പിന്നെ എന്തിന് പിന്നെയും?

ചുരുക്കത്തില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നിരാശയാണ് ഫലം. ഒപ്പം അടൂരിന് സംഭവിച്ച വീഴ്ചയും. ഒരു ദാര്‍ശനിക പ്രശ്നവും നമ്മെ പിന്‍തുടരുന്നില്ല. വീണ്ടും ചിന്തിപ്പിക്കുന്നുമില്ല. അടൂര്‍ തന്‍റെ ഇതുവരെയുള്ള നേട്ടങ്ങള്‍ ഒരു പഴയ കാറില്‍ ഇട്ട് കത്തിച്ചു  കളഞ്ഞതുപോലെ തോന്നി. ദു:ഖകരം! ചിത്രത്തിന്‍റെ പശ്ചാത്തലം, കഥ, കഥാപാത്രങ്ങള്‍, വിവരണ രീതി എന്നിങ്ങനെ ഒന്നില്‍ പോലും ‘അടൂറിസം’ കാണാനായില്ല. കഥാപാത്ര സൃഷ്ടി വളരെ ദുര്‍ബലം! കെപിഎസി ലളിതയുടെയും ഇന്ദ്രന്സിന്റെയും വേഷങ്ങള്‍ ഒഴികെ ഒരു കഥാപാത്രത്തിനെ പോലും സ്വാഭാവികമായി തോന്നിയില്ല.ചിത്രത്തിലെ നായിക ഏറെ നടക്കുന്നുവെങ്കിലും ഒപ്പം നടക്കുന്നതിന് ചിത്രം കണ്ടിരിക്കുന്ന ഒരു പ്രേക്ഷകന് പോലും തോന്നുന്നില്ല. അവര്‍ നടക്കട്ടെ., നിര്‍ത്തുമ്പോള്‍ നിര്‍ത്തട്ടെ. എന്നാണ് എല്ലാവര്‍ക്കും  തോന്നിയത്. അടൂര്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെയും പരിസരത്തിന്‍റെയും ജൈവികത ചിത്രത്തില്‍ ആരിലും ഒരിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. വ്യക്തിത്വവും സ്വത്വവും ഇല്ലാതെ കേവലമായി അലഞ്ഞു നടക്കുന്ന കഥാപാത്രങ്ങള്‍. ശിശു സഹജമായ ലാഘവത്തോടെയുള്ള കൃത്രിമത്വം മൊത്തം സാഹചര്യത്തിലും കഥാപാത്രങ്ങളിലും ചിത്രത്തിന്‍റെ വികസനത്തിലും ആകെ നിലനില്‍ക്കുന്നു. അടൂര്‍ ചിത്രങ്ങളുടെ സ്വാഭാവിക ഒഴുക്കും അത് പ്രദാനം ചെയ്യാറുള്ള സുഖവും പിന്നെയും തരുന്നില്ല. അവിടെ അവിടെ ചില രംഗങ്ങളില്‍  കേവലമായ നാടകീയത മുഴച്ച് നില്‍ക്കുന്നു. ആര്‍ദ്രമായ പശ്ചാത്തല സംഗീതം ശ്രദ്ധേയമാണ്.

അടൂർ നമ്മുടെ അഭിമാനമാണ്. ലോകസിനിമക്ക് ഇന്ത്യയുടെ സംഭാവന. മലയാളിയുടെ സ്വകാര്യ സ്വത്തും. പക്ഷെ, ‘പിന്നെയും’ വേണ്ടിയിരുന്നില്ല. പിന്നെയും കണ്ടിറങ്ങിയ ഒരു അടൂര്‍ അഭ്യൂദയകാംക്ഷിയുടെ മനസിലെ ഗദ്ഗദമാണിത്.

സ്വയംവരം മുതൽ അടൂരിന്‍റെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഗൗരവത്തോടെ കാണുകയും ഇപ്പോഴും വിശകലനം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന വലിയ ഒരു പ്രേക്ഷകവൃന്ദം ഇവിടെ ഉണ്ട്. കേരളത്തില്‍ പ്രത്യേകിച്ചും. സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും മുഖാമുഖവും കഥാപുരുഷനും അനന്തരവും മതിലുകളും വിധേയനും നാല് പെണ്ണുങ്ങളും ഒക്കെ എത്ര മഹത്തായ ചിത്രങ്ങളാണ്. ചരിത്രത്തില്‍ രക്തസാക്ഷിത്വത്തിന്റെ സവിശേഷവും അനിവാര്യവുമായ ദിശാസന്ധി രൂപപ്പെടുന്നത്, വിദ്യാര്‍ത്ഥിക്കാലത്ത് മുഖാമുഖത്തില്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു. അക്കാലത്ത് ക്യാമ്പസില്‍ തന്നെ ഒരു “സഖാവ് ശ്രീധരന്‍” ഉണ്ടായിരുന്നു. നാട്ടിന്‍ പുറത്തെ പ്രേതദര്‍ശന സങ്കല്പത്തെ എത്ര ലളിതവും സ്വാഭാവികവുമായാണ് അനന്തരത്തിലെ കുശ്നിക്കാര്‍, കേന്ദ്ര കഥാപാത്രമായ ബാലന് പറഞ്ഞുകൊടുക്കുന്നത്? ആരെയും തൊടാതെയും ഉപദ്രവിക്കാതെയും സന്ധിചെയ്യുന്ന കഥാപുരുഷന്‍. അങ്ങിനെ ഓരോ ചിത്രങ്ങളും വീണ്ടും വീണ്ടും കാണുമ്പോൾ കൂടുതൽ കൂടുതല്‍ അർത്ഥതലങ്ങൾ അനാവരണം ചെയ്യപ്പെടുന്ന അനുഭവങ്ങള്. കാലദേശങ്ങളെ അതിജീവിക്കുന്ന ദാര്‍ശനിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തവ. അവ ടിവിയില്‍ വന്നാല്‍ ഇപ്പോഴും വീണ്ടും വീണ്ടും കാണുന്നവര്‍ നിരവധി. അടൂരിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നവർ എത്രയോപേര്‍! എന്നാൽ, മഹാനായ അടൂർ തന്റെ പുതിയ ചിത്രത്തിലൂടെ അവരെ മുഴുവൻ ദു:ഖത്തിലും നിരാശയിലും ആഴ്ത്തിയിരിക്കുന്നു.

‘പിന്നെയും’ കണ്ടിറങ്ങിയവർക്ക് ഒരേ പോലെ മനസിൽ തോന്നി ‘പിന്നെയും’ വേണ്ടിയിരുന്നില്ല എന്ന്‍. ഒരു ദൃശ്യാനുഭവവും നമ്മെ പിന്തുടരുന്നില്ല. ഗഹനമായ ഒരു ചിന്തയും ‘പിന്നെയും’ അനിവാര്യമാക്കുന്നില്ല. കഷ്ടമായിപ്പോയി. അടൂർ നമ്മുടെ ചലച്ചിത്ര മേഖലയിൽ എന്നും ഓർമ്മിക്കപ്പെടാൻ അദ്ദേഹത്തിന്‍റെ ഇതേ വരെയുള്ള ചിത്രങ്ങൾ തന്നെ ധാരാളം. പിന്നെ എന്തിന് ‘പിന്നെയും’?

ഗൾഫിൽ പോകാൻ ലഭിച്ച അവസരത്തെ ഹീനമായ വഴിയിലൂടെ ഇൻഷുറൻസ് പണം തട്ടിയെടുത്ത് കോടീശ്വരനായി തീരുന്നതിന് ഉപയോഗിക്കുവാന്‍ പുരുഷോത്തമൻ നായർ ശ്രമിക്കുന്നു. നാട്ടില്‍ തൊഴിലില്ലാതെ നടന്നതിന്റെ അപകര്‍ഷതാബോധം ഉണ്ടായിരുന്നതൊഴിച്ചാല്‍ മൃദുഭാഷിയായ പുരുഷോത്തമനില്‍ അധമവ്യക്തിത്വത്തിന്‍റെ അംശങ്ങള്‍ കുടിക്കൊണ്ടിരുന്നതായി പ്രേക്ഷകന് അതേവരെ തോന്നിയിരുന്നില്ല. തന്‍റെ പൂര്‍വ്വ കാമുകി കൂടിയായ ഭാര്യയുടെ മുഖം ഒന്ന് കറുത്താല്‍ കൂടി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ദുര്‍ബലന്‍ കൂടിയാണ് അയാള്‍.  പിന്നെ എങ്ങിനെയാണ് ഇന്‍ഷുറന്‍സ് പണത്തിനായി താന്‍ മരിച്ചുപോയെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനായി ഒരു ശവം കണ്ടെത്തി തന്‍റെ കാറിനൊപ്പം കത്തിക്കാന്‍ അയാള്‍ക്ക് തോന്നിയത്? കേവലമായ കൊലപാതകത്തേക്കാള്‍ സങ്കീര്‍ണമായ ഒരു കുറ്റകൃത്യം! ഒരാളെ കണ്ടെത്തി കൊല്ലുകയും പിന്നീട് അത് സ്വന്തം കാറിലിട്ട് കത്തിക്കുകയും ചെയ്യുക! കടുത്ത മാനസിക ഊര്‍ജ്ജം ആവശ്യമായ കുറ്റകൃത്യം! നല്ല ഒത്ത ഒരു ക്രിമിനലിന് മാത്രം ചെയ്യാന്‍ കഴിയുന്ന ഇത്തരമൊരു സങ്കീര്‍ണ കുറ്റകൃത്യത്തിന്‌ അയാള്‍ തയ്യാറാകുന്നതിന്റെ സാഹചര്യം പ്രേക്ഷകനെ അനുഭവിപ്പിക്കുന്നതിന് അടൂരിന് കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് നല്ല ഒരു തൊഴില്‍ കിട്ടിയ സാഹചര്യത്തില്‍ എന്തുകൊണ്ടിങ്ങനെ? തന്‍റെ ഈ ഉദ്യമത്തെ കേവലമായി അവതരിപ്പിച്ച് ഭാര്യയിൽ നിന്ന് മൗനസമ്മതം നേടുന്നു!അതിശയകരം!

നല്ല ദൈവഭയം ഉള്ള ഒരു സ്കൂള്‍ അധ്യാപികയും സാധുവുമായ ഭാര്യ എന്തുകൊണ്ട് അയാളെ പിന്തിരിപ്പിക്കുന്നില്ല? കുടുബത്തിലെ മുഴുവന്‍ സാഹചര്യത്തിലും തന്‍റെ പൂര്‍വ്വകാമുകനിലും നല്ല നിയന്ത്രണമുള്ള അവര്‍ക്ക് അയാളെ പിന്‍തിരിപ്പിക്കുവാന്‍ ശരിക്കും കഴിയുമായിരുന്നുവെന്നതാണ് ചിത്രത്തിന്‍റെ അതെവരെയുള്ള ഗതി നമ്മളെ തോന്നിപ്പിക്കുന്നത്. “ഞാന്‍ ഈ കുറ്റകൃത്യത്തിന് കൂടെ നിലക്കില്ല” എന്ന് ഭാര്യ അസന്നിഗ്ധമായി പറഞ്ഞിരുന്നെങ്കില്‍ ദുര്‍ബലനായ അയാള്‍ പിന്മാറുമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. അടുത്തതായി ഭാര്യാ പിതാവിനോടും ബന്ധുവിനോടും തന്‍റെ പുതിയ ഉദ്യമവും അതിന് വേണ്ടതായ ഹീനമാര്‍ഗ്ഗവും അവതരിപ്പിച്ച് അവരെയും ഒപ്പം കൂട്ടി ഒരു 'തെണ്ടി'യുടെ ശവത്തിനായി  രാത്രിയിൽ തന്‍റെ പഴയകാറില്‍ ഇറങ്ങി പുറപ്പെടുന്നു.

കുടുബത്തിനുളളിൽ ഒരു കല്യാണ ആലോചനയുടെ ഘട്ടത്തില്‍ നടക്കാറുള്ള തര്‍ക്കം പോലും ഇല്ലാതെയാണ്പുരുഷോത്തമന്‍റെ ഉദ്യമത്തിന്‌ വൃദ്ധന്മാരായ അവര്‍ നല്ല സമ്മതത്തോടെ ഒപ്പം കൂടിയത്. ദീർഘകാലത്തെ അധ്യാപന തൊഴിലിന് ശേഷം  ഹെഡ്മാസ്ടര്‍ ആയി റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന ഭാര്യാപിതാവും  ബന്ധുവായ റിട്ട:കേണലും ഇത്തരത്തിൽ സങ്കീര്‍ണമായ ഒരു ഹീനകൃത്യത്തിന് പുരുഷോത്തമനൊപ്പംഒപ്പം കൂടിയത് തികച്ചും  അസ്വാഭാവികമായി തോന്നി. അതേവരെ തൊഴിൽരഹിതനായ പുരുഷോത്തമനെ അത്യാവശ്യം കൗൺസിലിങ് ചെയ്തതല്ലാതെ ഈ രണ്ട് വൃദ്ധന്മാരിലും അധമവികാരത്തിന്റെ ഒരു അംശം പോലും ചിത്രത്തിലൂടെ അതുവരെ ദർശിക്കാൻ നമുക്ക് കഴിഞ്ഞില്ല.  പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ ജീവിതത്തിന്റെ സായാഹ്നഘട്ടത്തില്‍ ഒരാളെ കൊന്ന് കത്തിച്ച് കളയുന്ന സങ്കീര്‍ണ കൃത്യത്തിന് പുരുഷോത്തമനൊപ്പം കാറില്‍ പുറപ്പെട്ടത്? ചോദ്യങ്ങള്‍ ഇങ്ങിനെ നിരവധി പിന്നെയും പിന്നെയും നീളുന്നു. എന്നാല്‍ ഒരു ചോദ്യത്തിനും ഉത്തരം ‘പിന്നെയും’ തരുന്നില്ല.

കഥ പറയല്‍ തുടരുന്നു. പുരുഷോത്തമന്റെ കാറിനൊപ്പം പുരുഷോത്തമനെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കത്തിക്കുന്നതിന് ഒരു ശവം വേണം. അതിശയകരമെന്ന് പറയട്ടെ ഒരു ശവത്തിനായി മുക്കിലെ 'തെണ്ടി' യുടെ ജീവച്ഛവത്തെപ്പറ്റി ആദ്യം ഓര്‍മ്മിപ്പിച്ചത് റിട്ടയേര്‍ഡ് ഹെഡ്മാസ്ടര്‍ പപ്പുപിള്ള സാറായിരുന്നു. അങ്ങിനെ അവര്‍ രാത്രിയില്‍ പുറപ്പെട്ടെങ്കിലും മുക്കിലെത്തിയപ്പോള്‍ ജീവച്ഛവം തന്‍റെ ജീവനും കൊണ്ട് രക്ഷപ്പെട്ടു! രാത്രിവൈകി മദ്യം തീര്‍ന്നുപോകുമ്പോള്‍ അതിനായി അലയുന്ന മധ്യവര്‍ഗ്ഗ ചേഷ്ടകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അവരുടെ ഓട്ടം. ഒടുവില്‍ ഒരു പാവത്തിനെ അവര്‍ കാറില്‍ കയറ്റി കൊന്ന് കാറിനൊപ്പം കത്തിച്ച ശേഷം ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം ഭാര്യയടക്കമുള്ള കുടുബാംഗങ്ങളെല്ലാവരും കൂടി ഒരു മരണ വീടിന്‍റെ തോന്നല്‍ സൃഷ്ടിക്കുന്നു. അതിശയകരം! എന്നാല്‍ കാറിനൊപ്പം കത്തി മരിച്ചത് പുരുഷോത്തമന്‍ അല്ലെന്ന് ആദ്യഘട്ടത്തില്‍ തന്നെ വെളിവാകുന്നു. പപ്പു പിള്ള സാറും കേണലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ പുരുഷോത്തമന്‍ തന്‍റെ ആദ്യ പ്ലാന്‍ അനുസരിച്ച് തന്നെ മുന്നോട്ട് പോകുന്നു. പ്ലാസ്ടിക് സര്‍ജറിയിലൂടെ ആള്‍ മാറാട്ടം നടത്തി 17 വര്‍ഷത്തിനു ശേഷം ഒരു രാത്രിയില്‍ തന്‍റെ ഭാര്യയെ സമീപിക്കുന്നു. എന്നാല്‍, വേറെ ഏതെങ്കിലും രാജ്യത്ത് പോയി സുഖമായി ജീവിക്കുന്നതിന്‌ അവര്‍ വഴങ്ങുന്നില്ല. ഇത് മാത്രമാണ് ചിത്രത്തിലെ സാഹചര്യത്തിന് അനുസൃതമായ ഒരു രംഗം. അങ്ങിനെ അയാള്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ സ്വയം ജീവനൊടുക്കുന്നു. കഷ്ടം!

സങ്കീര്‍ണമായ ഒരു കൊലപാതകത്തിലേക്ക് പോകേണ്ടി വരുന്ന കഥാപരിസരമോ പാത്രസൃഷ്ടിയോ പിന്നെയും നമുക്ക് കാട്ടി തരുന്നില്ല. തങ്ങളുടെ കാര്യസാധ്യത്തിനായി ഒരാളെ കൊന്ന് കത്തിക്കുന്നതിന് ഫ്യൂഡല്‍ പാരമ്പര്യമുള്ള ഒരു കുടുംബം ഒന്നടങ്കം തീരുമാനിക്കുന്നു! തെണ്ടികളെ തേടി കിട്ടാതെ അലയുന്ന സാഹചര്യത്തില്‍ നമുക്ക് ഇത് വേണ്ട.. തിരികെ പോകാമെന്ന് പപ്പു പിള്ള സാറ് പോലും പറയുന്നില്ല. അതിശയകരം! ആരും ആരെയും പിന്‍തിരിപ്പിക്കുന്നില്ല. എല്ലാവരും വിദ്യാഭ്യാസമുള്ളവരായിട്ടു കൂടി ആരും നമ്മള്‍ പിടിക്കപ്പെടുമെന്ന സ്വാഭാവികമായ വാദം ഒരു ഘട്ടത്തിലും ഉയര്‍ത്തുന്നില്ല. ഏറ്റവും അയുക്തിപരം!പുരുഷോത്തമനേക്കാള്‍ കുടുംബാംഗങ്ങള്‍ക്കായിരുന്നു ഇതില്‍ കൂടുതല്‍ താല്‍പ്പര്യം എന്ന് നമ്മള്‍ ചിന്തിക്കണമോ? എന്നാല്‍ അതിനും അടൂര്‍ നമ്മെ പ്രേരിപ്പിക്കുന്നില്ല. ഭാര്യയുടേത് അടക്കം ഉള്ള മരണവീട്ടിലെ രംഗങ്ങള്‍ വളരെ ഉപരിപ്ലവമായി, അതിശയകരമായി തോന്നിപ്പിക്കുന്നു. കുടുബത്തിലെ ഒരംഗം കേവലമായി സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ സ്വാഭാവികമായി എടുത്തുചാടി ചെയ്തുപോകുന്ന ഒരു കുറ്റകൃത്യമല്ലല്ലോ ഇത്. കുടുംബം ഒന്നടങ്കം ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ പങ്കാളികള്‍! എല്ലാവരും കുടുബത്തോടെ ക്രിമിനലുകളോ? എങ്കില്‍ അങ്ങിനെ നമ്മെ ചിന്തിപ്പിക്കാനും അനുഭവിക്കാനും ആരും മിനക്കെടുന്നില്ല. ഇത് തന്നെയാണ്ചിത്രത്തില്‍ ഏറ്റവും അസ്വാഭാവികമായി തോന്നുന്നത്. ചിത്രത്തിന്‍റെ പരാജയവും. അധമചിന്തയും അതിന്‍റെ തനതായ സ്വഭാവരീതികളും വിധേയനില്‍ എത്ര നന്നായി ആഴത്തില്‍ നമ്മള്‍ കണ്ടു. ഗൌരവമേറിയ ചിത്രങ്ങള്‍ കാണാന്‍ മലയാളിയെ പഠിപ്പിച്ച അടൂര്‍ തന്‍റെ പുതിയ ചിത്രത്തില്‍ ഗഹനമായ ഒരു ദാര്‍ശനിക ചിന്തയിലേക്കും നമ്മെ തള്ളിവിടുന്നില്ല. കടുത്ത ഒരു മാനസിക വ്യാപാരത്തിന്റെയും യുക്തിയുടെയും ആവശ്യമില്ലാതെ ഉപരിപ്ലവമായി കണ്ടുപോകാവുന്ന ഒരു കേവല ചിത്രം മാത്രമാണ് പിന്നെയും എന്ന് പറയേണ്ടിവരുന്നതില്‍ ദു;ഖമുണ്ട്. എന്നാല്‍ സാധാരണ ചിത്രങ്ങളുടെ സുഖവും പിന്നെയും തരുന്നില്ല.

ചുരുക്കത്തില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നിരാശയാണ് ഫലം. ഒപ്പം അടൂരിന് സംഭവിച്ച വീഴ്ചയും. ഒരു ദാര്‍ശനിക പ്രശ്നവും നമ്മെ പിന്‍തുടരുന്നില്ല. വീണ്ടും ചിന്തിപ്പിക്കുന്നുമില്ല. അടൂര്‍ തന്‍റെ ഇതുവരെയുള്ള നേട്ടങ്ങള്‍ ഒരു പഴയ കാറില്‍ ഇട്ട് കത്തിച്ചു  കളഞ്ഞതുപോലെ തോന്നി. ദു:ഖകരം! ചിത്രത്തിന്‍റെ പശ്ചാത്തലം, കഥ, കഥാപാത്രങ്ങള്‍, വിവരണ രീതി എന്നിങ്ങനെ ഒന്നില്‍ പോലും ‘അടൂറിസം’ കാണാനായില്ല. കഥാപാത്ര സൃഷ്ടി വളരെ ദുര്‍ബലം! കെപിഎസി ലളിതയുടെയും ഇന്ദ്രന്സിന്റെയും വേഷങ്ങള്‍ ഒഴികെ ഒരു കഥാപാത്രത്തിനെ പോലും സ്വാഭാവികമായി തോന്നിയില്ല.ചിത്രത്തിലെ നായിക ഏറെ നടക്കുന്നുവെങ്കിലും ഒപ്പം നടക്കുന്നതിന് ചിത്രം കണ്ടിരിക്കുന്ന ഒരു പ്രേക്ഷകന് പോലും തോന്നുന്നില്ല. അവര്‍ നടക്കട്ടെ., നിര്‍ത്തുമ്പോള്‍ നിര്‍ത്തട്ടെ. എന്നാണ് എല്ലാവര്‍ക്കും  തോന്നിയത്. അടൂര്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെയും പരിസരത്തിന്‍റെയും ജൈവികത ചിത്രത്തില്‍ ആരിലും ഒരിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. വ്യക്തിത്വവും സ്വത്വവും ഇല്ലാതെ കേവലമായി അലഞ്ഞു നടക്കുന്ന കഥാപാത്രങ്ങള്‍. ശിശു സഹജമായ ലാഘവത്തോടെയുള്ള കൃത്രിമത്വം മൊത്തം സാഹചര്യത്തിലും കഥാപാത്രങ്ങളിലും ചിത്രത്തിന്‍റെ വികസനത്തിലും ആകെ നിലനില്‍ക്കുന്നു. അടൂര്‍ ചിത്രങ്ങളുടെ സ്വാഭാവിക ഒഴുക്കും അത് പ്രദാനം ചെയ്യാറുള്ള സുഖവും പിന്നെയും തരുന്നില്ല. അവിടെ അവിടെ ചില രംഗങ്ങളില്‍  കേവലമായ നാടകീയത മുഴച്ച് നില്‍ക്കുന്നു. ആര്‍ദ്രമായ പശ്ചാത്തല സംഗീതം ശ്രദ്ധേയമാണ്.

പിന്നെയും കണ്ടിറങ്ങിയപ്പോള്‍ തോന്നിയ വികാരങ്ങളാണ് ഇവിടെ കുറിച്ചത്. എന്നാല്‍ ലേഖകന്‍ അടൂര്‍ ചിതങ്ങളെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ഒരാള്‍ അല്ല. അടൂരിന്‍റെ മുഴുവന്‍ ചിത്രങ്ങളും കണ്ട് രസിച്ചിട്ടുള്ളഒരു പ്രേക്ഷകന്‍ ആണെന്നത് മാത്രമാണ് ഈ കുറിപ്പ് എഴുതുന്നതിനുള്ള ഏക യോഗ്യത. 

17-Sep-2016

കാഴ്ച മുന്‍ലക്കങ്ങളില്‍

More