കായിക കേരളത്തിന്റെ മരണമണി!

രണ്ടായിരത്തിലെ സ്‌പോര്‍ട്‌സ് ആക്ട് ഭേദഗതിചെയ്ത് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് കേരളത്തിന്റെ കായികമേഖലയുടെ ഉന്നമനത്തിനുവേണ്ടിയല്ല. ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പൂവണിയിക്കാന്‍ വേണ്ടി മാത്രമാണ്. ഈ ഓര്‍ഡിനന്‍സിലൂടെ പുതിയൊരു തട്ടിപ്പ് പ്രസ്ഥാനത്തിന് കൂടി സംസ്ഥാന സര്‍ക്കാര്‍ കളമൊരുക്കുകയാണ്. നാഷണല്‍ ഗെയിംസിന്റെ സംഘാടനത്തിലൂടെ കരിപുരണ്ട മുഖത്ത് ഇനി പ്രത്യേകിച്ചൊന്നും പുരളാനില്ല എന്ന തിരിച്ചറിവിന്റെ പുറത്താണ് ഈ നീക്കം. കേരളത്തിലെ എല്ലാ കായിക പ്രേമികളും ഇതിനെതിരായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു.

പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സുഖകരമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം പരസ്യപ്പെടുത്തി, ഉള്ളിലുള്ള ജനാധിപത്യവിരുദ്ധമായ രീതികളെല്ലാം ഒളിപ്പിച്ചുവെച്ച്, കരിനിയമങ്ങള്‍ നടപ്പിലാക്കുന്ന തന്ത്രം കോര്‍പ്പറേറ്റ് കമ്പനികളുടെ സ്വന്തമാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടായിരത്തിലെ സ്‌പോര്‍ട്‌സ് ആക്ട് അട്ടിമറിക്കാന്‍ അതേ തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇവര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്, സംസ്ഥാന സ്‌പോര്‍ട്‌സ് വികസന നിധി രൂപീകരിക്കുമെന്നാണ്. അതൊരു പുതിയ കാര്യമല്ല. നിലവിലുള്ള സ്‌പോര്‍ട്‌സ് ആക്ടില്‍ വികസന നിധിയുണ്ട്. ഉള്ള ഒരു കാര്യത്തെ വീണ്ടും കൊണ്ടുവരേണ്ടതുണ്ടോ? അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ പോരെ? അപ്പോള്‍ വികസന നിധിയല്ല പ്രശ്‌നം സ്‌പോര്‍ട്‌സ് ആക്ട് അട്ടിമറിക്കലാണ്. അതാണ് യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

രണ്ടായിരത്തിലെ സ്‌പോര്‍ട്‌സ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തത്രപ്പാടുപ്പെടുന്ന യു ഡി എഫ് സര്‍ക്കാര്‍, സംസ്ഥാന-ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഇല്ലാതാക്കി നോമിനേറ്റഡ് രീതി കൊണ്ടുവരികയാണ്. സര്‍ക്കാരിന് താല്‍പ്പര്യമുള്ളവരെ, കോഴകൊടുക്കാന്‍ തയ്യാറുള്ളവരെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് വരുത്താമെന്നുള്ള വ്യാമോഹമാണ് ഈ ഭേദഗതിക്ക് പിന്നിലുള്ളത്. സംസ്ഥാനത്ത് ദേശീയ ഗെയിംസ് സംഘടിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വിലാസത്തില്‍ നടത്തിയ പകല്‍ക്കൊള്ളയിലൂടെ പല അഴിമതിക്കാര്‍ക്കും വഴിവിട്ടരീതിയില്‍ ധനം സമ്പാദിക്കുന്നവര്‍ക്കും കായികമേഖലയോട് താല്‍പ്പര്യമുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ആള്‍ക്കാരെ നോമിനേറ്റ് ചെയ്യാനാണ് സ്‌പോര്‍ട്‌സ് ആക്ട് ധൃതിയില്‍ ഭേദഗതി ചെയ്യുന്നത്. ഇതിലൂടെ സ്‌പോര്‍ട്‌സ് ആക്ടിന്റെ ജനാധിപത്യ സ്വഭാവമാകെ അട്ടിമറിക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ട്രസ്റ്റ് ഉണ്ടാക്കുക എന്നതൊക്കെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. ട്രസ്റ്റിന് സ്വകാര്യസ്വഭാവമാണുള്ളത്. സ്‌പോര്‍ട്‌സ് മന്ത്രി ചെയര്‍മാനായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കണമെന്നാണ് ഓര്‍ഡിനന്‍സിലൂടെ വിഭാവനം ചെയ്യുന്നത്. കൂടാതെ, സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് ഉണ്ടാക്കുമെന്നും പറയുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ബോര്‍ഡിലും ട്രസ്റ്റിലുമൊക്കെ സ്വന്തക്കാരെ തിരുകി കയറ്റി കൊള്ള നടത്താന്‍ വേണ്ടിയുള്ളതാണ്.

സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കുറച്ചുകാലം കായികവകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നല്ലൊ. ആ സമയത്ത് ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ജനാധിപത്യ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹമന്ന് പറഞ്ഞു. പക്ഷെ, മുഖ്യമന്ത്രിയുടെ ആ വാക്കുകള്‍ക്ക് ഒരു വിലയുമില്ലെന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ നിന്നും മനസിലാവുന്നത്. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തി സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ജനാധിപത്യപരമായി പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാവുന്നില്ല. കോടതിയുടെ ഇടപെടലുകളിലൂടെയാണ് ഇന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നിലനില്‍ക്കുന്നത്. കോടതി നിര്‍ദേശം ഉണ്ടായിട്ടുകൂടി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാലാവധി കഴിഞ്ഞിട്ട് ഏറെ നാളുകളായി.

സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പിരിച്ചുവിട്ടാല്‍ അവിടെ നിലനില്‍ക്കുന്ന ജനാധിപത്യ അന്തരീക്ഷം ഇല്ലാതാവും. തങ്ങളുടെ നിയന്ത്രണത്തിലുചറച നോമിനേറ്റഡ് സ്‌പോര്‍ട്‌സ് കൗണ്‍സിലുണ്ടായാല്‍ ഇരുചെവിയറിയാതെ കുഭകോണങ്ങള്‍ നടത്താനാവും. ഇതിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ഓര്‍ഡിനന്‍സിറക്കാന്‍ ധൃതിപിടിക്കുന്നത്. കായികമേഖലയുമായി ബന്ധപ്പെടുന്ന ഒരു വ്യക്തിക്കും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയുകയില്ല. കായിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭത്തിലൊക്കെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള, തെരഞ്ഞെടുപ്പ് രീതി അവസാനിപ്പിക്കുന്ന നിര്‍ദേശത്തെ ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ യോഗങ്ങളില്‍ തലകുലുക്കിയെങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ ആ നിര്‍ദേശങ്ങളെ, അഭിപ്രായങ്ങളെ സര്‍ക്കാര്‍ അട്ടിമറിച്ചു.

എല്ലാ മാധ്യമങ്ങളിലൂടെയും എന്തോ നല്ല കാര്യം ചെയ്യാന്‍ പോകുന്നു എന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍, ഓര്‍ഡിനന്‍സ് വഴി ഉദ്ദേശിക്കുന്ന മോശമല്ലാത്ത ചില കാര്യങ്ങള്‍ വിളിച്ചുപറയുകയാണ് യു ഡി എഫ് സര്‍ക്കാര്‍. അതില്‍ പറയുന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും രണ്ടായിരത്തിലെ സ്‌പോര്‍ട്‌സ് ആക്ടിലുള്ളവയാണ്. പക്ഷെ, ഓര്‍ഡിനന്‍സിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്നത് വാര്‍ത്തകളിലൊന്നുമില്ല. അത്തരം കാര്യങ്ങള്‍ മറച്ചുവെച്ച് ജനങ്ങളെ വിഡ്ഡികളാക്കി ഓര്‍ഡിനന്‍സ് നടപ്പിലാക്കാമെന്നാണ് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണക്കുകൂട്ടുന്നുണ്ടാവുക.

കായികകേരളത്തിന് നിരവധി സംഭാവനകള്‍ ചെയ്ത ഗോദവര്‍മ്മ രാജ, 1954ല്‍11 കായിക സംഘടനകളുടെ യോഗം വിളിച്ചാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ചത്. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി മാറി. ടെന്നിസ്, ടേബിള്‍ ടെന്നിസ്, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഗോള്‍ഫ്, അക്വാട്ടിക്‌സ്, പര്‍വതാരോഹണം, ഹോക്കി, ഫ്‌ളയിങ് എന്നീ കായിക വിനോദ സംഘടനകളുടെയും അവയെ ഒരു കുടക്കീഴിലാക്കുന്ന കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്ന ഭരണ സംവിധാനത്തിന്റെയും സ്ഥാപകനായ അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷനുമായിരുന്നു. രാജകുടുംബത്തിലുള്ള ഗോദവര്‍മ രാജ മുന്നോട്ടുവെച്ച ജനാധിപത്യബോധം പോലും ജനാധിപത്യത്തിന്റെ അപോസ്തലനെന്ന് വീമ്പടിക്കുന്ന ഉമ്മന്‍ചാണ്ടി കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ് നോമിനേറ്റഡ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉണ്ടാക്കാനുള്ള ഓര്‍ഡിനന്‍സ്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് രണ്ടായിരത്തില്‍ രാജ്യത്ത് ആദ്യമായി ഒരു സ്‌പോര്‍ട്‌സ് ആക്ട് കേരളത്തില്‍ കൊണ്ടുവരുന്നത്. അത് അനുശാസിക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പക്ഷത്ത് നിന്ന് കായികകേരളം പടുത്തുയര്‍ത്തുക എന്നതാണ്. പ്രസ്തുത ആക്ട് അനുശാസിക്കുന്ന രീതിയില്‍ രൂപീകൃതമാവുന്ന കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ സര്‍ക്കാരിന്റെ ചില പ്രതിനിധികളെ കൂടി നോമിനേറ്റ് ചെയ്ത് ഉള്‍പ്പെടുത്തുന്നുമുണ്ട്. എഴുപതോളം അംഗങ്ങള്‍ കൗണ്‍സിലില്‍ ഉണ്ടാവും. ഇതില്‍ നിന്നാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത മെമ്പര്‍മാരുമാണ് തെരഞ്ഞെടുക്കുക. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുപ്പത്തിയഞ്ച് അസോസിയേഷനുകളാണ് ഉള്ളത്. അവയെ പ്രതിനിധീകരിച്ച് അഞ്ചുപേര്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലുണ്ടാവും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ഒരാള്‍ ഉണ്ടാവും. ഒരു വൈസ് പ്രസിഡന്റും ഉണ്ടാവും. കായിക മേഖലയിലെ പ്രഗത്ഭരായിട്ടുള്ള താരങ്ങളെയും സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തും. പ്രസിഡന്റിനെ ഈ കമ്മറ്റിയില്‍ നിന്ന് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഇവരെയെല്ലാം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൂടി ഇല്ലാതാക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ തങ്ങള്‍ നിശ്ചയിക്കുന്ന വ്യക്തികള്‍ ഉണ്ടായാല്‍ മതി എന്നാണ് ഇക്കൂട്ടരുടെ നയം. പതിറ്റാണ്ടുകളായി സ്‌പോര്‍ട്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്.

ജില്ലകളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും എക്‌സിക്യുട്ടീവ് കമ്മറ്റിയെയും ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുക്കാറ്. ഗസറ്റ്ഡ് ഓഫീസ് റാങ്കിലുള്ള ആളാണ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുക. ഈ പ്രക്രിയയും അവസാനിപ്പിക്കുകയാണ്. ഇനി ജില്ലാ കലക്ടറാവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്. ജില്ലാ വൈസ് പ്രസിഡന്റും എക്‌സിക്യുട്ടീവ് അംഗങ്ങളെയുമൊക്കെ നോമിനേറ്റ് ചെയ്യും. കേരളത്തിന്റെ കായിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ജനാധിപത്യ ധ്വംസനത്തിനാണ് ഇതിലൂടെ അരങ്ങൊരുങ്ങുന്നത്.

രണ്ടായിരത്തിലെ സ്‌പോര്‍ട്‌സ് ആക്ട് ഭേദഗതിചെയ്ത് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് കേരളത്തിന്റെ കായികമേഖലയുടെ ഉന്നമനത്തിനുവേണ്ടിയല്ല. ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പൂവണിയിക്കാന്‍ വേണ്ടി മാത്രമാണ്. ഈ ഓര്‍ഡിനന്‍സിലൂടെ പുതിയൊരു തട്ടിപ്പ് പ്രസ്ഥാനത്തിന് കൂടി സംസ്ഥാന സര്‍ക്കാര്‍ കളമൊരുക്കുകയാണ്. നാഷണല്‍ ഗെയിംസിന്റെ സംഘാടനത്തിലൂടെ കരിപുരണ്ട മുഖത്ത് ഇനി പ്രത്യേകിച്ചൊന്നും പുരളാനില്ല എന്ന തിരിച്ചറിവിന്റെ പുറത്താണ് ഈ നീക്കം. കേരളത്തിലെ എല്ലാ കായിക പ്രേമികളും ഇതിനെതിരായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു.

01-May-2015

കളി മൈതാനം മുന്‍ലക്കങ്ങളില്‍

More