വലതുപക്ഷത്തിന്റെ തുപ്പല്‍ കോളാമ്പി

ഈ വനിതാ എം എല്‍ എമാര്‍ മഴ നനയാതിരിക്കാന്‍ വേണ്ടി നിയമസഭയില്‍ കയറി നിന്നവരല്ല എന്നത് ബി ആര്‍ പി മനസിലാക്കണം. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും സമരചരിത്രവും ഏതൊരു പുരുഷനെയും പോലെയോ അതിന് മുകളിലോ അവകാശപ്പെടാന്‍ കഴിയുന്നവരാണ് അവര്‍. അവരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നില്‍ നില്‍ക്കുന്നവരാണ്. എം എല്‍ എ ഫണ്ട് ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്നെ കൈകാര്യം ചെയ്യുന്നവരാണ്. സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിവുള്ളവരാണ്. സഭയിലെ ഏതൊരു പുരുഷ അംഗത്തെയും പോലെ തന്നെ തിരഞ്ഞെടുപ്പില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിയമസഭയില്‍ ഇരിക്കാനുള്ള യോഗ്യത നേടിയവരാണ്. അല്ലാതെ ബി ആര്‍ പി പറയുന്നതുപോലെ ചാവേറാവാനോ, പകിടകളിക്കാനോ നിന്ന് കൊടുക്കുന്ന ഉപകരണങ്ങളല്ല ആ വനിതകള്‍. അത്തരം വനിതകളോട് പഴകിയുള്ള പരിചയം ബി ആര്‍ പിക്ക് ഉണ്ടാവില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം പദപ്രയോഗങ്ങള്‍ ബി ആര്‍ പി ഉപയോഗിക്കില്ലായിരുന്നു. 

ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി മാണി ഉള്‍പ്പെട്ട അഴിമതിയെ കുറിച്ച് ആരോപണങ്ങള്‍ വന്ന സമയത്താണ് ബജറ്റ് വില്‍പ്പനയ്ക്ക് വെക്കുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കരുത് എന്ന അഭിപ്രായവുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. മാണിക്ക് പകരം വേറെ ഏതെങ്കിലും മന്ത്രി ബജറ്റ് അവതരിപ്പിച്ചോട്ടെ എന്നും പ്രതിപക്ഷം പറഞ്ഞു. പക്ഷെ, ബജറ്റ് മാണി തന്നെ അവതരിപ്പിക്കും എന്ന തീരുമാനവുമായി ഭരണപക്ഷം മുന്നോട്ടു പോയി. ആ സാഹചര്യത്തിലാണ് എന്ത് വിലകൊടുത്തും മാണിയുടെ ബജറ്റ് അവതരണം തടയും എന്ന് പ്രതിപക്ഷം പ്രഖ്യാപിക്കുന്നത്. ബജറ്റ് അവതരിപ്പിക്കാനായി സഭയിലേക്ക് വരുന്ന കെ എം മാണിയെ നിയമസഭയ്ക്ക് പുറത്തു വെച്ച് തടയാനായിരുന്നു എല്‍ ഡി എഫ് തീരുമാനം. പക്ഷെ, ബജറ്റ് അവതരണത്തിന്റെ തലേദിവസം തന്നെ നിയമസഭയ്ക്കകത്ത് ഒളിച്ചിരിക്കാന്‍ മാണിയും യു ഡി എഫും തീരുമാനിച്ചു. അപ്പോഴാണ് നിയമസഭയില്‍ വെച്ച് തടയാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരായത്. അതായത് ബി ആര്‍ പിയുടെ 'നിഷ്പക്ഷ'ലേഖനം പറയുന്നതുപോലെ 'നൂറ്റിയിരുപത്തഞ്ചു കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന നിയമസഭയുള്ള സാക്ഷര കേരളത്തില്‍' നടന്നത് 'കബഡി കളി' അല്ലായിരുന്നു. അഴിമതിക്ക് എതിരെയുള്ള സമരമായിരുന്നു.

പ്രസ്തുത സമരത്തെ ലഘൂകരിച്ച്, അരാഷ്ട്രീയവല്‍ക്കരിച്ച് 'ടീം', 'താരങ്ങള്‍', 'ബജറ്റ് ദിന കളി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ആക്ഷേപ ഹാസ്യലേഖനം ആയിരുന്നു ബി ആര്‍ പി ഉദ്ദേശിച്ചതെങ്കിലും അതിന്റെ ഫലം അപഹാസ്യമായിപ്പോയി എന്ന് പറയാതെ വയ്യ. വര്‍ഗീയവിരുദ്ധ, ദളിത് ആക്ടിവിസ്റ്റ്, മനുഷ്യാവകാശ പോരാളി തുടങ്ങിയ പട്ടങ്ങളൊക്കെ ഷോകേസില്‍ പ്രദര്‍ശിപ്പിച്ച് വാണരുളുന്ന ബി ആര്‍ പിയെ പോലെയുള്ള ബുദ്ധിജീവികള്‍ ഇടതുരാഷ്ട്രീയ വിരുദ്ധ അജണ്ട മാത്രം മനസില്‍ പേറി നടക്കുന്നവര്‍ ആണ് എന്നും, അത് ആത്യന്തികമായി സഹായിക്കുന്നത് വലതുരാഷ്ട്രീയത്തെയാണ് എന്നതും ഒരു തവണ കൂടി ഉറപ്പിക്കുകയാണ് മലയാളനാട് ലേഖനം.

ബി ആര്‍ പി പറയുന്നത്, ബജറ്റ് ദിനത്തില്‍ നടന്നത് ഗൗരവമായി എടുക്കേണ്ട ഒരു സംഭവമേയല്ല എന്നും അവിടെ പ്രതിപക്ഷം പേശീബലവും ഭരണപക്ഷം ബുദ്ധിയുമുപയോഗിച്ച് നടത്തിയ ഒരു നാടകം മാത്രമായിരുന്നു എന്നുമാണ്. ഇത് രണ്ടും 'ക്രിയാത്മകമായി വിനിയോഗിച്ചിരുന്നെങ്കില്‍ നാടിനും നാട്ടാര്‍ക്കും എത്ര പ്രയോജനപ്രദമാകുമായിരുന്നു' എന്ന് അദ്ദേഹം വിലപിക്കുന്നുമുണ്ട്. തുടര്‍ന്ന് അവിടെ അരങ്ങേറിയ നാടകീയരംഗങ്ങളില്‍ ഭരണപക്ഷത്തെയോ, പ്രതിപക്ഷത്തെയോ ഒരു നേതാവും അംഗങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല എന്ന പരാതിയും പറയുന്നു.

നിയമസഭയില്‍ നടന്നത് തമാശയായിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ സമരമായിരുന്നു. അതുകൊണ്ട് തന്നെ പിന്നീടുള്ള വാദങ്ങള്‍ക്ക് പ്രസക്തിയുമില്ല. അഴിമതി എന്നത് ചര്‍ച്ച ചെയ്യേണ്ടതോ, എതിര്‍ക്കേണ്ടതോ ആയ ഒരു വിഷയമായി ബി ആര്‍ പിയ്ക്ക് തോന്നുന്നില്ലേ? അഴിമതി ആരോപിക്കപ്പെട്ട ഒരാള്‍ ആ സ്ഥാനത്ത് നിന്നും മാറിനിന്ന് അന്വേഷണം നേരിടുക എന്നത് ഒരു രാഷ്ട്രീയ മര്യാദയാണ് എന്നുപോലും എന്തുകൊണ്ട് ബി ആര്‍ പി ഇവിടെ പറയുന്നില്ല. അതിനുപകരം അഴിമതിയെ എതിര്‍ത്ത പ്രതിപക്ഷത്തെ അവഹേളിക്കുകയാണ്. ബോധംകെട്ടുവീണ ശിവന്‍കുട്ടിയെ 'പ്രതിയോഗികളുടെ കരസ്പര്‍ശമേക്കാതെ തനിയെ കുഴഞ്ഞുവീണ അംഗം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ വഴി സമര സഖാക്കളെ പരിഹസിക്കാന്‍ എന്തിനാണ് അദ്ദേഹം ഇത്ര ഉത്സാഹം കാണിക്കുന്നത്? പ്രതിപക്ഷം പേശീ ബലം ഉപയോഗിച്ചു എന്ന് പറയുന്ന ബി ആര്‍ പി, ഭരണപക്ഷ എം എല്‍ എമാര്‍ സ്ത്രീകളുടെ മേല്‍ ഉപയോഗിച്ചത് എന്ത് ബലമാണ് എന്നാണ് പറയുന്നത്?

യു ഡി എഫിലെ ചിലരും ആ മുന്നണിയെ പിന്തുണയ്ക്കുന്ന പല മാധ്യമങ്ങളും സഭയ്ക്കുള്ളില്‍ ഭരണപക്ഷം നടത്തിയ അതിക്രമത്തെ അപലപിച്ചവരാണ്. വി ടി ബലറാം, എം വി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍, സഭയ്ക്കുള്ളില്‍ നിയമലംഘനം നടന്നാല്‍ അത് കൈകാര്യം ചെയ്യേണ്ടത് വാച്ച് ആന്റ് വാര്‍ഡാണ് എന്ന നിലപാട് വ്യക്തമാക്കിയവരാണ്. നിയമസഭയില്‍ അവര്‍ തന്താങ്ങളുടെ സീറ്റില്‍ തന്നെ ഇരുന്നു. പി സി ജോര്‍ജ്ജ് മുതല്‍ മുഖ്യമന്ത്രി വരെ സഭയില്‍ നടത്തിയ ലഡ്ഡു വിതരണത്തെ തള്ളിപറഞ്ഞവരാണ്. അവരുടെ മര്യാദ പോലും കാണിക്കാത്ത ബി ആര്‍ പി കാണിക്കുന്നത് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ്.

ബി ആര്‍ പിയുടെ ലേഖനം തുടരുന്നു: ''സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിവസമായ മാര്‍ച്ച് 31ന് മുമ്പ് അടുത്ത കൊല്ലത്തെ ചെലവിനുള്ള പണം സഭ അനുവദിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നിന് സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ല. ഒരവസരത്തില്‍ ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സ് അംഗങ്ങള്‍ വോട്ടിംഗ് നടത്താന്‍ സമ്മതിക്കാതെ ബജറ്റ് ചര്‍ച്ച അവസാന ദിവസം അര്‍ദ്ധരാത്രി വരെ നീട്ടിക്കൊണ്ടു പോയി. പന്ത്രണ്ട് മണി അടിക്കുന്നതിന് മുന്‍പ് സ്പീക്കര്‍ സഭയിലെ ക്ലോക്ക് നിര്‍ത്തിവെക്കാന്‍ ആജ്ഞാപിച്ചു. വോട്ടിംഗ് കഴിഞ്ഞ ശേഷമാണ് ക്ലോക്കിനെ പന്ത്രണ്ട് കടക്കാന്‍ അനുവദിച്ചത്. പ്രതിപക്ഷത്തിന്റെ നിസ്സഹകരണ പ്രക്ഷോഭം നിയമസഭയുടെ സവിശേഷമായ സാമ്പത്തികാധികാരം നിഷ്പ്രഭമാക്കിയിരിക്കുന്നു. ചര്‍ച്ച കൂടാതെ ബജറ്റ് പാസാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജനദ്രോഹപരമായ ബജറ്റ് നിര്‍ദ്ദേശങ്ങളെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനായില്ല. എങ്കിലും ചില നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ധനമന്ത്രി നിര്‍ബന്ധിതനായി. അതിന്റെ ക്രെഡിറ്റ് ഭരണകക്ഷികള്‍ക്കാണ്. അവരാണ് അവ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടത്''.

ജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും കൊള്ളയടിക്കുന്നവരെ അതേ നികുതിയുടെയും പ്രതിബദ്ധതയുടെയും കണക്കുപറഞ്ഞ് വോട്ടുതേടാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ശരിയായ നടപടിയല്ല എന്നും പണം അനുവദിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞുപോകും എന്നുമാണ് ബ്രിട്ടീഷ് പാര്‍്‌ലമെന്റിനെ ഉദാഹരിച്ച് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, അദ്ദേഹം ഇവിടെ (മനപൂര്‍വമാവില്ല!!!) വിട്ടുകളഞ്ഞ ഒരു പ്രധാനകാര്യമുണ്ട്. ബജറ്റ് അവതരിപ്പിക്കരുത് എന്നല്ല, അത് മാണി അവതരിപ്പിക്കരുത് എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇത്ര ഉത്തരവാദിത്തമുള്ള ബി ആര്‍ പിക്ക് ഒരു ലേഖനം എഴുതി, മാണിയൊഴികെയുള്ള വേറെ ആരെങ്കിലും ബജറ്റ് അവതരിപ്പിച്ച് സംസ്ഥാനത്തിന്റെ ദുരവസ്ഥ ഒഴിവാക്കണമെന്ന് ഭരണപക്ഷത്തോട് അഭ്യര്‍ത്ഥിക്കാമായിരുന്നു. അത് അദ്ദേഹം ചെയ്തില്ല.

സഭയ്ക്കകത്ത് ഈ രീതിയില്‍ ബജറ്റ് അവതരിപ്പിച്ചതിന്റെയും അതിലെ നിര്‍ദ്ദേശങ്ങള്‍ പാസാക്കിയെടുത്തതിന്റെയും ക്രെഡിറ്റ് ഭരണപക്ഷത്തിന് അദ്ദേഹം കൊടുത്തിട്ടുണ്ട്. ബഹളം കാരണം 'ചര്‍ച്ച കൂടാതെ ബജറ്റ് പാസാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്' എന്ന വാചകവും 'മാണി രാജി വെക്കുംവരെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സമരം നേരത്തെ മുഖ്യമന്ത്രിയുടെ രാജി വരെ എന്നു പറഞ്ഞു കൊണ്ട് നടത്തിയ സമരം പോലെ അവസാനിക്കാനാണ് സാധ്യത' എന്ന് സോളാര്‍ സമരത്തെ കുറിച്ചുള്ള വിശകലനവും കൂട്ടിച്ചോര്‍ത്ത് വായിക്കുമ്പോള്‍ കെ എം മാണി അവതരിപ്പിച്ച ബജറ്റ് ചര്‍ച്ച ചെയ്ത് വികസനം സൃഷ്ടിക്കാന്‍ മാണിയേയും കൂട്ടരേയും അനുവദിക്കാതെ സമരം ചെയ്ത് ശല്യം ഉണ്ടാക്കിയത് പ്രതിപക്ഷമാണെന്ന് മനസിലാക്കാന്‍ സാധിക്കും.

പ്രതിപക്ഷത്തെ 'സ്വയം അവരോധിത അഭിനവ പാണ്ഡവന്മാര്‍' എന്ന് പരിഹസിക്കുകയും ചെയ്യുന്നതിലൂടെ ബി ആര്‍ പി വലതുരാഷ്ട്രീയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. പക്ഷെ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആര്‍ക്കൊക്കെ ഇഷ്ടമായാലും ഇല്ലെങ്കിലും ഇന്ത്യന്‍ സാമുഹ്യ വ്യവസ്ഥ ആഗോള മൂലധത്തിന്റേയും, വര്‍ഗീയ ഫാസിസത്തിന്റേയുമൊക്കെ കീഴില്‍ ഞെരിഞ്ഞമരുമ്പോള്‍ അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന മഹാഭൂരിപക്ഷങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ കൂടുതലായി തെരുവുകളിലേക്ക് വന്നുകൊണ്ടിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. ഒരു കൊള്ളസംഘം ഭരിക്കുമ്പോള്‍ അതിനു റാന്‍ മൂളുകയല്ല ജനാധിപത്യത്തിന്റെ അഭിമാനം. മറിച്ച്, അതിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളാണ്. അതിന് മാത്രമേ ജനാധിപത്യത്തിന്റെ അഭിമാനത്തേയും, പരമാധികാരത്തേയും സംരക്ഷിക്കാനും വികസിപ്പിക്കാനും ആവുകയുള്ളു. അതിനായി സ്ത്രീകള്‍ മുന്നില്‍ നിന്നുതന്നെ സമരം ചെയ്യും. സമരങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നത് സ്ത്രീകള്‍ കൂടിയാണ്.

ഇടതുപക്ഷത്തിന്റെ സമരങ്ങളില്‍ കുറ്റം കണ്ടെത്തുന്ന, നാടകമെന്ന് അല്ലെങ്കില്‍ പൊതുമുതല്‍ നശീകരണം എന്ന് ആവര്‍ത്തിക്കുന്ന ബി ആര്‍ പിയെ പോലെയുള്ളവര്‍; ജനങ്ങള്‍ എന്ത് രീതിയില്‍ പ്രതികരിക്കണം, എതിര്‍പ്പ് എങ്ങിനെ രേഖപ്പെടുത്തണം എന്നാണ് പറയുന്നത്? പൊതുമുതല്‍ നശിപ്പിക്കുന്നു എന്ന് പറഞ്ഞ് വേവലാതിപ്പെടുന്ന അദ്ദേഹത്തിന് അഴിമതി വഴി ജനത്തെ കബളിപ്പിക്കുന്നത് ഒരു വിഷയമേ അല്ലെ? തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അഞ്ച് കൊല്ലം തികച്ചും ഭരിക്കാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത് എന്നും, ആര്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതെ മാത്രമേ സമരം ചെയ്യാന്‍ പാടുള്ളു എന്നും, ഇന്ന് നടക്കുന്ന എല്ലാ സമരങ്ങളും പാര്‍ട്ടികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതിനാണെന്നും, ഹര്‍ത്താലുകളും അതുപോലുള്ള മറ്റ് സമരരീതികളും സമൂഹത്തെ പിന്നോട്ടടുപ്പിക്കുന്നവയാണെന്നും ജനാധിപത്യത്തിന് അപമാനമാണെന്നുമുള്ള, പ്രത്യക്ഷത്തില്‍ വളരെ ശരിയെന്ന് തോന്നാവുന്ന പരാമര്‍ശങ്ങളാണ് ലേഖനത്തില്‍ ഉടനീളം അദ്ദേഹം നടത്തിയിട്ടുള്ളത്.

തികഞ്ഞ ചരിത്രബോധമില്ലായ്മയില്‍ നിന്നും സമകാലീക ലോക സാഹചര്യങ്ങളെ നോക്കിക്കാണുന്നതിന് ബി ആര്‍ പിയെ പോലുള്ളവര്‍ക്ക് ഉണ്ടാകുന്ന അബദ്ധധാരണകളില്‍ നിന്നും മാത്രമല്ല ചരിത്ര നിഷേധത്തില്‍ നിന്നുകൂടിയാണ് ഇത്തരം അവലോകനങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള നീണ്ടുനിന്ന അവകാശസമരങ്ങളുടെയും തെരുവില്‍ ചീന്തപ്പെട്ട സഖാക്കളുടെ ചോരയുടെയും ഗുണഭോക്താക്കള്‍ ആയി തന്നെയാണ് ബി ആര്‍ പിയെ പോലുള്ളവര്‍ ഇവിടെ സൃഷ്ടിക്കപ്പെട്ട ജനാധിപത്യ മതേതര ഇടങ്ങളില്‍ ചരിത്രത്തെ തള്ളിപറഞ്ഞ്, അവരുടേതായ ബുദ്ധിജീവി പരിവേഷങ്ങളിലും, അതിന്റെ ഉന്നത ബൗദ്ധിക തലങ്ങളിലും വിഹരിക്കുന്നത്.

സമരങ്ങളൊക്കെ ചെയ്യേണ്ടത് ഒന്നിനെയും അനക്കാതെയും ഇളക്കാതെയും വേണം എന്ന 'നിഷ്പക്ഷ അവസരവാദ' രാഷ്ട്രീയത്തിന്റെ പ്രതിലോമതയെയും അന്ധമായ സി പി എം വിരോധത്തെയും നിഷ്പ്രഭമാക്കിക്കൊണ്ട് ബി ആര്‍ പിയിലെ സ്ത്രീവിരുദ്ധ മനോഭാവം ലേഖനത്തില്‍ പുറത്തുവരുന്നുണ്ട്. നിയമസഭയില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്തതിനെ കുറിച്ച് ബി ആര്‍ പി എഴുതിയ ഒറ്റവാചകം മതി അതിന്. 'പെണ്ണുങ്ങളെ പണയം വെച്ച് പകിടകളിക്കുന്നതിന്റെ ഔചിത്യവും പൊതുജനങ്ങള്‍ വിലയിരുത്തട്ടെ'. വലതുപക്ഷ, സ്ത്രീവിരുദ്ധ രാഷ്ട്രീയം പിന്‍പറ്റുന്ന ഒരാള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വാചകമാണ് ബി ആര്‍ പി പ്രയോഗിച്ചിരിക്കുന്നത്. എന്താണ് അദ്ദേഹം ഇതുവഴി ഉദ്ദേശിക്കുന്നത്? സ്ത്രീകള്‍ ഉപയോഗിക്കപ്പെടാനും ഉപകരണങ്ങള്‍ ആക്കപ്പെടാനും ഉള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് എന്നാണോ? അവര്‍ സ്വന്തമായി വ്യക്തിത്വവും ചിന്താശേഷിയും ഇല്ലാത്തവര്‍ ആണെന്നും സമരത്തിന് മുന്‍നിരയില്‍ നില്‍ക്കാന്‍ യോഗ്യത ഇല്ലാത്തവരാണെന്നുമാണോ ബി ആര്‍ പിയുടെ അഭിപ്രായം?

ഇതൊക്കെ തന്നെയല്ലേ മോഹന്‍ഭഗവത് മുതല്‍ മമതാ ബാനര്‍ജിവരെയുള്ളവര്‍ പറയുന്നത്? ഖാപ് പഞ്ചായത്തുകള്‍ 'ഭാരത സംസ്‌കാരം' എന്ന പേരില്‍ നടപ്പിലാക്കുന്നത്? സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അത് അവര്‍ 'അസമയത്ത്' പുറത്തിറങ്ങിയത് കൊണ്ട്, വസ്ത്രങ്ങള്‍ ശരിയായി ധരിക്കാത്തതുകൊണ്ട് എന്ന് പറയുന്നതില്‍ നിന്നും സ്ത്രീ സമരം ചെയ്താല്‍ അവരൊക്കെ 'ഉപയോഗിക്കപ്പെടുന്നവര്‍' ആണ് എന്നും അതുകൊണ്ട് ദുശ്ശാസനന്മാര്‍ ന്യായീകരിക്കപ്പെടെണ്ടവര്‍ ആണ് എന്നുമുള്ള ബി ആര്‍ പിയുടെ വാദത്തിലേക്ക് അധിക ദൂരമില്ല.

ഈ വനിതാ എം എല്‍ എമാര്‍ മഴ നനയാതിരിക്കാന്‍ വേണ്ടി നിയമസഭയില്‍ കയറി നിന്നവരല്ല എന്നത് ബി ആര്‍ പി മനസിലാക്കണം. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും സമരചരിത്രവും ഏതൊരു പുരുഷനെയും പോലെയോ അതിന് മുകളിലോ അവകാശപ്പെടാന്‍ കഴിയുന്നവരാണ് അവര്‍. അവരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നില്‍ നില്‍ക്കുന്നവരാണ്. എം എല്‍ എ ഫണ്ട് ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്നെ കൈകാര്യം ചെയ്യുന്നവരാണ്. സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിവുള്ളവരാണ്. സഭയിലെ ഏതൊരു പുരുഷ അംഗത്തെയും പോലെ തന്നെ തിരഞ്ഞെടുപ്പില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിയമസഭയില്‍ ഇരിക്കാനുള്ള യോഗ്യത നേടിയവരാണ്. അല്ലാതെ ബി ആര്‍ പി പറയുന്നതുപോലെ ചാവേറാവാനോ, പകിടകളിക്കാനോ നിന്ന് കൊടുക്കുന്ന ഉപകരണങ്ങളല്ല ആ വനിതകള്‍. അത്തരം വനിതകളോട് പഴകിയുള്ള പരിചയം ബി ആര്‍ പിക്ക് ഉണ്ടാവില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം പദപ്രയോഗങ്ങള്‍ ബി ആര്‍ പി ഉപയോഗിക്കില്ലായിരുന്നു. സമരം വരുമ്പോള്‍ പിന്നില്‍ പോയി ഒളിക്കേണ്ടവരല്ല സ്ത്രീകള്‍. അത് ബി ആര്‍ പി ഇനിയെങ്കിലും മനസിലാക്കണം.

സ്ത്രീകളോട് മാന്യതവിട്ട് പെരുമാറിയിട്ടുണ്ടോ എന്ന് കോടതി തെളിയിക്കട്ടെ എന്ന് പറയുന്ന ബി ആര്‍ പി, പ്രതിപക്ഷ അംഗങ്ങളെക്കാള്‍ ആറോ ഏഴോ ഇരട്ടി പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡുകളെ അവിടെ നിയോഗിച്ചിരിക്കുന്നത് അറിയാത്തതല്ലല്ലോ. സമരത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിച്ചു മാണി വരാന്‍ സാധ്യതയുള്ള സ്ഥലത്തേക്ക് പോവുകയായിരുന്നു വനിതകള്‍. അപ്പോള്‍ ശിവദാസന്‍നായര്‍ എവിടെനിന്നാണ് വന്നത്? എന്താണ് ചെയ്തത് എന്നതൊക്കെ ദൃശ്യങ്ങളില്‍ നിന്ന് പകല്‍പോലെ വ്യക്തമാണ്. ഇനി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പോവുകയായിരുന്നു പ്രതിപക്ഷത്തെ വനിതാ എം എല്‍ എമാര്‍ എന്ന വാദം ശരിയാണ് എന്നുതന്നെ വെക്കുക. അവരെ തടയേണ്ടത് ഭരണകക്ഷി അംഗങ്ങളാണോ, വാച്ച് ആന്‍ഡ് വാര്‍ഡ് അല്ലെ? ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡുമാരെ അവിടെ നിയോഗിച്ചത് ബി ആര്‍ പി വേവലാതിപ്പെടുന്ന അതേ ജനങ്ങളുടെ നികുതി പണം കൊണ്ടല്ലേ? വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എന്തുകൊണ്ട് വനിതകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല എന്ന ചോദ്യം എന്തുകൊണ്ട് ബി ആര്‍ പിയില്‍ നിന്നും ഉണ്ടാവുന്നില്ല? ആരാണ് ബി ആര്‍ പിയെ ആ ചോദ്യത്തില്‍ നിന്ന് തടയുന്നത്?

പ്രതിപക്ഷത്തുള്ള പുരുഷ എം എല്‍ എമാരെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് തടഞ്ഞിട്ട്, സ്ത്രീകളെ 'സ്വയം കൈകാര്യം ചെയ്‌തോളാം' എന്ന് തീരുമാനിക്കാന്‍ ആ 'ജനപ്രതിനിധികളെ' പ്രേരിപ്പിച്ചത് ജ്യോതിയെ ബലാത്സംഗം ചെയ്ത് കൊന്ന മുകേഷിന്റെ പൊതുബോധമാവും അവരെ ന്യായീകരിക്കുന്ന ബി ആര്‍ പിയ്ക്ക് മുകേഷിന് വേണ്ടി വാദിക്കുന്ന വക്കീലിന്റെ പൊതുബോധമാണെന്ന് പറയാതെ വയ്യ. സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങി ഇരിക്കുന്നതിന് പകരം പുറത്തിറങ്ങിയാല്‍, നിയമസഭയില്‍ വന്നാല്‍, സമരം ചെയ്യാനുള്ള ധൈര്യം കാണിച്ചാല്‍ ഞങ്ങള്‍ ആണുങ്ങള്‍ അവരെ മര്യാദ പഠിപ്പിക്കുമെന്ന പൊതുബോധം തന്നെയാണ് കെ സി അബു, എം എ വാഹിദ്, ഡൊമനിക് പ്രസന്റെഷന്‍, കെ എം മാണി മുതല്‍ ഇങ്ങ് ബി ആര്‍ പി വരെയുള്ളവര്‍ ശ്രേഷ്ഠഭാഷയിലും ഗ്രാമീണഭാഷയിലുമൊക്കെ പറഞ്ഞുവെക്കുന്നത്.

സമരം ചെയ്ത വനിതാ സഖാക്കളെ 'ഉപകരണങ്ങള്‍' എന്ന് വ്യാഖ്യാനിച്ച് അപമാനിക്കുന്ന ഇതേ ബി ആര്‍ പിമാര്‍, സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി 'പൊട്ടിത്തെറിച്ച' സന്ധ്യയേയും ചിറ്റിലപള്ളിയേയും ആഘോഷിച്ചവര്‍ ആണ്. ഇവരുടെ രാഷ്ട്രീയം തുളുമ്പുന്നത് വലതുപക്ഷത്തിന്റെ തുപ്പല്‍കോളാമ്പിയില്‍ നിന്നാണ്. അതിലും മികച്ചതല്ല ഇക്കൂട്ടരുടെ നിലപാടുകള്‍. പക്ഷംപിടിക്കല്‍ ഓരോ മനുഷ്യന്റെയും താല്‍പ്പര്യമാണ്. ബി ആര്‍ പിയുടെ താല്‍പ്പര്യം അദ്ദേഹം വിളിച്ചുപറയുന്നു. എഴുതുന്നു. ഫാസിസ്റ്റുകള്‍ നാടുവാഴുന്ന സമയമാണിത്. ഓരോ വിഷയത്തിലും കൃത്യമായ ഇടപെടല്‍ ആവശ്യപ്പെടുന്ന കാലം. ഇവിടെ ആര്‍ക്കൊപ്പമാണ് എന്ന നിലപാടിലൂടെയാണ് ഓരോരുത്തരുടെയും രാഷ്ട്രീയം നിര്‍വചിക്കപ്പെടുന്നത്.

കൊലപാതകം, ബലാത്സംഗം, സ്ത്രീപീഡനം, അഴിമതി തുടങ്ങിയവയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന, ജനകീയ സമരങ്ങളെ നേരിടാന്‍ പട്ടാളത്തെ ഇറക്കിയ, സംഘപരിവാരത്തിന് ഓശാന പാടി അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കുന്ന ഒരു സര്‍ക്കാരിനെയും അതിനെതിരെ സമരം ചെയ്യുന്നവരെയും ഒരേ ത്രാസില്‍ തൂക്കിയും സ്ത്രീകളെ അവഹേളിച്ചതിനെതിരെ നടപടിയാവശ്യപ്പെട്ട പ്രതിപക്ഷത്തെ 'സ്വയം അവരോധിത അഭിനവ പാണ്ഡവന്മാര്‍' എന്ന് പരിഹസിക്കുകയും ചെയ്യുന്നതിലൂടെ ബി ആര്‍ പി വലതുരാഷ്ട്രീയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. പക്ഷെ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആര്‍ക്കൊക്കെ ഇഷ്ടമായാലും ഇല്ലെങ്കിലും ഇന്ത്യന്‍ സാമുഹ്യ വ്യവസ്ഥ ആഗോള മൂലധത്തിന്റേയും, വര്‍ഗീയ ഫാസിസത്തിന്റേയുമൊക്കെ കീഴില്‍ ഞെരിഞ്ഞമരുമ്പോള്‍ അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന മഹാഭൂരിപക്ഷങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ കൂടുതലായി തെരുവുകളിലേക്ക് വന്നുകൊണ്ടിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. ഒരു കൊള്ളസംഘം ഭരിക്കുമ്പോള്‍ അതിനു റാന്‍ മൂളുകയല്ല ജനാധിപത്യത്തിന്റെ അഭിമാനം. മറിച്ച്, അതിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളാണ്. അതിന് മാത്രമേ ജനാധിപത്യത്തിന്റെ അഭിമാനത്തേയും, പരമാധികാരത്തേയും സംരക്ഷിക്കാനും വികസിപ്പിക്കാനും ആവുകയുള്ളു. അതിനായി സ്ത്രീകള്‍ മുന്നില്‍ നിന്നുതന്നെ സമരം ചെയ്യും. സമരങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നത് സ്ത്രീകള്‍ കൂടിയാണ്.

22-Mar-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More