വെള്ളിത്തിരയിലെ ശരത്ത് കാഴ്ചകള്‍

ആദ്യശ്രമം കയ്‌പ്പേറിയതായപ്പോള്‍ തന്നെ സിനിമയിലേക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ തിരക്കേറിയ പത്രപ്രവര്‍ത്തനത്തിനിടയില്‍ വേറിട്ട കാഴ്ചയായി വീണ്ടും വെള്ളിത്തിര ശരത്തിനെ വിഭ്രമിപ്പിച്ചു. രണ്ടാം വരവ് ഒട്ടും മോശമായില്ല. ആദ്യ സിനിമയ്ക്ക് തന്നെ ഏഴ് സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടി ആര്‍.ശരത്ത് എല്ലാവരേയും വിസ്മയപ്പെടുത്തി. എണ്ണപ്പെട്ട ഏഴ് സിനിമകളും നിരവധി ഡോക്യുമെന്ററികളും ഇതിനകം സംവിധാനം ചെയ്തു. സിനിമകളിലൊന്ന് ഹിന്ദിയിലായിരുന്നു. മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളുടെ സംവിധായകന്‍ അങ്ങനെ ബോളിവുഡിലും സാന്നിധ്യമായി. ഒരു വര്‍ഷം കൂടി ഔദ്യോഗിക ജീവിതത്തില്‍ തുടരുന്ന ശരത്തിനെ സിനിമകളുടെയും കാഴ്ചകളുടെയും ലോകമായിരിക്കും ഇനി മുന്നോട്ടു നയിക്കുക.
ആദ്യശ്രമം കയ്‌പ്പേറിയതായപ്പോള്‍ തന്നെ സിനിമയിലേക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ തിരക്കേറിയ പത്രപ്രവര്‍ത്തനത്തിനിടയില്‍ വേറിട്ട കാഴ്ചയായി വീണ്ടും വെള്ളിത്തിര ശരത്തിനെ വിഭ്രമിപ്പിച്ചു. രണ്ടാം വരവ് ഒട്ടും മോശമായില്ല. ആദ്യ സിനിമയ്ക്ക് തന്നെ ഏഴ് സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടി ആര്‍.ശരത്ത് എല്ലാവരേയും വിസ്മയപ്പെടുത്തി. എണ്ണപ്പെട്ട ഏഴ് സിനിമകളും നിരവധി ഡോക്യുമെന്ററികളും ഇതിനകം സംവിധാനം ചെയ്തു. സിനിമകളിലൊന്ന് ഹിന്ദിയിലായിരുന്നു. മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളുടെ സംവിധായകന്‍ അങ്ങനെ ബോളിവുഡിലും സാന്നിധ്യമായി. ഒരു വര്‍ഷം കൂടി ഔദ്യോഗിക ജീവിതത്തില്‍ തുടരുന്ന ശരത്തിനെ സിനിമകളുടെയും കാഴ്ചകളുടെയും ലോകമായിരിക്കും ഇനി മുന്നോട്ടു നയിക്കുക.
 
ബിരുദ പഠനത്തിനാണ് കൊല്ലത്തു നിന്ന് ശരത്ത് തിരുവനന്തപുരത്തെത്തുന്നത്. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തകനായി ഡല്‍ഹിയിലേക്ക് ചേക്കേറി. 'ട്രിബ്യൂണ്‍' പത്രത്തിലായിരുന്നു ജോലി. കുട്ടിക്കാലം മുതലേ സിനിമയില്‍ താത്പര്യമുണ്ടായിരുന്നതിനാല്‍ ജി.അരവിന്ദന്റെ അസിസ്റ്റന്റാകാനുള്ള ക്ഷണം വന്നപ്പോള്‍ ഒട്ടും വൈകിയില്ല. ഡല്‍ഹിയിലെ ജോലി രാജിവെച്ചാണ് തിരുവനന്തപുരത്തേക്ക് തീവണ്ടി കയറിയത്. പക്ഷെ ഇവിടെ എത്തിയപ്പോഴേക്ക് വൈകി. ശരത്തിന് അവസരം കിട്ടിയില്ല. കുറേനാള്‍ വലിയ നിരാശയിലായി. തിരുവനന്തപുരത്ത് പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജീവിതം തുടര്‍ന്നു. ഏതെങ്കിലും പത്രത്തില്‍ ജോലിക്ക് ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് ഹൈജീന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പി.ആര്‍.ഒയായി നിയമനം കിട്ടിയത്. അവിടെയെത്തി ജോലി തുടങ്ങിയെങ്കിലും തുടരാനായില്ല. ജോലിയുടെ മടുപ്പ് കാരണം രാജിവെച്ച് വീണ്ടും തിരുവനന്തപുരത്തെത്തി. കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. അതിന്റെ പത്രാധിപരായിരുന്ന എസ്.ജയചന്ദ്രന്‍ നായരാണ് വീണ്ടും സിനിമയിലേക്ക് വഴി തുറന്നത്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന 'സ്വം'-ന്റെ അസിസ്റ്റന്റ് ആയാണ് ശരത്തിന്റെ ആദ്യ കാല്‍വെയ്പ്പ്. 'സ്വം' കഴിഞ്ഞ് ഷാജിയുടെ തന്നെ 'വാനപ്രസ്ഥ'ത്തിനും അസിസ്റ്റന്റ് ആയി. ഇതിനിടെ ചില ഡോക്യുമെന്ററികള്‍ ചെയ്യാനും ശരത്തിന് സാധിച്ചു. 'ടെംമ്പിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ഓഫ് കേരള' എന്ന ശരത്തിന്റെ ഡോക്യുമെന്ററിക്ക് ക്യാമറ കൈകാര്യം ചെയ്തത് ഷാജി എന്‍.കരുണാണ്. അത് വലിയൊരു അനുഭവമായിരുന്നുവെന്ന് ശരത്ത് ഓര്‍ക്കുന്നു.
 
'ഗീതാഗോവിന്ദ'ത്തെ ആസ്പദമാക്കി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്‌സ് തയ്യാറാക്കുന്ന മള്‍ട്ടി-മീഡിയ പ്രോജക്ട് ശരത്തിന് ലഭിച്ചു. ഡോ.കപിലാ വാത്സ്യായനന്റെ തിരക്കഥയില്‍ രണ്ടു വര്‍ഷമെടുത്താണ് അത് ചിത്രീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച കാലാകാരന്‍മാരുമായി പരിചയപ്പെടാനും അവരുടെ കലാപ്രകടനം ചിത്രീകരിക്കാനും സാധിച്ചത് വലിയൊരു നേട്ടമായി ശരത്ത് കണക്കാക്കുന്നു. 'ഡിസയര്‍' എന്ന ഹിന്ദി സിനിമയില്‍ ഒഡീസി നൃത്തം നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞത് ഈ അനുഭവത്തില്‍ നിന്നാണ്. അതിലെ നായിക ശില്‍പ്പാഷെട്ടി ഒഡീസി നര്‍ത്തകിയായിട്ടാണ് അഭിനയിച്ചത്. അത് കഴിഞ്ഞെത്തുമ്പോഴാണ് ശരത്തിന് പി.ആര്‍.ഡിയില്‍ അസിസ്റ്റന്റായി ജോലി കിട്ടുന്നത്.
 
ആയ്യിടയ്ക്കാണ് പൊഖ്രാന്‍ അണുവിസ്‌ഫോടനത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നത്. ആ കഥാബീജം 'സായാഹ്ന'മെന്ന സിനിമയായി. തിരക്കഥ പൂര്‍ത്തിയായപ്പോഴാണ് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' വീണ്ടും അരങ്ങേറിയത്. അവിടെ നാടകം കാണാന്‍ പോയപ്പോഴാണ് ഒ.മാധവന്‍ സാറിനെ കണ്ട് സിനിമയുടെ കാര്യം സംസാരിച്ചത്. അഭിനയിക്കാന്‍ അദ്ദേഹം പൂര്‍ണ സമ്മതം തന്നു. അദ്ദേഹത്തിനുള്‍പ്പെടെ ഏഴ് സംസ്ഥാന അവാര്‍ഡ് ആ സിനിമ നേടി. 12 ലക്ഷം രൂപയാണ് അന്ന് ആ സിനിമയ്ക്കായത്. ജോലിയില്‍ നിന്ന് അവധിയെടുത്താണ് 'സ്ഥിതി'യും 'ശീലാബതി'യും പൂര്‍ത്തിയാക്കിയത്. പരീക്ഷണമെന്നതിലുപരി തീയേറ്ററില്‍ കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശീലാബതിക്ക് താരമൂല്യമുള്ളവരെ അഭിനയിപ്പിച്ചത്. 'ആ സിനിമയ്ക്ക് ശേഷമാണ് എനിക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നത്. ഔദ്യോഗിക ജീവിതത്തിലും ഏറെ ബുദ്ധിമുട്ടുകളുണ്ടായി. സിനിമ ചെയ്യാന്‍ പോലും ഭയപ്പെട്ടു.  ഏറെ നാളുകള്‍ക്കു ശേഷമാണ് ഒ.എന്‍.വി.കുറുപ്പിന്റെ 'ഭൂമിക്കൊരു ചരമഗീതം' ഡോക്യുഫിക്ഷനാക്കി ചിത്രീകരിച്ചത്'-ശരത്ത് പറഞ്ഞു.
 
ചാര്‍ലി ചാപ്ലിന്റെ അനുസ്മരണമെന്ന നിലയ്ക്കുള്ള സിനിമയാണ് 'ബുദ്ധനും ചാപ്ലിനും'. സ്വിറ്റ്‌സര്‍ലണ്ടിലെ ലുസൈനിലുള്ള ചാപ്ലിന്‍ മ്യൂസിയം ഈ സിനിമ വാങ്ങി. ചാപ്ലിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശരത്തിന് വലിയ അംഗീകാരമാണ് മ്യൂസിയം നല്‍കിയത്. ഈ സിനിമയ്ക്ക് വേണ്ടി ചാപ്ലിന്‍ സിനിമകളുടെ പകര്‍പ്പവകാശം അഞ്ചിലൊന്ന് വിലയ്ക്കാണ് ശരത്തിന് നല്‍കിയത്. ശരത്തിന്റെ ഏഴാമത്തെ സിനിമയാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനുള്ള 'സ്വയം'. ഓട്ടിസവുമായി ബന്ധപ്പെട്ടതാണ് പ്രമേയം. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നേരിട്ട് കണ്ട അനുഭവമാണ് സിനിമയ്ക്ക് കഥയായത്. ബോര്‍ഡിങ് സമയമായിട്ടും വിമാനത്തില്‍ കയറാന്‍ കൂട്ടാക്കാത്ത മകനോട് കരഞ്ഞ് കാലുപിടിച്ചപേക്ഷിക്കുന്ന അമ്മയായിരുന്നു ആ കാഴ്ച. ഓട്ടിസബാധിതനായ മകന്‍ അവസാന നിമിഷമാണ് എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങി വിമാനത്തില്‍ കയറിയത്. പി.ആര്‍.ഡിയില്‍ സഹപ്രവര്‍ത്തകനായ സജീവ് പാഴൂരുമായി ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.
 
ജോലിയുണ്ടായിരുന്നതുകൊണ്ടാണ് അച്ചടക്കത്തോടെ സിനിമയും കുടുംബവും കൊണ്ടുപോകാനായതെന്ന് ശരത്ത് പറയുന്നു. ഇതിനകം പത്തു-പതിനഞ്ചു തവണ ജോലി രാജിവെക്കാന്‍ ആലോചിച്ചതാണ്. പ്രതിസന്ധികളെല്ലാം കടന്ന് ഇവിടെ വരെയെത്തി. അത്യാവശ്യം ഭ്രമമുണ്ടാകുമ്പോള്‍ മാത്രമേ സിനിമയെടുക്കാന്‍ പോകാറുള്ളൂ. ഇതുവരെയുള്ളതില്‍ സംതൃപ്തനാണ്. പി.ആര്‍.ഡിയില്‍ നിന്ന് അടുത്ത വര്‍ഷം വിരമിക്കും. "ഭാവികാര്യങ്ങളെല്ലാം അപ്പോള്‍.." വഴുതയ്ക്കാട് ഈശ്വരവിലാസം റോഡിലെ വീട്ടിലിരുന്ന് ശരത്ത് പറഞ്ഞു.

15-Mar-2017

മനയോല മുന്‍ലക്കങ്ങളില്‍

More