ഒഴിവുദിവസത്തെ രക്തസാക്ഷി ദളിതനല്ല

സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്‍ പൂര്‍വ്വാശ്രമത്തില്‍ ആര്‍ എസ് എസുകാരനായിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആ കെട്ടകാലത്തെ കുടഞ്ഞെറിഞ്ഞു എന്ന് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷെ, തന്റെ സിനിമയിലൂടെ പറയുന്നത് ദളിതന്റെ രാഷ്ട്രീയമാണ് എന്ന് അവകാശപ്പെടുന്ന സനല്‍കുമാര്‍ ദളിതന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ആര്‍ എസ് എസുകാരെപ്പോലെ മൂടിവെക്കുകയാണ്. കേരളത്തിലെ ദളിതന്റെ പ്രശ്‌നം കറുത്തവനെന്ന് വിളിച്ച് പരിഹസിക്കുമ്പോഴുള്ള മനപ്രയാസമല്ല. മറ്റുവിഭാഗങ്ങള്‍ അവനെ ചക്ക പറിക്കാനായി മരത്തില്‍ കയറ്റുന്നതുമല്ല ദളിതനെ അലട്ടുന്നത്. ഹിംസ നടത്താന്‍ കേരളത്തില്‍ ദളിതരാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് എന്ന വാദം കേരളത്തിലെ ഒരു ക്രൈം റിക്കാര്‍ഡ്‌സിലുമില്ല. പക്ഷെ, സനല്‍കുമാര്‍ ശശിധരന്‍ അങ്ങനെയാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സിനിമയുടെ മൗത്ത്പബ്ലിസിറ്റിക്കാരും പ്രചരിപ്പിക്കുന്നത്.

ആഷിക്അബു അവതരിപ്പിക്കുന്ന സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവത്തെ കളി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുക തന്നെയാണ്. നല്ലൊരു സിനിമ എന്ന് അടയാളപ്പെടുത്തേണ്ട ചലച്ചിത്രം തന്നെയാണ് ഒഴിവുദിവസത്തെ കളി. മികച്ച അവതരണം. കഥാപാത്രങ്ങളായി ഇഴുകി ചേരുന്ന അഭിനേതാക്കളുടെ മികവാര്‍ന്ന അഭിനയശൈലി. ക്യാമറ ഉപയോഗിക്കുന്നതിലെ വ്യത്യസ്തതയും കൈയടക്കവും മനോഹാരിതയും തുടങ്ങി നിരവധി ഘടകങ്ങള്‍ ഒഴിവുദിവസത്തെ കളിയെ മനോഹരമാക്കുന്നുണ്ട്. പലപ്പോഴും ചലച്ചിത്രോത്സവങ്ങളില്‍ കണ്ടുമറക്കുകയും എന്നാല്‍ മനസില്‍ ഉഠങ്ങികിടക്കുകയും ചെയ്ത സിനിമകളിലെ ഏതൊക്കെയോ ഫ്രെയിമുകള്‍ ഒഴിവുദിവസത്തെ കളി തിരിച്ചുനല്‍കുന്നുണ്ടായിരുന്നു. സനില്‍കുമാര്‍ ശശിധരന്‍ തന്റെ സിനിമയെ വളരെ യഥാതഥമാക്കി, സിനിമയുടെ സാങ്കേതിക വശങ്ങളിലുള്ള മികവ്, സിനിമയിലൂടെ പറയുന്ന വിഷയത്തെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ സനല്‍കുമാര്‍ ശശിധരന് സാധിക്കുന്നില്ല എന്ന് പറയേണ്ടിവരുന്നു. സനലിന്റെ അഭ്യുദയകാംക്ഷികള്‍ പറഞ്ഞുണ്ടാക്കുന്ന രാഷ്ട്രീയം സിനിമ കാണുമ്പോള്‍ ഒആരു പ്രേക്ഷകന് ഉണ്ടാവുന്നില്ല. അതാണ്# ഒഴിവുദിവത്തെ കളിയുടെ പരിമിതി.

ഒഴിവുദിവസത്തെ കളി ദളിതന്റെ വര്‍ത്തമാനാകാലാവസ്ഥയെ കുറിച്ച് ശക്തമായി പറയുന്നുണ്ട് എന്നാണ് പ്രമുഖ സിനിമാ നിരൂപകരടക്കം പലരും പറയുന്നത്. പക്ഷെ, ആ സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ദളിതന്റെ യഥാര്‍ത്ഥ വിഹ്വലതകളൊന്നും തന്നെ പങ്കുവെക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഫെയര്‍ ആന്റ് ലൗലിയും ഡോവും ലോറീലും ഉപയോഗിച്ച് തന്റെ കറുപ്പ് മാറ്റാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുന്ന കറുപ്പ് നിറമുള്ള ഒരു മനുഷ്യന്റെ അപകര്‍ഷതാബോധത്തിന്റെ കഥയാണ് ഇത് എന്ന് പറഞ്ഞാല്‍ അങ്ങനയല്ലെന്ന് സ്ഥാപിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും. ആ ഒരു തലത്തില്‍ നിന്ന് ഉയരുവാന്‍ സനല്‍കുമാര്‍ ശശിധരന് സാധിച്ചിട്ടില്ല.

സിനിമയില്‍ ദാസന്‍ പാടുന്നത് ഒഗാല ലെക്കോട്ടയുടെ 'വെന്‍ ഐ ആം ബോണ്‍ ഐ ആം ബ്ലാക്ക്..' എന്ന കവിതയാണ്. കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള വര്‍ണ-വര്‍ഗ വെറിയും ഇന്ത്യയില്‍ പരക്കെ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയും വിവേകാനന്ദനെ കൊണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിപ്പിച്ച കേരളത്തിലെ ജാത്യാചാരങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അത് സൂക്ഷ്മാര്‍ത്ഥത്തില്‍ കാണാന്‍ സനല്‍കുമാര്‍ ശശിധരന് ഈ സിനിമയില്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമയില്‍ ഒരിടത്തും ദളിതനെന്ന നിലയില്‍ ദാസനെ മറ്റുള്ള കഥാപാത്രങ്ങള്‍ വിമര്‍ശന വിധേയനാക്കുകയോ, ഇകഴ്ത്തി കാട്ടുകയോ ചെയ്യുന്നതായി തോന്നുന്നില്ല. ഐ ആം ബ്ലാക്കിന് പകരം 'പുലയാടിമക്കള്‍' എന്ന കവിതയായിരുന്നു ദാസന്‍ ചൊല്ലിയിരുന്നതെങ്കില്‍ ദളിത് സ്വത്വം ദാസനിലുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ സിനിമയിലൂടെ കഴിഞ്ഞേനെ. കറുപ്പെന്ന നിറത്തെ ചൂണ്ടി ഇത് ദളിത് സ്വതമാണെന്ന് നിരൂപകര്‍ സ്ഥാപിക്കുന്നത് യാഥാര്‍ത്ഥ്യമാവുന്നില്ല. യഥാര്‍ത്ഥത്തില്‍ സിനിമയുടെ വാഴ്ത്തുപാട്ട് പാടുന്ന ചിലര്‍ അഭിരമിക്കുന്ന അരാഷ്ട്രീയ-അരാജകത്വ രാഷ്ട്രീയത്തെ മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ സിനിമ ദളിത് അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സനലിന്റെ സിനിമ അരാജകത്വ-അരാഷ്ട്രീയ ജീവിതങ്ങളുടെ വര്‍ത്തമാനം മാത്രമാണ്.

സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്‍ പൂര്‍വ്വാശ്രമത്തില്‍ ആര്‍ എസ് എസുകാരനായിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആ കെട്ടകാലത്തെ കുടഞ്ഞെറിഞ്ഞു എന്ന് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷെ, തന്റെ സിനിമയിലൂടെ പറയുന്നത് ദളിതന്റെ രാഷ്ട്രീയമാണ് എന്ന് അവകാശപ്പെടുന്ന സനല്‍കുമാര്‍ ദളിതന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ആര്‍ എസ് എസുകാരെപ്പോലെ മൂടിവെക്കുകയാണ്. കേരളത്തിലെ ദളിതന്റെ പ്രശ്‌നം കറുത്തവനെന്ന് വിളിച്ച് പരിഹസിക്കുമ്പോഴുള്ള മനപ്രയാസമല്ല. മറ്റുവിഭാഗങ്ങള്‍ അവനെ ചക്ക പറിക്കാനായി മരത്തില്‍ കയറ്റുന്നതുമല്ല ദളിതനെ അലട്ടുന്നത്. ഹിംസ നടത്താന്‍ കേരളത്തില്‍ ദളിതരാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് എന്ന വാദം കേരളത്തിലെ ഒരു ക്രൈം റിക്കാര്‍ഡ്‌സിലുമില്ല. പക്ഷെ, സനല്‍കുമാര്‍ ശശിധരന്‍ അങ്ങനെയാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സിനിമയുടെ മൗത്ത്പബ്ലിസിറ്റിക്കാരും പ്രചരിപ്പിക്കുന്നത്.

കേരളത്തിലെ ദളിതനെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ഭരണഘടനയും ഭരണകൂടവും മുന്നോട്ടുവെക്കുന്ന നടപടികളും പരിപാടികളും ഇവിടെ വേണ്ടത്ര യാഥാര്‍ത്ഥ്യമാവുന്നേയില്ല. ബ്യൂറോക്രസിയുടെ വില്ലത്തരങ്ങളും ഭരണകൂടങ്ങളുടെ വികസന മുന്‍ഗണനകളും ദളിതനെ കൈപിടിച്ചുയര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇന്ത്യന്‍ അവസ്ഥയെ അപേക്ഷിച്ച് ഭൂപരിഷ്‌കരണം നടന്ന കേരളത്തില്‍ ദളിത് അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടതാണ്. എന്നാലും ഭൂമി, പാര്‍പ്പിടം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. കറുത്തവനായത് കൊണ്ട് ക്ലാസ് റൂമില്‍ നിന്നും മാറ്റിയിരുത്തുന്ന, കറുത്തവനായതുകൊണ്ട് ജോലി നിഷേധിക്കുന്ന, കറുത്തവനായതുകൊണ്ട് മദ്യപാനസദസില്‍ നിന്ന് മാറ്റിയിരുത്തുന്ന വാര്‍ത്തകള്‍ കേരളത്തില്‍ പുറത്തുവരാറുമില്ല. സംവിധായകന്‍ പണ്ട് പോയിരുന്ന, മനുസ്മൃതിയെ പിന്‍പറ്റുന്ന ആര്‍ എസ് എസ് ശാഖയില്‍ നിന്നുപോലും കറുത്തവനായതുകൊണ്ട് ആരെയും മാറ്റി നിര്‍ത്തിയതായി അറിവില്ല.

നവോത്ഥാന നായകനും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ എം എസ് നമ്പൂതിരിപ്പാട് കറുത്തവനായിരുന്നു. ജീവിച്ചിരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും കറുത്ത മനുഷ്യനാണ്. കേരളത്തിലെ സവര്‍ണ സമുദായങ്ങളില്‍ കറുത്തവരും വെളുത്തവരുമുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലും കറുത്തവരും വെളുത്തവരുമുണ്ട്. കറുപ്പ് സൗന്ദര്യമല്ലെന്നും വെളുപ്പാണ് സൗന്ദര്യമെന്നും കറുപ്പില്‍ നിന്ന് വെളുപ്പിലേക്ക് സഞ്ചരിക്കാന്‍ ഇതാ ഞങ്ങളുടെ ഉത്പന്നങ്ങളെന്നും പറയുന്നത് കമ്പോള പ്രത്യയശാസ്ത്രമാണ്. ബഹുരാഷ്ട്ര കുത്തകകളാണ്. കറുപ്പിന് അഴകില്ല എന്ന അവബോധം അവര്‍ വിവിധ പരസ്യങ്ങളിലൂടെ ജനങ്ങളില്‍ കുത്തിവെച്ചുകൊണ്ടിരിക്കുന്നു. ഉപഭോഗപരതയുടെ ആ കെട്ടുകാഴ്ചകളില്‍ സവര്‍ണരും അവര്‍ണരും വീണുപോകുന്നുണ്ട്. സംവിധായകനും ആ അവബോധത്തിന്റെ ഇരയായി മാറുകയാണ്. ദളിതന്റെ പ്രശ്‌നം നിറമല്ലെന്ന വസ്തുതയില്‍ നിന്നുകൊണ്ട് വേണം ഒഴിവുദിവത്തെ കളിയെ നോക്കി കാണേണ്ടത്.

ഈ സിനിയിലുള്ള വെളുത്തവരെയും കറുത്തവരെയും ഭരിക്കുന്നത് അരാജകത്വും അരാഷ്ട്രീയതയുമാണ്. അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അവര്‍ക്ക് വെറും ഒഴിവുദിവസം മാത്രമാണ്. സിനിമയിലെ കൂട്ടുകാരെ തമ്മില്‍ ബന്ധിപ്പിക്കുന്നതായി പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന ഏകഘടകം മദ്യവും അതിന്റെ ഭാഗമായുള്ള അര്‍മാദവും മാത്രമാണ്. സിനിമ തുടങ്ങുമ്പോള്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതുപോലും ഒരു നീരൊഴുക്കിന് സമീപത്തെ മദ്യപാന രംഗത്തിലൂടെയാണ്. ജോലിയോടും ജനാധിപത്യ പ്രക്രിയയോടും തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന് അവര്‍ സംഭാഷണങ്ങളിലൂടെ തെളിയിക്കുന്നു.

ഗീത എന്ന സ്ത്രീയെ ഒഴിവുദിവസത്തെ കളിയില്‍ പ്രേക്ഷകന്‍ പരിചയപ്പെടുന്നുണ്ട്. കുടിക്കാനും ആക്രാന്തിക്കാനും വരുന്ന ആ അരാഷ്ട്രീയ-അരാകത്വ സംഘത്തിന് ഭക്ഷണം വെച്ചുകൊടുക്കാന്‍ വേണ്ടി റെസ്റ്റ് ഹൗസിന്റെ വാച്ച്മാനായ നാരായണന്‍ ഏര്‍പ്പാടാക്കിയ സ്ത്രീയാണ് ഗീത. റസ്റ്റ് ഹൗസിലെ ടെലിവിഷന്‍ വാര്‍ത്ത വെക്കുന്ന ദാസന്‍ ഇടയ്ക്ക് ചാനല്‍ ചര്‍ച്ചയില്‍ ശ്രദ്ധിക്കുന്നുണ്ട്. തീര്‍ത്തും ഉപരിപ്ലവമായ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്.

ദാസന്റെ കറുപ്പ് ദളിത് സ്വത്വത്തിന്റെ കളറാണെങ്കില്‍ തീര്‍ച്ചയായും ഗീത ദളിതയായിരിക്കണം. പക്ഷെ, എനിക്ക് ഗീതയെ ദരിദ്രനായര്‍ കുടുംബത്തിലെ പെണ്ണായി കാണാനാണ് ഇഷ്ടം. അവള്‍ ഏത് സവര്‍ണ സ്വത്വത്തിലുള്ളവളായാലും അരാഷ്ട്രീയ-അരാജകത്വ പുരുഷത്വം അവളെ വെറുതെ വിടില്ല. ഒരു ശരീരം അന്നതിനപ്പുറം സ്ത്രീയെ നോക്കി കാണാനുള്ള സ്ത്രീപക്ഷ ബോധം അവര്‍ക്കില്ല. കൈക്കരുത്തിലൂടെ പെണ്ണിനെ ഭോഗിക്കാമെന്ന പുരുഷസങ്കല്‍പ്പം പ്രയോഗവത്കരിക്കാനും സമ്പന്നനായ ധര്‍മന്‍ എന്ന കഥാപാത്രം ശ്രമിക്കുന്നുണ്ട്. ഗീതയ്ക്ക് തന്റെ കരുത്തുകൊണ്ട് തന്നെ അയാളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു.

ദാസന്‍ ആ കൂട്ടത്തില്‍ കുറഞ്ഞൊരാളല്ല. പലപ്പോഴും അയാളാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. മറ്റുള്ളവരുടെ എതിര്‍പ്പിനെ വകവെക്കാതെ അയാള്‍ ടെലിവിഷന്‍ വെക്കുന്നു. ധര്‍മനും മറ്റൊരുകൂട്ടുകാരനും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ദാസന്‍ തന്നെയാണ് ആ വഴക്ക് മാറ്റുന്നതിന് മുന്‍കൈയെടുക്കുന്നത്. അതില്‍ വിജയിക്കുന്നത്. പക്ഷെ, അവരുടെ ഏത് പ്രവര്‍ത്തനത്തിന് പിന്നിലും ഇടയിലുള്ളത് മദ്യവും സിഗരറ്റുമാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. അവരുടെ രാഷ്ട്രീയം സമൂഹത്തിന്റെ രാഷ്ട്രീയവുമല്ല. അവരുടെ മുന്‍ഗണനകള്‍ എല്ലാം തുടങ്ങുന്നത് അരാജകത്വത്തിലാണ്. അവസാനിക്കുന്നത് അരാഷ്ട്രീയതയിലും.

കറുപ്പ് അപകര്‍ഷത ഉളവാക്കേണ്ട നിറമാണെന്ന ബോധ്യമാണ് ദാസനുള്ളത്. അതുവരെ നേതൃഗുണത്തോടെ എല്ലാറ്റിലും ഇടപെടല്‍ നടത്തിയിരുന്ന ദാസന്‍ കറുപ്പെന്ന പരാമര്‍ശത്തോടെ മ്ലാനനാവുകയാണ്. വിമുഖനാവുകയാണ്. പക്ഷെ, അയാള്‍ പിണങ്ങിപ്പോകുന്നില്ല. കളിയില്‍ കൂടുക തന്നെയാണ്. ദാസന്റെ മറ്റൊരു കൂട്ടുകാരന്‍ ആ കളിയില്‍ ശിക്ഷ ലഭിക്കുമ്പോള്‍ കൈക്കൂലി കൊടുത്ത് രക്ഷപ്പെടുന്നുണ്ട്. ദാസന്റെ കൈയ്യില്‍ കൈക്കൂലി കൊടുക്കാന്‍ പണമില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കാം. പണമില്ലാത്തവനുനേരെ എന്തുമാകാം എന്ന മുതലാളിത്ത മനസാണ് മറ്റ് കൂട്ടുകാരെ ഭരിക്കുന്നത്. മുതലാളിത്തം അരാജകത്വത്തെയും അരാഷ്ട്രീയതയെയും വളര്‍ത്തുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധരുമാണ്. കറുപ്പ് സൗന്ദര്യമല്ലെന്നും വെളുപ്പാണ് ഭംഗിയെന്നും പറയുന്നത് കമ്പോളമുതലാളിത്തം തന്നെയാണ്. ആ മുതലാളിത്തത്തിന്റെ ഇരയാണ് തൂങ്ങിയാടുന്ന ദാസനെന്ന അരാഷ്ട്രീയ-അരാജകത്വ മനുഷ്യജീവിതം. അത് ദളിതനല്ല. ദളിതനിങ്ങനെ വല്ലവന്റെയും തൂക്കുകയറില്‍ തൂങ്ങിയാടാന്‍ മനസുമില്ല.

ദളിതന്റെ ദൈന്യതയാണ്, ദളിതന്റെ വര്‍ത്തമാനകാലാവസ്ഥയാണ് ഒഴിവുദിവസത്തെ കളിയെന്ന സിനിമയെന്നൊക്കെ പറഞ്ഞ് പ്രദര്‍ശന വിജയമുണ്ടാക്കാന്‍ മൗത്ത്പബ്ലിസിറ്റിക്കാര്‍ ശ്രമിക്കുന്നത് ദളിതരെ അപമാനിക്കുന്നതിന് തുല്യമാണ്. അതൊരു തരത്തില്‍ ദളിത്ചൂഷണവുമാണ്. ദളിത് സ്വത്വത്തെ ഇത്തരത്തില്‍ കമ്പോളാധിഷ്ടിതമായ മനസോടെ ഉപയോഗിക്കുന്നതിലും ശരികേടുണ്ട്. സിനിമ വിജയിക്കാന്‍ വേണ്ടി ഇത് ദളിത് രാഷ്ട്രീയമാണെന്നൊക്കെ പറയുന്നവരുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയാണ് ദളിതന്‍.

29-Jun-2016

കാഴ്ച മുന്‍ലക്കങ്ങളില്‍

More