ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുപ്രവര്‍ത്തിച്ച് പാര്‍ടിയെയും വര്‍ഗ-ബഹുജനസംഘടനകളെയും ശക്തിപ്പെടുത്തി കൂടുതല്‍ ശക്തിപ്രാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി രൂപംനല്‍കും. ഇതിന്റെ ഭാഗമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ആഗസ്ത് 11ന് ആയിരം കിലോമീറ്റര്‍ ദൂരത്തില്‍ രാജ്ഭവനിലേക്ക് നീളുന്ന കേരള ധര്‍ണ. ജനലക്ഷങ്ങളെ അണിനിരത്തി നടത്തുന്ന ഈ സമരം സാധാരണ ജനവിഭാഗങ്ങളുടെ ജീവിതസുരക്ഷിതത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ, ജനവിരുദ്ധനയങ്ങള്‍ക്കെതിരായ വര്‍ഗ-ബഹുജനസമരങ്ങളിലൂടെ യുഡിഎഫിനും ബിജെപിക്കുമെതിരെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ശക്തിപ്പെടുത്തും.

1982ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ജാതി-മതശക്തികളെ പ്രത്യേകിച്ച്, ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചതിന്റെ അനന്തരഫലമാണ് 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച ഹിന്ദുമുന്നണി സ്ഥാനാര്‍ഥി ഒന്നേകാല്‍ലക്ഷത്തില്‍പ്പരം വോട്ട് കരസ്ഥമാക്കുന്ന അവസ്ഥയുണ്ടായത്. ഇതേത്തുടര്‍ന്ന് കേരളം വര്‍ഗീയസംഘര്‍ഷ ഭൂമിയായി മാറിയപ്പോള്‍ ആര്‍എസ്എസിന്റെ മുന്നേറ്റം തടഞ്ഞത് 1987ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. വര്‍ഗീയതയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷശക്തികളെ ഏകോപിപ്പിച്ച് ഈ പുതിയ വെല്ലുവിളി നേരിടാനുള്ള ദൗത്യം സിപിഐ എം ഏറ്റെടുക്കും. ജനങ്ങള്‍ക്കിടയില്‍ ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ച് കൂടുതല്‍ ജനപിന്തുണ നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായി മുന്നോട്ടുപോകും."തോല്‍വിയില്‍പോലും ധീരത കാട്ടുന്നവര്‍ ഒരിക്കല്‍ അന്തസ്സായി വിജയിക്കും" എന്ന റോബര്‍ട്ട് കെന്നഡിയുടെ വാക്കുകള്‍ ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരണീയമാണ്.

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. ഈ ജനവിധി അംഗീകരിക്കുന്നു. എന്നാല്‍, യുഡിഎഫിന് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 349 വോട്ട് ഇത്തവണ കുറഞ്ഞു. എല്‍ഡിഎഫിന് 197 വോട്ട് കൂടി. ബിജെപിക്ക് 2011നേക്കാള്‍ 26,450 വോട്ട് വര്‍ധിച്ചു. ശതമാന അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ യുഡിഎഫിന് 2011നെ അപേക്ഷിച്ച് ഒമ്പതുശതമാനം വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന് ഏഴും. ഇത്തവണ 60 ശതമാനത്തിലേറെപ്പേര്‍ സര്‍ക്കാരിനെതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ ഇത് സര്‍ക്കാരിന് അനുകൂലമായ ജനവിധിയല്ല.

സര്‍ക്കാരിനെതിരായ വോട്ടര്‍മാരെ ഭിന്നിപ്പിച്ച് വിജയിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇതിന്റെ ഭാഗമായിരുന്നു എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത് പോകുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രചാരവേല. ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നു പ്രചരിപ്പിച്ച് ന്യൂനപക്ഷവിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി സീറ്റ് നിലനിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഈ പ്രചാരവേല ഹിന്ദു വോട്ടര്‍മാരില്‍ ധ്രുവീകരണം സൃഷ്ടിക്കുകയും അത് ബിജെപിക്ക് അനുകൂലമാകുകയും ചെയ്തതിന്റെ ഫലമായാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫ് നേതൃത്വത്തില്‍ ഒരുഭാഗത്തും ബിജെപി നേതൃത്വത്തില്‍ മറുഭാഗത്തും സാമുദായിക ചേരിതിരിവ് സൃഷ്ടിക്കപ്പെട്ടുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പു ഫലം നല്‍കുന്ന ആപല്‍ക്കരമായ സൂചന.

ബിജെപിക്ക് ലഭിച്ച 34,145 വോട്ടില്‍ ഗണ്യമായ ഭാഗം യുഡിഎഫ് വോട്ടുകളാണ്. സ്ത്രീകളും യുവാക്കളും ശബരീനാഥന് അനുകൂലമാണെന്നും അച്ഛന്‍ മരിച്ച മകന്‍ എന്നനിലയിലുള്ള സഹതാപം മണ്ഡലത്തില്‍ ഒരു തരംഗമായി എന്നുമാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. ഈ സഹതാപഘടകം അവര്‍ പ്രതീക്ഷിച്ച തോതില്‍ ഉണ്ടായില്ലെങ്കിലും അതിന്റെ പ്രയോജനം ലഭിച്ചു. എന്നിട്ടും, അതിനുസരിച്ച് വോട്ടില്‍ വര്‍ധനയുണ്ടായില്ലെന്നു മാത്രമല്ല, നേരത്തെ കിട്ടിയതില്‍നിന്നും കുറയുകയാണുണ്ടായത്. കോണ്‍ഗ്രസ് വോട്ടില്‍ ഗണ്യമായ ഭാഗം ആകര്‍ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ബിജെപിക്ക് നേരത്തെ ലഭിച്ചുവന്ന വോട്ടിനേക്കാള്‍ വര്‍ധന ഉണ്ടായത്.

ഇടതുപക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് തള്ളിമാറ്റി, കേരളം യുഡിഎഫ്-ബിജെപി മത്സരവേദിയായി മാറിയെന്ന് പ്രചരിപ്പിച്ച് മത ന്യൂനപക്ഷങ്ങളില്‍ ധ്രുവീകരണം സൃഷ്ടിച്ച് സ്ഥിരമായി യുഡിഎഫിന്റെ കൂടെനിര്‍ത്തുക എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. ഈ അടവുസമീപനത്തിനേറ്റ തിരിച്ചടിയാണ് ബിജെപി മൂന്നാംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യമത്സരമെന്ന് പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ടും മതേതര ചിന്താഗതിക്കാരില്‍ ഒരുവിഭാഗത്തിന്റെ വോട്ടും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതിനാലാണ് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായത്. അത്തരമൊരു സ്ഥിതി അരുവിക്കരയിലുണ്ടായില്ല എന്നത് കേരളം ബിജെപിയും യുഡിഎഫും തമ്മിലുള്ള മത്സരവേദിയാകാന്‍ പോകുന്നില്ലെന്ന് തെളിയിച്ചു.

അരുവിക്കരയില്‍ വിജയിച്ച ശബരീനാഥന്‍ അച്ഛന്റെ വിജയമെന്നാണ് അവകാശപ്പെട്ടത്. അച്ഛന്റെ സീറ്റ് മകന് നിലനിര്‍ത്താനായി. കാല്‍നൂറ്റാണ്ടായി യുഡിഎഫിന്റെ കുത്തക സീറ്റായ അരുവിക്കര അവര്‍ നിലനിര്‍ത്തി. ഇത് യുഡിഎഫ് നേടിയ രാഷ്ട്രീയവിജയമല്ല. അധികാരദുര്‍വിനിയോഗം നടത്തിയും പ്രലോഭനങ്ങളില്‍ക്കൂടിയും നേടിയ താല്‍ക്കാലിക വിജയമാണ്. ബിജെപിക്കാകട്ടെ തിരുവനന്തപുരം ജില്ലയില്‍ എവിടെയും നിര്‍ത്താന്‍ ഒരു രാജഗോപാല്‍ മാത്രമാണുള്ളത്. സ്ഥിരമായി തോല്‍ക്കുന്ന ഒരാള്‍ എന്ന നിലയില്‍ രാജഗോപാലിന് അനുകൂലമായും ഇത്തവണ ഒരുവിഭാഗം വോട്ടര്‍മാരില്‍ സഹതാപമുണ്ടായി. അതിന്റെകൂടി ഭാഗമാണ് ബിജെപിക്കുണ്ടായ വോട്ടുവര്‍ധന.

ആര്‍എസ്പി എല്‍ഡിഎഫിനുവേണ്ടി സ്ഥിരമായി മത്സരിച്ചുവന്ന മണ്ഡലമായിരുന്നു അരുവിക്കര. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടുപോയിട്ടും എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത്, ആര്‍എസ്പി മുന്നണിയിലുണ്ടായിരുന്ന കാലത്തു ലഭിച്ചതിനേക്കാള്‍ നേരിയ തോതിലെങ്കിലും വോട്ട് വര്‍ധിച്ചതിലൂടെ തെളിയുന്നു.യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായി ഉയര്‍ന്ന ജനവികാരം എന്തുകൊണ്ട് എല്‍ഡിഎഫിനെ വിജയത്തിലേക്കെത്തിച്ചില്ലെന്ന കാര്യം പാര്‍ടിയും ഇടതുപക്ഷമുന്നണിയും സമഗ്രമായി പരിശോധിക്കും. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനവികാരം ഇടതുപക്ഷത്തിന് അനുകൂലമായി മാറാതിരിക്കാന്‍, രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ കോണ്‍ഗ്രസ് എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ആര്‍എസ്എസിന് വളരാനുള്ള അന്തരീക്ഷം നാലുവര്‍ഷത്തെ യുഡിഎഫ് ഭരണമാണ് സൃഷ്ടിച്ചത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേരളത്തില്‍ പലയിടത്തായി "ഘര്‍ വാപസി' എന്നപേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു. സംഘടിതമായ കുറ്റകൃത്യം നടന്ന കാര്യമറിഞ്ഞിട്ടും പൊലീസ് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ ആര്‍എസ്എസിനെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തീയ മതവിശ്വാസികളില്‍ പെന്തക്കോസ്തുകളുടെ പ്രാര്‍ഥനാലയങ്ങള്‍ കുന്നംകുളത്തും ആറ്റിങ്ങലിലും ആക്രമിക്കപ്പെട്ടപ്പോള്‍ ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. തിരുവനന്തപുരത്ത് എംജി കോളേജില്‍ പൊലീസ് ഓഫീസറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 36 ആര്‍എസ്എസുകാരുടെ പേരിലുള്ള കേസ് പിന്‍വലിച്ചു. വിഎച്ച്പി നേതാവ് തൊഗാഡിയക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും മുന്‍ ചീഫ്സെക്രട്ടറി സി പി നായര്‍ വധോദ്യമക്കേസും പിന്‍വലിച്ചു. ഇത്തരം നടപടികളിലൂടെ ഹിന്ദുത്വശക്തികള്‍ക്ക് വളരാനുള്ള അവസരം യുഡിഎഫ് സര്‍ക്കാര്‍തന്നെ സൃഷ്ടിച്ചു.

വര്‍ഗീയ-സാമുദായികശക്തികളുടെ ധ്രുവീകരണം ഉണ്ടാകുന്നുവെന്നത് അപകടകരമായ സൂചനയാണ്. ഹിന്ദുവര്‍ഗീയത ശക്തിപ്പെട്ടാല്‍ മതന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലുള്ള വര്‍ഗീയശക്തികളും വര്‍ഗീയവിഭാഗങ്ങളും ഇവിടെ ശക്തിപ്രാപിക്കും. ഇതിലൂടെ, സാമുദായികമൈത്രിക്ക് പേരുകേട്ട കേരളം വര്‍ഗീയസംഘര്‍ഷങ്ങളുടെ നാടായി മാറും. 1982ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ജാതി-മതശക്തികളെ പ്രത്യേകിച്ച്, ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചതിന്റെ അനന്തരഫലമാണ് 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച ഹിന്ദുമുന്നണി സ്ഥാനാര്‍ഥി ഒന്നേകാല്‍ലക്ഷത്തില്‍പ്പരം വോട്ട് കരസ്ഥമാക്കുന്ന അവസ്ഥയുണ്ടായത്. ഇതേത്തുടര്‍ന്ന് കേരളം വര്‍ഗീയസംഘര്‍ഷ ഭൂമിയായി മാറിയപ്പോള്‍ ആര്‍എസ്എസിന്റെ മുന്നേറ്റം തടഞ്ഞത് 1987ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്.

വര്‍ഗീയതയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷശക്തികളെ ഏകോപിപ്പിച്ച് ഈ പുതിയ വെല്ലുവിളി നേരിടാനുള്ള ദൗത്യം സിപിഐ എം ഏറ്റെടുക്കും. ജനങ്ങള്‍ക്കിടയില്‍ ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ച് കൂടുതല്‍ ജനപിന്തുണ നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായി മുന്നോട്ടുപോകും."തോല്‍വിയില്‍പോലും ധീരത കാട്ടുന്നവര്‍ ഒരിക്കല്‍ അന്തസ്സായി വിജയിക്കും' എന്ന റോബര്‍ട്ട് കെന്നഡിയുടെ വാക്കുകള്‍ ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരണീയമാണ്.

ഒരു ഉപതെരഞ്ഞെടുപ്പിലെ തോല്‍വികൊണ്ട് എല്‍ഡിഎഫിനെ എഴുതിത്തള്ളാന്‍ സാധിക്കില്ല. അടുത്ത നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ അന്തസ്സായി ജയിക്കാന്‍ ഈ സംഭവങ്ങള്‍ വഴിതുറക്കും. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 140ല്‍ 102 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഎഫിനേക്കാള്‍ പിറകിലായിരുന്ന എല്‍ഡിഎഫ് 2011ല്‍ 68 മണ്ഡലങ്ങളില്‍ വിജയിച്ചു. നാലു മണ്ഡലത്തില്‍ നാനൂറില്‍ താഴെ വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. ഒരു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ എല്ലാ തെരഞ്ഞെടുപ്പിലും അങ്ങനെയല്ല ചെയ്യുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്തവര്‍ എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് വോട്ട് ചെയ്ത സംസ്ഥാനമല്ല കേരളം. ഇതുതന്നെയാണ് യുഡിഎഫിന്റെ കാര്യത്തിലും ഇവിടെ സംഭവിക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുപ്രവര്‍ത്തിച്ച് പാര്‍ടിയെയും വര്‍ഗ-ബഹുജനസംഘടനകളെയും ശക്തിപ്പെടുത്തി കൂടുതല്‍ ശക്തിപ്രാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി രൂപംനല്‍കും. ഇതിന്റെ ഭാഗമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ആഗസ്ത് 11ന് ആയിരം കിലോമീറ്റര്‍ ദൂരത്തില്‍ രാജ്ഭവനിലേക്ക് നീളുന്ന കേരള ധര്‍ണ. ജനലക്ഷങ്ങളെ അണിനിരത്തി നടത്തുന്ന ഈ സമരം സാധാരണ ജനവിഭാഗങ്ങളുടെ ജീവിതസുരക്ഷിതത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ, ജനവിരുദ്ധനയങ്ങള്‍ക്കെതിരായ വര്‍ഗ-ബഹുജനസമരങ്ങളിലൂടെ യുഡിഎഫിനും ബിജെപിക്കുമെതിരെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ശക്തിപ്പെടുത്തും.