മരണവ്യാപാരിയുടെ ഭരണത്തില്‍

രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ ദുരന്തമാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഭവിച്ചത്. 75 കുഞ്ഞുങ്ങള്‍ മരിച്ചു. ഇങ്ങനെ കുരുന്നുകളുടെ കൊലക്കളമായി ഒരു സര്‍ക്കാര്‍ ആശുപത്രി 70 വര്‍ഷത്തെ സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മാറിയതാണ് മോഡിഭരണത്തിന്റെ 'നേട്ടം'. ആശുപത്രികളില്‍ മരണമുണ്ടാകും. പക്ഷേ, അത്യാഹിതവിഭാഗത്തിലും തീവ്രപരിചരണയൂണിറ്റിലും ഓക്സിന്‍ കിട്ടാത്തത് കാരണം കൂട്ടമരണമുണ്ടാകുന്നത് കുറ്റകരമായ കൃത്യമാണ്. ഇവിടെയാണ് കേന്ദ്ര- സംസ്ഥാന ഭരണങ്ങളുടെ വീഴ്ച. പ്രധാനമന്ത്രി ലോക്സഭയെ പ്രതിനിധാനം ചെയ്യുന്നത് യുപിയിലെ വാരാണസിയെയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലമാണ് ഗോരഖ്പുര്‍. അഞ്ചുതവണ ഇവിടെനിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. പക്ഷേ, കിഴക്കന്‍ യുപിയില്‍ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇവിടെയാണ്. അത് പരിഹരിക്കാന്‍ കഴിയാതിരിക്കെയാണ് ഭരണാധികാരികളുടെയും അധികൃതരുടെയും അനാസ്ഥയും പിഴവുംകൊണ്ട് കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്യ്രദിനപ്രസംഗം കേവലം മേനിപറച്ചില്‍ മാത്രമായി. 'പുതിയ ഇന്ത്യ' എന്ന സ്വപ്നമാണ് അദ്ദേഹം 125 കോടി ജനങ്ങള്‍ക്കുമുന്നില്‍ വീണ്ടും അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ 'തിളങ്ങുന്ന ഇന്ത്യ'യുടെ ബാക്കിപത്രമാണ് പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച ഗോരഖ്പുര്‍ ദുരന്തം. രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ ദുരന്തമാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഭവിച്ചത്. 75 കുഞ്ഞുങ്ങള്‍ മരിച്ചു. ഇങ്ങനെ കുരുന്നുകളുടെ കൊലക്കളമായി ഒരു സര്‍ക്കാര്‍ ആശുപത്രി 70 വര്‍ഷത്തെ സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മാറിയതാണ് മോഡിഭരണത്തിന്റെ 'നേട്ടം'.

ആശുപത്രികളില്‍ മരണമുണ്ടാകും. പക്ഷേ, അത്യാഹിതവിഭാഗത്തിലും തീവ്രപരിചരണയൂണിറ്റിലും ഓക്സിന്‍ കിട്ടാത്തത് കാരണം കൂട്ടമരണമുണ്ടാകുന്നത് കുറ്റകരമായ കൃത്യമാണ്. ഇവിടെയാണ് കേന്ദ്ര- സംസ്ഥാന ഭരണങ്ങളുടെ വീഴ്ച. പ്രധാനമന്ത്രി ലോക്സഭയെ പ്രതിനിധാനം ചെയ്യുന്നത് യുപിയിലെ വാരാണസിയെയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലമാണ് ഗോരഖ്പുര്‍. അഞ്ചുതവണ ഇവിടെനിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. പക്ഷേ, കിഴക്കന്‍ യുപിയില്‍ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇവിടെയാണ്. അത് പരിഹരിക്കാന്‍ കഴിയാതിരിക്കെയാണ് ഭരണാധികാരികളുടെയും അധികൃതരുടെയും അനാസ്ഥയും പിഴവുംകൊണ്ട് കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി ഉണ്ടായിരിക്കുന്നത്.
 
വ്യക്തിവിരോധത്തിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനെതന്നെ കേന്ദ്ര ധന- രാജ്യരക്ഷാമന്ത്രിയെ ഇവിടേക്ക് അയച്ചതടക്കമുള്ള നടപടി സ്വീകരിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ഗോരഖ്പുരില്‍ ശിശുമരണം തടയാന്‍, സമയത്ത് ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ യുപിയെ പ്രതിനിധാനം ചെയ്ത് ലോക്സഭയിലെത്തിയ പ്രധാനമന്ത്രിക്ക് ഇടപെടാമായിരുന്നല്ലോ. മരണശേഷം കുഞ്ഞുങ്ങളെയും മാറോട് ചേര്‍ത്തുപിടിച്ച് അമ്മമാരും ബന്ധുക്കളും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമാണ് മൃതദേഹങ്ങളുമായി പാഞ്ഞത്. ആംബുലന്‍സുപോലും ലഭ്യമാക്കാന്‍ കഴിയാത്തവിധം ഭരണം സമ്പൂര്‍ണമായി പരാജയപ്പെട്ടു. ഇങ്ങനെയെല്ലാം എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ചോദിക്കാന്‍ ഏതൊരു പൌരനും അവകാശമുണ്ട്.

ഗോരഖ്പുര്‍ദുരന്തമുണ്ടായി നാലുദിവസംവരെ മിണ്ടാതിരുന്ന മോഡി അക്കാര്യത്തെപ്പറ്റി ശബ്ദിച്ചത് സ്വാതന്ത്യ്രദിനപ്രസംഗത്തിലാണ്. പക്ഷേ, സംസാരിച്ചതാകട്ടെ സംഭവത്തിന്റെ ഗൌരവത്തെ ചോര്‍ത്തുന്നവിധത്തിലായിരുന്നുതാനും. കുഞ്ഞുങ്ങളുടെ മരണത്തെ പ്രകൃതിദുരന്തവുമായി താരതമ്യപ്പെടുത്തിയത് മനുഷ്യത്വരാഹിത്യമാണ്. ചെങ്കോട്ടയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ ചൊരിഞ്ഞ വാഗ്ദാനങ്ങള്‍ മോഡി പാലിച്ചിട്ടില്ല. വര്‍ഷാവര്‍ഷം രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം വെള്ളത്തില്‍ വരച്ച വരയായി. തൊഴിലില്ലായ്മ, ദാരിദ്യ്രം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം എന്നിവ വര്‍ധിച്ചു. കര്‍ഷക ആത്മഹത്യ കൂടി. വിലക്കയറ്റം നിത്യപ്രതിഭാസമായി. അതെല്ലാം മറച്ചുപിടിച്ചാണ് 'പുത്തന്‍ ഇന്ത്യ' എന്ന മേനിയടിക്കല്‍ മോഡി ആവര്‍ത്തിക്കുന്നത്. നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും പേരില്‍ മേനിനടിക്കുന്ന പ്രധാനമന്ത്രി ഈ പരിഷ്കാരങ്ങളുടെ ഫലമായി ജനം നേരിട്ടതും നേരിടുന്നതുമായ ദുരന്തം ചെറുതല്ലെന്ന് മനസ്സിലാക്കണം. കള്ളപ്പണത്തിനെതിരായ പോരാട്ടവീരനായി സ്വയം നടിക്കുന്ന മോഡി എന്തുകൊണ്ട് മൂന്നുവര്‍ഷമായിട്ടും ലോക്പാലിനെ നിയമിച്ചില്ലെന്ന് വിശദീകരിക്കണം. രാജ്യത്തെ വിവരാവകാശനിയമങ്ങളിലും അഴിമതിവിരുദ്ധനിയമങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ വെള്ളംചേര്‍ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

കശ്മീരികളെക്കുറിച്ച് മോഡി വാചാലനാണ്. പക്ഷേ, സംഘര്‍ഷം നേരിടാന്‍ സൈനിക നടപടിയെമാത്രം ആശ്രയിക്കുന്ന ഭരണാധികാരിയാണ് മോഡി. കശ്മീര്‍പ്രശ്നത്തെ കൂടുതല്‍ വര്‍ഗീകരിച്ച് മുസ്ളിംവിരുദ്ധതയും പാകിസ്ഥാന്‍വിരുദ്ധതയും ദേശത്തിന്റെ ഇതരഭാഗങ്ങളില്‍ വിറ്റ് വോട്ട് സമ്പാദിക്കുന്ന കഴുകന്‍കണ്ണുകളുടെ ഉടമകളാണ് മോഡിയും കൂട്ടരും. മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ സ്വീകാര്യമല്ലെന്ന മോഡിയുടെ സുഭാഷിതം വെറും വാചകമടിയാണ്. ആള്‍ക്കൂട്ട അക്രമങ്ങള്‍ രാജ്യത്ത് പെരുകി. പശുവിന്റെ പേരില്‍ രാജ്യത്ത് 29 പേരെയാണ് അതിക്രൂരമായി അടിച്ചും ചതച്ചും കൊന്നത്. 28 പേരെ കൊന്നശേഷമാണ് പ്രധാനമന്ത്രി ആ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍, ആള്‍ക്കൂട്ട ആക്രമണം നന്നല്ലെന്ന് മോഡി പറഞ്ഞതിനുപിന്നാലെ ഇരുപത്തൊമ്പതാമത്തെ ആളെയും കൊലപ്പെടുത്തി. കൊലപ്പെടുത്തുന്നത് മൊബൈലില്‍ പകര്‍ത്തി ആഘോഷിക്കുകയും ചെയ്തു. ഹിന്ദുത്വവര്‍ഗീയതയെ പിടിച്ചുകെട്ടാനും മതഭ്രാന്തില്ലാതാക്കാനും കഴിയണം. ആര്‍എസ്എസിനെയും ബിജെപിയെയും ഇക്കാര്യത്തില്‍ തളയ്ക്കുകയാണ് ആവശ്യം. അത് ചെയ്യാതെ മോഡി നടത്തുന്ന വാചകമടി ഭംഗിവാക്കുമാത്രമാണ്.

സ്വാതന്ത്യ്രസമരത്തെയും സേനാനികളെയും വാഴ്ത്തി മോഡി സംസാരിച്ചു. ഇത് കേട്ടാല്‍ സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യംപേറുന്ന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് മോഡിയെന്ന് ചരിത്രം പഠിക്കാത്ത പുതുതലമുറക്കാര്‍ തെറ്റിദ്ധരിച്ചേക്കാം. സ്വാതന്ത്യ്രസമരത്തില്‍ പങ്കാളിത്തം പുലര്‍ത്താത്ത, നിസ്സംഗത കാട്ടിയ പ്രസ്ഥാനമാണ് ആര്‍എസ്എസും ഹിന്ദുമഹാസഭയും. ബ്രിട്ടീഷ് വിരോധത്തിനുപകരം മുസ്ളിംവിദ്വേഷം പടര്‍ത്താനാണ് രാഷ്ട്രീയ സ്വയംസേവക് സംഘം ശ്രമിച്ചത്. സ്വാതന്ത്യ്രസമരത്തെ ബഹിഷ്കരിക്കുകമാത്രമല്ല, പലപ്പോഴും എതിര്‍ക്കുകയും ചെയ്തു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള വ്യഗ്രത കാരണം സംഘം പ്രവര്‍ത്തകര്‍ ഫലത്തില്‍ ബ്രിട്ടീഷുകാരുടെ മിത്രങ്ങളായി എന്ന് നാനാജി ദേശ്മുഖിനെപ്പോലുള്ള ആര്‍എസ്എസ് നേതാക്കള്‍പോലും സമ്മതിച്ചിട്ടുണ്ട്. സ്വതന്ത്രഭാരതം മതേതര ജനാധിപത്യ റിപ്പബ്ളിക്കായിരിക്കുമെന്ന് 1931ലെ കറാച്ചി കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പം പുഷ്പിതമാക്കാന്‍ വേറെ വഴിതേടാന്‍ നിശ്ചയിച്ചു. ഈ വഴിതെറ്റിയ ചിന്തയുടെ പര്യവസാനമായിരുന്നു രാമഭക്തനായ മഹാത്മാഗാന്ധിയുടെ വധം. ഇതിന്റെ തുടര്‍ച്ചയാണ് 1992 ഡിസംബര്‍ ആറിലെ ബാബ്റി മസ്ജിദ് പൊളിച്ചത്. ഇങ്ങനെയുള്ള വര്‍ഗീയരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ഗോമാതാവിന്റെ പേരിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍.

സ്വാതന്ത്യ്രസമരത്തെ വഞ്ചിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നു ചൂണ്ടിക്കാട്ടാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എല്ലാവിധ ധാര്‍മികാവകാശവുമുണ്ട്. കാരണം കമ്യൂണിസ്റ്റ് പാര്‍ടിക്ക് സ്വാതന്ത്യ്രസമരത്തില്‍ അത്യുജ്വലമായ പങ്കാണ് ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ അചഞ്ചലമായ സമരധീരതയും സാമ്രാജ്യത്വവിരുദ്ധതയും മൂന്നു പ്രവാഹങ്ങളെ സൃഷ്ടിച്ചുവെന്നത് ചരിത്രം രേഖപ്പെടുത്തിയ വസ്തുതയാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങളും അടവുകളും നിരാകരിച്ച് ബ്രിട്ടീഷുകാരുമായി തീവ്രമായി ഏറ്റുമുട്ടണമെന്ന ചിന്തയുള്ള വിപ്ളവകാരികളുടെ ഒരു വലിയ നിരയെ സൃഷ്ടിച്ചുവെന്നതാണ് ആദ്യത്തെ കാര്യം. പഞ്ചാബിലെ ഗദ്ദര്‍ ധീരന്മാരും ബംഗാളിലെ വിപ്ളവകാരികളും ഭഗത്സിങ്ങിന്റെ അനുയായികളുമെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. അടുത്ത വിഭാഗം കോണ്‍ഗ്രസിനുള്ളിലെ സാമ്രാജ്യത്വവിരുദ്ധ വിപ്ളവകാരികളുടെ നിരയായിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവരാണ് പിന്നീട് കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും മറ്റും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായി തീര്‍ന്നത്. മൂന്നാമത്തെ വിഭാഗം ബോംബെ- മദ്രാസ് പ്രസിഡന്‍സികളുടെ സമരധീരരായ തൊഴിലാളിപ്രവര്‍ത്തകരും അവരുടെ സംഘടനകളുമാണ്.

ഭഗത്സിങ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിലെ വിപ്ളവകാരി സ്വാഭാവികമായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തുമായിരുന്നു. കമ്യൂണിസ്റ്റുകാരും ഭഗത്സിങ് ഉള്‍പ്പെടെയുള്ള വിപ്ളവകാരികളും ഉയര്‍ത്തിപ്പിടിച്ചത് എല്ലാത്തരം വര്‍ഗീയചിന്തകള്‍ക്കുമെതിരായ ആശയമായിരുന്നു. മുസ്ളിം വര്‍ഗീയവാദികള്‍ ഹിന്ദു ഭൂരിപക്ഷഭരണത്തെ ഭയപ്പെട്ടു. ആര്‍എസ്എസും ഹിന്ദുമഹാസഭയുമാകട്ടെ മുസ്ളിങ്ങളെ ഒറ്റപ്പെടുത്താനാണ് അന്നും പ്രാമുഖ്യം കൊടുത്തത്. ഈ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ സമ്മേളന പ്രഖ്യാപനത്തിലൂടെ വര്‍ഗീയതയോടുള്ള അകല്‍ച്ച പ്രഖ്യാപിച്ചത്. 1925ലെ കാണ്‍പുര്‍ കമ്യൂണിസ്റ്റ് സമ്മേളനം ഇപ്രകാരം പ്രഖ്യാപിച്ചു. 'ഇന്ത്യയിലെ ഏതെങ്കിലും വര്‍ഗീയസംഘടനയില്‍ അംഗമായ ഒരാളെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി ചേര്‍ക്കില്ല' ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെ ശക്തിപ്പെടുത്താന്‍ ജീവന്‍ നല്‍കി പൊരുതിയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. അതുകൊണ്ടുതന്നെ സംഘപരിവാര്‍ ഭരണത്തിന്റെ തലവനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്യ്രദിനപ്രസംഗത്തിന്റെ പൊള്ളത്തരം കമ്യൂണിസ്റ്റുകാര്‍ തുറന്നുകാട്ടുകതന്നെ ചെയ്യും.

18-Aug-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More