വേട്ടയാടല്‍ മാധ്യമഅജണ്ട

എം എം മണി പ്രതിനിധീകരിക്കുന്നത് മധ്യവര്‍ഗ പൊങ്ങച്ചത്തിന്റെ വാര്‍പ്പുമാതൃകകളെയല്ല. മണി പറഞ്ഞത് കേട്ട് ആവശ്യമില്ലാതെ പൊള്ളുന്നത് ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍ക്കാണ്. തോട്ടം തൊഴിലാളികലായ സ്ത്രീകള്‍ക്ക്, പറമ്പില്‍ കൂലിപ്പണിയെടുക്കുന്ന സ്ത്രീകള്‍ക്ക്, കര്‍ഷക തൊഴിലാളി സ്ത്രീകള്‍ക്ക്, ഷോപ്പുകളില്‍ പകലന്തിയോളം പിടഞ്ഞുതീരുന്ന സ്ത്രീകള്‍ക്ക്, ടാപ്പിംഗ് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്,... തുടങ്ങി നിരന്തരം അടിച്ചമര്‍ത്തലുകള്‍ക്കും വിവിധ തലങ്ങളിലുള്ള ചൂഷണങ്ങള്‍ക്കും പാത്രീഭവിക്കുന്നവര്‍ക്ക് മണിയുടെ പച്ചമലയാളവും ശരീരഭാഷയും അസ്വസ്ഥത ഉണ്ടാക്കുന്നില്ല. അവര്‍ക്കത് അപമാനകരവുമാവുന്നില്ല. കാരണം അവര്‍ക്ക് മനസിലാവുന്ന മലയാളമാണ് അത്. അവരുടെ ശരീരഭാഷയാണ് മണിക്കുള്ളത്. അവരുടെ വിയര്‍പ്പുനാറ്റമാണ് മണിയുടേത്. അവരുടെ ഭാഷാസംസ്‌കൃതിയെയാണ് മണി പ്രതിനിധീകരിക്കുന്നത്. നാട്യങ്ങളില്ലാത്ത, വളച്ചുകെട്ടുലുകളില്ലാത്ത, പ്രാസഭംഗിയില്ലാത്ത, സ്ഫുടതയില്ലാത്ത, വ്യാകരണങ്ങള്‍ പാലിക്കാത്ത പച്ചമനുഷ്യന്റെ ഭാഷ. ആ ഭാഷ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചകളിലേക്ക് പോകുന്നവര്‍ക്ക് സുഖിക്കുന്ന ഒന്നല്ല. ഇസ്തിരി ചുളിയാത്ത കൊച്ചമ്മമാര്‍ക്ക് സുഖിക്കുന്ന ഒന്നല്ല. പരസ്യചിത്രങ്ങളുടെ ലാഭകണക്കുകള്‍ കൂട്ടിനോക്കുന്നതിനിടയില്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് ഇഷ്ടമാവുന്ന ഒന്നല്ല. ഇവര്‍ക്കൊന്നും പൊതുവില്‍ തൊഴിലാളികളെയും അത്ര ഇഷ്ടമല്ലല്ലോ.

എം എം മണിയെ വേട്ടയാടുകയാണ് മാധ്യമങ്ങള്‍. പലരും ആ വേട്ടയ്ക്ക് സഹായത്തിനുണ്ട്. മാധ്യമങ്ങള്‍ പറയുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് കരുതുന്ന ചില നിഷ്‌കളങ്കര്‍ എം എം മണിയെ തള്ളിപ്പറഞ്ഞു. സംസ്‌കാരമില്ലാത്തവനെന്ന് അധിക്ഷേപിച്ചു. കറുത്തവന്റെ കൈയ്യിലിരുപ്പെന്ന് പുച്ഛിച്ചു. മലയിറങ്ങി വന്നവന്റെ വിടുവായത്തമെന്ന് മുഖംകോട്ടി. വളഞ്ഞിട്ടുള്ള ആക്രമണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മന്ത്രി മണി തന്റെ പ്രസംഗത്തിലൂടെ സ്ത്രീകളെ അപമാനിച്ചിട്ടില്ല. മണിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് പെണ്‍പിളൈ ഒരുമൈ സമരത്തില്‍ അണിനിരന്ന സ്ത്രീകളെയല്ല എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ശ്രദ്ധിച്ചുകാണുന്ന ആര്‍ക്കും മനസിലാവും. അദ്ദേഹം പറയുന്നത് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് എം എം മണി തുറന്നുപറഞ്ഞു. പക്ഷെ, മാധ്യമങ്ങളും വലതുപക്ഷവും വര്‍ഗീയശക്തികളും യഥാര്‍ത്ഥ ഇടതന്‍മാരും കരാല്‍ക്കടവിപ്ലവകൊച്ചമ്മമാരും സ്ത്രീപക്ഷ സാംസ്‌കാരികബുദ്ധിജീവികളും ഉറഞ്ഞുതുള്ളുക തന്നെയാണ്.

എം എം മണി പ്രതിനിധീകരിക്കുന്നത് മധ്യവര്‍ഗ പൊങ്ങച്ചത്തിന്റെ വാര്‍പ്പുമാതൃകകളെയല്ല. മണി പറഞ്ഞത് കേട്ട് ആവശ്യമില്ലാതെ പൊള്ളുന്നത് ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍ക്കാണ്. തോട്ടം തൊഴിലാളികലായ സ്ത്രീകള്‍ക്ക്, പറമ്പില്‍ കൂലിപ്പണിയെടുക്കുന്ന സ്ത്രീകള്‍ക്ക്, കര്‍ഷക തൊഴിലാളി സ്ത്രീകള്‍ക്ക്, ഷോപ്പുകളില്‍ പകലന്തിയോളം പിടഞ്ഞുതീരുന്ന സ്ത്രീകള്‍ക്ക്, ടാപ്പിംഗ് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്,... തുടങ്ങി നിരന്തരം അടിച്ചമര്‍ത്തലുകള്‍ക്കും വിവിധ തലങ്ങളിലുള്ള ചൂഷണങ്ങള്‍ക്കും പാത്രീഭവിക്കുന്നവര്‍ക്ക് മണിയുടെ പച്ചമലയാളവും ശരീരഭാഷയും അസ്വസ്ഥത ഉണ്ടാക്കുന്നില്ല. അവര്‍ക്കത് അപമാനകരവുമാവുന്നില്ല. കാരണം അവര്‍ക്ക് മനസിലാവുന്ന മലയാളമാണ് അത്. അവരുടെ ശരീരഭാഷയാണ് മണിക്കുള്ളത്. അവരുടെ വിയര്‍പ്പുനാറ്റമാണ് മണിയുടേത്. അവരുടെ ഭാഷാസംസ്‌കൃതിയെയാണ് മണി പ്രതിനിധീകരിക്കുന്നത്. നാട്യങ്ങളില്ലാത്ത, വളച്ചുകെട്ടുലുകളില്ലാത്ത, പ്രാസഭംഗിയില്ലാത്ത, സ്ഫുടതയില്ലാത്ത, വ്യാകരണങ്ങള്‍ പാലിക്കാത്ത പച്ചമനുഷ്യന്റെ ഭാഷ. ആ ഭാഷ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചകളിലേക്ക് പോകുന്നവര്‍ക്ക് സുഖിക്കുന്ന ഒന്നല്ല. ഇസ്തിരി ചുളിയാത്ത കൊച്ചമ്മമാര്‍ക്ക് സുഖിക്കുന്ന ഒന്നല്ല. പരസ്യചിത്രങ്ങളുടെ ലാഭകണക്കുകള്‍ കൂട്ടിനോക്കുന്നതിനിടയില്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് ഇഷ്ടമാവുന്ന ഒന്നല്ല. ഇവര്‍ക്കൊന്നും പൊതുവില്‍ തൊഴിലാളികളെയും അത്ര ഇഷ്ടമല്ലല്ലോ.

എം എം മണി കുടിയേറ്റക്കാരനാണ്. പാലായനം ചെയ്ത് വന്നവന്‍. സവര്‍ണബോധമുള്ള പൊതുസമൂഹത്തിന് കളിയാക്കാനും വേട്ടയാടാനുമുള്ളവരാണ് ഇത്തരം മണിമാര്‍. അവര്‍ നിരവധിയാണ്. അതുകൊണ്ടാണ് എം എം മണിയെന്ന കുടിയേറ്റക്കാരന്‍ ഇപ്പോഴും വേട്ടയാടപ്പെടുന്നത്. വിഖ്യാത കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ മണിയുടെ വാചകങ്ങള്‍ തെരഞ്ഞുപിടിച്ച് അതിലെ രാഷ്ട്രീയശരികള്‍ വിലയിരുത്തുന്നു. മണിയുടെ കറുപ്പ് അവരെയും ചെകിടിപ്പിക്കുന്നുണ്ട്. കറുത്തവന്റെ നാവ് അടങ്ങിക്കിടക്കണമെന്ന മുതലാളിത്ത ദാര്‍ഷ്ട്യമാണ് ഇവിടെയും ഉയരുന്നത്.

മണിക്ക് പകരം ഒരു വെളുത്തുതുടുത്ത സവര്‍ണനായിരുന്നുവെങ്കില്‍ വിമര്‍ശക ചേരിയിലെ പലരും പ്രതികരണങ്ങള്‍ വേണ്ടെന്നുവെച്ചേനെ. മണിയോടുള്ള ചൊരുക്ക് അവര്‍ണനോടുള്ള, കറുപ്പിനോടുള്ള, തൊഴിലാളികളോടുള്ള ചൊരുക്കാണ്. പണ്ട്, കുടികിടപ്പുസമരകാലത്തും മിച്ചഭൂമി സമരകാലത്തും ഇത്തരത്തില്‍ തൊഴിലാളി നേതാക്കളെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിറത്തിന്റെയും ജാതിയുടേയുമൊക്കെ പേരില്‍ അധിക്ഷേപിച്ചിരുന്നു. അന്നും മാധ്യമങ്ങള്‍ തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധികള്‍ക്കെതിരെ പടകുറിച്ച് നില്‍പ്പായിരുന്നു. ഇന്നും അതേ നില്‍പ്പാണ്.

വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങള്‍ക്ക് അഭിമതനാവുന്നതിന് മുമ്പുള്ള കാലം ഓന്നോര്‍ത്തെടുത്താല്‍ ഇത്തരം ചാപ്പകുത്തലുകള്‍ക്ക് വിധേയനാകപ്പെട്ട നിരവധി സംഭവങ്ങള്‍ കാണാനാവും. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ സമരത്തെ വെട്ടിനിരത്തല്‍ സമരമെന്ന് പറഞ്ഞ് ആഘോഷിച്ചതിന് മുന്നില്‍ മാധ്യമങ്ങളായിരുന്നില്ലേ? അതേ മാധ്യമങ്ങള്‍ ഇപ്പോള്‍ വെട്ടിനിരത്തല്‍ സമരക്കാരനെന്ന് വി എസിനെ വിശേഷിപ്പിക്കുന്നില്ല. അവര്‍ക്കിപ്പോള്‍ വി എസ് നല്ലപിള്ളയാണ്. 'കഞ്ഞികുടിക്കാന്‍ മനസില്ല' എന്ന് വി എസ് പറഞ്ഞപ്പോള്‍ ഇതേ മാധ്യമങ്ങള്‍ എന്തൊക്കെ വ്യാഖ്യാനങ്ങളാണ് ചമച്ചത്. ആര്‍ക്കും വേണ്ടാത്ത എടുക്കാചരക്കിനെയെന്ന പോലെയാണ് ആ കാലത്ത് വി എസിനെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്?

വി എസിന്റെ സ്‌കൂള്‍ ഓഫ് മാര്‍ക്‌സിസ്റ്റിലെ കുട്ടിയല്ലേ ഈ എം എം മണി? അച്യുതാനന്ദന്‍ വെട്ടിനിരത്തല്‍ സമരകാലത്തും പാര്‍ടിയെ നയിച്ചിരുന്ന കാലത്തുമൊക്കെ ശരിയായിരുന്നു. കെ എം ഷാജഹാന്‍ ഹൈജാക് ചെയ്യുന്നിടം വരെ അച്യുതാനന്ദന് പാര്‍ടികൂറുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് വി എസിന്റെ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ എം എം മണിയെ പോലുള്ള നിരവധിപേര്‍ അദ്ദേഹത്തോട് തെറ്റിപ്പിരിഞ്ഞത്. ഇപ്പോള്‍ വി എസ് മാധ്യമങ്ങളുടെ മിശിഹായാണ്. മണി അവരുടെ ഇരയും.

പെണ്‍പിളൈ ഒരുമൈയുടെ ആളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഗോമതി, പെണ്‍പിളൈ ഒരുമൈയുടെ വക്താവല്ലെന്നാണ് മറ്റൊരു നേതാവ് ലിസി പറയുന്നത്. അത് അവരുടെ ആഭ്യന്തര കാര്യം. മാധ്യമങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് പെണ്‍പിളൈ ഒരുമൈ നേരത്തെ മൂന്നാറില്‍ നടത്തിയ സമരം അവര്‍ക്ക് വിജയിപ്പിക്കാനായിരുന്നില്ല. മറ്റ് തൊഴിലാളിസംഘടനകളാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിച്ചത്. തോറ്റുപോയെങ്കിലും പെണ്‍പിളൈ ഒരുമൈ എന്ന ആശയം നല്ലതാണ്. പക്ഷെ, ഗോമതി ആ കൂട്ടായ്മയെ ചൂഷണം ചെയ്ത് ഇപ്പോള്‍ വ്യക്തിപരമായ ലാഭം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ട കാര്യമാണ്. ഗോമതി ചാനലുകളില്‍ പറഞ്ഞത്, മന്ത്രി മണി അവരെ 'വേശ്യ' എന്ന് വിളിച്ചു എന്നാണ്. മണി പ്രസംഗിക്കുന്ന സ്ഥലത്ത് ഗോമതി പോയിട്ടില്ല. മാധ്യമ പ്രവര്‍ത്തകരാണ് അത്തരത്തിലൊരു വ്യാഖ്യാനം ഗോമതിയെ അറിയിച്ചത്. അവരെ സമരത്തിലേക്ക് കൊണ്ടുവന്നതും മാധ്യമ പ്രവര്‍ത്തകരാണ്. ഗോമതി നിലത്തുവീണുരുളുമ്പോള്‍ കൂടെ ചാനല്‍ മൈക്കുകളും ഉരുളുന്നത് നമുക്ക് കാണാമായിരുന്നു. ഒരു തൊഴിലാളി നേതാവ് ഒരിക്കലും ചാനലുകളുടെ ഹിഡന്‍ അജണ്ട നിര്‍വഹിക്കാന്‍ വേഷം കെട്ടിയാടരുത്. ഗോമതി അതാണ് ചെയ്യുന്നത്.അതിനെ വര്‍ഗവഞ്ചന എന്നാണ് വിളിക്കേണ്ടത്.

ഗോമതി പറയുന്നത് എം എം മണിയെ മന്ത്രിസ്ഥാനത്ത് വാഴിക്കില്ലെന്നാണ്. ഗോമതിയുടെ അനുവാദം ആര്‍ക്കുവേണം. തൊഴിലാളി സ്ത്രീകളെ വലതുപക്ഷത്തിനുവേണ്ടി ഒറ്റിക്കൊടുക്കുന്ന പാരമ്പര്യവുമായാണ് ഗോമതി നില്‍ക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ എഴുതികൊടുക്കുന്ന വാചകങ്ങള്‍ ഉരുവിടുമ്പോള്‍ അപഹാസ്യമാവുന്നത് സ്ത്രീത്വമാണ്. മാധ്യമങ്ങള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്ന ഒന്നല്ല യഥാര്‍ത്ഥ സ്ത്രീ ശക്തി. എം എം മണി ഗോമതിയോട് മാപ്പ് പറയാനെങ്ങാന്‍ പോയാല്‍ മൂന്നാറിലെ തൊഴിലാളികള്‍ മണിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പും. അതില്‍ ഒരു സംശയവും വേണ്ട. മാധ്യമങ്ങളുടെ ചെലവിലല്ല മൂന്നാറിലെ തൊഴിലാളികള്‍ കഴിയുന്നത്. അത് മണിക്ക് ഓര്‍മവേണം. ഗോമതിക്ക് പലതും മറക്കാന്‍ പറ്റും. പക്ഷെ, മണി അത്തരത്തില്‍ മറവിക്ക് വിധേയനാവാന്‍ പാടില്ല.

സി പി ഐ നേതാക്കള്‍ മണിയുടെ സ്ത്രീവിരുദ്ധ പ്രയോഗമെന്നൊക്കെ പറഞ്ഞ് കണ്ണീര് വാര്‍ക്കുന്നത് കണ്ടു. അഡ്വ.ജയശങ്കറും മറ്റും വികാരവിക്ഷോഭനായി ചാനലുകളില്‍ വന്നിരുന്ന് പൊട്ടിക്കരയുകയായിരുന്നു. പ്രിയപ്പെട്ട സി പി ഐക്കാരാ., നിങ്ങള്‍ക്ക് അച്യുതമേനവനെ അറിയാമോ? നിങ്ങളുടെ നേതാവാണ്. മുഖ്യമന്ത്രിയായിരുന്നു. മണിയെ പോലെ അഞ്ചാംക്ലാസല്ല, ബിരുദധാരിയാണ്. മണിയെ പോലെ കറുത്തിട്ടല്ല, വെളുവെളാ വെളുത്തിട്ടാണ്. മണിയുടെ ശരീരഭാഷയല്ല, നല്ല ആഢ്യത്തമുള്ള മേനവ ശരീരഭാഷയാണ്. അയാള്‍ മുഖ്യമന്ത്രി കസേരയിലിരുന്ന് കല്‍പ്പിച്ചപ്പോഴാണ് മൂന്നുവണ്ടികളിലായി വന്ന പോലീസ് ഒരു തൊഴിലാളി സ്ത്രീയെ തല്ലിച്ചതച്ച് ചത്തെന്ന് കരുതി വലിച്ചെറിഞ്ഞത്. നല്ലങ്കര-മുക്കാട്ടുകര കര്‍ഷക തൊഴിലാളി സമരം ചരിത്രത്തില്‍ നിന്നും തുപ്പലുകൂട്ടി മായ്ച്ചുകളയാന്‍ ഒരു സി പി ഐക്കാരനും ആവില്ല. ആ പാവപ്പെട്ട കര്‍ഷക തൊഴിലാളി സ്ത്രീ ഇപ്പോഴും ജീവച്ഛവംപോലെ ജീവിച്ചിരിപ്പുണ്ട്. കാനം രാജേന്ദ്രന് സന്ദര്‍ശിക്കാം. മണിയെ തള്ളിപ്പറഞ്ഞ കരാല്‍ക്കട വിപ്ലവകൊച്ചമ്മമാര്‍ക്കും സന്ദര്‍ശിക്കാം. തൃശൂരിലെ മുക്കാട്ടുകരയിലെ ഇറ്റിയാനം. പെണ്‍വിപ്ലവനക്ഷത്രമാണവര്‍. അവരെ വളഞ്ഞ്, ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിമെതിച്ച്, പാടത്തെ ചെളിയില്‍ ചവിട്ടിയാഴ്ത്തിയ അച്യുതമേനോന്റെ രീതിയല്ല എം എം മണി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ രീതി. അത്തരം മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ തൊഴിലാളി സ്ത്രീകളുടെ സഖാവാണ് എം എം മണി. ആ മിനിമം ബോധം കാനം രാജേന്ദ്രന്റെ പാര്‍ട്ടിക്ക് വേണം. സ്ത്രീപീഡകനായ ഭരണാധികാരി അച്യുതമേനവന്റെ ഫോട്ടോകള്‍ എം എന്‍ സ്മാരകത്തില്‍ നിന്നും നീക്കം ചെയ്തശേഷം മതി എം എം മണിക്ക് നേരെയുള്ള കുരച്ചുചാട്ടം.

ആണുംപെണ്ണും കെട്ടവന്‍, ശിഖണ്ഡി, ചെറ്റ തുടങ്ങിയ പദങ്ങളൊന്നും ചീത്തവാക്കുകളായി ഉപയോഗിക്കാതിരിക്കാനുള്ള തിരിച്ചറിവ് ഇന്ന് മലയാളിക്കുണ്ട്. അതിന് പകരം വെക്കാനുള്ള ഒരു പദം മലയാളത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതാണ് മാധ്യമപ്രവര്‍ത്തകന്‍. പോടാ മാധ്യമ പ്രവര്‍ത്തകാ എന്ന് വിളിച്ചാല്‍ അപമാനത്തോടെ തലകുനിക്കാനോ, പ്രതികരിക്കാനോ നിര്‍ബന്ധിതരാവുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആ തൊഴിലിനെ മലീമസമാക്കി കഴിഞ്ഞു. പി സായ്്‌നാഥിനെ പോലെ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ കേരളത്തിലെ മാധ്യമപിമ്പുകളെ തള്ളിപ്പറയും. കാരണം ഇവര്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ല.

24-Apr-2017