ഓണം, ഒരു പോരാട്ടം കൂടിയാക്കുക

ഇത് ആഗോളവത്കരണത്തിന്റെ കാലമാണ്. ഒരു ജനതയുടെ സംസ്‌കാരത്തെയൊക്കെ തകര്‍ക്കാനുള്ള കെല്‍പ്പ് ആഗോളവത്കരണ ശക്തികള്‍ക്കുണ്ട്. അവരുടെ സാംസ്‌കാരികോല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാവണമെങ്കില്‍ ആ തകര്‍ച്ച സംഭവിക്കുക തന്നെ വേണം. ഞാന്‍ ചൈനയില്‍ കൂടി സഞ്ചരിച്ചിട്ടുണ്ട്. അവിടെയും ഗ്ലോബലൈസേഷന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവര്‍ അവരുടെ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളെ മുറുകെ പിടിക്കുന്നു. അവരുടെ ഓപ്പറകളും ആയോധനകലകളും ഇപ്പോഴും പിന്തുടരുന്നു. അതൊന്നും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ല. അതില്‍ കുറഞ്ഞുള്ള ആഗോളവത്കരണമൊക്കെ മതി എന്നതാണ് അവരുടെ നിലപാട്. ലോക വിപണിയെ ചൈനക്ക് വേണ്ടി ഉപയോഗിക്കുകയാണ് അവര്‍. നമ്മളാണെങ്കിലോ, ഉള്ളതെല്ലാം വലിച്ചെറിഞ്ഞ് വിദേശികളുടെ പിന്നാലെ പായുകയാണ്. പാശ്ചാത്യമായത് വിലയ്ക്ക് വാങ്ങുന്നു. പാശ്ചാത്യരാവട്ടെ നാം ഉപേക്ഷിച്ചതൊക്കെ കണ്ടെടുത്ത് മിനുക്കി, നമുക്ക് തന്നെ വില്‍ക്കുന്നു. അതിനെ മറികടക്കാന്‍ നമുക്കാവണം. പഴമയുടെ ഈടുവെപ്പുകളില്‍ നിന്ന് പുതുമയുടെ മഴവില്ലുകള്‍ തീര്‍ക്കാന്‍ നമുക്ക് സാധിക്കണം. ഓണം അതിനുള്ള വേദിയായി മാറണം.

ഓണത്തിന് പൂവിടുന്നത് പ്രകൃതിയെ ആരാധിക്കുന്നതിന്റെ ഭാഗമായാണ്. പൂ പറിക്കാന്‍ കുട്ടികള്‍ സംഘം ചേര്‍ന്ന് മത്സരിക്കും. ഇന്ന് പൂവില്ല. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന പൂവിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍. കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായുള്ള ജാതിക്കും മതത്തിനും അതീതമായ കൂടിക്കലരല്‍ ഇന്നില്ല. ഗ്രാമീണവിനോദങ്ങളെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു.

ഓണം ടൂറിസ്റ്റ് വാരാഘോഷത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരങ്ങള്‍ പോലുള്ള കെട്ടുകാഴ്ചകളാണ് ഇന്നുള്ളത്. നഗരങ്ങളില്‍ ലയണ്‍സ് ക്ലബ്ബിലെ സ്ത്രീകളും റോട്ടറി ക്ലബ്ബുകാരുമാണ് പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. സാധാരണക്കാര്‍ ഇതിലൊന്നും പങ്കെടുക്കുന്നില്ല. അവന്റെ ചെറിയ വീടിന് മുന്നില്‍ നാല് തുളസിയിലയും മുക്കുറ്റിയും പറച്ചിടുന്ന ഒരു സംസ്‌കാരമുണ്ടായിരുന്നു. ടൂറിസം ഓണത്തെ നഗര സംസ്‌കാരത്തിന്റെ ഭാഗമാക്കുന്നു. ഗ്രാമങ്ങള്‍ അതിനെ പിന്തുടരാന്‍ ശ്രമിക്കുന്നു. നമുക്ക് ഗ്രാമീണമായതൊക്കെ നഷ്ടപ്പെടുന്നു. ഒന്നിച്ചിരുന്ന് ഓണവില്ല് കൊട്ടുന്ന ഒരേര്‍പ്പാട് ഉണ്ടായിരുന്നു. ഓണവില്ലുകൊണ്ടുള്ള തായമ്പക. അതൊന്നും ഇപ്പോഴില്ല. എല്ലാം നഷ്ടമായി.
മാവേലി നാടുവാണ കാലത്തെ കുറിച്ചുള്ള സങ്കല്‍പ്പം മഹത്തരമാണ്. ഭരിച്ചോ, ഇല്ലയോ എന്നുള്ളതല്ല, മാനുഷരെല്ലാരുമൊന്നുപോലെ എന്ന സങ്കല്‍പ്പം. സാഹോദര്യം നിലനിര്‍ത്തണമെന്ന ആശയം. മഹത്തരമായ ഈ പുരാവൃത്തം കേരളത്തില്‍ പോലും എന്തുകോണ്ട് പിന്തുടരാന്‍ സാധിക്കുന്നില്ല?

ഓണം ടൂറിസ്റ്റ് വാരാഘോഷമായിക്കോട്ടെ. ടൂറിസ്റ്റുകള്‍ വരട്ടെ. വിദേശികള്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ നമുക്ക് സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാവും. പക്ഷെ, അതിന് വേണ്ടി ഒരു നാടിന്റെ പാരമ്പര്യവും സംസ്‌കാരവും നഷ്ടപ്പെടുത്തരുത്. നാളേയ്ക്ക് വേണ്ടി നമുക്ക് കരുതിവെക്കാനുള്ള ഈടുവയ്പ്പുകളാണ് ഇവയൊക്കെ. പഴയ സംസ്‌കാരം പാരമ്പര്യം സാഹോദര്യം തുടങ്ങിയവയാണ് ആത്യന്തികമായി മനുഷ്യന്‍ എന്ന പദത്തിന് അര്‍ത്ഥം നല്‍കുന്നത്. അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, സാമ്പത്തിക ഉച്ഛനീചത്വങ്ങള്‍ എല്ലാം കൊടികുത്തി വാഴുന്ന ഒരു സമൂഹത്തില്‍ എല്ലാവരും ഒന്നാണെന്ന ബോധം സൃഷ്ടിക്കാന്‍ കഴിയുക എന്നത് പ്രധാനമല്ലെ? ഗ്രാമത്തിന്റെ മുഴുവന്‍ ഉത്സവമായി ഓണത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. മൈതാനങ്ങളിലെ കളികളില്‍ എല്ലാവരെയും പങ്കെടുപ്പിക്കാന്‍ കഴിയണം. വിശാലമായ കാഴ്ചപ്പാടിലുള്ള ഉത്സവമാണ് നമുക്ക് വേണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല, ജനതയുടെ ഉത്സവം. എല്ലാ മനുഷ്യര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഓണമാണത്.

ഉത്സവങ്ങള്‍ എന്നത് വെടിക്കെട്ടോ, ആനയോ അല്ല. ഉത്സവങ്ങള്‍ മനസിലാണ് ഉണ്ടാവേണ്ടത്. ജീവിതാസക്തി, പരസ്പരമുള്ള സ്‌നേഹം, വിശാലമായ മനോഭാവം തുടങ്ങിയവ നഷ്ടപ്പെടുത്താതെ നില്‍ക്കുമ്പോഴെ മനസിന് ഉത്സവത്തിന്റെ ഭാവം കൈവരിക്കാന്‍ കഴിയു. അപ്പോള്‍ മാത്രമേ ഉത്സവത്തെ പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കു. എല്ലാവരും ഒന്നുപോലെ എന്ന ആശയം അതിനെല്ലാം അന്തര്‍ധാരയായി ഒഴുകണം. നാളെ ഉത്സവം വരുമെന്നുള്ള പ്രതീക്ഷ ഉണ്ടാക്കിയെടുക്കണം. അതിന് ജാതിയും മതവും തടസമാകാനും പാടില്ല. ഈ നാട്ടിലെ എല്ലാ ആഘോഷങ്ങളും എല്ലാ നാട്ടുകാര്‍ക്കും കൂടിയുള്ളതാണ്. ഹിന്ദുവിനൊന്ന്, കൃസ്ത്യാനിക്കൊന്ന്, മുസ്‌ളീമിന് വേറൊന്ന് എന്നൊന്നുമില്ല. എല്ലാറ്റിലും പങ്കാളിയാവാനും ഇടപെടാനും കഴിയുമ്പോഴാണ് മനുഷ്യനാവുന്നത്. ഇന്ന് മനുഷ്യരെ അങ്ങനെയല്ലാതെയാക്കി മാറ്റാനുള്ള പരിശ്രമങ്ങളാണ് ചുറ്റിനുമുള്ളത്. അത് നമ്മുടെ ഉത്സവമല്ല, ഇത് നിങ്ങളുടെ ഉത്സവമല്ല തുടങ്ങിയ ഫത്‌വകള്‍ മുഴങ്ങുമ്പോള്‍ നമുക്ക് അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. എല്ലാം എല്ലാവര്‍ക്കുമുള്ളതാണെന്ന മാനവീകതയാണ് മതത്തെ ഉപയോഗിച്ച് സ്പര്‍ധ വളര്‍ത്തുവര്‍ക്കെതിരെ പ്രയോഗിക്കേണ്ടത്.

ഇന്ന് ജീവിതം ഉത്സവമായി തീരുന്നില്ല. ജീവിതം ആസ്വാദ്യമായ ഒരവസ്ഥയെങ്കിലുമാക്കി തീര്‍ക്കാന്‍ നമുക്ക് സാധിക്കേണ്ടേ? സ്‌നേഹവും കാരുണ്യവും ദയയുമൊക്കെ തനിക്ക് ആവശ്യമുണ്ട്. പക്ഷെ, അത് മറ്റാര്‍ക്കും കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന മനോഭാവം മാറ്റിയെടുക്കാനുള്ള സാംസ്‌കാരിക മൂലധനമാക്കി ഓണത്തെ മാറ്റണം.
ഓണം പോലുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ജീവിതവുമായി ബന്ധപ്പെട്ടതാണ്. കാര്‍ഷിക സംസ്‌കൃതിയുടെ അടയാളങ്ങളാണ്. ഓണത്തിന്റെ ഭാഗമായുള്ള കളികള്‍, കലാരൂപങ്ങള്‍ ഒക്കെ എല്ലാവരും സംഘടിപ്പിച്ചു പോന്നിട്ടുള്ളതാണ്. ഞങ്ങള്‍ക്കതൊന്നും വേണ്ട എന്നുപറഞ്ഞ് മാറി നില്‍ക്കുമ്പോഴാണ് അവയ്ക്ക് പുതിയ അവകാശികളുണ്ടാവുന്നത്. എല്ലാ ഗ്രാമീണ കലാരൂപങ്ങളെയും നമുക്ക് തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. അത് ഒരു ജനതയുടെ പൊതു സ്വത്തായി കാത്തുസൂക്ഷിക്കണം. അങ്ങനെ ചെയ്തില്ലായെങ്കില്‍ പൈതൃകത്തെ സ്വകാര്യസ്വത്താക്കി മാറ്റാന്‍ ചിലര്‍ പരിശ്രമിക്കും. ഓണത്തില്‍ ഹൈന്ദവത അവകാശപ്പെടാന്‍ യാതൊന്നുമില്ല. അസുര ചക്രവര്‍ത്തിയാണ് മഹാബലി. ദേവന്‍മാരാണ് ആ നല്ല വ്യക്തിത്വത്തെ ചവിട്ടി താഴ്ത്തിയത്.
ഈ പുരാവൃത്തങ്ങളൊക്കെ ഉപയോഗിക്കുന്നതില്‍ നമ്മുടെ പുരോഗമനവാദികള്‍ക്ക് വളരെയധികം പരിമിതികള്‍ ഉണ്ടായിട്ടുണ്ട്. ഇവയൊക്കെ പ്രയോജനപ്പെടുത്തുന്നതില്‍ ഒട്ടും മടി തോന്നേണ്ടതില്ല. ഇത് സ്വീകരിക്കുമ്പോള്‍ നാം ജീവിതത്തെ തന്നെയാണ് സ്വീകരിക്കുന്നത്. അങ്ങനെയൊക്കെയാണ് ജീവിതം വളരുന്നത്. ഏത് ജാതി-മത വിഭാഗത്തിലുള്ളവരായാലും ഇവയൊന്നും മാറ്റി നിര്‍ത്തരുത്. ഇത് പഴഞ്ചനാണ്, ഇത് ദുരാചാരമാണ് എന്നൊക്കെ സമര്‍ത്ഥിക്കുന്ന ഒരു കൂട്ടമുണ്ട്. അവരുടെ വായ്ത്താരി ശ്രദ്ധിച്ചാല്‍ നാം ഗ്രാമീണ ജീവിതത്തില്‍ നിന്ന് അകന്നുപോകും. ഗ്രാമീണ ജനതയുടെ ചേതോവികാരങ്ങളും കൂട്ടായ്മയുടെ കരുത്തും മറ്റും ഓണത്തിന്റെ പുരാവൃത്തത്തിലും തെയ്യത്തിലും തിറയിലുമൊക്കെ കണ്ടെത്താനാവും. ഇത് ശരിയായ അര്‍ത്ഥത്തില്‍ ജനകീയമാക്കുമ്പോള്‍ ബ്രാഹ്മണാധിപത്യം പിറകോട്ട് പോകും.

ഇപ്പോള്‍ ഓണത്തിന് ജൈവപച്ചക്കറി ചന്തകള്‍ നാടുനീളെ ഉയര്‍ന്നുവന്നു. വളരെ നല്ല കാര്യം. അതുമാത്രം പോര. നഗരങ്ങളിലെ ലയണ്‍സ്‌ക്ലബ്ബുകളില്‍ നിന്ന് ഓണത്തെ മോചിപ്പിക്കണം. പൂക്കളമത്സരങ്ങളും കലാകായിക മത്സരങ്ങളുമൊക്കെ നാടുനീളെ പുനസൃഷ്ടിക്കണം. കൃഷിയെ നിലനിര്‍ത്താന്‍, തരിശുനിലങ്ങളെ ഹരിതാഭമാക്കാന്‍ എന്തുചെയ്യണം എന്നതിനെ കുറിച്ച് ഗൗരവത്തില്‍ ആലോചിക്കണം. അന്യദേശങ്ങളില്‍ നിന്നുവരുന്ന പൂവിന് പകരം കേരളത്തിന്റെ പൂക്കളെന്ന ലക്ഷ്യത്തിലേക്ക് മുന്നേറണം. തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തെ തിരിച്ചുപിടിക്കലായി അവയൊക്കെ മാറും. ഫാസിസത്തെ പ്രതിരോധിക്കുന്നതിന് ഇത്തരത്തിലുള്ള ഇടപെടലുകളാണ് കൂടുതല്‍ നന്നാവുക. പാരമ്പര്യത്തിലും സംസ്‌കൃതിയിലും ഊന്നിയുള്ള കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്ത് ഫാസിസത്തിന് കയറി വരാനുള്ള വഴികള്‍ കൊട്ടിയടക്കുക.

ആഘോഷങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഒപ്പം നമ്മുടെ ഭാഷയും നഷ്ടമാവുന്നുണ്ട്. ഗ്രാമീണ പദങ്ങള്‍ ഓരോന്നായി ഇല്ലാതാവുന്നു. പുന്നെല്ലും പുത്തരിയും കര്‍ക്കിടവുമൊക്കെ നമ്മുടെ പദാവലിയില്‍ നിന്നും പുറത്ത് ചാടുന്നു. ഇടശ്ശേരി കവിതയിലും മറ്റുമുള്ള പ്രകൃതി നിരീക്ഷണങ്ങള്‍ ഇന്നില്ല. തുമ്പി താണുപറന്നാല്‍ മഴപെയ്യുമെന്ന് ഇന്നാര്‍ക്കുമറിയില്ല. തുമ്പികളുമില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒരു ബന്ധത്തില്‍ നിന്നാണ് ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുള്ളത്. നഗര സംസ്‌കാരത്തില്‍ പുതിയ പദങ്ങളുണ്ടാവുന്നുണ്ട്. പക്ഷെ, അവയ്ക്ക് ജനതയുടെ ആത്മാവിനെ കീഴടക്കാന്‍ കഴിയുന്നേയില്ല. പാരമ്പര്യം മൊത്തം കേമമാണ് എന്നൊന്നും ആരും പറയില്ല. പക്ഷെ, പാരമ്പര്യത്തെ നന്നായി മനസിലാക്കിയാല്‍ അതിലെ നല്ലതും ചീത്തയും മനസിലാക്കാന്‍ സാധിക്കും. നന്‍മകള്‍ നിലനിര്‍ത്തി പുതിയതിലേക്ക് കടക്കാന്‍ അത് സഹായകമാവും.

ഇത് ആഗോളവത്കരണത്തിന്റെ കാലമാണ്. ഒരു ജനതയുടെ സംസ്‌കാരത്തെയൊക്കെ തകര്‍ക്കാനുള്ള കെല്‍പ്പ് ആഗോളവത്കരണ ശക്തികള്‍ക്കുണ്ട്. അവരുടെ സാംസ്‌കാരികോല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാവണമെങ്കില്‍ ആ തകര്‍ച്ച സംഭവിക്കുക തന്നെ വേണം. ഞാന്‍ ചൈനയില്‍ കൂടി സഞ്ചരിച്ചിട്ടുണ്ട്. അവിടെയും ഗ്ലോബലൈസേഷന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവര്‍ അവരുടെ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളെ മുറുകെ പിടിക്കുന്നു. അവരുടെ ഓപ്പറകളും ആയോധനകലകളും ഇപ്പോഴും പിന്തുടരുന്നു. അതൊന്നും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ല. അതില്‍ കുറഞ്ഞുള്ള ആഗോളവത്കരണമൊക്കെ മതി എന്നതാണ് അവരുടെ നിലപാട്. ലോക വിപണിയെ ചൈനക്ക് വേണ്ടി ഉപയോഗിക്കുകയാണ് അവര്‍. നമ്മളാണെങ്കിലോ, ഉള്ളതെല്ലാം വലിച്ചെറിഞ്ഞ് വിദേശികളുടെ പിന്നാലെ പായുകയാണ്. പാശ്ചാത്യമായത് വിലയ്ക്ക് വാങ്ങുന്നു. പാശ്ചാത്യരാവട്ടെ നാം ഉപേക്ഷിച്ചതൊക്കെ കണ്ടെടുത്ത് മിനുക്കി, നമുക്ക് തന്നെ വില്‍ക്കുന്നു. അതിനെ മറികടക്കാന്‍ നമുക്കാവണം. പഴമയുടെ ഈടുവെപ്പുകളില്‍ നിന്ന് പുതുമയുടെ മഴവില്ലുകള്‍ തീര്‍ക്കാന്‍ നമുക്ക് സാധിക്കണം. ഓണം അതിനുള്ള വേദിയായി മാറണം.

28-Aug-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More