ചൈനീസ്‌ മുട്ട

വാര്‍ത്തകള്‍ക്കുവേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്ന മാധ്യമ പ്രവര്‍ത്തകരുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കാം. എന്നാല്‍ മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ കുട്ടികളും സാധാരണക്കാരും നിങ്ങളെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കരുത്. സയന്‍സ് എഴുത്തുകാരും ശ്രദ്ധിക്കണം. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കോപ്പി ആന്റ് പേസ്റ്റ് ചെയ്യുന്നതല്ല ശാസ്ത്രലേഖനങ്ങള്‍. സയന്‍സ് എഴുതുന്നതിന് പി.എച്ച്.ഡി വേണമെന്നൊന്നുമില്ല. എങ്കിലും ഇനിയും ഇത്തരം രാസമുട്ട കഥകള്‍ എഴുതുന്നതിനും ചാനലില്‍ അവതരിപ്പിക്കുന്നതിനും മുമ്പ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങള്‍ ഒന്ന് മറിച്ചുനോക്കുന്നത് നല്ലതാണ്.

“മാരക രാസവസ്തുക്കള്‍ ചേര്‍ത്ത ചൈനീസ് മുട്ട വിപണിയില്‍ സുലഭം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത ഇത്തരം മുട്ടകള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ആരോപണമുണ്ട്. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് പോലെയായി മാറുന്ന മുട്ട പുഴുങ്ങിയതുപോലെ തോടുകള്‍ അടര്‍ന്നുവരുന്നതായി കണ്ണൂര്‍ ജില്ലയിലെ കൂടാളിക്കാരന്‍ പറയുന്നു. ഇദ്ദേഹത്തിന്റെ വീട്ടിനടുത്തുള്ള കടയില്‍ നിന്നു വാങ്ങിയ 15 മുട്ടകള്‍ ഇത്തരത്തിലുള്ളതായിരുന്നു. ഇതിന്റെ മഞ്ഞക്കരു പേസ്റ്റ് രൂപത്തിലുള്ളതും മുട്ടയുടെ തനത് ഗന്ധമില്ലാത്തതുമായിരുന്നു. ചൈനീസ് മുട്ടകള്‍ നിര്‍മിക്കാന്‍ 50 പൈസയേ ചെലവ് വരൂ”. ഇത് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്തയാണ്.

ഇനി മറ്റൊരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത നോക്കാം.
“ഇടവേളയ്ക്കു ശേഷം വീണ്ടും വ്യാജ കോഴിമുട്ടകള്‍ സജീവമാകുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മുട്ടകള്‍ ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിക്ക് ലഭിച്ച മുട്ടകള്‍ മുഴുവന്‍ ഇത്തരത്തിലുള്ളതായിരുന്നു. ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇവ മറ്റുചില രാജ്യങ്ങളിലും നിര്‍മിക്കുന്നുണ്ട്”.

ഇനിയാണ് ലേഖകന്റെ ശാസ്ത്രബോധം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.
“നിര്‍മാണ രീതി: മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച്, റെസിന്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ഒരിനം ആല്‍ഗയുടെ (പേരറിയില്ല ?) സത്തുമാണ് ഉപയോഗിക്കുന്നത്. മഞ്ഞക്കരുവിലെ പ്രധാന ഘടകങ്ങള്‍ ആര്‍ഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, കൃത്രിമ നിറങ്ങള്‍ എന്നിവയാണ്. മുട്ടത്തോടിനു വേണ്ടി കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, പെട്രോളിയം മെഴുക് എന്നിവ ഉപയോഗിക്കുന്നു. യഥാര്‍ഥ മുട്ടയാണെന്ന് തോന്നിക്കാനായി മുട്ടത്തോടിന് മുകളില്‍ കോഴിയുടെ കാഷ്ഠാവശിഷ്ടങ്ങളും പുരട്ടുന്നുണ്ട്. അച്ചുകള്‍ ഉപയോഗിച്ചാണ് മുട്ടത്തോടുകള്‍ നിര്‍മിക്കുന്നത്. എത്രപരിശോധിച്ചാലും തിരിച്ചറിയാന്‍ കഴിയില്ല. 1990 കളിലാണ് ചൈനയില്‍ കൃത്രിമ മുട്ട നിര്‍മാണം തുടങ്ങുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ കുടില്‍ വ്യവസായമായി ഇത് ഉല്‍പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം 1500 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാനാവുമെന്നാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഹോട്ടലുകളില്‍ ഫ്രൈഡ് റൈസ്, മുട്ടക്കറി തുടങ്ങിയവയില്‍ ഉപയോഗിച്ചാല്‍ ഇവ ഒരിക്കലും തിരിച്ചറിയാന്‍ കഴിയില്ല. ഈ മുട്ട പൊട്ടിച്ചാല്‍ മണമുണ്ടാകില്ല. ഉറുമ്പും ഈച്ചയുമൊന്നും അടുക്കില്ല. മുട്ടത്തോട് പൊട്ടിച്ചാലും ഉള്‍ഭാഗം പൊട്ടുന്നില്ല. അതിനുള്ളില്‍ പ്ലാസ്റ്റിക് പോലെയുള്ള ഒരാവരണം കൂടിയുണ്ടാകും. ജെല്ലി ചവയ്ക്കുന്ന പ്രതീതിയാണുണ്ടാവുക.

ദോഷങ്ങള്‍: വൃക്കയ്ക്കും കരളിനും വയറിനും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ രാസക്കൂട്ടുകള്‍”.
പ്രസ്തുത റിപ്പോര്‍ട്ടര്‍ പത്രത്തിന്റെ ആസ്ഥാന ശാസ്ത്രജ്ഞനായതു കൊണ്ടാണെന്ന് തോന്നുന്നു അവരുടെ തന്നെ ചാനലും വാര്‍ത്ത ഏറ്റെടുത്തു. 'രാസമുട്ട' എന്നൊരുപേരും നല്‍കി മൂന്ന് നാല് ദിവസം ആഘോഷിച്ചു. എറണാകുളത്തും തിരുവനന്തപുരത്തും രാസമുട്ട ലഭിച്ചതായും കത്തിക്കുമ്പോള്‍ പ്ലാസ്റ്റിക് കത്തുന്ന മണം വരുന്നതായും ദൃശ്യങ്ങള്‍ സഹിതം സംപ്രേക്ഷണം ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ ന്യൂസ് പേപ്പറുകള്‍ സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത കൂടുതല്‍ പ്രചരിപ്പിച്ചു. അതെന്തായാലും കേരളം ഇപ്പോള്‍ ചൈനീസ് മുട്ടയുടെ ഭീതിയിലാണ്.

എന്താണീ ചൈനീസ് മുട്ട
ചൈനീസ് മുട്ട എന്ന വാര്‍ത്ത പഴയതാണ്. ഏതോ ഒരു വാര്‍ത്താന്വേഷകന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അയാള്‍ക്ക് കിട്ടിയ പുതിയ അറിവാണിത്. കണ്‍സ്യൂമറിസ്റ്റ് എന്ന സൈറ്റില്‍ 2007 ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലാണ് ചൈനീസ് മുട്ടക്കഥകളുടെ ആരംഭം. 2004 ഡിസംബര്‍ 28 ന് സിന്‍ഹുഅ (Xinhua) ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ വ്യക്തതയില്ലാത്ത പരിഭാഷയില്‍ നിന്നാണ് മുട്ടക്കഥ പുറത്തുവരുന്നത്. മാര്‍ക്കറ്റിലെ കോഴിമുട്ടയുടെ പകുതി വിലയ്ക്ക്, കണ്ടാലും തിന്നാലും തിരിച്ചറിയാനാകാത്ത കോഴിമുട്ടകള്‍ ഒരാള്‍ ഉത്പാദിപ്പിക്കുന്നുണ്ടത്രേ. ജെലാറ്റിന്‍, ബെന്‍സോയിക് ആസിഡ്, ആലം, കൊയാഗുലന്റുകള്‍, കാല്‍സ്യം കാര്‍ബണേറ്റ്, സ്റ്റാര്‍ച്ച്, റെസിന്‍, ഒരു അദ്ഭുത ദ്രാവകം, ചില രാസവസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് മുട്ട നിര്‍മിക്കുന്നത്. അലക്‌സാണ്ടര്‍ ഡി-യാന്‍ലി എന്നയാളുടെ അഭിപ്രായമാണ് വാര്‍ത്തയായി 2004 ല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അതേ റിപ്പോര്‍ട്ടാണ് ചൈനയ്ക്കു പകരം കണ്ണൂരും തിരുവനന്തപുരവുമൊക്കെ വച്ച് നമ്മുടെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആഘോഷിച്ചത്. ചൈനീസ് സൈറ്റ് ട്രാന്‍സ്ലേറ്റ് ചെയ്ത നമ്മുടെ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത് അബദ്ധം തന്നെയാണ്. ഇത്തരം സൈറ്റുകളുടെ വിശ്വസനീയത നമുക്ക് ഒട്ടും മനസ്സിലാകില്ല. നിരവധി സൈറ്റുകളില്‍ ഇത്തരം മുട്ടകളുടെയും പാലിന്റെയുമൊക്കെ നിര്‍മാണരീതികള്‍ കാണാന്‍ കഴിയൂം. ആല്‍ജിനിക് ആസിഡിന്റെ കാല്‍സിഫിക്കേഷന്‍ വഴിയാണത്രേ കൃത്രിമ മുട്ട ഉണ്ടാക്കുന്നത്. സെമി സോളിഡ് ജെല്ലുകളാണത്രേ ഇത്തരം മുട്ടകളുടെ ഉള്ളിലുള്ളത്. അവയ്ക്ക് പോഷക മൂല്യം ഒട്ടുമില്ലതാനും. 2009 മാര്‍ച്ച് 27 ന് ക്വിലു ഈവനിംഗ് ന്യൂസിനുവേണ്ടി ഒരു ജേര്‍ണലിസ്റ്റ് എഴുതിയ വാര്‍ത്തയില്‍ മനുഷ്യനിര്‍മിത മുട്ടയുടെ പിതാവായി ഒരാളെ പരിചയപ്പെടുത്തുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ക്കും, ദരിദ്ര കര്‍ഷകര്‍ക്കും ഇയാള്‍ ഇത്തരം മുട്ടകള്‍ ഉണ്ടാക്കാനുള്ള ക്ലാസ് എടുക്കുന്നുണ്ട് പോലും. ഇതുപോലെയൊക്കെ ആയോ നമ്മുടെ നാട്ടിലെ റിപ്പോര്‍ട്ടര്‍മാരും.
ചൈനീസ് മുട്ടയേക്കുറിച്ച് പഠിക്കുന്നതിന് മുമ്പ് എന്താണ് മുട്ട എന്നെങ്കിലും നമ്മുടെ സയന്‍സ് എഴുത്തുകാര്‍ പഠിക്കുന്നത് നല്ലതാണ്. പുറമേ നിന്ന് വേഗത്തില്‍ പൊട്ടാത്തതും അകമെനിന്ന് വേഗത്തില്‍ പൊട്ടിക്കാവുന്നതുമാണ് ഒരു അണ്ഡാകാര വസ്തുവാണല്ലോ മുട്ട. കാത്സ്യം സംയുക്തങ്ങള്‍ കൊണ്ട് ഇത്തരമൊരു അടഞ്ഞപാത്രം വേണമെങ്കില്‍ ഉണ്ടാക്കാം. എന്നാല്‍ അതിനുള്ളില്‍ മഞ്ഞക്കരുവും വെള്ളക്കരുവും പോലെയുള്ള ദ്രാവകങ്ങള്‍ നിറച്ച് അവയ്ക്കിടയിലുള്ള ജോയിന്റുകള്‍ ആര്‍ക്കും മനസ്സിലാകാത്ത വിധം പൂര്‍ണതയോടെ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പിന്നയല്ലെ കുടില്‍ വ്യവസായമായി ചൈനയില്‍ നിര്‍മിക്കുന്നത്. തട്ടുമ്പോള്‍ മുട്ടപോലെ പൊട്ടണം. ഉള്ളിലുള്ളവ ചൂടാക്കിയാലും വെളുത്തും മഞ്ഞനിറത്തിലും നിലനില്‍ക്കണം. അവയ്ക്കിടയില്‍ വേര്‍തിരിക്കുന്ന മറ്റൊരു വസ്തുവുണ്ടാകരുത്. പുഴുങ്ങുമ്പോള്‍ തോടിനും വെള്ളയ്ക്കുമിടയില്‍ നേര്‍ത്ത സ്തരം രൂപപ്പെടണം.

ചൈനയല്ലേ ചൈന, അവര്‍ക്കെന്താ നടക്കാത്തത്.
എന്തുസാധനവും വിലകുറച്ച് ഉണ്ടാക്കാന്‍ കഴിവുളളവരാണ് ചൈനക്കാര്‍ എന്നാണല്ലോ നമ്മുടെ ധാരണ. ഒരു ഒറിജിനല്‍ കോഴിമുട്ടയുടെ ചൈനയിലെ ഉല്‍പാദനച്ചെലവ് 30 ഇന്ത്യന്‍ പൈസയ്ക്ക് തുല്യമാണ്. അതിലും ചെലവ് കുറഞ്ഞ കൃത്രിമ മുട്ട ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ തന്നെ അത് ഇന്ത്യയിലെത്തിക്കാനും ഇവിടുത്തെ ചെറുകിട മാര്‍ക്കറ്റില്‍ വരെ എത്തിക്കാനും വെറും 20 പൈസ ഉല്‍പാദനച്ചെലവുള്ള ഒരു വസ്തുവിനുവേണ്ടി സാഹസം കാണിക്കുന്ന ചൈന! ...എന്താല്ലേ., ചൈനീസ് ഗൂഢാലോചന.

ചൈനീസ് മുട്ടകളെ സംബന്ധിച്ച് രണ്ടുതരത്തിലുള്ള സിദ്ധാന്തങ്ങളാണ് നിലവിലുള്ളത്. ചൈനീസ് ഒളിമ്പിക്‌സിനെത്തിയ സന്ദര്‍ശകര്‍ ചെലവുകുറഞ്ഞ ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കാതിരിക്കാന്‍ വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകാര്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തയാണ് ഒന്നാമത്തേത്. ചെലവ് കുറഞ്ഞ ഭക്ഷണശാലകളില്‍ ആരോഗ്യത്തിന് ഹാനികരമായ സാധനങ്ങള്‍ കൊണ്ടാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് അവര്‍ പ്രചരിപ്പിച്ചു. അക്കൂട്ടത്തില്‍ പ്രധാനമാണ് വ്യാജമുട്ട. രണ്ടാമത്തേത് കുറേക്കൂടി ഭീകരമാണ്. വലിയ നഷ്ടം സഹിച്ചാണെങ്കിലും ഇത്തരം മുട്ടകള്‍ നിര്‍മിച്ച് ഇന്ത്യപോലെയുള്ള രാജ്യങ്ങളിലെ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിനും പിന്നീട് വലിയ യുദ്ധമൊന്നും കൂടാതെ നമ്മെ കീഴടക്കുന്നതിനും വേണ്ടിയാണത്രേ. ഈ ചൈനയെക്കൊണ്ട് തോറ്റു.

ശരിക്കും എന്താണ് പ്രശ്‌നം?
ചൂടില്‍ മുട്ടകള്‍ കേട്ടായിപ്പോകാതിരിക്കാന്‍ ഫാമുകാര്‍ ചിലപ്പോള്‍ കടുപ്പം കൂടിയ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കുന്നുണ്ടാകാം. തോടിനുള്ളിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ അവ മുട്ടകളുടെ ഉള്ളിലും എത്തിയിരിക്കാം. കൂടാതെ കോഴിത്തീറ്റയിലും അതിനാവശ്യമായ മരുന്നുകള്‍ ചേര്‍ത്തുകൂടെന്നില്ല. അതുകൊണ്ടായിരിക്കാം മുട്ട പൊട്ടിക്കുമ്പോഴും പുഴുങ്ങുമ്പോഴും അസ്വാഭാവികത തോന്നാന്‍ കാരണം. നിലവിലെ സാഹചര്യത്തില്‍ കൃത്രിമ മുട്ട അഥവാ രാസമുട്ട എന്നത് സുന്ദരമായ നടക്കാത്ത സ്വപ്നം മാത്രമാണ്.

വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള വാര്‍ത്തകള്‍ 
വാര്‍ത്തകള്‍ക്കുവേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്ന മാധ്യമ പ്രവര്‍ത്തകരുണ്ടെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കാം. എന്നാല്‍ മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ കുട്ടികളും സാധാരണക്കാരും നിങ്ങളെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കരുത്. സയന്‍സ് എഴുത്തുകാരും ശ്രദ്ധിക്കണം. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കോപ്പി ആന്റ് പേസ്റ്റ് ചെയ്യുന്നതല്ല ശാസ്ത്രലേഖനങ്ങള്‍. സയന്‍സ് എഴുതുന്നതിന് പി.എച്ച്.ഡി വേണമെന്നൊന്നുമില്ല. എങ്കിലും ഇനിയും ഇത്തരം രാസമുട്ട കഥകള്‍ എഴുതുന്നതിനും ചാനലില്‍ അവതരിപ്പിക്കുന്നതിനും മുമ്പ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങള്‍ ഒന്ന് മറിച്ചുനോക്കുന്നത് നല്ലതാണ്.

ചൈനീസ് മുട്ടകള്‍ക്ക് സന്ദര്‍ശിക്കുക:
· cracking the case of china's fake eggs
· china's fake eggs made of plastic-facts analysis
· fake eggs from china
· faked eggs. The worlds most unbelievable invention
· how to make a counterfeit egg – china style
….. etc

17-Oct-2016