പച്ചപ്പ് വാടിയ മുസ്ലീംലീഗ്

ആര്‍എസ്എസിനെപ്പോലെതന്നെ എസ്ഡിപിഐയുടെ രാഷ്ട്രീയത്തെയും ഇഴകീറി പരിശോധിക്കുകയും തുറന്നുകാണിക്കുകയും വേണം. അത് മതനിരപേക്ഷരാഷ്ട്രീയത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എസ് ഡി പി ഐ വര്‍ഗീയ ഭ്രാന്തിന് ഒരു ജനതയും അംഗീകാരം നല്‍കാന്‍ പാടില്ല. മുസ്ലീം ലീഗാവട്ടെ ഇത്തരത്തിലുള്ള ഭീകരവാദികളെ ചെറുക്കുമെന്ന് പറയുകയും അവരുടെ വര്‍ഗീയ ഭ്രാന്തിന് കുടപിടിച്ചുകൊടുക്കുകയും ചെയ്യും. ഇത് തിരിച്ചറിയാന്‍ മലപ്പുറത്തെ ജനങ്ങള്‍ക്ക് സാധിക്കുമ്പോള്‍ മുസ്ലീം ലീഗിന്റെ കൊടിപ്പത്തി മലപ്പുറത്ത് താഴുകതന്നെ ചെയ്യും.

കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. മലപ്പുറം ജില്ലയിലെ വേങ്ങരയില്‍. മുസ്ലീംലീഗിന്റെ ആ കോട്ടയില്‍ യു ഡി എഫ് കിതച്ചാണ് ജയിച്ചുകയറിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ വിജയം ശോഭയേറിയതായിരുന്നില്ല. ആ മുന്നണിയിലുള്ളവര്‍ തന്നെ വിജയം പോര എന്ന് വിലയിരുത്തി. ചിലര്‍ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് കഴിഞ്ഞ ഇലക്ഷനില്‍ ഭൂരിപക്ഷം കൂടിയത് എന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയെ സുഖിപ്പിച്ചു. തോല്‍വിപോലൊരു ജയമായിപ്പോയി വേങ്ങരയിലേത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടിന്റെ കുറവാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്കുണ്ടായത്. മണ്ഡലത്തില്‍ കാല്‍ലക്ഷത്തിലധികം വോട്ട് കൂടുതലായി പോള്‍ ചെയ്തു. എന്നിട്ടും മുന്നേറ്റമുണ്ടാക്കാന്‍ യു ഡി എഫിന് സാധിച്ചില്ല. അവരുടെ ആറരശതമാനം വോട്ടാണ് അവിടെ ചോര്‍ന്നുപോയത്. മണ്ഡലത്തിലെ ആറു പഞ്ചായത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു ഡി എഫിന് വോട്ടുകുറഞ്ഞത് ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായി മാറി. പരാജയം പോലുള്ള ഒരു വിജയം എന്നതിനപ്പുറത്ത് യു ഡി എഫില്‍ പോലും വേങ്ങര ചലനം സൃഷ്ടിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലീംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. സാമുദായികതയാണ് അവര്‍ പാവപ്പെട്ട മുസ്ലീംങ്ങള്‍ക്ക് മുന്നില്‍ വിളമ്പുന്നത്. അത്രമേല്‍ ദാരിദ്ര്യം നിറഞ്ഞ ജീവിത പരിസരത്ത് നില്‍ക്കുമ്പോഴും മുസ്ലീം ലീഗാണ് നമ്മുടെ പാര്‍ട്ടി എന്ന് മിക്ക മുസ്ലീംങ്ങളും പറയുന്നത്, വര്‍ഗീയതയും മേലാപ്പ് പേറി നില്‍ക്കുന്ന പാര്‍ട്ടിയാണ് അതെന്നുള്ളത് കൊണ്ടാണ്. ഇപ്പോഴും മുസ്ലീം ലീഗിന്റെ മണ്ഡലങ്ങളില്‍ വോട്ടരമാ##്‌രുടെ വീടുകളില്‍ പാണക്കാടുനിന്ന് കൊടുത്തയച്ചത് എന്ന് പറയപ്പെടുന്ന ഉറുക്കും നൂലും കത്തും കൊടുത്തുവിടുന്ന ഏര്‍പ്പാടുണ്ട്. ''ഈ കത്തുമായി വരുന്നയാള്‍ എന്റെ പ്രതിനിധിയാണ്. അയാള്‍ പറയും പോലെ ചെയ്യുക'' എന്നെഴുതിയ കടലാസ് കൊടുത്ത് ലീഗിന് വോട്ടുചെയ്യാന്‍ പറയുന്ന അന്ധവിശ്വാസം കൂടിയാണ് മുസ്ലീംലീഗിന്റെ രാഷ്ട്രീയം. അതില്‍ നിന്നും മലപ്പുറത്തെ ലീഗ് കോട്ടപോലും മാറി നടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന വിളിച്ചുപറയലാണ് വേങ്ങരയില്‍ ഇടിഞ്ഞുവീണ ഭൂരിപക്ഷം.

മുസ്‌ളിം ലീഗിന് ക്ഷീണം സംഭവിച്ചിരിക്കുന്നു. വര്‍ഗീയത കളിക്കുന്ന ആ പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുമ്പോള്‍ തീര്‍ച്ചയായും യു ഡി എഫിന് മടവീണിരിക്കുന്നു എന്ന് കരുതാം. മാണി കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ലീഗാണ് യു ഡി എഫിന്റെ ജീവാത്മാവും പരമാത്മാവും. മുസ്‌ളിംലീഗിന്റെ പച്ചപ്പ് വാടികരിയുമ്പോള്‍ യു ഡി എഫ് ക്യാമ്പ് ഭയവിഹ്വലരായാണ് നില്‍ക്കുന്നത്.

മുസ്ലീം ലീഗിനെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു നാടും നാട്ടാരും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വേണ്ടി, കൂടുതല്‍ ശോഭനമായ ഭാവിക്കുവേണ്ടി ഇടതുപക്ഷത്തേക്ക് ചായുമ്പോള്‍ മറ്റൊരു ചെറിയ വിഭാഗം മതതീവ്രവാദ പ്രസ്ഥാനത്തിലേക്ക് പോകുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. അതിന് കാരണം ഭൂരിപക്ഷ വര്‍ഗീയതയുടെ ചുരമാന്തലാണ്.

നരേന്ദ്ര മോഡി ഗവണ്‍മെന്റ് മുസ്‌ളിം ജനസാമാന്യത്തിന് ഒരു സുരക്ഷയും വാഗ്ദാനം ചെയ്യുന്നില്ല. മുസ്ലീംങ്ങളുടെ ജീവിതം അരക്ഷിതാവസ്ഥയിലാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. മോഡിസര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസും സംഘപരിവാര്‍ സംഘടനകളും ബീഫിന്റെയും പശുവിന്റെയും ലൌ ജിഹാദിന്റെയും പേരില്‍ ന്യൂനപക്ഷത്തെ പ്രത്യേകിച്ചും മുസ്‌ളിങ്ങളെ വേട്ടയാടുന്നു. അതിനെതിരെ പ്രതിഷേധിക്കാന്‍, പ്രതിരോധം തീര്‍ക്കാന്‍ മുസ്‌ളിംലീഗിനോ അവര്‍ ഉള്‍ക്കൊള്ളുന്ന യുഡിഎഫിനോ കഴിഞ്ഞിട്ടില്ല. മുസ്ലീംലീഗ് ബി ജെ പി നേതൃത്വവുമായി സന്ധി ചെയ്യുന്ന ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ്. അതിന്റെ ഉദ0ഹരണമാണ് ലീഗ് എംപിമാര്‍ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്യാതെ മാറിനിന്നതിലൂടെ തെളിഞ്ഞത്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും പ്രതിരോധം തീര്‍ക്കാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തയ്യാറായി. അതിനുള്ള അംഗീകാരംകൂടിയാണ് വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് വോട്ട് കൂടുതല്‍ ലഭിച്ചത്. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 8642 വോട്ടാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേങ്ങരയില്‍ ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 6793 വോട്ടും കൂടുതലായി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനം വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അധികമായി നേടിയത്.

സംഘടനാപരമായും രാഷ്ട്രീയമായും ഇടതുപക്ഷത്തിന് വേണ്ടത്ര സ്വാധീനമുള്ള മണ്ഡലമല്ല വേങ്ങര. എന്നിട്ടും തുടര്‍ച്ചയായി ഈ മണ്ഡലത്തിലും ഇടതുപക്ഷവും സിപിഐ എമ്മും ജനസ്വാധീനം വര്‍ധിപ്പിക്കുകയാണെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും വോട്ട് ക്രമേണയാണെങ്കിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം ലോക്‌സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് വോട്ട് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫ് വോട്ട് വര്‍ധിപ്പിച്ചിരുന്നു. മലപ്പുറം ജില്ലയിലെ രാഷ്ട്രീയ അടിയൊഴുക്കുകളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമുദായിക രാഷ്ട്രീയത്തോട് വിടചൊല്ലാനും അകന്നുനില്‍ക്കാനും ജനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയെന്നും മതനിരപേക്ഷരാഷ്ട്രീയത്തിന് പതുക്കെയാണെങ്കിലും സ്വീകാര്യത ലഭിക്കുകയാണെന്നുമുള്ള സന്ദേശവും ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്നുണ്ട്.

വേങ്ങറ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചത് രാജ്യം ഭരിക്കുന്ന കക്ഷിക്കാണ്. ബി ജെ പിക്ക്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടി കേരളത്തിലും ഉയര്‍ത്താനുള്ള ചവിട്ടുപടിയാകുമെന്ന് കരുതിയ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല. വല്ലാതെ പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും 'ചുവപ്പ് ഭീകരത'യും'ജിഹാദ് ഭീകരത'യും മുദ്രാവാക്യമാക്കി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ജനരക്ഷായാത്ര നടത്തിയപ്പോള്‍ വേങ്ങര വഴിയും സഞ്ചരിച്ചു. കുറച്ചേറെ കേന്ദ്രമന്ത്രിമാരും വര്‍ഗായഭ്രാന്തനമാ#രും മലപ്പുറത്തിറങ്ങി. ബി ജെ പിയുടെ ജാഥയിലൂടെ വിഷം തുപ്പി. തുടര്‍ന്നാണ് ബി ജെ പി ദയനീയമായി തോറ്റത്. ആ തോല്‍വി കേരളത്തിന് അന്യമായ മുദ്രാവാക്യം ഉയര്‍ത്തിയതുകൊണ്ടുമാത്രമല്ല, അവര്‍ ഉയര്‍ത്തുന്ന വിദ്വേഷരാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ആ രാഷ്ട്രീയത്തിന് ഈ മണ്ണില്‍ സ്ഥാനമില്ലെന്നതിന്റെ വിളംബരം കൂടിയാണ് ബി ജെ പിയുടെ ദയനീയ പരാജയം. ബിജെപി സ്ഥാനാര്‍ഥി കെ ജനചന്ദ്രന് ആകെ ലഭിച്ചത് 5728 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 1329 വോട്ട് കുറഞ്ഞു. ബി ജെ പി സ്ഥാനാര്‍ഥിക്ക് നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മൂന്നാം സ്ഥാനത്തേക്ക് കയറിവന്നത് വര്‍ഗീയഭ്രാന്തന്‍മാരായ എസ് ഡി പി ഐയാണ്. അവരുടെ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന് 8648 വോട്ട് നേടാനായി. ഹിന്ദുതീവ്രവാദത്തിനൊപ്പം മുസ്‌ളിം തീവ്രവാദവും പതുക്കെയാണെങ്കിലും നാട്ടില്‍ സ്വാധീനം നേടുകയാണെന്ന് ഇത് തെളിയിക്കുന്നു. ആര്‍എസ്എസിനെപ്പോലെതന്നെ എസ്ഡിപിഐയുടെ രാഷ്ട്രീയത്തെയും ഇഴകീറി പരിശോധിക്കുകയും തുറന്നുകാണിക്കുകയും വേണം. അത് മതനിരപേക്ഷരാഷ്ട്രീയത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എസ് ഡി പി ഐ വര്‍ഗീയ ഭ്രാന്തിന് ഒരു ജനതയും അംഗീകാരം നല്‍കാന്‍ പാടില്ല. മുസ്ലീം ലീഗാവട്ടെ ഇത്തരത്തിലുള്ള ഭീകരവാദികളെ ചെറുക്കുമെന്ന് പറയുകയും അവരുടെ വര്‍ഗീയ ഭ്രാന്തിന് കുടപിടിച്ചുകൊടുക്കുകയും ചെയ്യും. ഇത് തിരിച്ചറിയാന്‍ മലപ്പുറത്തെ ജനങ്ങള്‍ക്ക് സാധിക്കുമ്പോള്‍ മുസ്ലീം ലീഗിന്റെ കൊടിപ്പത്തി മലപ്പുറത്ത് താഴുകതന്നെ ചെയ്യും.

23-Oct-2017

ഭാരതീയം മുന്‍ലക്കങ്ങളില്‍

More