അരാഷ്ട്രീയതയുടെ ഏറ്റവുമടുത്ത സ്വീകരണമുറി

അരാഷ്ട്രീയതയുടെ ഏറ്റവും അടുത്ത സ്വീകരണമുറി വലതു രാഷ്ട്രീയത്തിന്റേതാണ്. അതും കടന്ന് തീവ്രവലത് വര്‍ഗീയതയുടെ കോട്ടകൊത്തളങ്ങളിലാണ് ബേദി എത്തപ്പെട്ടിരിക്കുന്നത്. ഇതൊരിക്കലും 'ചെറിയ ചെറിയ അപ്രധാനങ്ങളായ' ബലാല്‍സംഗങ്ങള്‍ എന്നൊരിക്കല്‍ പറഞ്ഞ ബേദിയുടെ മരണമല്ല. അവരെ പലതിന്റെയും പ്രതീകങ്ങളായി കണ്ട ഒരു ജനതയുടെ മരണമാണ്. അല്ലെങ്കില്‍ ഇന്നലെ വരെ പറഞ്ഞ കാര്യങ്ങളെ യാതൊരു ലജ്ജയുമില്ലാതെ തള്ളിപ്പറഞ്ഞ ഒരാളുടെ കാപട്യം മനസ്സിലാകാതെ, അവരിലേക്ക് പ്രതീക്ഷകളെ വിന്യസിപ്പിച്ച ഒരു ജനതയുടെ മരണം. എന്നാല്‍, തിരിച്ചറിവിന്റെ ആദ്യത്തെ നിമിഷം തന്നെ അത് ജനത്തിന്റെ പുനരുജ്ജീവനത്തിന്റേത് കൂടിയായി മാറും. ബേദി എത്തപ്പെട്ടിരിക്കുന്ന ബിജെപിയുടെ തീവ്രവര്‍ഗീയവലത് നിലപാടുകള്‍ അത് തെളിയിക്കും. ഒരിക്കല്‍ പ്രതീക്ഷയോടെ അവരെ നോക്കിയ ജനങ്ങളോട് വിശേഷിച്ച് ഇന്ത്യന്‍ സ്ത്രീത്വത്തോട് ഈ ചോദ്യങ്ങള്‍ക്കൊന്നും ന്യായമായ മറുപടി പറയാനുണ്ടാകില്ല ബേദിക്ക്. അവിടെ തുടങ്ങുന്നു അവരുടെ മരണത്തിന്റെ ആരംഭം. ഇനിയങ്ങോട്ട് നമ്മള്‍ കാണുന്ന ബേദി ഓര്‍മ്മിപ്പിക്കുക അഴുകിത്തുടരുന്ന ഒരു ജഢത്തെയാണ്.

രാഷ്ട്രീയത്തില്‍ ചുവടുമാറ്റങ്ങള്‍ നടക്കുന്നത് പുതുമയല്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും ആശയപരമായ കാരണങ്ങള്‍ കൊണ്ടും വ്യക്തികള്‍ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്താറുണ്ട്. ഏറ്റവും പുതിയതായി ഭാരതം കണ്ട ഒരു ചുവടുമാറ്റം ആണ് കിരണ്‍ ബേദിയുടേത്. രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി ബേദി ഇപ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ട് അവരുടെ സ്ഥാനാര്‍ത്ഥിയായി ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുകയാണ്.

കിരണ്‍ ബേദി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍ ആണ്. പുരുഷന്മാര്‍ മാത്രം വാണരുളിയിരുന്ന സ്ഥലത്തേയ്ക്ക് ഒരു വനിതയായ ബേദി, പ്രയത്‌നങ്ങളിലൂടെ എത്തിച്ചേരുകയും അവിടെ തുടരുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ വളര്‍്ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് എന്നും ബേദി ഒരു മാതൃകയാണ്. സ്വപ്‌നങ്ങള്‍ കാണാനും വിജയിക്കാനും നേട്ടങ്ങള്‍ കൊയ്യാനും സ്ത്രീകള്‍ക്കും കഴിയും എന്നതിന്റെ ജീവിക്കുന്ന മാതൃക.

വര്‍ഗീയ രാഷ്ട്രീയത്തില്‍ സ്ത്രീപക്ഷമുണ്ടോ?

പക്ഷേ, കിരണ്‍ ബേദിയുടെ ഇപ്പോഴുള്ള ഈ രാഷ്ട്രീയ തീരുമാനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ചില സംശയങ്ങള്‍ ഉണ്ടായിവരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ഒരു വലതുപക്ഷ പാര്‍ട്ടിയാണ്. വലതുപക്ഷ രാഷ്ട്രീയം തുല്യതയിലോ സമത്വത്തിലോ അധിഷ്ടിതമല്ല. അസമത്വവും മേലാള മനോഭാവവുമാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ഒരു പ്രത്യേക ജനതയ്ക്ക് അല്ലെങ്കില്‍ വിഭാഗത്തിന് മറ്റുള്ളവരില്‍ നിന്നും മേന്മകള്‍ ഉണ്ടെന്നും അവരാണ് എല്ലാത്തിനും മീതെയെന്നും വര്‍ഗീയവത്കരിക്കുന്ന വലതുപക്ഷ രാഷ്ട്രീയം വിശ്വസിക്കുന്നു. മുതലാളിത്തത്തിനും സാമ്പത്തിക അസമത്വത്തിനും ജന്മി-കുടിയാന്‍ ഫ്യൂഡല്‍ വ്യവസ്ഥകള്‍ക്കും വേണ്ടിയാണ് വലതുപക്ഷ രാഷ്ട്രീയം നിലകൊള്ളുന്നത്. ഇങ്ങനെയുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ട് ഒരു സ്ത്രീപക്ഷ വാദിയ്ക്ക് എങ്ങനെ സ്ത്രീപക്ഷ രാഷ്ട്രീയം നടപ്പിലാക്കാം എന്ന സുപ്രധാനമായ ചോദ്യം ഇവിടെ ഉയര്‍്ന്നു വരുന്നു.

തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തില്‍ വരുന്നതിന് മുന്‍പും പിന്‍പും ബിജെപി എന്ന സംഘടനയും അവരുടെ ദിശനിര്‍ണയിക്കുന്ന സംഘടനയായ ആര്‍എസ്എസും ഇതര ഹൈന്ദവ വലതുപക്ഷ സംഘപരിവാര്‍ സംഘടനകളും അങ്ങേയറ്റം സ്ത്രീ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളതും പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളതും. സ്ത്രീകളുടെ വ്യക്തിസ്വാതത്ര്യം എന്നതിന് ഹൈന്ദവ രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവുമില്ല. മനുസ്മൃതി പോലെയുള്ള അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പുരാണ ഗ്രന്ഥങ്ങളിലാണ് അവരുടെ നിലപാടുകള്‍ ഉറച്ചിട്ടുള്ളത്. സ്ത്രീകളെ അടിമകളായി കാണാനും പുരുഷന്റെ നിഴലില്‍ ഒതുങ്ങിക്കൂടി കഴിയുന്നവളാക്കാനും ആണ് ഹൈന്ദവ രാഷ്ട്രീയം ശ്രമിക്കുന്നത്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷി ഇല്ലാത്ത സര്‍വ്വംസഹയായ അടിമയാണ് ഉത്തമയായ സ്ത്രീയുടെ ലക്ഷണം എന്ന് ബിജെപി അവരുടെ പല നേതാക്കന്മാരുടേയും അനുഭാവികളുടെയും പ്രസ്താവനകളിലൂടെ തെളിയിച്ചിട്ടുണ്ട്. ഇത്തരം ഒരു സംഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് എങ്ങനെയാണ് കിരണ്‍ ബേദിയ്ക്ക് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കുക? ഏറ്റവും കൂടുതല്‍ സ്ത്രീപീഡകര്‍ ഉത്തരവാദിത്ത സ്ഥാനങ്ങള്‍ വഹിക്കുന്ന പാര്‍ട്ടിയാണ് ബിജെപി, സ്ത്രീപീഡനം നടത്തുന്നവര്‍ തന്നെ സഹപ്രവര്‍ത്തകന്‍ ആകുമ്പോള്‍ അയാളെ അംഗീകരിക്കേണ്ടി വന്നാല്‍ എങ്ങനെയാവും ബേദി തന്റെ സ്ത്രീപക്ഷ വാദങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക?

കിരണ്‍ബേദിയുടെ ഘര്‍വാപ്പസി

രാഷ്ട്രീയ ചുവടുമാറ്റം സ്ഥാനമാനങ്ങള്‍ക്കും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വേണ്ടി നടത്തുന്നവരുണ്ട്. ശ്രീമതി ബേദിയുടെ ഈ ചുവടുമാറ്റവും അത്തരത്തിലൊന്ന് തന്നെയാണ് എന്നേ കാണാനാകൂ. കാരണം നൈസര്‍ഗികമായി സ്ത്രീവിരുദ്ധമായ ആശയത്തിലൂന്നിയ ഒരു രാഷ്ട്രീയ സംഘടനയില്‍ നിന്നുകൊണ്ട് ആര്‍ക്കും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനകത്ത് സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള ഇടമില്ല. ഇനി അതല്ല, ശ്രീമതി ബേദിയുടെ നിലപാട്, സ്ത്രീസ്വാതന്ത്ര്യത്തെ പ്രകാശിപ്പിക്കാനുള്ളതല്ല മറിച്ച് മനുസ്മൃതിയും മറ്റും പഠിപ്പിക്കുന്ന പോലെ കൂട്ടിലിട്ട് സംരക്ഷിക്കപ്പെടാനുള്ളതാണ് എങ്കില്‍ ശ്രീമതി ബേദിയ്ക്ക് തീര്‍ച്ചയായും ബിജെപിയില്‍ ശോഭനമായ ഭാവിയുണ്ട്. സ്ത്രീകള്‍ രാത്രിയില്‍ ഇന്ന നേരത്തിനുള്ളില്‍ വീടെത്തണം, ഇന്നയിന്ന വേഷങ്ങള്‍ ധരിക്കണം, ഇന്നയിന്ന പോലെ മാത്രം പെരുമാറണം, ഇന്നതുപോലൊക്കെ മാത്രം സംസാരിക്കണം, പുരുഷന്മാരെ കണ്ണുമടച്ച് അനുസരിക്കണം തുടങ്ങിയ മേഖലകളില്‍ ചിലപ്പോള്‍ നിയമങ്ങള്‍ തന്നെ കൊണ്ടുവരാന്‍ ബിജെപിയുമായി ചേര്‍ന്ന് ബേദിയ്ക്ക് കഴിഞ്ഞേക്കും.

ഈ അവസരത്തില്‍ ഞങ്ങള്‍ ചില സ്ത്രീകള്‍ക്ക് ശ്രീമതി ബേദിയോട് ചിലത് ചോദിക്കാനുണ്ട്. അത് കാര്യമാത്രമായ സംശയ നിവാരണത്തിനും അവരുടെ ശരിയായ അജണ്ട തുറന്നു കാണിക്കാനും വേണ്ടിയാണ്. സ്ത്രീപക്ഷ വാദിയെന്ന സൈറണ്‍ മുഴക്കി ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ട് പിടിക്കുക എന്ന തന്ത്രം ആടിനെ പട്ടിയാക്കുന്ന പോലൊരു ജാലവിദ്യ മാത്രമായിരിക്കും. ജനങ്ങളെ സ്ത്രീപക്ഷ വാദത്തിന്റെ പേര് പറഞ്ഞ് മുതലെടുക്കാനും വിഡ്ഢികള്‍ ആക്കാനും ശ്രീമതി ബേദിയെ അനുവദിക്കാന്‍ വൈമനസ്യമുള്ള ഒരുകൂട്ടം സ്ത്രീകളാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ബേദിയുടെ അഞ്ചു മിനിറ്റ് സമയം മതി. ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വേണം. ഇത്രയും കാലം പെണ്‍കുട്ടികളോട് സ്വപ്നം കാണാനും നേട്ടങ്ങള്‍ ലക്ഷ്യം വയ്ക്കാനും പ്രസംഗിച്ചിട്ട് സ്ത്രീയെ എട്ടും പത്തും പെറുന്ന വെറും ഗര്‍ഭയന്ത്രങ്ങള്‍ ആയി കാണുന്ന ഒരു സംഘടനയിലേയ്ക്ക് കുതിച്ചു ചാടുമ്പോള്‍ അവരുടെ ആഹ്വാനം കേട്ട് സ്വപ്നം കണ്ട പെണ്‍കുട്ടികള്‍ക്ക് അവരോടു ചിലത് ചോദിക്കണം. യാതൊരു സ്ത്രീ സ്വാതന്ത്ര്യത്തിനും അവസരമില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് 'ഘര്‍ വാപസി' നടത്തിയ കിരണ്‍ ബേദി അതിനുത്തരം തരണം എന്നാണ് ഞങ്ങളുടെ ആവശ്യവും പ്രതീക്ഷയും.

ബേദിയോടുള്ള ചോദ്യങ്ങള്‍

'ഒരഞ്ചു മിനിറ്റ്, ശ്രിമതി കിരണ്‍ ബേദി' ഞങ്ങള്‍ സ്ത്രീകള്‍ക്ക് ചിലത് ചോദിക്കാനുണ്ട്.

ബഹുമാനപെട്ട കിരണ്‍ ബേദി,
ഇന്ത്യയിലെ ആദ്യത്തെ ഐ പി എസ് ഓഫീസര്‍ എന്ന നിലയ്ക്ക് സ്ത്രീശക്തിയുടെ ഒരു ദേശിയ ബിംബമായി കൊണ്ടാടപ്പെടുന്നവരാണ് നിങ്ങള്‍. ഭാരതീയ ജനത പാര്‍ട്ടിയില്‍ ഇപ്പോള്‍ ചേരുന്നതിലൂടെ ആ പാര്‍ട്ടിയുടെയും അതിന്റെ കഴിഞ്ഞ ഏഴ് മാസത്തെ ഭരണത്തെയും അംഗീകരിക്കുകെയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ രാജ്യത്തിലെ സ്ത്രീകളായ ഞങ്ങള്‍ക്ക്് നിങ്ങളോട് ചിലത് ചോദിക്കാനുണ്ട്. ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. മറുപടി പറയാന്‍ അഞ്ചു മിനിറ്റില്‍ അധികം വേണ്ടി വരില്ല. സമയക്കുറവുണ്ടെങ്കില്‍ 'അതെ' അല്ലെങ്കില്‍ 'അല്ല' എന്ന് പറഞ്ഞാലും മതി.

1. വസ്ത്രധാരണം, ജോലി, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ ഒരു കാരണവശാലും സ്ത്രീകള്‍്ക്ക് അംഗീകരിക്കാനാവാത്ത തിട്ടൂരമിറക്കുന്നവരാണ് ഹിന്ദുത്വക്കാര്‍. സ്ത്രീകള്‍ ജീന്‍സിടുന്നതിനെ എതിര്‍ക്കുകെയും, മതത്തിന് വേണ്ടി സ്ത്രീകള്‍ നാല് പ്രസവിക്കണമെന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്ത ഇവര്‍ക്ക് തങ്ങളുടെ വാദം അടിച്ചേല്‍പ്പിക്കാന്‍ ബലമുപയോഗിക്കാനും മടിയില്ല. സദാചാരത്തിന്റെ പേര് പറഞ്ഞ് ഇവര്‍ സ്ത്രീകളെ ആക്രമിക്കുന്ന ഒരുപാട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. വസ്ത്രധാരണമോ ജോലിയോ പ്രണയമോ ആവട്ടെ, സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? യോജിക്കുന്നെങ്കില്‍, കേന്ദ്രം ഭരിക്കുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകെയും ചെയ്യുന്ന പാര്‍ടിയില്‍ നിന്ന് ഞങ്ങളെന്താണ് പ്രതീക്ഷിക്കേണ്ടത്? യോജിക്കുന്നില്ലെങ്കില്‍, സ്ത്രീകളോടുള്ള അവരുടെ നിലപാട് എങ്ങിനെ മാറ്റാമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

2. നിങ്ങളുടെ പാര്‍ട്ടിയായ ബി ജെ പിയിലെ 63 എം പിമാര്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളവരാണെന്ന റിപ്പോര്‍ട്ടുകളെ പറ്റി ഒരു പോലീസുകാരിയായ നിങ്ങള്‍ക്ക് അറിവുണ്ടാവും. ഇവയില്‍ പലതും ബലാത്സംഗവും പീഡനവുമടക്കം സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റങ്ങളുമാണ്. സ്വന്തം പാര്‍ട്ടിയില്‍ ഇത്തരക്കാര്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

3. ഹിന്ദുത്വവാദികള്‍ അധികാരത്തില്‍ എത്തിയതോടെ മത ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ മാത്രം നോക്കിയാല്‍ മതി. വര്‍ഗീയ മനോഭാവവും കലാപങ്ങളും എപ്പോഴും സ്ത്രീ വിരുദ്ധമാണ്. അവ ബാക്കിയാക്കുന്ന രണ്ടു സാധ്യതകള്‍, ഒന്നുകില്‍ 'ശത്രു' വിഭാഗത്തിന്റെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുക അല്ലെങ്കില്‍ സ്വന്തം സമുദായത്തിലെ പുരുഷന്‍മാരുടെ കീഴില്‍, അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഒത്തുങ്ങികൂടുക ഇവയൊക്കെ സ്ത്രീവിരുദ്ധമാണ്. ഒരു സ്ത്രീയെന്ന നിലയ്ക്ക് നിങ്ങള്‍ ഹിന്ദുത്വ വാദികളുടെ വര്‍ഗീയ അസഹിഷ്ണുതയെ തള്ളി പറയുമോ? അതോ പാര്‍ടിയില്‍ ചേര്‍ന്ന് കഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തിലും അവരെ പിന്തുണയ്ക്കുമോ?

4. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കനുള്ള ശ്രമങ്ങളും മരുന്ന് കമ്പനികള്‍ക്ക് തോന്നിയ പോലെ വിലയിടാനുള്ള നിയമ സഹായവും ഞങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നവയാണ്. നിങ്ങളുടെ പാര്‍ട്ടിയുടെ വികസന പദ്ധതികളെ സാക്ഷാത്കരിക്കാന്‍ ഈ നീക്കങ്ങള്‍ അത്യാവശ്യമായിരുന്നു എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

5. ചരിത്രം, ശാസ്ത്രം, സാമൂഹിക വിഷയങ്ങള്‍ എന്നിവയുടെ സമാധാനപരമായ പഠിക്കലും പഠിപ്പിക്കലും ബുദ്ധിമുട്ടാവുന്ന സ്ഥിതിയിലേക്കാണ് ഹിന്ദുത്വവാദികള്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യയായ ഒരു സ്ത്രീ എന്ന നിലയ്ക്ക് വിദ്യാഭ്യാസത്തിന്റെ ഈ അളവിലുള്ള പാര്‍ട്ടിവത്ക്കരണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുവോ?

ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന ഒരാളല്ല നിങ്ങളെന്ന് ഞങ്ങള്‍ക്കറിയാം. സ്ത്രീ സുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്ക് മുന്‍പ് അംഗീകരിക്കപ്പെവരുമാണ്. ഇന്ത്യയിലെ സ്ത്രീശക്തിയുടെ ഒരു ബിംബമെന്ന നിലയ്ക്ക് നിങ്ങള്‍ നടത്തിയ രാഷ്ട്രീയതെരഞ്ഞെടുപ്പ് ഞങ്ങളില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഉത്തരം കിട്ടുന്നതോടെ ഞങ്ങളുടെ സംശയങ്ങള്‍ക്കും മറുപടി കിട്ടും. പ്രതികരിക്കാനപേക്ഷ.

കൃതജ്ഞതയോടെ
ഒരു കൂട്ടം സ്ത്രീകള്‍

(ഈ പേജില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. https://www.facebook.com/pages/Women-of-India-ask-5-minutes-please-Ms-Kiran-Bedi/213686412135239 )

ചുവടു മാറ്റത്തിലെ രാഷ്ട്രീയം, അത് മാറ്റമോ പൂര്‍ത്തിയാകലോ?

തനിക്ക് രാഷ്ട്രീയമില്ലെന്ന് പലവട്ടം പറഞ്ഞിട്ടുള്ള കിരണ്‍ ബേദി എന്ന അമാനുഷ സൂപ്പര്‍കോപ് ബിംബം ആം ആദ്മി പോലെ ഒരു അരാഷ്ട്രീയസംഘത്തിന്റെ ഭാഗമായത് സ്വാഭാവികമായിരുന്നിരിക്കണം. അല്ലെങ്കില്‍ അതാണ് ഇന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. രാജ്യം നേരിടുന്ന ഒരേയൊരു വെല്ലുവിളി അഴിമതിയാണ്. അഴിമതി ഇല്ലാതാക്കുന്നതോടെ നാട് രക്ഷപ്പെടും എന്ന ഒറ്റ മുദ്രാവാക്യം മുന്നോട്ട് വെച്ചിട്ടുള്ള, വിവിധ സ്വത്വങ്ങളുടെ അസമത്വത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളായ ഖാപ്പ് പഞ്ചായത്തുകളെയും ജാതിവ്യവസ്ഥയെയും എതിര്‍ക്കാനോ അഭിമുഖീകരിക്കാനോ ഒരിക്കലും തുനിഞ്ഞിട്ടില്ലാത്ത, മൗനം കൊണ്ട് അവയെ പലപ്പോഴും ന്യായീകരിച്ചിട്ടുള്ള, മോദിയെ എതിര്‍ത്തിരുന്നപ്പോള്‍ പോലും വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തിട്ടില്ലാത്ത, ദില്ലി ആള്‍ക്കൂട്ടങ്ങളെ വംശീയ സ്ത്രീവിരുദ്ധ പൊട്ടിത്തെറികളിലേക്ക് നയിച്ച രീതിയിലുള്ള അതിദേശീയതയും പുരുഷാധിപത്യമൂല്യങ്ങളും പ്രമാണങ്ങളാക്കിയ, അടിസ്ഥാന വര്‍ഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും ഏറ്റവും വലിയ കാരണക്കാരായ മുതലാളിത്തത്തിന് കുട പിടിക്കുന്ന രീതിയില്‍ സബ്‌സിഡികള്‍ അനാവശ്യമാണെന്ന് വാദിക്കുന്ന, സാമ്പത്തികനയങ്ങള്‍ പിന്‍പറ്റുന്ന ഒരു അരാഷ്ട്രീയധാരയോട്, ആം ആദ്മിയോട് ചേര്‍ന്നതില്‍ അത്ഭുതമില്ലായിരുന്നു. പക്ഷെ, ഇന്ത്യയിലെ സാമൂഹ്യമാറ്റം ഒരു ഇന്ദ്രജാലം കൊണ്ട് സാധ്യമാകുന്നതാണോ? അമാനുഷരുടെ വ്യക്തികേന്ദ്രീകൃതമായ പോരാട്ടങ്ങള്‍ പോലുള്ള ഇന്ദ്രജാലം കൊണ്ട് സാധ്യമാകുന്നതാണോ? സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ കൊടിയ അസമത്വങ്ങളെ, ബഹുമുഖമായ സമൂഹത്തിലെ വിവിധ വര്‍ഗങ്ങളെയും സ്വത്വങ്ങളെയും അവയ്ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെയുമെല്ലാം അഭിസംബോധന ചെയ്തുകൊണ്ട് മാത്രം പടിപടിയായി സാധ്യമാകുന്ന കൂട്ടായ ഒരു പക്രിയയാണ് ഭാരതത്തിന്റെ പുരോഗമനം. ജനദ്രോഹനടപടികളില്‍ മികച്ചു നിന്ന കോണ്‍ഗ്രസിനെ ജനം പിന്തള്ളുമെന്ന സൂചനയും ദില്ലി തെരഞ്ഞെടുപ്പിന്റെ ഫലവും ഹിന്ദു വലത് വര്‍ഗീയത മുഖമുദ്രയായ ബിജെപിയുടെ ഒരു എതിര്‍മുഖമായി ആം ആദ്മിയെ കാണുന്നതിന് നിരവധി ആളുകളെ പ്രേരിപ്പിച്ചു. ഒരുതരത്തിലും അതൊരു രാഷ്ട്രീയതത്വശാസ്ത്രപരമായ ദ്വന്ദമല്ല, പകരം ഒരേ ചിന്താപദ്ധതികള്‍ പിന്തുടരുന്ന ഏകരൂപങ്ങളാണെന്ന സൂചനയാണ് ബേദിയുടെയും മറ്റുപലരുടെയും ബിജെപിയിലേക്കുള്ള മാറ്റം കാണിക്കുന്നത്.

അരാഷ്ട്രീയതയുടെ ഏറ്റവും അടുത്ത സ്വീകരണമുറി വലതു രാഷ്ട്രീയത്തിന്റേതാണ്. അതും കടന്ന് തീവ്രവലത് വര്‍ഗീയതയുടെ കോട്ടകൊത്തളങ്ങളിലാണ് ബേദി എത്തപ്പെട്ടിരിക്കുന്നത്. ഇതൊരിക്കലും 'ചെറിയ ചെറിയ അപ്രധാനങ്ങളായ' ബലാല്‍സംഗങ്ങള്‍ എന്നൊരിക്കല്‍ പറഞ്ഞ ബേദിയുടെ മരണമല്ല. അവരെ പലതിന്റെയും പ്രതീകങ്ങളായി കണ്ട ഒരു ജനതയുടെ മരണമാണ്. അല്ലെങ്കില്‍ ഇന്നലെ വരെ പറഞ്ഞ കാര്യങ്ങളെ യാതൊരു ലജ്ജയുമില്ലാതെ തള്ളിപ്പറഞ്ഞ ഒരാളുടെ കാപട്യം മനസ്സിലാകാതെ, അവരിലേക്ക് പ്രതീക്ഷകളെ വിന്യസിപ്പിച്ച ഒരു ജനതയുടെ മരണം. എന്നാല്‍, തിരിച്ചറിവിന്റെ ആദ്യത്തെ നിമിഷം തന്നെ അത് ജനത്തിന്റെ പുനരുജ്ജീവനത്തിന്റേത് കൂടിയായി മാറും. ബേദി എത്തപ്പെട്ടിരിക്കുന്ന ബിജെപിയുടെ തീവ്രവര്‍ഗീയവലത് നിലപാടുകള്‍ അത് തെളിയിക്കും. ഒരിക്കല്‍ പ്രതീക്ഷയോടെ അവരെ നോക്കിയ ജനങ്ങളോട് വിശേഷിച്ച് ഇന്ത്യന്‍ സ്ത്രീത്വത്തോട് ഈ ചോദ്യങ്ങള്‍ക്കൊന്നും ന്യായമായ മറുപടി പറയാനുണ്ടാകില്ല ബേദിക്ക്. അവിടെ തുടങ്ങുന്നു അവരുടെ മരണത്തിന്റെ ആരംഭം. ഇനിയങ്ങോട്ട് നമ്മള്‍ കാണുന്ന ബേദി ഓര്‍മ്മിപ്പിക്കുക അഴുകിത്തുടരുന്ന ഒരു ജഢത്തെയാണ്.

22-Jan-2015