ഈ വിജയം വലിയ വിജയത്തിനായി

ഉത്തരവുകളൊക്കെയും ചോദ്യങ്ങളേതുമില്ലാതെ അനുസരിക്കുന്ന വിഭാഗത്തെയാണ് അവര്‍ക്കിഷ്ടം. അത്തരക്കാര്‍ മാത്രമായുള്ള കലാലയങ്ങള്‍ രൂപപ്പെടുത്താനാണ് ആര്‍ എസ് എസ് അധ്വാനിക്കുന്നത്. ശാസ്ത്രബോധം തൊട്ടുതീണ്ടാത്ത, യുക്തിചിന്തയെ അംഗീകരിക്കാത്ത, വസ്തുതകളുടെ വിശകലനം ആഗ്രഹിക്കാത്ത അത്തരം സംഘങ്ങള്‍ തന്നെയാണ് ലോകത്ത് ഫാസിസ്റ്റ് രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കുന്നത്. ഇന്ത്യയിലും അതുതന്നെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും അത്തരം നീക്കങ്ങള്‍ക്ക് ആര്‍ എസ് എസ് സംഘപരിവാരത്തിന് കടുത്ത പ്രഹരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജെ എന്‍ യു വില്‍ നിന്ന് ലഭിച്ചതും മറ്റൊന്നല്ല.

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ജെ എന്‍ യു)വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ- ഐസ മുന്നണിക്കുണ്ടായ വിജയം ജനാധിപത്യവാദികളെയാകെ സന്തോഷിപ്പിക്കുന്നതാണ്. പിന്നിട്ട വര്‍ഷം രാജ്യത്തെ ജനങ്ങള്‍ ഉത്കണ്ഠാകുലമായി ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ചിലതിന്റെ കേന്ദ്രസ്ഥാനത്ത് പ്രസ്തുത യൂണിവേഴ്‌സിറ്റി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മുന്‍കാലങ്ങളേക്കാളേറെ പ്രാധാന്യം ഇത്തവണത്തെ തെരഞ്ഞെടുപ്പിന് കൈവന്നിരിക്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇവിടെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായും ഇത്തവണ തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. അഭിമാനകരമായ ഈ വിജയം രാജ്യത്തിലെ ഇതര യൂണിവേഴ്‌സിറ്റികളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതായിരിക്കും. നിലവില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് നടന്ന സര്‍വ്വകലാശാലകളിലെല്ലാം എസ് എഫ് ഐ നേതൃത്വത്തിലുള്ള മുന്നണിയാണ് വിജയിച്ചുകൊണ്ടിരിക്കുന്നത്. ഇതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

കേന്ദ്രഭരണ സ്വാധീനവും സംഘപരിവാര ഗുണ്ടാപ്പടയുടെ കായികശേഷിയും ഉപയോഗിച്ച് കലാലയങ്ങളെ നിശബ്ദമാക്കാമെന്നാണ് ആര്‍ എസ് എസ് കരുതുന്നത്. അതിനുള്ള തീവ്രപരിശ്രമം അവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ശ്രമങ്ങള്‍ തന്നെയാണ് ജെ എന്‍ യുവിലും കാണാന്‍ കഴിഞ്ഞത്. അക്കാഡമിക് യൂണിറ്റിയുടെ ജനാധിപത്യ അവകാശങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, ദേശീയത, പൗരാവകാശം എന്നിങ്ങനെ എല്ലാ വിഷയങ്ങളെ കുറിച്ചും തുറന്ന ചര്‍ച്ചയും സംവാദങ്ങളും അതിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഇത്തരം സംവിധാനങ്ങള്‍ അസാധ്യമാകുക എന്നാല്‍, പഠന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കപ്പെട്ടു എന്നാണര്‍ത്ഥം. വസ്തുതാപരമായ വിലയിരുത്തലും അഭിപ്രായ പ്രകടനങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അവസരം ലഭ്യമാകുന്നില്ലെങ്കില്‍ അവിടങ്ങളില്‍ ജനാധിപത്യം പുലരുന്നില്ലെന്നുവേണം മനസിലാക്കാന്‍.

ഓരോ വിഷയത്തെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും സൂക്ഷിക്കുന്നവരുണ്ടാകും. അവര്‍ക്ക് അത്തരം വിഷയങ്ങളില്‍ സംശയ നിവാരണത്തിനും കൂടുതല്‍ വ്യക്തത കൈവരുത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് സംവാദം സാധ്യമാവുക? ചര്‍ച്ചകളും സംവാദങ്ങളും നിരോധിക്കപ്പെട്ടിടത്ത് അറിവിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാവുകയില്ല. ആര്‍ എസ് എസ് ആകട്ടെ അത്തരമൊരു വിഭാഗത്തെയല്ല ആഗ്രഹിക്കുന്നത്. ഉത്തരവുകളൊക്കെയും ചോദ്യങ്ങളേതുമില്ലാതെ അനുസരിക്കുന്ന വിഭാഗത്തെയാണ് അവര്‍ക്കിഷ്ടം. അത്തരക്കാര്‍ മാത്രമായുള്ള കലാലയങ്ങള്‍ രൂപപ്പെടുത്താനാണ് ആര്‍ എസ് എസ് അധ്വാനിക്കുന്നത്. ശാസ്ത്രബോധം തൊട്ടുതീണ്ടാത്ത, യുക്തിചിന്തയെ അംഗീകരിക്കാത്ത, വസ്തുതകളുടെ വിശകലനം ആഗ്രഹിക്കാത്ത അത്തരം സംഘങ്ങള്‍ തന്നെയാണ് ലോകത്ത് ഫാസിസ്റ്റ് രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കുന്നത്. ഇന്ത്യയിലും അതുതന്നെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും അത്തരം നീക്കങ്ങള്‍ക്ക് ആര്‍ എസ് എസ് സംഘപരിവാരത്തിന് കടുത്ത പ്രഹരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിലും സമര വിജയങ്ങളായും അതാളിപ്പടരുകയാണ്. തെരഞ്ഞെപ്പിലേതായാലും സമരങ്ങളിലേതായാലും ഓരോ വിജയത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍, ജെ എന്‍ യുവിലെ എസ് എഫ് ഐ വിജയത്തെ പ്രാധാന്യപൂര്‍വ്വം നോക്കികാണാന്‍ പലരും തയ്യാറാവുന്നില്ല. അതിന് കാരണം ഒരു വിജയം മറ്റ് പല വലിയ വിജയങ്ങള്‍ക്കും കാരണമാകുമെന്നതാണ്.

11-Sep-2016