നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ കാവിവല്‍ക്കരണത്തിന് ശ്രമിക്കുന്നു എന്ന വാദം സത്യമായി തീരുന്നു.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഹിസ്റ്റീരിയ പോലെ ബാധിച്ചിരിക്കുന്ന 'മൗനം സാഹിത്യ പ്രതിഭക്ക് ഭൂഷണം ' ഇപ്പോഴും തുടരുകയാണ്. ഒരു കോണില്‍ നിന്നും ഒരു പ്രതിഷേധകുറിപ്പ് പോലും പുറത്തുവന്നതായി ഇതുവരെ അറിവില്ല.

ദേശീയസംസ്‌ക്കാരത്തിന് പകരം സാംസ്‌ക്കാരികദേശീയത ഉയര്‍ത്തിപ്പിടിക്കുകയും പൊതുസമൂഹത്തിന്റെ സാമാന്യബോധത്തിലേയ്ക്ക് വര്‍ഗീയപ്രത്യയശാസ്ത്രത്തിന്റെ വിത്തുകള്‍ പാകികിളിര്‍പ്പിക്കുകയും ചെയ്യുകയാണ് മോഡിയുടെ സംഘപരിവാരം. മതാത്മകമായ ഇന്ത്യയെ വാര്‍ത്തെടുക്കുവാനുളള തീവ്രശ്രമത്തില്‍ ജനാധിപത്യം എന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് നരേന്ദ്രമോഡിയും സംഘവും മറന്നുപോകുന്നു. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 'വിശുദ്ധപശു'വിന്റെ സംരക്ഷണത്തിന് മാത്രമായി ഒരു മന്ത്രിയെ നിയമിച്ചിരുന്നു. ഇന്ന് അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി അനേകം മന്ത്രിമാരാണ് മോഡിയാല്‍ അനുഗ്രഹീതരായിരിക്കുന്നത്.

ബിജെപി-ശിവസേന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബീഫ് വില്‍പ്പന കുറ്റകൃതമാക്കിയത് ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിട്ടുണ്ട്, 1995ലെ ബിജെപി ശിവസേന സര്‍ക്കാര്‍ രൂപം നല്‍കിയ മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി നിയമത്തിന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാനത്ത് ബീഫ് വിലക്കപ്പെട്ട വസ്തുവായി മാറിയത്. നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബില്ലിന് അംഗീകാരം ലഭിക്കുന്നത്. ഒട്ടേറെ കുടുംബങ്ങളുടെ നിത്യവൃത്തിക്ക് ഭീഷണിയാകുന്നതാണ് ഈ നിയമം എന്നത് വിസ്മരിച്ചാല്‍ പോലും പൗരന്റെ ഭക്ഷണ രീതികളില്‍ ഭരണകൂടം ഇടപെടുന്നത് എത്രമാത്രം വിചിത്രമായ രീതിയിലാണ് എന്നത് ആശ്ചര്യകരമാണ് എന്നതിനൊപ്പം ഭീതിജനകവുമാണ്. ജനാധിപത്യം ജനങ്ങളുടെ അവകാശമല്ലാതിരിക്കുകയും അധികാരിവര്‍ഗത്തിന് ജനതയെ അടിമകളായി ഉപയോഗിക്കാനുള്ള ഉപകരണമായി തീരുകയും ചെയ്യുമ്പോള്‍ നീതിയെ കുറിച്ചുള്ള അന്വേഷണമാണ് നിലച്ചുപോവുന്നത്.

ഗാന്ധിഘാതകന്‍ ഗോഡ്സേക്ക് വേണ്ടി അമ്പലം പണിയാന്‍ ഉള്ള ഒരുക്കങ്ങളും സുഷമ സ്വരാജിന്റെ ഭഗവത്ഗീതയെ കുറിച്ചുള്ള പരാമര്‍ശവും ഏറ്റവും ഒടുവില്‍ ഖാന്‍മാരുടെ സിനിമകള്‍ കാണരുതെന്ന സ്വാധിയുടെ ആജ്ഞയും വരാനിരിക്കുന്ന കെട്ടകാലത്തിന്റെ സൂചനകള്‍ തന്നെയാണ്.

പോളിഷ് സംവിധായകനായ റൊമാന്‍ പൊലാന്‍സ്‌കിയുടെ ദി പിയാനിസ്റ്റ് എന്നൊരു സിനിമയുണ്ട്. വാഴ്‌സാ ഗേറ്റൊയില്‍ ഒരു ജൂത പിയാനിസ്റ്റിന് ഉണ്ടാകുന്ന അനുഭവമാണ് സിനിമയുടെ പ്രമേയം. ഈ സിനിമയില്‍ ഒരു രംഗമുണ്ട്. പട്ടാളക്കാര്‍ വരിവരിയായി ആളുകളെ വണ്ടിയില്‍ കയറ്റുന്നു. വരിനിന്ന ഒരാള്‍ ചോദിച്ചു. 'സര്‍, ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?'. ഓഫീസര്‍ തോക്കെടുത്ത് ചോദ്യകര്‍്ത്താവിന്റെ നെറ്റിയില്‍ ചേര്‍ത്തുവെച്ച് കാഞ്ചി വലിച്ചു. ഫാസിസത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമില്ല; അനുസരണ മാത്രം. അത് പൂര്‍ണനായ മനുഷ്യനെ അപൂര്‍ണനാക്കുന്നു. ഫാസിസത്തിന്റെ ലോകം അര്‍ദ്ധമനുഷ്യന്മാരുടെ ലോകമാണ്; ചോദ്യങ്ങളില്ലാത്തവരുടെ, വ്യക്തികളെ ആരാധിക്കാന്‍ വിധിക്കപ്പെട്ടവരുടെ ലോകം. അവിടെ കലാപത്തിന്റെ സാധ്യത ഒരു ചൂണ്ടുവിരല്‍ ദൂരത്തിലാണ്. ഭയം കൊണ്ട് ഒരു രാഷ്ട്രത്തെ തന്നെ പൊതിഞ്ഞു കളയുന്നു. ഓരോ മനുഷ്യന്റെയും കൂടെ ഭയം നിഴല്‍ പോലെ സഞ്ചരിക്കുന്നു.

ആലോചനാരഹിതമായ അസംബന്ധമാണ് ഫാസിസം. അത് അതിന്റെ തന്നെ അഴുക്കില്‍ ചീഞ്ഞുതീരുന്നതുവരെ അസംബന്ധങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ജനത. എന്നാല്‍, അധികാരത്തെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം വെറുമൊരു അവസരം മാത്രമാണെന്ന് കരുതേണ്ടതില്ല. മറിച്ച് അതൊരു ഭാരിച്ച ചുമതലയാണ്. ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വ്യക്തമായ പാഠങ്ങളിലൊന്ന് അവകാശങ്ങള്‍ ഒന്നും ദാനം ചെയ്യപ്പെടുന്നില്ല, അവയൊക്കെ നേടിയെടുക്കേണ്ടതാണ് എന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ സംവിധാനം ഭരണകൂടമാണ്. ഒരു പറ്റം ഫാസിസ്റ്റുകള്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ ജനത അടിമകളായി മാത്രം ചുരുങ്ങുന്നു. പൗരന്റെ ധര്‍മം മാനവിക പക്ഷത്ത് നിന്ന്, ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പുതിയ കാലത്തെ അഭിസംബോധന ചെയ്യുക എന്നതാണ്. മറിച്ച്, ഇപ്പോള്‍ മൗനം ആഹരിച്ചാല്‍ ചരിത്രം നമ്മെ വഞ്ചകരുടെ കൂട്ടത്തിലേക്ക് എഴുതിത്തള്ളും. അടിമത്തം മാനവികാന്തസിനെ ഇല്ലാതാക്കുന്നു, അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള അടിമത്വ പരിശീലനങ്ങളും എതിര്‍ക്കപ്പെടണം, അടിമത്വം മരണമാണ്, സ്വാതന്ത്ര്യം ജീവിതവും.

04-Mar-2015