സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യം

മതനിരപേക്ഷതയും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ അടിത്തറയാണ്. ആ ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്. നമ്മള്‍ ജനപ്രതിനിധികളെ സംബന്ധിച്ച് നമ്മുടെ ഭഗവദ്ഗീതയും ബൈബിളും ഖുറാനുമെല്ലാം ഭരണഘടനയാണ്. ഈ ഭരണഘടനയാണ് ജനങ്ങള്‍ക്ക് അധികാരങ്ങളും അവകാശങ്ങളും നല്‍കിയിട്ടുള്ളത്. ഈ ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്താണ് നമ്മളൊക്കെ ഈ സഭയിലെ അംഗങ്ങളായി ഇവിടെ ഇരിക്കുന്നത്. ഈ ഭരണഘടന നടപ്പാക്കണം എന്നൊരാള്‍ ആവശ്യപ്പെട്ടാല്‍, അത് രാജ്യദ്രോഹം ആകുന്നതെങ്ങനെ. എന്റെ അറിവ് ശരിയാണെങ്കില്‍ ജെഎന്‍യുവില്‍ മുഴങ്ങിയത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. അതേസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് ഞങ്ങളും ഇത്രയും കാലമായി ഉയര്‍ത്തിയിട്ടുള്ളത്. നിങ്ങള്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങളും ആവശ്യപ്പെടുന്നത് പട്ടിണിയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. തൊഴിലില്ലായ്മയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. മനുവാദത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. ആര്‍എസ്എസിന്റെ സംഘവാദത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് കൂടിയേ തീരൂ. ഈ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണം. ഈ സ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങള്‍ പൊരുതും. അങ്ങനെ പൊരുതാനുള്ള അവകാശം എനിക്ക് എന്റെ ഭരണഘടന തന്നിട്ടുണ്ട്.

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന അങ്ങേയറ്റം ആശങ്കയോടെയും അസ്വസ്ഥതയോടെയും സ്‌തോഭത്തോടെയുമാണ് രാജ്യസഭയില്‍ ഈ ചര്‍ച്ചയ്ക്ക് ഞാന്‍ തുടക്കംകുറിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ജെഎന്‍യുവിലും സംഭവിച്ചത് രാജ്യത്തെ ഏതെങ്കിലും ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നടന്ന ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കി കാണാനാകില്ല. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ചെന്നൈ ഐഐടിയിലും എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു. ജാദവ്പുര്‍, അലഹബാദ്, ബര്‍ദ്വാന്‍ സര്‍വകലാശാലകളിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന് നമ്മള്‍ അറിയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍മാത്രമല്ല ഐസിഎച്ച്ആര്‍, ഐസിഎസ്എസ്ആര്‍, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങളിലും ഇടപെടലുകള്‍ ശക്തമാണ്. നിയമപ്രകാരമുള്ള ഇടപെടലുകളല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേന്ദ്ര സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ലമെന്റിന്റെ ഇടപെടല്‍ ഇത്തരം വിഷയങ്ങളില്‍ ആവശ്യമാണ്. സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സഭാസമിതിക്ക് രൂപംനല്‍കണം.

ഇന്ത്യന്‍ ചരിത്രത്തിന്റെ സ്ഥാനത്ത് ഹിന്ദു ഐതിഹ്യങ്ങളെ പ്രതിഷ്ഠിക്കാനാണ് ശ്രമം. ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ സ്ഥാനത്ത് ഹിന്ദു ദൈവശാസ്ത്രത്തെയും പ്രതിഷ്ഠിക്കാന്‍ നോക്കുന്നു. ഈയൊരു പദ്ധതിക്ക് സര്‍ക്കാര്‍ ഒത്താശ നല്‍കുകയാണ്. ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്‌ളിക്കിനെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ ഭരണഘടനയ്‌ക്കെതിരായ കടന്നാക്രമണമാണ്. സര്‍ക്കാര്‍തന്നെ ഈ ആക്രമണത്തെ നയിക്കുന്നു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നേരത്തെയും ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തിട്ടുണ്ട്. എന്നാല്‍, രോഹിത് വെമുലയുടെ ദാരുണമായ ആത്മഹത്യ അതുകൊണ്ടുമാത്രം ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത്. സാമൂഹികമായ ഒറ്റപ്പെടല്‍ ദളിത് വിദ്യാര്‍ഥികള്‍ നേരിട്ടു. സ്‌കോളര്‍ഷിപ് നിര്‍ത്തലാക്കി. ദളിതയായ ഒരു അമ്മ ഏറെ കഷ്ടപ്പെട്ടാണ് രോഹിതിനെയും സഹോദരങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത്. അങ്ങനെയൊരു വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ് നിര്‍ത്തലാക്കുകയെന്ന് പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ കൊലപ്പെടുത്തുകയാണ് ചെയ്തത്. വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യുന്ന സാഹചര്യം നിങ്ങള്‍ സൃഷ്ടിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇടപെടല്‍ തേടി ഒരു കേന്ദ്രമന്ത്രി കത്തയച്ചു. സര്‍വകലാശാലതലത്തില്‍ അന്വേഷണം നടത്തി വിഷയം അവസാനിപ്പിച്ചു. എന്നാല്‍, അഞ്ചുവട്ടം നടപടി ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചു. ഇത് പക്ഷപാതപരമായ ഇടപെടലാണ്. അംബേദ്കര്‍ക്ക് ആദരവായി പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച നടന്നപ്പോള്‍ പ്രസംഗങ്ങള്‍കൊണ്ട് അര്‍ഥമില്ലെന്നും വ്യക്തമായ നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. 60 വര്‍ഷത്തിനുശേഷം സംവരണലക്ഷ്യങ്ങള്‍പോലും നിറവേറ്റപ്പെടുന്നില്ല. സ്വകാര്യമേഖലയില്‍ക്കൂടി സംവരണം ആവശ്യമായ ഘട്ടമാണിത്. എസ് സി, എസ് ടി നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാലൊന്നും നടപ്പായില്ല. ഒരു വ്യക്തി ഒരു വോട്ട്. ഒരു വോട്ട് ഒരു മൂല്യം– ഇതാണ് നമ്മുടെ രാഷ്ട്രീയഘടന. ഒരു വോട്ട് ഒരു മൂല്യം എന്നത് ഒരു വ്യക്തി ഒരു മൂല്യം എന്നതിലേക്ക് വേഗത്തില്‍ മാറിയില്ലെങ്കില്‍ ഈ രാഷ്ട്രീയഘടന നിലനില്‍ക്കില്ലെന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയില്‍ ഉറപ്പുനല്‍കുന്ന തുല്യത ലംഘിക്കപ്പെടുകയാണ്.

ഞങ്ങളൊക്കെ ജെഎന്‍യുവിന്റെ ഉല്‍പ്പന്നങ്ങളാണ്. ജെഎന്‍യുവില്‍നിന്ന് പഠിച്ചിറങ്ങിയവര്‍ കേന്ദ്രമന്ത്രിമാരായുണ്ട്. ഡി രാജയ്ക്കും കെ സി ത്യാഗിക്കുമൊപ്പം ആഭ്യന്തരമന്ത്രിയെ കണ്ടപ്പോള്‍ ദേശവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് പറഞ്ഞിരുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് അപ്പോള്‍ പറഞ്ഞു. തൊട്ടുപിന്നാലെ ഹഫീസ് സയ്യിദിന്റേത് എന്നമട്ടില്‍ ട്വീറ്റ് വന്നു. ഇത് ഏറ്റെടുത്ത് ആഭ്യന്തരമന്ത്രിയുടേതായി ട്വീറ്റ് വന്നു. ഹഫീസിന്റേതായി വന്നത് തെറ്റായ ട്വീറ്റാണെന്ന് ഡല്‍ഹി പൊലീസ്തന്നെ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ കര്‍ക്കശമായി നേരിടണം. എന്നാല്‍, അതിന്റെ പേരില്‍ ഒരു സര്‍വകലാശാലയെ ആകെത്തന്നെ സംശയത്തില്‍ നിര്‍ത്തുന്നത് ദൌര്‍ഭാഗ്യമാണ്. നിലവിലെ വിദേശ സെക്രട്ടറിയടക്കം പല ഉന്നതോദ്യോഗസ്ഥരും ജെഎന്‍യു വിദ്യാര്‍ഥികളായിരുന്നു. എന്നാലിപ്പോള്‍ ജെഎന്‍യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെ ദേശീയനേതാവായി മാറുന്നു. യെച്ചൂരിയും രാജ്യസഭ ഉപാധ്യക്ഷനുമൊക്കെ ദേശവിരുദ്ധരും. ഇതാണോ ദേശീയത? വിദ്യാര്‍ഥികളില്‍ ദേശീയത വളര്‍ത്താന്‍ എല്ലാ സര്‍വകലാശാലകളിലും 207 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് നിര്‍ദേശിക്കുന്നു. നല്ലത്. രാജ്യത്ത് എല്ലായിടത്തും നടപ്പാക്കൂ. എന്നാല്‍, ഞങ്ങളുടെ ഹൃദയത്തിലുള്ള ദേശീയ പതാക, നിങ്ങള്‍ ഉയര്‍ത്തുന്ന എല്ലാ ദേശീയ പതാകകളേക്കാളും ഉയരത്തിലാണ്. ഇരട്ടത്താപ്പ് പിന്തുടരുന്നവരില്‍നിന്ന് രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഞാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയനെ ഒരു ഘട്ടത്തില്‍ നയിച്ചിട്ടുണ്ട്. ജെഎന്‍യുവില്‍ പഠിച്ച കാലത്ത് അസാമില്‍നിന്ന് വന്നിരുന്ന വിദ്യാര്‍ഥിയായിരുന്നു നിരഞ്ജന്‍ താലൂക്ക്ദാര്‍. അസമിലെ തീവ്രവാദികള്‍ അദ്ദേഹത്തെ കൊന്ന് ശരീരം തുണ്ടം തുണ്ടമാക്കി ചാക്കില്‍ കെട്ടി കിണറ്റില്‍ എറിയുകയായിരുന്നു. ആ വാര്‍ത്ത ജെഎന്‍യുവില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ വിളിച്ച മുദ്രാവാക്യം 'നിങ്ങള്‍ക്ക് ഞങ്ങളുടെ ശരീരത്തെ തുണ്ടംതുണ്ടമാക്കാന്‍ പറ്റുമായിരിക്കും. പക്ഷേ, ഞങ്ങളുടെ രാജ്യത്തെ തുണ്ടംതുണ്ടമാക്കാന്‍ അനുവദിക്കില്ലാ' എന്നാണ്. ഈ തീവ്രവാദത്തിന് എതിരായാണ് ഞങ്ങള്‍ എപ്പോഴും നിലകൊള്ളുന്നത്. അന്ന് അങ്ങനെ മുദ്രാവാക്യം വിളിച്ച ഞങ്ങളോട് ഇന്ന് ദേശസ്‌നേഹത്തെപ്പറ്റി പ്രഭാഷണം നടത്തേണ്ടതില്ല.

ഇപ്പോഴത്തെ അതേ രാജ്യദ്രോഹനിയമത്തിന്റെ അടിസ്ഥാനത്തിലാണ് മഹാത്മ ഗാന്ധിയെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചത്, ബാലഗംഗാധരതിലകനെ ജയിലിലടച്ചത്. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ഒരു വാഗ്ദാനം ഈ രാജ്യദ്രോഹനിയമത്തെ എടുത്തുകളയുമെന്നായിരുന്നു. പക്ഷേ, അങ്ങനെ ഉണ്ടായില്ല. ആ നിയമം നിലനില്‍ക്കുന്നു. അന്ന് ഭഗത്‌സിംഗ് ഈ രാജ്യദ്രോഹനിയമത്തിന് അനുസൃതമായി തൂക്കിലേറ്റപ്പെട്ടപ്പോള്‍ തൂക്കുകയറിനെ ചുംബിച്ചുകൊണ്ടായിരുന്നു രക്തസാക്ഷിയായത്. ഇന്ന് അതേ രാജ്യദ്രോഹനിയമം അനുസരിച്ച് നിങ്ങള്‍ കനയ്യ കുമാറിനെപ്പോലുള്ള വിദ്യാര്‍ഥികളെ ജയിലിലടയ്ക്കുന്നു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ ധൈര്യത്തോടെ പറയുമ്പോള്‍ നിങ്ങള്‍ അവരെ ആക്രമിക്കുന്നു.

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി, ഡല്‍ഹി പൊലീസ് താങ്കളുടെ കീഴിലല്ലേ. ആ ഡല്‍ഹി പൊലീസ് കമീഷണറല്ലേ പറഞ്ഞത്, നിങ്ങള്‍ നിരപരാധിയാണെങ്കില്‍ അത് തെളിയിക്കൂ എന്ന്. അങ്ങനെയാണോ നമ്മുടെ നിയമവ്യവസ്ഥ പറയുന്നത്. കുറ്റം തെളിയുന്നതുവരെ എല്ലാവരും നിരപരാധികളാണ് എന്നല്ലേ നമ്മുടെ നിയമം പറയുന്നത്. സഭാനാഥന്‍ അരുണ്‍ ജെയ്റ്റ്‌ലി, താങ്കള്‍ പ്രസിദ്ധനായ വക്കീലല്ലേ. ഇങ്ങനെയാണോ നിയമത്തെ വ്യാഖ്യാനം ചെയ്യേണ്ടത്. കോടതിയില്‍ എല്ലാവരുടെയും മുമ്പില്‍വച്ച് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നു. അത് ഇവിടത്തെ പത്രങ്ങളും ചാനലുകളും മുഴുവന്‍ കാണിക്കുന്നു. അവര്‍ ആ തെളിവ് മുഴുവന്‍ സര്‍ക്കാരിന് കൊടുക്കുന്നു. എന്നിട്ടും അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. എന്നാല്‍, മറുവശത്ത് കൃത്രിമ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ നിങ്ങള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിടുന്നു. ഇതെന്ത് നീതിന്യായവ്യവസ്ഥയാണ്? ശബ്ദമുയര്‍ത്തിയാല്‍ കോടതിയില്‍ തല്ലുകിട്ടും എന്നാണോ? സുപ്രീംകോടതി പട്യാല കോടതിയിലേക്ക് വക്കീലന്മാരുടെ ഒരു സംഘത്തെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അയച്ചിരുന്നു. ഈ സഭയിലെതന്നെ ചില അംഗങ്ങളും ആ ടീമിലെ അംഗങ്ങളായിരുന്നു. അവരും മര്‍ദിക്കപ്പെടുന്നു. സര്‍, ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി, മറുപടി പറയുമോ? കോടതികള്‍ നിയമം നടപ്പാക്കാനുള്ളതാണോ അതോ മര്‍ദനപ്പുരകളാണോ? മര്‍ദനത്തിന് നേതൃത്വം നല്‍കിയ വക്കീലന്മാന്‍ ഇന്നും സ്വതന്ത്രരായി വിലസുന്നു. ബിജെപിയുടെ ഡല്‍ഹിയിലെ ഒരു എംഎല്‍എയും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. അവര്‍ അഭിമാനത്തോടെ വിളിച്ചുപറയുന്നു, രാജ്യദ്രോഹികളെ ഞങ്ങള്‍ കൊല്ലുമെന്ന്. പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ ചുറ്റിയടിക്കുന്ന ആളാണ്. ഇപ്പോഴത്തെ സംഭവങ്ങളെക്കുറിച്ച് വിദേശമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അദ്ദേഹം വായിക്കണം.

മതനിരപേക്ഷതയും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ അടിത്തറയാണ്. ആ ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്. നമ്മള്‍ ജനപ്രതിനിധികളെ സംബന്ധിച്ച് നമ്മുടെ ഭഗവദ്ഗീതയും ബൈബിളും ഖുറാനുമെല്ലാം ഭരണഘടനയാണ്. ഈ ഭരണഘടനയാണ് ജനങ്ങള്‍ക്ക് അധികാരങ്ങളും അവകാശങ്ങളും നല്‍കിയിട്ടുള്ളത്. ഈ ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്താണ് നമ്മളൊക്കെ ഈ സഭയിലെ അംഗങ്ങളായി ഇവിടെ ഇരിക്കുന്നത്. ഈ ഭരണഘടന നടപ്പാക്കണം എന്നൊരാള്‍ ആവശ്യപ്പെട്ടാല്‍, അത് രാജ്യദ്രോഹം ആകുന്നതെങ്ങനെ. എന്റെ അറിവ് ശരിയാണെങ്കില്‍ ജെഎന്‍യുവില്‍ മുഴങ്ങിയത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്.

അതേസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് ഞങ്ങളും ഇത്രയും കാലമായി ഉയര്‍ത്തിയിട്ടുള്ളത്. നിങ്ങള്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങളും ആവശ്യപ്പെടുന്നത് പട്ടിണിയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. തൊഴിലില്ലായ്മയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. മനുവാദത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. ആര്‍എസ്എസിന്റെ സംഘവാദത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് കൂടിയേ തീരൂ. ഈ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണം. ഈ സ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങള്‍ പൊരുതും. അങ്ങനെ പൊരുതാനുള്ള അവകാശം എനിക്ക് എന്റെ ഭരണഘടന തന്നിട്ടുണ്ട്. നിങ്ങള്‍ ദേശീയതയെക്കുറിച്ച് പറയുന്നു. ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഗുരുദേവന്‍ രവീന്ദ്രനാഥ ടാഗോറിന്റെ ഒരു പുസ്തകമുണ്ട്. വേണമെങ്കില്‍ താങ്കള്‍ക്ക് ഞാനൊരു കോപ്പി സമ്മാനിക്കാം. ദയവായി ഇത് വായിക്കണം. അദ്ദേഹമാണല്ലോ 'ജനഗണമന' എഴുതിയത്. ആ ഗാനം മുഴങ്ങുമ്പോഴാണല്ലോ നമ്മള്‍ എഴുന്നേറ്റു നില്‍ക്കുന്നത്. ആ ഗാനം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അത് ദേശീയതയാണ്. ഈ ദേശീയതയ്ക്കും ഉപരിയായി രാജ്യത്തെക്കുറിച്ച് ടാഗോറും സുഭാഷ് ചന്ദ്രബോസും ഗാന്ധിജിയുമൊക്കെ എഴുതിയിട്ടുണ്ട്.

ആധുനിക സംസ്‌കാരം നിലനില്‍ക്കുന്നതിന് കാരണമാകത്തക്ക വിധം ഇന്ത്യ ലോകത്തിന് പലതും സംഭാവന നല്‍കിയിട്ടുണ്ട്. ഇതെല്ലാംതന്നെ ഹിന്ദുസംസ്‌കാരത്തിന്റെ സംഭാവനയാണെന്ന് പറയുന്നത് ശരിയല്ല. ആധുനികമായ മുന്നേറ്റങ്ങള്‍ പലതും നിലവില്‍വന്നത് ബുദ്ധമതം രാജ്യത്തെ പ്രമുഖ മതമായി നിലനിന്ന ഘട്ടത്തിലാണ്. പിന്നീടാണ് മനുവാദമെന്ന പേരില്‍ ജാതിസമ്പ്രദായം നിലവില്‍വന്നത്. ലോകമിന്ന് വേദങ്ങളും ഉപനിഷത്തും അറിയുന്നത് ധാരാ ഷിക്കോവിലൂടെയാണ്. സംസ്‌കൃതം പഠിച്ച് അദ്ദേഹം മജ്മ ഉള്‍ ബഹറിന്‍ രചിച്ചു. ഇസ്‌ളാമിക സൂഫിസത്തിന്റെയും വേദങ്ങളെ ആധാരമാക്കിയുള്ള ആചാരങ്ങളുടെയും സമന്വയം. രണ്ട് സമുദ്രങ്ങളുടെ ലയനം. കൂടുതല്‍ ഉന്നതമായ ആത്മീയസമൂഹത്തിലേക്ക് ഇന്ത്യ നീങ്ങി. ഇതേക്കുറിച്ച് ഗൌരവത്തില്‍ ചിന്തിക്കണം. ആരെങ്കിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുകയോ ഇന്ത്യാവിരുദ്ധനിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കണം. എന്നാല്‍, നടപടിയുടെ പേരില്‍ ഒരു സര്‍വകലാശാലയെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ എന്താണ് പറഞ്ഞത്. ഓരോ വ്യക്തിയുടെയും അവന്‍ തെരഞ്ഞെടുക്കുന്ന വിശ്വാസത്തെയും താന്‍ സംരക്ഷിക്കുമെന്നാണ്. അതാണോ ഇപ്പോള്‍ സംഭവിക്കുന്നത്. അതല്ല. പകരം ടാഗോര്‍ പറഞ്ഞതുപോലെ ഇടുങ്ങിയ ആഭ്യന്തര മതില്‍ക്കെട്ടുകളിലേക്ക് ചുരുങ്ങുകയാണ്. ഷേക്‌സ്പിയറിന്റെ 400–ാം ജന്മവാര്‍ഷികമാണിപ്പോള്‍. അദ്ദേഹത്തിന്റെ മാക്ബത്തില്‍ ദുര്‍മന്ത്രവാദിനികളുടെ ഒരു പാട്ടുണ്ട്. ഇടതുപക്ഷത്തെ ദുര്‍മന്ത്രവാദിനികളുമായി താരതമ്യപ്പെടുത്തുന്നതിനുമുമ്പായി ആ പാട്ടൊന്ന് കേള്‍ക്കണം. അതെ, തങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്ന ദുര്‍മന്ത്രവാദികളാണ്. മാക്ബത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് നിങ്ങള്‍ രാജാവാണ്. എന്നാല്‍, രാജാക്കന്മാരിലെ സിംഹം വരുന്നത് മറ്റൊരു ബ്രാന്‍ക്വൊവില്‍നിന്നാകും. നിങ്ങളില്‍നിന്നാകില്ല. ദേശീയതയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരായി ജനങ്ങള്‍ കവചമണിയേണ്ട കാലഘട്ടമാണിത്.

ഈ രാജ്യത്ത് ഇസ്‌ളാമിക സ്വാധീനവും ക്രിസ്ത്യന്‍ സ്വാധീനവുമെല്ലാമുണ്ട്. താനൊരു പരമ്പരാഗത ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. വേദപഠനം നടത്തി. പതിനൊന്നാം വയസില്‍ ഉപനയനം നടന്നു. എല്ലാ വേദങ്ങളും പഠിച്ചു. വേദം പഠിച്ച സീതാറാം എന്ന് പേരുള്ള ഒരാള്‍ പിന്നീടെങ്ങനെ കമ്യൂണിസ്റ്റായി. ഇതെല്ലാം പഠിച്ചതുകൊണ്ടുതന്നെയാണ് കമ്യൂണിസ്റ്റായത്. സംവാദത്തിനും തര്‍ക്കത്തിനും തയ്യാറാവുക. അങ്ങനെയാണ് തത്വശാസ്ത്രം വളരുന്നത്. യഥാര്‍ഥത്തില്‍ സംവാദത്തെ ഇല്ലാതാക്കാനാണ് ശ്രമം. മാനവികത, സഹിഷ്ണുത, ന്യായം, ആശയങ്ങളുടെ സാഹസികതയും സത്യാന്വേഷണവും– ഇതെല്ലാമാണ് സര്‍വകലാശാലയെന്ന് നെഹ്‌റു പറഞ്ഞു. കൂടുതല്‍ ഉന്നതലക്ഷ്യങ്ങളിലേക്കുള്ള മാനവരാശിയുടെ മുന്നേറ്റത്തിനായാണ് സര്‍വകലാശാലകള്‍ നിലകൊള്ളുന്നത്. സര്‍വകലാശാലകള്‍ അവരുടെ ഉത്തരവാദിത്തം കാര്യക്ഷമമായി നിറവേറ്റിയാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെല്ലാം നല്ലതായി വരുമെന്ന് നെഹ്‌റു പറഞ്ഞു. എന്നാല്‍, സര്‍വകലാശാലകളെയാകെ നിങ്ങള്‍ പ്രതിക്കൂട്ടിലാക്കുന്നു. ദേശവിരുദ്ധമാണെന്നും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുന്നു. 40 വര്‍ഷംമുമ്പ് ഓര്‍ഗനൈസറിന്റെ മുഖപ്രസംഗങ്ങളില്‍ ഇതുതന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഭരണകക്ഷി നേതാക്കള്‍ അതുതന്നെ പറയുന്നു. അങ്ങോട്ട് ടാങ്കുകള്‍ അയക്കണമെന്ന് പറയുന്നു.

അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ സര്‍വകലാശാലകളില്‍ അടിച്ചമര്‍ത്തല്‍ശ്രമങ്ങള്‍ നടന്നു. ജെഎന്‍യുവില്‍ അന്ന് യോഗങ്ങള്‍ അനുവദിക്കപ്പെട്ടില്ല. ഇന്ദിര ഗാന്ധിയായിരുന്നു ചാന്‍സലര്‍. അതോടെ പ്രക്ഷോഭം വിജ്ഞാന്‍ഭവനിലേക്ക് നീണ്ടു. സമാനമായി ഇപ്പോഴും മതേതരക്രമത്തിനെതിരായ അതിക്രമങ്ങളെ ജനങ്ങള്‍ ചെറുക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും വിയോജിപ്പിനെ അടിച്ചമര്‍ത്താനല്ല നിലകൊള്ളുന്നത്. അതുകൊണ്ട് തീരുമാനം വേണം. കേന്ദ്ര സര്‍വകലാശാലകളില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു സഭാസമിതിക്ക് രൂപം നല്‍കണം. മന്ത്രിമാര്‍ക്ക് എംപിമാര്‍ കത്തയക്കാറുണ്ട്. എന്നാല്‍, ഹൈദരാബാദ് സര്‍വകലാശാലയെക്കുറിച്ച് നിങ്ങളുടെ കേന്ദ്രമന്ത്രി അയച്ച കത്തിന്റെ പരിഗണന മറ്റു കത്തുകള്‍ക്ക് കിട്ടാറില്ല. അഞ്ചുവട്ടമാണ് രോഹിതിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത്. അതേത്തുടര്‍ന്നാണ് രോഹിതിന്റെ മരണം. മനുവാദത്തിനെതിരെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം നിലനില്‍ക്കും. ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതിന് എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോളൂ. ലോകത്തില്‍ പട്ടിണി കാരണം ഓരോ ദിവസവും മരണപ്പെടുന്ന അഞ്ചു കുട്ടികളില്‍ മൂന്നുപേര്‍ ഇന്ത്യയില്‍നിന്നാണ്. ലജ്ജാകരമാണ് ഈ വസ്തുത. ദയവായി ദേശീയതയുടെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. മതേതര– ജനാധിപത്യ റിപ്പബ്‌ളിക്കായ ഇന്ത്യയെ ഏകാധിപത്യ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനായി നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക.

എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് കൂടുതല്‍ ഉന്നതതലങ്ങളിലേക്ക് ഉയരേണ്ടത്. ദയവായി രാജ്യത്തിന്റെ സാധ്യതകളെ ഇല്ലാതാക്കരുത്. ദുരുപയോഗിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള രാജ്യദ്രോഹനിയമം നീക്കംചെയ്യണം. ദയവായി ഭരണഘടനയോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരായി മാറുക.

സര്‍, എന്നോട് ക്ഷമിക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യം ഞങ്ങള്‍ ഇനിയും മുഴക്കും. പട്ടിണിയില്‍നിന്ന് സ്വാതന്ത്ര്യം വേണം. മനുവാദത്തില്‍നിന്ന് സ്വാതന്ത്ര്യം വേണം. ദാരിദ്യ്രത്തില്‍നിന്ന് സ്വാതന്ത്ര്യം വേണം. ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അതിന് തടസ്സമായി എന്തൊക്കെ നില്‍ക്കുന്നോ അതില്‍നിന്നെല്ലാം നമുക്ക് മോചനം വേണം. അതുകൊണ്ടാണ് സര്‍, ഞാന്‍ ബാബാ സാഹെബ് അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് ഇവിടെ വീണ്ടും പറയുന്നത്. ഒരു മനുഷ്യന് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം. പക്ഷേ, ഒരു മനുഷ്യന് ഒരു മൂല്യം എന്നത് ഉണ്ടാകാത്തിടത്തോളം കാലം നമുക്ക് ജനാധിപത്യത്തെ അര്‍ഥവത്താക്കാന്‍ കഴിയില്ല. ഈ അടിസ്ഥാനത്തിലാണ് ഞാന്‍ വിനയത്തോടുകൂടി ആവശ്യപ്പെടുന്നത്, ഈ ഗൂഢാലോചന; നമ്മുടെ കുട്ടികളുടെമേലുള്ള ഈ ആക്രമണം നിങ്ങള്‍ അവസാനിപ്പിക്കൂ. ഈ കുട്ടികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്.

നിങ്ങള്‍ അവരെ ദേശദ്രോഹികളായി ചിത്രീകരിച്ചാല്‍ ഇവിടെ എന്താണ് ഉണ്ടാകാന്‍ പോകുന്നത്? നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ നാലില്‍മൂന്ന് യുവാക്കളാണ്. നിങ്ങള്‍ അവര്‍ക്ക് നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള സംവിധാനമുണ്ടാക്കൂ. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കൂ. അവര്‍ക്ക് നല്ല തൊഴിലുകള്‍ കൊടുക്കൂ. അങ്ങനെ ഒരു നല്ല ഇന്ത്യ സ്വയം ഉയര്‍ന്നുവരും. ഞാന്‍ വീണ്ടും വിനയത്തോടെ പറയുകയാണ് സര്‍, വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കൂ. നമ്മുടെ രാജ്യത്തിന്റെ വികാസത്തിനുവേണ്ടി നമുക്ക് നമ്മുടെ സമൂഹത്തെ നല്ലൊരു സമൂഹമാക്കി വാര്‍ത്തെടുക്കാം.

29-Feb-2016

ഭൂമധ്യരേഖകൾ മുന്‍ലക്കങ്ങളില്‍

More