ശ്രേഷ്ഠമലയാളം

അതുകൊണ്ടുതന്നെ, മലയാളം ശ്രേഷ്ഠഭാഷയാകുന്നതിലൂടെ മലയാളിയും മലയാളിത്തവുമാണ് ശ്രേഷ്ഠമെന്ന് അംഗീകരിക്കപ്പെടുന്നത്. നമ്മുടെ മുന്‍തലമുറകള്‍ പടുത്തുയര്‍ത്തിയ സുവര്‍ണഗോപുരങ്ങളാണ് ഭാഷയുടെ ആസ്തി. ഒരു ജനതക്കുവേണ്ടി സാംസ്‌കാരികമായി ഏതൊരു സര്‍ക്കാറിനും അത്രയേ ചെയ്യാന്‍ കഴിയൂ. പദവി നിലവില്‍വരുന്നതോടെ ജീവിതത്തെയും സംസ്‌കാരത്തെയും രാജ്യം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മലയാളിയുടെ സാംസ്‌കാരികമായ ഉത്തരവാദിത്തം കൂടുകയാണ്. അഭിമാനപൂര്‍വം നാമത് ഏറ്റെടുക്കേണ്ടതുണ്ട്. നിയമനിര്‍മാണം വഴിയോ ബോധവത്കരണം വഴിയോ ഈ ഉത്തരവാദിത്തബോധം ഉണ്ടാക്കാനാവില്ല. നാമത് സ്വയമേവ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ലബ്ധമായ ശ്രേഷ്ഠത നിലനിര്‍ത്തേണ്ടതും വരുംതലമുറക്ക് കൈമാറേണ്ടതും നമ്മുടെ കടമയാണ്.

അമ്മമലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരിക്കുന്നു. മൂലദ്രാവിഡഭാഷയില്‍നിന്ന് തനതായി രൂപംകൊണ്ട മലയാളം തമിഴ്, കന്നട, തെലുങ്ക് ഭാഷകള്‍പോലെ കാലപ്പഴക്കമുള്ള ഭാഷയാണെന്ന് പണ്ഡിതന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴില്‍നിന്ന് ഉണ്ടായ ഭാഷയാണെന്നും (തമിഴിന്റെ പുത്രി) തമിഴിന്റെ സഹോദരിയാണെന്നും സംസ്‌കൃതത്തില്‍നിന്ന് ഉദ്ഭവിച്ചതാണെന്നും ഒക്കെയുള്ള പഴയ വാദങ്ങള്‍ ഇന്നില്ല. മറ്റു ദ്രാവിഡഭാഷകള്‍ക്കൊക്കെ ശ്രേഷ്ഠഭാഷാപദവി ലഭിക്കുമെങ്കില്‍ മലയാളത്തിനും അതു ലഭിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവാന്‍ ഏറെ കടമ്പകള്‍ താണ്ടേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള തടസ്സങ്ങള്‍ നമ്മുടെ ഭാഷക്ക് മുന്നിലുണ്ടാവേണ്ട കാര്യമുണ്ടായിരുന്നില്ല. ഭാഷ വികാരവിചാരങ്ങളുടെ വിനിമയോപാധി മാത്രമല്ല; ഒരു ജനതയുടെ സംസ്‌കാരം കൂടിയാണ്. അതുകൊണ്ടുതന്നെ, മലയാളം ശ്രേഷ്ഠഭാഷയാകുന്നതിലൂടെ മലയാളിയും മലയാളിത്തവുമാണ് ശ്രേഷ്ഠമെന്ന് അംഗീകരിക്കപ്പെടുന്നത്. നമ്മുടെ മുന്‍തലമുറകള്‍ പടുത്തുയര്‍ത്തിയ സുവര്‍ണഗോപുരങ്ങളാണ് ഭാഷയുടെ ആസ്തി. ഒരു ജനതക്കുവേണ്ടി സാംസ്‌കാരികമായി ഏതൊരു സര്‍ക്കാറിനും അത്രയേ ചെയ്യാന്‍ കഴിയൂ. പദവി നിലവില്‍വരുന്നതോടെ ജീവിതത്തെയും സംസ്‌കാരത്തെയും രാജ്യം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മലയാളിയുടെ സാംസ്‌കാരികമായ ഉത്തരവാദിത്തം കൂടുകയാണ്. അഭിമാനപൂര്‍വം നാമത് ഏറ്റെടുക്കേണ്ടതുണ്ട്. നിയമനിര്‍മാണം വഴിയോ ബോധവത്കരണം വഴിയോ ഈ ഉത്തരവാദിത്തബോധം ഉണ്ടാക്കാനാവില്ല. നാമത് സ്വയമേവ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ലബ്ധമായ ശ്രേഷ്ഠത നിലനിര്‍ത്തേണ്ടതും വരുംതലമുറക്ക് കൈമാറേണ്ടതും നമ്മുടെ കടമയാണ്.

എന്നാല്‍, ലോകമെമ്പാടും നോക്കിയാല്‍ വിജ്ഞാനകോശങ്ങളോ മറ്റുവല്ലതുമോ ക്‌ളാസിക് ഭാഷകളെ സവിശേഷമായി നിര്‍വചിക്കുകയോ ലിസ്റ്റ് ചെയ്യുകയോ ചെയ്തതായി കാണാനില്ല. ഇക്കാര്യത്തില്‍ ഗ്രീക്, ലാറ്റിന്‍ ഭാഷകളുടെ സവിശേഷതകള്‍ അടിസ്ഥാനപ്പെടുത്തുകയാണ് മിക്കപ്പോഴും. യുനെസ്‌കോ പോലുള്ള സ്ഥാപനങ്ങള്‍ ക്‌ളാസിക് ഭാഷാ നിര്‍വചനം അവരുടെ പ്രവര്‍ത്തന പരിധിയില്‍ ആലോചിക്കുന്നുമില്ല. നമ്മുടെ സാഹിത്യ അക്കാദമി 2004 ല്‍ അലോചിച്ചത് ഇങ്ങനെയാണ്: 'It was noted that the criteria for defining a classical language are not mentioned anywhere. But abstracting the standard features of what are universally accepted as Classical Languages (such as Sanskrit, Latin and Greek), it was agreed that the following criteria be applied in the case of such a designation henceforth.'

സംസ്‌കൃതത്തിന് ഭരണഘടനാപരമായി (ഇന്ത്യന്‍ ഭരണഘടന Article 351)സവിശേഷസ്ഥാനം വളരെ നേരത്തേ ഉള്ളതാണ്.

ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതോടെ ഭാഷാ വികസനത്തിനും ഗവേഷണത്തിനുമായി നൂറു കോടി രൂപയുടെ സഹായം ലഭിക്കും. ഓരോ വര്‍ഷവും രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഭാഷക്ക് നല്‍കാന്‍ അവകാശം കിട്ടും. യു.ജി.സിയുടെ ആഭിമുഖ്യത്തില്‍ ഭാഷക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും ഉണ്ടാവും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവികൊണ്ടുമാത്രം നമുക്ക് ആഹ്‌ളാദിക്കാന്‍ വലിയ വകയില്ല. മലയാളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ രേഖകളിലെ പദവി നിത്യജീവിത പ്രയോഗത്തില്‍ നാം സ്വയം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയൊക്കെ എന്നല്ലേ..?
1. അനുകരണം, ഉച്ചാരണം, അക്ഷരത്തെറ്റ്.
2. ഇംഗ്‌ളീഷിനോടുള്ള അത്യാസക്തി. മലയാളം പറയുന്നതുതന്നെ മോശമാണെന്ന ചിന്ത.
3. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന ഉത്തരവുകള്‍ പാലിക്കുന്നതില്‍ വരുന്ന വീഴ്ചയും അനാസ്ഥയും.
4. ടി.വി മലയാളം എന്ന കോമാളിഭാഷ മനപൂര്‍വം സൃഷ്ടിക്കുന്നവര്‍. മറ്റുമാധ്യമങ്ങളില്‍ (റേഡിയോ, പത്രം, സിനിമ...) ഈ ഭാഷാക്രൂരത ഇല്ല.
5. മാതൃഭാഷ ഭരണഭാഷ എന്ന തത്ത്വം പൂര്‍ത്തിയാക്കാനാവുന്നില്ല.
6. ഭാഷക്കുമേലുള്ള സാംസ്‌കാരികാധിനിവേശം നാം തിരിച്ചറിയുന്നില്ല.
7. കമ്പ്യൂട്ടര്‍, ഐ.ടി മേഖലകളിലേക്ക് മലയാളത്തെ വികസിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ മന്ദഗതിയിലാണ്. ലിപിയുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്ന് ആ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മലയാളത്തിന്റെ ക്‌ളാസിക്കല്‍ പദവി കാര്യകാരണസഹിതം തെളിയിക്കുന്നതിനായി സംസ്ഥാനം ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതി ഉണ്ടാക്കി. രേഖകളും ചിത്രങ്ങളുമടങ്ങുന്ന നാലു വാള്യങ്ങളുള്ള റിപ്പോര്‍ട്ടാണ് ഇവര്‍ തയാറാക്കി സമര്‍പ്പിച്ചത്. അതില്‍ മലയാളത്തിന്റെ പഴക്കം 2300 വര്‍ഷത്തിലധികം വരുമെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അവയില്‍ ചിലത് :
1. സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ടു വരെയുള്ള തമിഴ് സാഹിത്യം മലയാളത്തിനുകൂടി അവകാശപ്പെട്ട പൊതുസ്വത്താണ്.
2. സംഘകാലകൃതികളില്‍ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണ്. 50ഓളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു.
3. സംഘകാലകൃതികളില്‍നിന്ന് 150ലധികം മലയാളം വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുള്ളവയാണ്.
4. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവക്ക് ഇന്ത്യയില്‍ ആദ്യം വിവര്‍ത്തനമുണ്ടായത് മലയാളത്തിലാണ്.
5. മലയാളത്തിലെ ഏറ്റവും പ്രാചീന കൃതികളായി കണക്കാക്കുന്ന രാമചരിതവും ഭാഷാകൗടിലീയവും 11ാം നൂറ്റാണ്ടിനു മുമ്പ് എഴുതപ്പെട്ടവയാണ്.
6. എടയ്ക്കല്‍ ഗുഹകളിലെ ബി.സി മൂന്നാം നൂറ്റാണ്ടിലെ ശാസനങ്ങള്‍, പട്ടണം ഉദ്ഖനനത്തില്‍ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയില്‍ മലയാളം വാക്കുകളുണ്ട്.
7. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍നിന്നു ലഭിച്ച ബി.സി രണ്ടാം നൂറ്റാണ്ടിലെ വീരക്കല്‍ ലിഖിതത്തിലെ 'കുടല്ലൂര്‍ ആ കോള്‍ പെടു തീയന്‍ അന്തവന്‍ കല്‍' എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ്.
8. വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണത്തില്‍ നിന്നു ലഭിച്ച ലിഖിതങ്ങളും മലയാളത്തിന്റെ പഴമ തെളിയിക്കുന്നുണ്ട്.
9. ഭാഷാപരമായും സാഹിത്യപരമായും ക്‌ളാസിക് സ്വഭാവം പുലര്‍ത്തുന്ന കൃതികളും പ്രാചീന വൈജ്ഞാനിക ഗ്രന്ഥശേഖരവും മലയാളത്തിനു മാത്രം സ്വന്തമാണ്.
10. സംഘസാഹിത്യഭാഷ തമിഴോ മലയാളമോ അല്ല പൂര്‍വദ്രാവിഡമാണ്. ഈ സ്ഥിതിയില്‍ സംഘസാഹിത്യകൃതികളെ ആധാരമാക്കി തമിഴിന്റെ പഴക്കം നിര്‍ണയിക്കാമെങ്കില്‍ മലയാളത്തിനും അത് ബാധകമാക്കണം.
11. വാമൊഴി സാഹിത്യവും വരമൊഴി സാഹിത്യവും ചിലപ്പതികാരകാലം മുതല്‍ക്കെങ്കിലും (ക്രി. ആറാം ശതകം) കേരളത്തില്‍ തമിഴില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നു.
12. മലയാളം ഇന്ന് എഴുതിവരുന്ന ലിപിക്ക് 1500 ല്‍പരം വര്‍ഷത്തെ പഴക്കമുണ്ട്. തമിഴ്, കന്നട, തെലുങ്ക് ലിപികള്‍ രൂപപ്പെടുന്ന കാലത്തുതന്നെ രൂപപ്പെട്ട ലിപിയാണിത്.
13. ദക്ഷിണ ദ്രാവിഡത്തിലെ 'ഴ' എന്ന അക്ഷരം ഇപ്പോഴും ഉച്ചാരണശുദ്ധിയോടെ നിലനില്‍ക്കുന്ന ഏക ഭാഷ മലയാളമാണ്.

ഏതായാലും മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തിലൂടെ നമുക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരിക്കുന്നു. മലയാളത്തെ വികസിപ്പിക്കുന്നതിന്, ഗവേഷണങ്ങള്‍ക്ക് അതിലൂടെ അമ്മമലയാളത്തെ വാനോളമുയര്‍ത്തിപ്പിടിക്കുന്നതിന്, കെട്ടുപോകാതെ-പട്ടുപോകാതെ സൂക്ഷിക്കുന്നതിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അത് പല വായകളിലേക്കുപോകാതെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ചെലവഴിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിശ്വമലയാളോത്സവം നടത്തിയപ്പോഴുണ്ടായ പുകിലുകള്‍ നമുക്ക് ഓര്‍മിക്കാം.

www.facebook.com/sreejanandakumar.nandakumar

06-Dec-2013

മഷിത്തണ്ട് മുന്‍ലക്കങ്ങളില്‍

More