ചൈനയും കൊറിയയും പിന്നെ സംഘിനുണകളും

 
അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നയപരിപാടികളും ഷി തന്റെ പ്രഖ്യാപനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചു. സൗഹൃദം, വിശ്വസ്തത, പരസ്പരനേട്ടം, വിശാലവീക്ഷണം തുടങ്ങിയവയില്‍ ഊന്നിയുള്ള അയല്‍രാജ്യബന്ധത്തിനാണ് അടിവരയിട്ടത്. മറ്റു രാജ്യങ്ങളുടെമേല്‍ ഏതെങ്കിലുമൊരു രാജ്യത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തടയുമെന്ന പാര്‍ടി കോണ്‍ഗ്രസിലെ ഷിയുടെ പ്രഖ്യാപനം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലക്കുകെട്ട പോക്കിനുള്ള താക്കീതുകൂടിയാണ്. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ (141 കോടി) ജീവിക്കുന്ന നാട്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറാന്‍ പോകുന്നുവെന്ന് അന്തര്‍ദേശീയ സാമ്പത്തിക സംഘടനകള്‍ പോലും ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഏതൊരു സാമ്രാജ്യത്വ വിരുദ്ധരെയും ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍, സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത ആര്‍ എസ് എസിന്റെ പ്രതിനിധികള്‍ ഇന്ന് അധികാരത്തിലിരിക്കുമ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നല്ലപിള്ളകളായി മാറുന്നത് അതിശയകരമല്ല. അതുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഡല്‍ഹിയില്‍ മോഡി വലിയ സ്വീകരണം നല്‍കിയത്.

കമ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര നുണപ്രചാരണമാണ്. ഇക്കാര്യത്തില്‍ വിദഗ്ധരാണ് തങ്ങളെന്ന് ആര്‍ എസ്എസ് - ബി ജെ പി നേതാക്കള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് ചൈനയെയും വടക്കന്‍ കൊറിയയെയും പറ്റിയുള്ള സിപിഐ എം നിലപാടിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ബിജെപി നേതാക്കളുടെ ബാലിശമായ ആവശ്യം.

ചൈനയെപ്പറ്റി സിപിഐ എം സംസ്ഥാന സെക്രട്ടറി ആലപ്പുഴയില്‍ നടത്തിയ പ്രസംഗം രാജ്യദ്രോഹവും ഇന്ത്യയുടെ വികസനം തടസ്സപ്പെടുത്തുന്നതിനുള്ള ആഹ്വാനവുമാണെന്നാണ് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടത്. എന്റെ പ്രസംഗം കടുത്ത രാജ്യദ്രോഹമാണെന്ന വിലയിരുത്തല്‍ നടത്തിയ കുമ്മനം രാജശേഖരനാകട്ടെ ഞാന്‍ ഉന്നയിക്കാത്ത വാദവും അര്‍ഥവും തിരുകിക്കയറ്റുകയും ചെയ്തു. ചൈനയെ വളഞ്ഞിട്ട് ഇന്ത്യ ആക്രമിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് കുമ്മനത്തിന്റെ വ്യാഖ്യാനം. ചൈനയെ ഒറ്റപ്പെടുത്താന്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വം കൂട്ടുപിടിച്ചിരിക്കുകയാണ്. ഇന്ത്യ ഇതില്‍ പങ്കാളിയാകുന്നതിന്റെ ആപത്ത് ചൂണ്ടിക്കാട്ടുകയാണ് ഞാന്‍ ചെയ്തത്. രാജ്യസ്‌നേഹമുള്ള ഏതൊരു ഇന്ത്യക്കാരനും ഇപ്രകാരമുള്ള ഒരു നിലപാടെടുക്കാനുള്ള ഭരണഘടനാസ്വാതന്ത്ര്യമുണ്ട്. അത് മനസ്സിലാക്കാതെ 'ചൈനാചാരനെ അറസ്റ്റ് ചെയ്യൂ' എന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ബിജെപി നടപടി അപഹാസ്യമാണ്.

ചൈനാചാരനെന്ന് ആരോപിച്ച് പണ്ട് ഇ എം എസിനെയും എ കെ ജിയെയും അറസ്റ്റ് ചെയ്യുകയും നൂറുകണക്കിന് കമ്യൂണിസ്റ്റുകാരെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. അത് ആവര്‍ത്തിക്കാനുള്ള ത്വര സംഘപരിവാര്‍ നേതാക്കള്‍ക്ക് ഇന്നുമുണ്ടാകും. ഇന്ത്യചൈന അതിര്‍ത്തിത്തര്‍ക്കം യുദ്ധത്തിലൂടെയല്ല, പരസ്പരചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ന് അഭിപ്രായപ്പെട്ടത്. 'നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലം' എന്ന പ്രയോഗം ഇ എം എസ് നടത്തിയതിനെപ്പോലും വക്രീകരിച്ച് ഇന്ന് ലേഖനമെഴുതുന്ന മുന്‍ നക്!സല്‍ നേതാവ് കെ വേണു, യഥാര്‍ഥത്തില്‍ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഉച്ചഭാഷിണിയായി അധഃപതിച്ചിരിക്കയാണ്.

നമ്മുടെ അയല്‍രാജ്യമായ ചൈന എന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തെപ്പറ്റി മിണ്ടിപ്പോയാല്‍ അത് രാജ്യദ്രോഹമാകുമെന്നത് പുതിയൊരു തത്വസംഹിതയാണ്. അതിന് കീഴ്‌പ്പെടാന്‍ കമ്യൂണിസ്റ്റുകാര്‍മാത്രമല്ല, ജനാധിപത്യവിശ്വാസികളും തയ്യാറാകില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രത്യയശാസ്ത്ര പ്രചാരവേല ജ്വരസദൃശമായ അവസ്ഥയിലെത്തിയിരുന്നു. അതിന് മാറ്റമുണ്ടായി. ലാറ്റിനമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും എന്തിന് അമേരിക്കയില്‍പ്പോലും മുതലാളിത്തത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരായ സമരവും മുന്നേറ്റവും പല ഘട്ടങ്ങളിലുമുണ്ടായി. ഇതൊന്നും കാണാതെ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരത്തില്‍ അമര്‍ന്നിരിക്കുകയാണ് കെ വേണുവിനെപ്പോലെയുള്ളവര്‍. അതുകൊണ്ടാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ആശയത്തിന്റെ പ്രചാരകനായി അദ്ദേഹം മാറിയത്. ആഗോളവല്‍ക്കരണത്തിനുകീഴില്‍, മൂന്നാംലോകരാജ്യങ്ങളിലടക്കം സാമ്പത്തികമായി പുനര്‍ കോളനിവല്‍ക്കരണത്തിനാണ് യുഎസ് സാമ്രാജ്യത്വം പരിശ്രമിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വ നിയന്ത്രിതമായ, അതിന്റെ ആജ്ഞാനുവര്‍ത്തിയായ ഒരു ലോകത്തിനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഈ ചതിയില്‍ ഇന്ത്യ ഉള്‍പ്പെടരുത് എന്ന മുന്നറിയിപ്പാണ് ഞങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ചൈനയെ ഒറ്റപ്പെടുത്തുക എന്ന അമേരിക്കന്‍ നയത്തിന് കീഴ്‌പ്പെടാതെ, ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിന് വന്‍ സാധ്യതയുണ്ടെന്ന വസ്തുതയാണ് ഞങ്ങള്‍, കമ്യൂണിസ്റ്റുകാര്‍, രാജ്യത്തെ ഭരണാധികാരികളെയും ജനങ്ങളെയും അറിയിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തില്‍ അസന്തുഷ്ടിയുള്ളത് സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കും അവരുടെ ഏജന്റുകള്‍ക്കുമാണ്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി മാറിയ ചൈന, ഇന്നത്തെ നിലയില്‍ പുരോഗമിച്ചാല്‍ അമേരിക്കയെ കടത്തിവെട്ടുമെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനാവിരുദ്ധത പ്രകടിപ്പിച്ചാലേ, ഒരാള്‍ ദേശസ്‌നേഹിയായ ഇന്ത്യക്കാരനാകൂ എന്ന നിബന്ധനയാണ് കേരളത്തിലെ ബി ജെ പി നേതാക്കള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഷാങ് ഹായ് സഹകരണ സംഘടനയില്‍ (എസ് സി ഒ) പാകിസ്ഥാനോടൊപ്പം ഇന്ത്യയും പൂര്‍ണഅംഗമായി മാറിയെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദിക്കാനുള്ള ആര്‍ജവം ഇവര്‍ക്കുണ്ടാകുമോ. ഭീകരതയെയും വിഘടനവാദത്തെയും തീവ്രവാദത്തെയും ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാസഖ്യമാണ് എസ് സി ഒ.

സാങ്കേതികവിദ്യ, വ്യാപാരം, സാമ്പത്തികം എന്നിവയില്‍ സഹകരണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നതാണ് ഈ സഖ്യം. ഇതില്‍ പങ്കാളിയായെങ്കിലും 'ഒരു മേഖല, ഒരു പാത' എന്നതില്‍ ഭാഗമാകാതെ ഇന്ത്യ മാറിനില്‍ക്കുന്നു. ഇത് അമേരിക്കന്‍ പ്രീതിക്കുവേണ്ടിയാണ്. ഇന്ത്യ ചൈന ബന്ധം മെച്ചമാക്കാന്‍ മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തെക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഷിയാമെന്നില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സമാധാനപരമായി തീര്‍ക്കാനുള്ള നല്ല സൗഹൃദം പുലര്‍ത്തിക്കൊണ്ടാണ് അവര്‍ പിരിഞ്ഞത്. ഇന്ത്യ ചൈന ബന്ധം ആ വിധത്തില്‍ സൗഹൃദപരമായി വളര്‍ത്തണമെന്ന വികാരം കമ്യൂണിസ്റ്റുകാര്‍ പ്രകടിപ്പിച്ചാല്‍ അതെങ്ങനെ രാജ്യദ്രോഹമാകും.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19ാം പാര്‍ടികോണ്‍ഗ്രസ് ഈയിടെയാണ് വിജയകരമായി നടന്നത്. ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈനയെ മാറ്റുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വിജയം നേടാന്‍ കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ചൈന സോഷ്യലിസത്തില്‍ എത്തിയിട്ടില്ലെന്നും അതിന്റെ പടിവാതുക്കലായിട്ടേയുള്ളൂയെന്നും വ്യക്തമാക്കിയ പാര്‍ടി കോണ്‍ഗ്രസ് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും മാറ്റുന്നതില്‍ വലിയ വിജയം കൈവരിച്ചുവെന്നും വ്യക്തമാക്കി. ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യംവച്ച 67 ശതമാനം ജിഡിപി വര്‍ധന നേടാന്‍ കഴിഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യമേഖലയില്‍ വിസ്മയകരമായ വളര്‍ച്ച നേടി. 2011ല്‍ ആളോഹരിവരുമാനം 5000 ഡോളറായിരുന്നുവെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 10,000 ഡോളറായി. എന്നാല്‍, ഇന്ത്യക്കാരുടേത് 1500 ഡോളറാണ്.

ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19ാം കോണ്‍ഗ്രസിലെ തീരുമാനങ്ങളില്‍ ഒരു വിഹഗവീക്ഷണം സിപിഐ എം ജില്ലാ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗങ്ങളില്‍ ഞാനും പിണറായി വിജയനും നടത്തിയിട്ടുണ്ട്. ചൈനയുടെ പ്രസിഡന്റായ ഷി ജിന്‍പിങ്ങിനെ പാര്‍ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. പാര്‍ടി ഭരണഘടനപ്രകാരം അഞ്ചുവര്‍ഷമാണ് കാലാവധി. അഴിമതിക്കും അച്ചടക്കരാഹിത്യത്തിനുമെതിരെ ശക്തിയായി പ്രവര്‍ത്തിക്കുമെന്ന് ഷി വ്യക്തമാക്കി. ചൈനീസ് വിപ്ലവത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഓര്‍മയുണര്‍ത്തി 2050 ആകുമ്പോഴേക്കും ചൈനയെ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കണമെന്ന ദൃഢനിശ്ചയമാണ് പാര്‍ടി കോണ്‍ഗ്രസ് കൈക്കൊണ്ടത്. അതിനുമുമ്പായി 2035നകം ചൈനയെ ശാസ്ത്രഗവേഷണരംഗത്തെ ലോകനേതാവായി ഉയര്‍ത്തണമെന്ന ലക്ഷ്യവും മുന്നോട്ടുവച്ചു. സാമ്പത്തിക അഭിവൃദ്ധിയുള്ള, മധ്യവരുമാനക്കാരുടേതായ രാജ്യമായി 2021നകം രാജ്യത്തെ മാറ്റുന്നതിനുള്ള കര്‍മപദ്ധതി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നയപരിപാടികളും ഷി തന്റെ പ്രഖ്യാപനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചു. സൗഹൃദം, വിശ്വസ്തത, പരസ്പരനേട്ടം, വിശാലവീക്ഷണം തുടങ്ങിയവയില്‍ ഊന്നിയുള്ള അയല്‍രാജ്യബന്ധത്തിനാണ് അടിവരയിട്ടത്. മറ്റു രാജ്യങ്ങളുടെമേല്‍ ഏതെങ്കിലുമൊരു രാജ്യത്തിന്റെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തടയുമെന്ന പാര്‍ടി കോണ്‍ഗ്രസിലെ ഷിയുടെ പ്രഖ്യാപനം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലക്കുകെട്ട പോക്കിനുള്ള താക്കീതുകൂടിയാണ്. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ (141 കോടി) ജീവിക്കുന്ന നാട്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറാന്‍ പോകുന്നുവെന്ന് അന്തര്‍ദേശീയ സാമ്പത്തിക സംഘടനകള്‍ പോലും ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഏതൊരു സാമ്രാജ്യത്വ വിരുദ്ധരെയും ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍, സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത ആര്‍ എസ് എസിന്റെ പ്രതിനിധികള്‍ ഇന്ന് അധികാരത്തിലിരിക്കുമ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നല്ലപിള്ളകളായി മാറുന്നത് അതിശയകരമല്ല. അതുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഡല്‍ഹിയില്‍ മോഡി വലിയ സ്വീകരണം നല്‍കിയത്. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്; 2003ല്‍ ഏരിയല്‍ ഷാരോണ്‍. ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുമാണ്.

ഒരു വെറുക്കപ്പെട്ട രാജ്യമായി കണ്ട് ഇസ്രയേലിനെ നയതന്ത്രബന്ധത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയതായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലംമുതലേയുള്ള വിദേശനയം. അതിന്റെ ഭാഗമാണ് പലസ്തീന്‍ വിമോചനസംഘടനയുടെ നേതാവ് യാസര്‍ അറഫാത്തിനെ സഹോദരതുല്യനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കണ്ടത്. ഇന്ത്യയുടെ അടിയുറച്ച ഇസ്രയേല്‍വിരുദ്ധ വിദേശനയം കാറ്റില്‍പ്പറത്തിയാണ് നെതന്യാഹുവിനെ മോഡി വരവേറ്റതും ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ചൗക്കിന് ഇസ്രയേല്‍ നഗരമായ ഹൈഫേയുടെ (തീന്‍മൂത്തി ഹൈഫ ചൗക്ക്) പേരിട്ടതും. ഇതില്‍ തെളിയുന്നത് സയണിസ്റ്റ് പ്രേമം മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യത്തിന് ഇന്ത്യ കീഴടങ്ങുന്നതിന്റെ കാഴ്ചയുമാണ്.

വടക്കന്‍ കൊറിയയുടെ പേരിലും സിപിഐ എമ്മിനെ ഒരു വിഭാഗം ബൂര്‍ഷ്വാ മാധ്യമങ്ങളും സംഘപരിവാര്‍ നേതാക്കളും പഴിക്കുന്നുണ്ട്. കൊറിയ സോഷ്യലിസ്റ്റ് ആശയസംഹിതകളുമായി മുന്നോട്ടുപോകുന്ന ഒരു രാജ്യമാണ്. ആ നാടിനെപ്പറ്റി ഒരുപാട് വികൃതമായ കഥകള്‍ പ്രചരിക്കുന്നുണ്ട്. ലോകമാകെ അത്തരത്തിലുള്ള പ്രചരണം നടത്തുന്നതിനുള്ള മാധ്യമ ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഏതൊരു സോഷ്യലിസ്റ്റ് രാജ്യത്തിലെയും ചില നടപടികളെയും രീതികളെയും പറ്റി ഇതരരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ചിലപ്പോഴെല്ലാം വ്യത്യസ്!തമായ അഭിപ്രായങ്ങള്‍ ഉണ്ടായിയെന്നുവരും. അത്തരം അഭിപ്രായങ്ങളെല്ലാം പരസ്യവിമര്‍ശമായി ഉന്നയിക്കുന്ന പതിവ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കില്ല. പരസ്യമായി പറയേണ്ട കാര്യങ്ങള്‍ മാത്രം പരസ്യപ്പെടുത്തും. വടക്കന്‍ കൊറിയയില്‍ കിം ഇല്‍ സുങ്ങിന്റെ കൊച്ചുമകന്‍ കിം ജോങ് ഉന്നാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആ ഭരണമാകട്ടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പ്രസിഡന്റ് ട്രംപിന്റെയും ഭീഷണിക്ക് കീഴടങ്ങാന്‍ തയ്യാറാകുന്നില്ല. ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളെ തകര്‍ത്തതുപോലെയുള്ള നീക്കങ്ങളെയും ഗൂഢാലോചനകളെയും ചെറുക്കാനും രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനുമുള്ള ധീരമായ നിലപാട് അവര്‍ സ്വീകരിച്ചുവരുന്നു. അതിനെ ആ അര്‍ഥത്തില്‍ കാണാതെ സോഷ്യലിസ്റ്റ് കൊറിയയുടെ പേരില്‍ സംഘപരിവാറിന്റെ തലതിരിഞ്ഞ ആശയം കടമെടുത്ത് കമ്യൂണിസ്റ്റുകാരെ പരിഹസിക്കുന്ന കെ വേണുവിനെ നോക്കി പുരോഗമനകേരളം 'ഹാ കഷ്ടം' എന്ന് പറയും.

സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്തുപോലും സോവിയറ്റ് യൂണിയനിലെയോ ചൈനയിലെയോ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വാലായി പ്രവര്‍ത്തിച്ച പാര്‍ടിയല്ല സിപിഐ എം. ഈ രാജ്യത്തെ വിപ്ലവപാതയും കര്‍മപരിപാടിയും സ്വതന്ത്രമായി സ്വീകരിച്ച് മുന്നോട്ടുപോകുകയാണ് സിപിഐ എം ചെയ്തിട്ടുള്ളത്. രണ്ടുപതിറ്റാണ്ടോളം കാലം സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി പാര്‍ടിതല ബന്ധം സിപിഐ എമ്മിന് ഉണ്ടായിരുന്നില്ല. 1967ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ, ഇന്ത്യയിലെ സിപിഐ എമ്മിനെ 'പുത്തന്‍ റിവിഷനിസ്റ്റ്' എന്ന് ആരോപിക്കുകയും അന്ന് മുഖ്യമന്ത്രിമാരായിരുന്ന ഇ എം എസിനെയും ജ്യോതിബസുവിനെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് സിപിഐ എം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രവ്യക്തിത്വത്തോടെയാണെന്ന് ഓര്‍മപ്പെടുത്താനാണ്. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാരോടും സോഷ്യലിസ്റ്റ് ഭരണത്തോടുമുള്ള ഞങ്ങളുടെ മമതബന്ധം മറച്ചുവയ്ക്കുന്നുമില്ല. ഇന്ത്യയെന്ന രാജ്യത്തോടും ഇന്ത്യക്കാരോടുമുള്ള പ്രഥമ പ്രതിബദ്ധത മുറുകെപ്പിടിച്ചാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശകരെ ഞങ്ങള്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തുന്നു.

20-Jan-2018

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More