വേണം നല്ലൊരു കേരളം

മതനിരപേക്ഷ–അഴിമതിവിമുക്ത–വികസിത കേരളത്തിനും സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്രവികസനത്തിനും കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്നതുമായ ഈ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കണം. യുഡിഎഫ് ഭരണത്തെ പുറത്താക്കണം; ബിജെപിയെ തടഞ്ഞുനിര്‍ത്തണം; എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കണം. ഇതിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ വോട്ടും പോളിങ് ബൂത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകണം. എതിരാളികള്‍ ഉണ്ടാക്കുന്ന പ്രകോപനത്തില്‍ പെട്ടുപോകാതെ, അമിത ആത്മവിശ്വാസത്തില്‍ ആലസ്യരാകാതെ കര്‍മനിരതമായി പ്രവര്‍ത്തിക്കുക. വിജയം നമ്മുടേതുതന്നെയായിരിക്കും.

ഇന്ന് വൈകിട്ട് ആറുമണിയോടെ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തില്‍ വന്‍വിജയം നേടുമെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം രാഷ്ട്രീയ കേരളം ഉണര്‍ന്നുകഴിഞ്ഞു. അഭിപ്രായസര്‍വേകളെല്ലാം എല്‍ഡിഎഫിന്റെ വിജയം പ്രവചിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

കേരളം നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ക്കുകയും സംസ്ഥാനത്തെ അഴിമതിക്കയത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്ത യുഡിഎഫിനെതിരായ ജനവിധിയാകും ഇത്. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ അട്ടിമറിക്കാന്‍ പരിശ്രമിച്ചവര്‍ക്കെതിരെ കേരളത്തിന്റെ ചെറുത്തുനില്‍പ്പ് ഉദ്ഘോഷിക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലം. ആഗോളവല്‍ക്കരണ നയങ്ങളിലൂടെ ജനജീവിതം തകര്‍ത്ത കേന്ദ്രനയങ്ങള്‍ക്കെതിരായ രോഷംകൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കോര്‍പറേറ്റുവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരെ പൊരുതുന്ന ഇടതുപക്ഷത്തെയാണ് ജനം അംഗീകരിക്കാന്‍ പോകുന്നത്.

യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ തിരുത്തി കേരളത്തെ വികസനപന്ഥാവിലേക്ക് നയിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്ന ഉത്തരവാദിത്തമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏറ്റെടുക്കാനുള്ളത്. അതിന് ഉതകുന്ന കര്‍മപദ്ധതികളാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. കേരള വികസനത്തിന്റെ ശക്തിദൌര്‍ബല്യങ്ങളെ വിശകലനംചെയ്ത് നേട്ടങ്ങളെ മുറുകെപ്പിടിക്കാനും കോട്ടങ്ങള്‍ പരിഹരിക്കാനുമുള്ള ജനപക്ഷ സമീപനങ്ങളാണ് ഇതില്‍ സ്ഥാനംപിടിച്ചിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ചാണ് ഇത് തയ്യാറാക്കിയത്. ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്തതിലൂടെ രൂപപ്പെട്ടതാണ് പ്രകടനപത്രിക. 35 മുഖ്യനിര്‍ദേശങ്ങളും 600 പൊതുനിര്‍ദേശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

അടിസ്ഥാനമേഖലകളിലെ വികസനം ശക്തിപ്പെടുത്തുക എന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറെ പ്രാധാന്യം നല്‍കുന്നു. വിദ്യാസമ്പന്നരായ യുവതീ–യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കാന്‍ നമുക്ക് കഴിയണം. അതിനാല്‍ വിവിധ മേഖലകളിലെ വികാസത്തിലൂടെ 25 ലക്ഷം തൊഴിലവസരം പുതുതായി സൃഷ്ടിക്കാനുള്ള ശാസ്ത്രീയ പദ്ധതിക്ക് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കുന്നു. പൊതുമേഖല സംരക്ഷിക്കുക മാത്രമല്ല, സിലിക്കണ്‍ മാതൃകയില്‍ ഇലക്ട്രോണിക് വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതികളും മുന്നോട്ടുവയ്ക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ 50 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക എന്നതും പ്രഖ്യാപിത ലക്ഷ്യമാണ്. പരമ്പരാഗതമേഖലയെ സാമൂഹ്യസുരക്ഷാ സംവിധാനം എന്നുകണ്ട് സംരക്ഷിക്കും. ഇവയ്ക്കായി പ്രത്യേക വകുപ്പുതന്നെ രൂപീകരിക്കും. തോട്ടംതൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. ഇവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍തന്നെ ഇടപെട്ട് പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ തൊഴിലാളികളുടെയും മിനിമം പ്രതിദിന വരുമാനം 500 രൂപയായി ഉയര്‍ത്താന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കും.

കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 1200 മെഗാവാട്ട് ശേഷിയുള്ള തെര്‍മല്‍ നിലയം, 300 മെഗാവാട്ട് ജലവൈദ്യുതി, 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി എന്നീ നിലകളില്‍ ഉല്‍പ്പാദനശേഷി കൈവരിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. റോഡ്–ജല ഗതാഗത സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രീയ പദ്ധതികളുമുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള രണ്ടുവരി റെയില്‍പ്പാത നാലുവരിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്തകമ്പനി ഉണ്ടാക്കാനും ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ സജ്ജമാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രധാനപ്പെട്ട കാഴ്ചപ്പാടാണ്. റബര്‍, നാളികേരം തുടങ്ങിയ വിളകളുടെ വിലയിടിവ് തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തുനിന്ന് ചെയ്യാന്‍ പറ്റുന്ന നടപടികളാണ് മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകരുടെ ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള നടപടിയും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും ലേബര്‍ ബാങ്ക് മറ്റൊരു സവിശേഷത. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കി കൃഷിക്കുള്ള പദ്ധതിവിഹിതം 10 ശതമാനമായി ഉയര്‍ത്തുക എന്നതും ലക്ഷ്യമാണ്. നെല്‍വയല്‍–തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും. പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും നെല്‍ക്കൃഷി വ്യാപിപ്പിക്കാനും എല്‍ഡിഎഫ് ഉദ്ദേശിക്കുന്നു.

ആരോഗ്യമേഖലയില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കാനും ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്താനുമാണ് ലക്ഷ്യംവയ്ക്കുന്നത്. കേരളത്തിന്റെ തനതുചികിത്സ എന്ന് വിശേഷിപ്പിക്കാവുന്ന ആയുര്‍വേദമേഖലയ്ക്കായി സര്‍വകലാശാലതന്നെ വിഭാവനം ചെയ്യുന്നു. എട്ടുമുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഹൈടെക് ആക്കാനും 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള കര്‍മപദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. മാതൃഭാഷാ പഠനം ഉറപ്പുവരുത്തുക, ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ളീഷ് പഠനം ശക്തിപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വാശ്രയ കോളേജുകള്‍ എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തും.

5000 കോടിയുടെ തീരദേശ പാക്കേജാണ് ലക്ഷ്യംവയ്ക്കുന്നത്. മാലിന്യവിമുക്തമായ കേരളത്തെ രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ധവളപത്രം ഇറക്കുക മാത്രമല്ല, മുന്‍ സര്‍ക്കാരിന്റെ പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കുകയും ചെയ്യും. ജലമലിനീകരണത്തിനെതിരെ ശക്തമായ ജനകീയ ക്യാമ്പയിനും ലക്ഷ്യംവയ്ക്കുന്നു. ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കും. എഎവൈ, ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൌജന്യ അരി വിതരണം ചെയ്യുന്നതിനു പുറമെ അസംഘടിതമേഖലയിലെ തൊഴിലാളി വിഭാഗങ്ങളെയും തൊഴിലുറപ്പു തൊഴിലാളികളെയും ബിപിഎല്‍ ആയി പരിഗണിച്ച് അവര്‍ക്കുകൂടി സൌജന്യറേഷന്‍ നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 200 തൊഴില്‍ദിനം ഉറപ്പുവരുത്തും. സ്ത്രീകളുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പ്രത്യേക വകുപ്പ് ആരംഭിക്കും. ജെന്‍ഡര്‍ ബജറ്റിങ് പുനഃസ്ഥാപിക്കും. കുടുംബശ്രീക്ക് നാലുശതമാനം പലിശയ്ക്ക് വായ്പ ഉറപ്പുവരുത്തും. ദളിത്–ആദിവാസി ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.

ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ് ആവിഷ്കരിക്കുക എന്നത് എല്‍ഡിഎഫിന്റെ പ്രധാന പരിപാടിയാണ്. നീര്‍ത്തട ആസൂത്രണം, മാലിന്യസംസ്കരണം, ജൈവപച്ചക്കറി എന്നിവയെ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയുമായി സംയോജിപ്പിച്ചുള്ള ഒരു ജനകീയപ്രസ്ഥാനം സംഘടിപ്പിക്കും. സാംസ്കാരിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തി ആ മേഖല ശക്തിപ്പെടുത്തും. പ്രവാസി വികസന നിധി ആരംഭിക്കും. തിരിച്ചുവരുന്നവര്‍ക്ക് വിപുലമായ പുനരധിവാസ പദ്ധതി ആവിഷ്കരിക്കും. പൊതുവിതരണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടിയ ന്യായവിലക്കടകള്‍ തുറക്കും. പൊതുവിതരണ സമ്പ്രദായത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ല. ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കാത്ത ഒരാളുപോലും കേരളത്തിലുണ്ടാകില്ല. ജൂണ്‍ ഒന്നുമുതല്‍ എല്ലാ പെന്‍ഷനും 1000 രൂപയായി ഉയര്‍ത്തും. വര്‍ഷംതോറും കാലോചിതമായ വര്‍ധന ഉണ്ടാകും. പെന്‍ഷന്‍ വീട്ടിലെത്തിക്കും.

എല്ലാ പരാതികളിലും പ്രശ്നങ്ങളിലും 30 ദിവസത്തിനകം സര്‍ക്കാര്‍തലത്തില്‍ തീര്‍പ്പുണ്ടാക്കും. പരാതികളോ ആവശ്യങ്ങളോ തള്ളപ്പെട്ടാല്‍ അവ പുനഃപരിശോധിച്ച് വ്യക്തത ഉണ്ടാക്കാന്‍ ജനപങ്കാളിത്തത്തോടെയുള്ള സംവിധാനമൊരുക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. വിവരാവകാശനിയമം ഫലപ്രദമായി നടപ്പാക്കും. എല്ലാവര്‍ക്കും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, പാര്‍പ്പിടം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പരിശ്രമിക്കുന്നത്. അപ്രഖ്യാപിത നിയമനനിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിക്കും. അഡ്വൈസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പിഎസ്സിയെ അറിയിക്കും.

ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. തൊഴില്‍ പരീക്ഷകളും മെഡിക്കല്‍–എന്‍ജിനിയറിങ് പ്രവേശനപരീക്ഷകള്‍ ഉള്‍പ്പെടെ മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കും. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ഇ കെ നായനാര്‍ അധ്യക്ഷനായ ഭരണപരിഷ്കാരകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കണമെന്ന ശമ്പളകമീഷന്റെ നിര്‍ദേശം തള്ളിക്കളയും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കും. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കും. സ്റ്റേറ്റ് സിവില്‍ സര്‍വീസ് കേഡര്‍ രൂപീകരിക്കും.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുന്നതിന് ഉതകുന്ന നയം ആവിഷ്കരിക്കും. സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനം മദ്യവര്‍ജനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. ഓരോ വീടും ഗ്രാമവും മദ്യ–ലഹരി വിമുക്തമാക്കി കേരളത്തെ ലഹരിവിമുക്ത സംസ്ഥാനമാക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് സമാധാനപരമായ അന്തരീക്ഷം. സമാധാനമുള്ള സംസ്ഥാനത്തേ വികസനം ഉണ്ടാകുകയുള്ളൂ. യുഡിഎഫ് അധികാരമേറ്റശേഷം ക്രമസമാധാനരംഗത്ത് കേരളം പുറകോട്ടുപോയി. മതസൌഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അവ തകര്‍ക്കുന്ന ഗൂഢമായ പദ്ധതികള്‍ അരങ്ങേറുകയാണ്. മതനിരപേക്ഷത സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി ഏറ്റെടുക്കും. ഇത്തരത്തില്‍ കേരളത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള കര്‍മപദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവയ്ക്കുന്നത്.

മതനിരപേക്ഷ–അഴിമതിവിമുക്ത–വികസിത കേരളത്തിനും സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്രവികസനത്തിനും കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്നതുമായ ഈ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കണം. യുഡിഎഫ് ഭരണത്തെ പുറത്താക്കണം; ബിജെപിയെ തടഞ്ഞുനിര്‍ത്തണം; എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കണം. ഇതിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ വോട്ടും പോളിങ് ബൂത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകണം. എതിരാളികള്‍ ഉണ്ടാക്കുന്ന പ്രകോപനത്തില്‍ പെട്ടുപോകാതെ, അമിത ആത്മവിശ്വാസത്തില്‍ ആലസ്യരാകാതെ കര്‍മനിരതമായി പ്രവര്‍ത്തിക്കുക. വിജയം നമ്മുടേതുതന്നെയായിരിക്കും.

14-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More