സ്ത്രീസുരക്ഷ ഉറപ്പുവരുത്തും

സ്ത്രീപ്രശ്നങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ബജറ്റില്‍ 10 ശതമാനം തുക സ്ത്രീകള്‍ക്കായുള്ള പ്രത്യേക പ്രോജക്ടുകള്‍ക്ക് മാറ്റിവയ്ക്കുന്നു. സര്‍ക്കാര്‍ പാര്‍പ്പിടപദ്ധതികളും ഭൂവിതരണവും സ്ത്രീകളുടെ പേരിലോ സംയുക്ത പേരിലോ ആയിരിക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നയപരമായി നിശ്ചയിച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിനെതിരെയും സ്ത്രീകള്‍ക്കെതിരായ എല്ലാവിധ ആക്രമണങ്ങള്‍ക്കെതിരെയും അതിശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കാലവിളംബം കൂടാതെ കൈയാമം വച്ചതിലൂടെ പൊലീസ് നയത്തിന്റെ തൊപ്പിയില്‍ ചാര്‍ത്തപ്പെട്ടത്  പൊന്‍തൂവലാണ്. പൊലീസ് ഭരണനടപടികള്‍ക്കൊപ്പംതന്നെ സ്ത്രീപദവി അംഗീകരിക്കുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിനും വലിയ ഉത്തരവാദിത്തമുണ്ട്. സ്ത്രീകള്‍ക്ക് തുല്യനീതിയും സുരക്ഷിതത്വവും അനുവദിക്കുന്നതിനുള്ള പ്രത്യയശാസ്ത്രസമരത്തെയും ശക്തിപ്പെടുത്തണം

യുവചലച്ചിത്രനടി അപമാനിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത് ആശ്വാസത്തോടെയാണ് നാട് കേട്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് പുലര്‍ത്തിയ സാമര്‍ഥ്യവും ജാഗ്രതയും അഭിനന്ദനാര്‍ഹമാണ്. സ്ത്രീപീഡനക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി പൊലീസ് സംവിധാനത്തെ കീഴ്പ്പെടുത്തുന്ന മുന്‍ഭരണകാലത്തെ നയവും അനുഭവവുമല്ല എല്‍ഡിഎഫ് ഭരണത്തിലെന്ന് വ്യക്തമായിരിക്കുന്നു. എറണാകുളം സിജെഎം കോടതിയിലേക്ക് അഭിഭാഷകവേഷമണിഞ്ഞ് പള്‍സര്‍ ബൈക്കിലെത്തിയ കൊടുംക്രിമിനല്‍ സുനിയെയും കൂട്ടാളി വിജേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. കൊടുംകുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള രക്ഷാകവചമല്ല അഭിഭാഷകരുടെ കോട്ട്. പൊലീസ് വലയില്‍ കുരുങ്ങിയ ഇരുവരും മതില്‍ചാടി കോടതിമുറിയില്‍ കടക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ന്യായാധിപന്‍ ഊണ് കഴിക്കാനായി പോയ ആ സമയം കോടതിമുറി ശൂന്യമായിരുന്നു. ന്യായാധിപന്‍ ഇല്ലാത്തവേളയില്‍ രക്ഷപ്പെടാന്‍ കോടതിമുറിയെ ആശ്രയിക്കുന്ന കൊടുംകുറ്റവാളികളെ പൊലീസ് പിടികൂടുന്നത് നാടിന്റെ രക്ഷയ്ക്കാണ്. അതിന് പൊലീസിന്റെ മേക്കിട്ട് കയറേണ്ടതില്ല.  

സ്ത്രീ അപമാനിക്കപ്പെടുമ്പോള്‍ രോഷാഗ്നി ഉയരുകതന്നെ വേണം. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് ഉയര്‍ന്ന പ്രതിഷേധം ശക്തമായിരുന്നു. കൊച്ചിയില്‍ ചലച്ചിത്രലോകം പ്രകടിപ്പിച്ച വികാരം നാടും എല്‍ഡിഎഫ് സര്‍ക്കാരും ഏറ്റെടുത്തു. സംഭവം നേരിട്ടതിലും  പരാതികൊടുക്കുന്നതിലും ധീരതകാട്ടിയ നടിയെ കൊച്ചിയില്‍ സമ്മേളിച്ച ചലച്ചിത്രലോകം പ്രശംസിച്ചു. മറ്റൊരു കാര്യവും അവിടെ വ്യക്തമാക്കപ്പെട്ടു. മുമ്പും നടിമാര്‍  ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അന്നൊന്നും കേസായിട്ടില്ല. ഇപ്പോള്‍ ദുരനുഭവം നേരിട്ട കലാകാരിയെ  വ്യക്തിപരമായി എനിക്കറിയാം. നീതിനേടാനുള്ള പോരാട്ടത്തിന് അവര്‍ക്ക് സിപിഐ എമ്മിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഞാന്‍ ഫോണില്‍ ധരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. മുഖ്യപ്രതികളെ അറസ്റ്റിലൂടെ ആ ഉറപ്പ് പാലിച്ചു.

എല്‍ഡിഎഫ് ഭരണത്തില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ രോദനം വെറുതെ ഒടുങ്ങില്ലെന്ന് കൊച്ചിയില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധസമരത്തില്‍ താന്‍ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കിരാതന്മാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും. ക്വട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ അഴിയെണ്ണും. അതിനുള്ള ആര്‍ജവം പിണറായി വിജയന്‍ സര്‍ക്കാരിനുണ്ട്. 

വിവരം ലഭിച്ച ഉടന്‍ നടന്‍ ലാലിന്റെ വീട്ടില്‍  മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം എത്തുകയും നടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും പ്രതികളെ പിടിക്കാന്‍ നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയെ ലാല്‍ പ്രശംസിച്ചപ്പോള്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഗമത്തില്‍ കൈയടി ഉയര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാരിനും പൊലീസിനും ഇരകളോടാണ് ചായ്വ്. വേട്ടക്കാരോടല്ല. ബിജെപി ഭരണമുള്ള മഹാരാഷ്ട്രയിലെ പുണെയില്‍ ഇന്‍ഫോസിസില്‍ ജോലിചെയ്യുന്ന രസീലാ രാജു എന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ജനുവരി 29ന് ജോലിസ്ഥലത്ത് കൊല്ലപ്പെട്ടു. പ്രതികളെ പിടിക്കാനോ അന്വേഷണം ന്യായമായി നടത്താനോ  തയ്യാറായിട്ടില്ല.

'ജസ്റ്റിസ് ഫോര്‍ രസീലാ രാജു' എന്ന മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്തടക്കം യുവജനങ്ങള്‍ ക്യാമ്പയിന്‍ നടത്തുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം വ്യാപകമാണ്. കൊച്ചുകുഞ്ഞിനെ ഫ്ളാറ്റില്‍ ബലാത്സംഗംചെയ്ത് കത്തിച്ചുകളഞ്ഞ നീചസംഭവംപോലും സമീപകാലത്തുണ്ടായി. യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് ഓഫീസില്‍ രാധയെന്ന ജോലിക്കാരി കൊലചെയ്യപ്പെട്ടു. വലിയ ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്നാണ് ചില പ്രതികളെങ്കിലും പിടിയിലായത്. സൌമ്യക്കേസ് അന്വേഷണവും യുഡിഎഫ് ഭരണത്തിലായിരുന്നു. പെരുമ്പാവൂരില്‍ ജിഷയെന്ന എല്‍എല്‍ബി വിദ്യാര്‍ഥിനിയെ ബലാത്സംഗ ചെയ്ത് കൊന്നതും അന്നായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും യുഡിഎഫ്, ബിജെപി ഭരണങ്ങള്‍ ഉദാസീനമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണസംവിധാനത്തെ മെരുക്കിമാറ്റുന്നു. എന്നാല്‍, എല്‍ഡിഎഫ് ഭരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അതിക്രമം നടത്തുന്നവര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം സ്റ്റീം റോളര്‍ ചലിപ്പിക്കുന്നു. എല്‍ഡിഎഫ് അധികാരത്തില്‍വന്നയുടനെ ജിഷക്കേസ് അന്വേഷണത്തിന് മുതിര്‍ന്ന വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വൈകാതെ കേസ് തെളിയിക്കാനും പ്രതിയെ ജയിലിലാക്കാനും കഴിഞ്ഞു.

യുഡിഎഫ് ഭരണത്തില്‍ തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നതായി ആക്ഷേപമുണ്ടായിരുന്നു. അന്ന് പൊലീസിന്റെ കണ്ണില്‍ ജിഷക്കേസ് നിസ്സാരമായിരുന്നു. കാരണം ഇര ദരിദ്രയായിരുന്നു.  ആ പെണ്‍കുട്ടി കൊല്ലപ്പെട്ട് അഞ്ചുദിവസം പ്രതികളെ പിടിക്കുന്നതിന് പൊലീസ് ഒന്നുംചെയ്തില്ല.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെതുടര്‍ന്ന് പാര്‍ലമെന്റ് ശക്തമായ സ്ത്രീസുരക്ഷാനിയമം പാസാക്കിയിട്ടും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍  പൈശാചിക ആക്രമണങ്ങള്‍ തുടരുകയാണ്. മെച്ചപ്പെട്ട ക്രമസമാധാനവും സ്ത്രീസുരക്ഷയും പ്രദാനംചെയ്യാന്‍ ഒമ്പതുമാസത്തെ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. ഇതിനിടെ യുവനടിക്ക് ഉണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിക്കാനും പ്രതികളെ പിടിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറായി. എന്നാല്‍, നിര്‍ഭാഗ്യകരമായ സംഭവത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ രാഷ്ട്രീയവിഷയമാക്കാനും പിണറായി വിജയന്‍ ആഭ്യന്തരമൊഴിയണമെന്ന ആവശ്യമുയര്‍ത്താനും കഴുകന്‍ കണ്ണുമായി ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് നിരാഹാരം നടത്തി. ഇദ്ദേഹത്തിന്റെ നിരാഹാരത്തിന് മണിക്കൂറുകള്‍ക്കുമുമ്പാണ് അക്രമസംഭവം ഉണ്ടായതെന്നത് യാദൃച്ഛികമാകാം. പക്ഷേ, സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ കരിതേയ്ക്കാന്‍ ഈ സംഭവത്തെ ഉപയോഗിച്ചത് മാന്യതയില്ലാത്ത രാഷ്ട്രീയമാണ്. ഇരയുടെ മുറിവില്‍ മുളകുചേര്‍ക്കുന്നവിധം സാമൂഹ്യമാധ്യമങ്ങളിലടക്കം ചിലര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തികച്ചും അപലപനീയമാണ്.

ചെറുതും വലുതുമായ ഏത് സംഭവമുണ്ടായാലും അതിനെ എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയസമരത്തിന് ഇന്ധനമാക്കുന്നതിന് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുക്കുന്നതിലല്ല കമ്യൂണിസ്റ്റ്വിരുദ്ധ രാഷ്ട്രീയത്തില്‍ ആര്‍എസ്എസിനേക്കാള്‍ ഒരുപിടി മുന്നിലാണ് തങ്ങള്‍ എന്ന് തെളിയിക്കാനുള്ള ബദ്ധപ്പാടിലാണ് കോണ്‍ഗ്രസും യുഡിഎഫും. ഹിന്ദുത്വവര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചതിനാലും ജനവിരുദ്ധഭരണത്താലും കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്. പ്രാദേശിക ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളമണ്ണ് വിട്ടുകൊടുക്കില്ല എന്ന സന്ദേശമാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.

ബിജെപി-ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവയായി കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും മാറി. നടിയെ ആക്രമിച്ച സംഭവത്തിലുള്ള സമീപനത്തിലും ഇതാണ് തെളിയുന്നത്. ഇത് മനസ്സിലാക്കിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചതിനോടൊപ്പം രാഷ്ട്രീയ മുതലെടുപ്പിനെ തുറന്നുകാട്ടുന്ന പ്രതികരണം  മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നടത്തിയത്.  കേരളത്തിലെ ക്രമസമാധാനനില മെച്ചമാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഒറ്റപ്പെട്ട സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികളെ പിടികൂടി കര്‍ശനനടപടി സ്വീകരിക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട  സംഭവത്തിന്റെ മറവില്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നും ഞാന്‍ ഓര്‍മപ്പെടുത്തി.

യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 5982 ബലാത്സംഗവും 886 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകലും 1997 ലൈംഗികാതിക്രമങ്ങളുമുണ്ടായി. എല്‍ഡിഎഫ് ഭരണത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയശത്രുക്കള്‍പോലും ഇത് അംഗീകരിക്കും. ക്രമസമാധാനത്തില്‍ കേരളം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ സ്ഥിതി ഭയാനകമാണ്. സ്ത്രീകളെ രണ്ടാംതരം പൌരന്മാരായി കണക്കാക്കുകയാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. അതില്‍നിന്നെല്ലാം വ്യത്യസ്തമായി ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം സൃഷ്ടിക്കുന്നതിനാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്.

സ്ത്രീപ്രശ്നങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ബജറ്റില്‍ 10 ശതമാനം തുക സ്ത്രീകള്‍ക്കായുള്ള പ്രത്യേക പ്രോജക്ടുകള്‍ക്ക് മാറ്റിവയ്ക്കുന്നു. സര്‍ക്കാര്‍ പാര്‍പ്പിടപദ്ധതികളും ഭൂവിതരണവും സ്ത്രീകളുടെ പേരിലോ സംയുക്ത പേരിലോ ആയിരിക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നയപരമായി നിശ്ചയിച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിനെതിരെയും സ്ത്രീകള്‍ക്കെതിരായ എല്ലാവിധ ആക്രമണങ്ങള്‍ക്കെതിരെയും അതിശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കാലവിളംബം കൂടാതെ കൈയാമം വച്ചതിലൂടെ പൊലീസ് നയത്തിന്റെ തൊപ്പിയില്‍ ചാര്‍ത്തപ്പെട്ടത്  പൊന്‍തൂവലാണ്. പൊലീസ് ഭരണനടപടികള്‍ക്കൊപ്പംതന്നെ സ്ത്രീപദവി അംഗീകരിക്കുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിനും വലിയ ഉത്തരവാദിത്തമുണ്ട്. സ്ത്രീകള്‍ക്ക് തുല്യനീതിയും സുരക്ഷിതത്വവും അനുവദിക്കുന്നതിനുള്ള പ്രത്യയശാസ്ത്രസമരത്തെയും ശക്തിപ്പെടുത്തണം

24-Feb-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More