രാജിയെ തുടര്‍ന്ന്

 

എല്‍ഡിഎഫ് മന്ത്രിസഭയില്‍നിന്നുള്ള ഇ പി ജയരാജന്റെ രാജിയുടെ വിലയിരുത്തലുകള്‍ വ്യത്യസ്തരൂപത്തില്‍ വരുന്നുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പൊതുവിലും സിപിഐ എമ്മിനെ വിശേഷിച്ചും ശ്ളാഘിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ പൊതുവില്‍ കാണാം. പക്ഷേ ഇതൊന്നും അംഗീകരിക്കാത്ത രണ്ടുകൂട്ടരുണ്ട്. അത് യുഡിഎഫും ബിജെപിയുമാണ്. അതിന് അവരെ പ്രേരിപ്പിക്കുന്നത് എല്‍ഡിഎഫ് ഭരണത്തോടുള്ള അസഹിഷ്ണുതയാണ്; ജനവിധി മാനിക്കാനുള്ള മാന്യതയില്ലായ്മയാണ്. എന്നാല്‍, ജയരാജന്റെ രാജിയില്‍ തെളിഞ്ഞ വ്യത്യസ്ത രാഷ്ട്രീയപാതയെ നിഷ്പക്ഷമതികളും ചിന്തിക്കുന്നവരും അംഗീകരിക്കുന്നു. യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്നും കോണ്‍ഗ്രസും ബിജെപിയും അല്ല സിപിഐ എം എന്നും തെളിഞ്ഞു. സ്വന്തം വകുപ്പില്‍ അടുത്ത ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ രാജിവച്ചത്. പൊന്തിവന്ന ആക്ഷേപം എല്‍ഡിഎഫ് ഭരണത്തിന്റെയും സിപിഐ എമ്മിന്റെയും യശസ്സിന് കോട്ടംവരുത്തുന്നുവെന്ന് കണ്ടാണ് രാജിക്ക് ജയരാജന്‍ സന്നദ്ധത അറിയിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അതിന് അനുമതി നല്‍കുകയും ചെയ്തത്.

എല്‍ഡിഎഫ് മന്ത്രിസഭയില്‍നിന്നുള്ള ഇ പി ജയരാജന്റെ രാജിയുടെ വിലയിരുത്തലുകള്‍ വ്യത്യസ്തരൂപത്തില്‍ വരുന്നുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പൊതുവിലും സിപിഐ എമ്മിനെ വിശേഷിച്ചും ശ്ളാഘിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ പൊതുവില്‍ കാണാം. പക്ഷേ ഇതൊന്നും അംഗീകരിക്കാത്ത രണ്ടുകൂട്ടരുണ്ട്. അത് യുഡിഎഫും ബിജെപിയുമാണ്. അതിന് അവരെ പ്രേരിപ്പിക്കുന്നത് എല്‍ഡിഎഫ് ഭരണത്തോടുള്ള അസഹിഷ്ണുതയാണ്; ജനവിധി മാനിക്കാനുള്ള മാന്യതയില്ലായ്മയാണ്. എന്നാല്‍, ജയരാജന്റെ രാജിയില്‍ തെളിഞ്ഞ വ്യത്യസ്ത രാഷ്ട്രീയപാതയെ നിഷ്പക്ഷമതികളും ചിന്തിക്കുന്നവരും അംഗീകരിക്കുന്നു. യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്നും കോണ്‍ഗ്രസും ബിജെപിയും അല്ല സിപിഐ എം എന്നും തെളിഞ്ഞു. 

സ്വന്തം വകുപ്പില്‍ അടുത്ത ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ രാജിവച്ചത്. പൊന്തിവന്ന ആക്ഷേപം എല്‍ഡിഎഫ് ഭരണത്തിന്റെയും സിപിഐ എമ്മിന്റെയും യശസ്സിന് കോട്ടംവരുത്തുന്നുവെന്ന് കണ്ടാണ് രാജിക്ക് ജയരാജന്‍ സന്നദ്ധത അറിയിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അതിന് അനുമതി നല്‍കുകയും ചെയ്തത്. ജയരാജന്റെ രാജി സമുചിതവും മാതൃകാപരവുമെന്നാണ് 'മാതൃഭൂമി' ദിനപത്രം മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. എന്ത് ആക്ഷേപം നേരിട്ടാലും അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്ന മന്ത്രിമാരുള്ള നാടാണിതെന്ന കാര്യം മാതൃഭൂമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ദേശീയ ദിനപത്രമായ 'ദ ഹിന്ദു'വിന്റെ മുഖപ്രസംഗം രാജിയുടെ വ്യത്യസ്തസ്വഭാവത്തെ അടിവരയിടുന്നു. 'കേരളത്തിലെ അതിവേഗ പുറത്തുപോകല്‍' എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ ജയരാജന്റെ വേഗത്തിലുള്ളതും ശാന്തവുമായ പുറത്തുപോകലിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, തങ്ങള്‍ക്ക് എതിരെയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തില്‍ സ്ഥാനത്തുനിന്ന് ഇറങ്ങാന്‍ യുഡിഎഫ് മന്ത്രിമാര്‍ കാട്ടിയ വിമുഖത സ്മരിച്ചിട്ടുണ്ട്. മുന്നണിയുടെ രക്ഷയെ പേടിച്ച് ബാര്‍കോഴ കേസില്‍ മുന്‍സര്‍ക്കാരെടുത്ത നിലപാടുകളുടെ വിചിത്രതയിലേക്ക് 'ഹിന്ദു' വിരല്‍ചൂണ്ടിയിട്ടുണ്ട്. ഇങ്ങനെ മാധ്യമങ്ങള്‍ പൊതുവില്‍ ജയരാജന്റെ രാജിയെ നല്ല നടപടിയായി കാണുകയും അംഗീകരിക്കുകയുംചെയ്തു. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ സ്വരം മനോരമ പ്രകടിപ്പിച്ചു. 'നിവൃത്തിയില്ലാത്ത രാജി' എന്ന തലച്ചാര്‍ത്തില്‍ ഗത്യന്തരമില്ലാതെ സ്ഥാനമൊഴിഞ്ഞെന്ന മട്ടിലാണ് മനോരമയുടെ ചിത്രീകരണം. ഇത് യുഡിഎഫ്–ബിജെപി രാഷ്ട്രീയ സ്വരത്തിന്റെ പ്രതിധ്വനിയായിപ്പോയി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നപ്പോള്‍ത്തന്നെ അത് ഗൌരവമായി പരിശോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായ ഞാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പിന്നീട് മന്ത്രിസഭായോഗം ചേര്‍ന്നപ്പോഴാകട്ടെ ആക്ഷേപം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും മേലില്‍ അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നിയമനിര്‍മാണത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു.

വിജിലന്‍സ് കോടതിയില്‍ പരാതിവന്നെങ്കിലും ജയരാജനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നിട്ടും ജയരാജന്‍ സ്ഥാനമൊഴിഞ്ഞു. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ മഞ്ഞക്കണ്ണടയില്ലാത്ത ആരും ആ ഗുണപരമായ വസ്തുത അംഗീകരിക്കും. ബാര്‍കോഴ കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുണ്ടായിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങിയവരും തൂങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ മന്ത്രിമാരുള്ള നാടായിരുന്നല്ലോ യുഡിഎഫ് ഭരണകാലത്തെ കേരളം. അന്ന് കളങ്കിതരായ ആ മന്ത്രിമാര്‍ രാജിവച്ചൊഴിയട്ടെയെന്ന് മുഖപ്രസംഗത്തിലൂടെ ഉപദേശിക്കാനുള്ള സല്‍ബുദ്ധി മനോരമയ്ക്ക് ഉണ്ടായില്ലെന്നത്  ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ടാകും.

വിജിലന്‍സ് കോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ചില അഭിഭാഷകര്‍ നടത്തിയ കുറ്റകരമായ അതിക്രമങ്ങള്‍ എല്‍ഡിഎഫിനുമേല്‍ കെട്ടിവയ്ക്കുന്ന വസ്തുതാവിരുദ്ധമായ നിലപാടും മനോരമ മുഖപ്രസംഗത്തില്‍ കണ്ടു. ജയരാജന്റെ കേസുമായി ബന്ധപ്പെട്ട ഹര്‍ജി വരുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞില്ലെന്നും ആ കേസ് കോടതി പരിഗണിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്നും അതില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് മനോരമയുടെ ആരോപണം. ഇതിലെ രാഷ്ട്രീയആക്ഷേപം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കോടതി റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്യ്രത്തെ കലവറകൂടാതെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ടിയാണ് സിപിഐ എം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഹൈക്കോടതിയിലും തിരുവനന്തപുരത്തുള്‍പ്പെടെ ചില ജില്ലകളിലെ കോടതികളിലും സംഘട്ടനവും സംഘര്‍ഷവുമുണ്ടായത് നിര്‍ഭാഗ്യകരമാണ്. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കണം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം യോജിച്ച് മുന്നോട്ടുപോകേണ്ടവരാണ്. പൊടുന്നനെ സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെപേരില്‍ ഒരുപറ്റം അഭിഭാഷകര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ഒരുകാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ല.  ഇക്കാര്യത്തില്‍ മാധ്യമസ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നതിന് ശക്തമായ നിലപാട് ജുഡീഷ്യറി സ്വീകരിക്കണം. അതിന് പ്രേരണയേകുന്ന ശരിയായ സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതെല്ലാം തമസ്കരിച്ചാണ് ജയരാജന്‍ കേസില്‍  വിജിലന്‍സ് കോടതിയില്‍നിന്ന് വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍വേണ്ടി മാധ്യമപ്രവര്‍ത്തകരെ എല്‍ഡിഎഫ് താല്‍പ്പര്യപ്രകാരം അഭിഭാഷകര്‍ ഇടപെട്ട് പുറത്താക്കിയെന്ന ആക്ഷേപം മനോരമ നടത്തിയത്. അക്രമം കാട്ടിയ അഭിഭാഷകരില്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന പ്രതിനിധികളുമുണ്ട്. ആ  അഭിഭാഷകരെ ഒന്നിപ്പിച്ച് നിര്‍ത്തിയത് ഏതെങ്കിലും രാഷ്ട്രീയമുന്നണിയുടെ രാഷ്ട്രീയമല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം മാന്യജിഹ്വയ്ക്കുണ്ടാകണം.

ആക്ഷേപവിധേയരായ മന്ത്രിമാരെ രക്ഷിക്കാന്‍ എന്തെല്ലാം നെറികെട്ട വഴികളാണ് ഉമ്മന്‍ചാണ്ടി ഭരണകാലത്ത് സ്വീകരിച്ചതെന്ന് നാടിപ്പോള്‍ ഓര്‍ക്കുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിക്കുമാത്രമല്ല വിജിലന്‍സിന്റെ ചുമതലകൂടി ഉണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നെറികേടില്‍ നല്ല പങ്കാളിത്തമുണ്ട്. അഴിമതിക്കാരനായ മന്ത്രിക്ക് ക്ളീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഗളഹസ്തം ചെയ്തു. എന്നിട്ട് തങ്ങള്‍ക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥനെ കസേരയിലിരുത്തി അനുകൂലമായ റിപ്പോര്‍ട്ട് എഴുതിവാങ്ങിച്ചു. അത്തരം നെറികെട്ട ഭരണശൈലി എല്‍ഡിഎഫ് സ്വീകരിക്കില്ല. പാര്‍ടിക്കും എല്‍ഡിഎഫിനും ഉന്നതമായ ധാര്‍മികനിലവാരമുണ്ട്. അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. ഭരണം സുതാര്യമാക്കി അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യവസ്ഥിതിയുടെ വീഴ്ച മാറ്റണമെന്ന ചില മാധ്യമങ്ങളുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഇത് നടപ്പാക്കാനാണ് പുതിയ നിയമനിര്‍മാണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചുവടുവയ്ക്കുന്നത്. ഇതിനൊപ്പം ഒരു കാര്യം വ്യക്തമാക്കട്ടെ. ഭരണത്തിലുള്ളതോ പ്രതിപക്ഷത്തുള്ളതോ ആയ ഏതെങ്കിലും പാര്‍ടിനേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ ബന്ധുവാണ് എന്നത് നിയമനത്തിന് ഒരു അയോഗ്യതയാകില്ല. അതുപോലെ അതുമാത്രം യോഗ്യതയുമാകില്ല. ഇതടക്കം കുറ്റമറ്റ രീതിയില്‍ അര്‍ഹതയും യോഗ്യതയുമുള്ളവര്‍ക്ക് നിയമനം കിട്ടാനുള്ള സംവിധാനമാകും ഉണ്ടാകുക. പണ്ടുകാലത്ത് കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും  കമ്യൂണിസ്റ്റുകാരെയോ അവരുടെ മക്കളെയോ ഭാര്യയെയോ നിയമിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. മുനിസിപ്പല്‍ കമീഷണര്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് കിട്ടിയിട്ടും കമ്യൂണിസ്റ്റായതിനാല്‍ മലയാറ്റൂര്‍ രാമകൃഷ്ണന് ജോലിനല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നല്ലോ. അത് നിയമസഭയില്‍ ഒച്ചപ്പാടായത് കേരളചരിത്രം പരിശോധിച്ചാല്‍ കാണാം. മലയാറ്റൂരിന് ജോലി നിഷേധിച്ചതിനെതിരെ കമ്യൂണിസ്റ്റ് എംഎല്‍എമാര്‍ പ്രതിഷേധിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള നിയമസഭയില്‍ മറുപടി നല്‍കിയത്, 'മലയാറ്റൂര്‍ രാമകൃഷ്ണനല്ല വൈകുണ്ഠം പരമേശ്വരനായാലും കമ്യൂണിസ്റ്റ് കുഴപ്പക്കാര്‍ക്ക് ജോലിയില്ല' എന്നായിരുന്നു. കമ്യൂണിസ്റ്റാണെന്നത് ജോലി കിട്ടാന്‍ അയോഗ്യതയായ ഒരു കാലം ഇനി തിരിച്ചുവരാന്‍ പാടില്ല.  അര്‍ഹതയും യോഗ്യതയുമുള്ളവര്‍ ഏത് പാര്‍ടിക്കാരായാലും ഒരു പാര്‍ടിയിലുംപെടാത്തവരായാലും അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും ജോലികിട്ടണമെന്നതാണ് സിപിഐ എം നിലപാട്.

പ്യൂണ്‍മുതല്‍ മുകളിലോട്ടുള്ള മിക്കവാറും എല്ലാ തസ്തികയിലേക്കും നിയമനോപദേശം നല്‍കാനുള്ള സ്ഥാപനമാക്കി പബ്ളിക് സര്‍വീസ് കമീഷനെ മാറ്റിയത് ഒന്നാം ഇ എം എസ് സര്‍ക്കാരാണ്. കമീഷന്റെ അധികാരപരിധി ആവുന്നത്ര വിപുലപ്പെടുത്തി ഒന്നാം ഇ എം എസ് സര്‍ക്കാര്‍ മുറുകെപ്പിടിച്ച കാഴ്ചപ്പാട് ശക്തിപ്പെടുത്തും. സര്‍വകലാശാലകളിലെ നിയമനവും ദേവസ്വം ബോര്‍ഡിലെ നിയമനവും എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്സിക്ക് വിട്ടു. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎസ്സിയില്‍നിന്ന് മാറ്റി. ശാന്തിക്കാര്‍വരെയുള്ള എല്ലാ നിയമനങ്ങളും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിടുകയാണ്. ഇതുപോലെ പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന നടത്തുന്ന കാര്യം എല്‍ഡിഎഫ് സര്‍കാരിന്റെയും മുന്നണിയുടെയും പരിഗണനയിലാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ എംഡി നിയമനംപോലുള്ള കാര്യങ്ങളില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചില രീതികളില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും. അത് ചെയ്യുമ്പോള്‍, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍, പ്രത്യേക പരിഗണനയും സംരക്ഷണവും അര്‍ഹിക്കുന്നവരെ (അത് ജാതിസംവരണത്തിന്റേതടക്കമാകാം) ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും വരാം. യോഗ്യതയുടെപേരിലുള്ള സ്വതന്ത്രമായ മത്സരത്തെ കൂടുതല്‍ വളര്‍ത്തുക, അതേസമയം ജാതീയമായ അനുപാതം അനുസരിച്ചുള്ള പൊതു ഉദ്യോഗനിയമനവ്യവസ്ഥയെ അട്ടിമറിക്കാതിരിക്കുക– ഇങ്ങനെ ഉദ്യോഗനിയമനകാര്യത്തില്‍ സാമൂഹ്യനീതി പാലിക്കുകയെന്നത് ഈ പ്രശ്നത്തോട് ബന്ധപ്പെട്ടുള്ള ഒന്നാണ്. ഇത് പരിപാലിക്കേണ്ടത് പുരോഗമന സര്‍ക്കാരിന്റെ കടമകൂടിയാണ്.

അന്യവര്‍ഗാശയത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തില്‍ സര്‍ക്കാരും പാര്‍ടിയും മുന്നണിയും ഒരിക്കലും അകപ്പെടരുതെന്ന ദൃഢനിശ്ചയത്തോടെയാണ് എല്‍ഡിഎഫും സിപിഐ എമ്മും മുന്നോട്ടുപോകുന്നത്. അന്യവര്‍ഗാശയത്തിന്റെ സ്വാധീനത്തിനെതിരായി പൊരുതുകയെന്ന പരമപ്രധാനമായ കടമയെ ഞങ്ങള്‍ അവഗണിക്കുന്നില്ല. പാര്‍ടി അംഗങ്ങളും നേതാക്കളും ജനങ്ങളെ സേവിക്കുന്നവരും സഹായിക്കുന്നവരുമായിരിക്കണം. മുന്നണിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിനും സര്‍ക്കാരിന്റെ യശസ്സിനും കോട്ടംതട്ടുന്ന ഒന്നും ഉണ്ടാകരുത്. ആ നിലയ്ക്കുള്ള പ്രവര്‍ത്തനമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. ആഴത്തിലുള്ള സ്വയംവിമര്‍ശനം നടത്താനും തിരുത്താനുമുള്ള ആര്‍ജവം സിപിഐ എമ്മിനുണ്ട്. അതാണ് ജയരാജന്റെ രാജിയില്‍ തെളിഞ്ഞത്.

21-Oct-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More