മതത്തിന് മദമിളകുമ്പോള്‍

മതം എന്ന് കേള്‍ക്കുമ്പോള്‍ വാളും, തോക്കും എടുക്കുന്നവര്‍ അറിയേണ്ട ഒരു യാഥാര്‍ത്യം വന്ദിക്കാന്‍ അവകാശമുണ്ടങ്കില്‍ നിരാകരിക്കാനും അവകാശമുണ്ട് എന്നതാണ്. വിമര്‍ശനാത്മക ഇടപെടലാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും. ഇത്തരം ആശയങ്ങളും, ചിന്താരീതിയും വളര്‍ത്തിയെടുക്കേണ്ടത് അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെയാണ്. നമുക്കിന്ന് വേണ്ടത് ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണ് എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ എത്ര അവഞ്ജയോടെയാണ് അനുയായികള്‍ കാണുന്നത്. ക്ഷേത്രങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും സംഭാവന നല്‍കുന്നവര്‍ വിദ്യാലയങ്ങളെ കൂടി സംഭാവന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നവോത്ഥാന മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് ഒരു സമൂഹത്തെ പരിഷ്‌ക്യതമാക്കുന്നതിനുള്ള ചുവടുവെപ്പാണ്.

ഈ കാലഘട്ടത്തിലും വളരെ എളുപ്പത്തില്‍ വ്രണപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു മതവികാരം. മതവിമര്‍ശനത്തെ മതനിന്ദയായി ചിത്രീകരിച്ച് വര്‍ഗ്ഗീയത വളര്‍ത്തുന്നു. മതങ്ങളെപ്പറ്റിയോ, മതദൈവങ്ങളെപ്പറ്റിയോ അവയുടെ ദിവ്യ പുരുഷന്‍മാരെപ്പറ്റിയോ പറയുന്നതും, വിമര്‍ശിക്കുന്നതും മതനിന്ദയും, ദൈവനിന്ദയുമാകുന്നു. ശാസ്ത്ര മുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍ കാലാനുസ്യതമായി നവീകരിക്കപ്പെടേണ്ട മതം സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള വിശ്വാസങ്ങളേയും, ആചാരങ്ങളേയും അന്ധമായി പിന്‍തുടരുകയാണ് ഇന്നും ചെയ്യുന്നത്. മാനവികത കൈമോശം വന്ന മൗലിക മതധാരണകള്‍ മനുഷ്യ ജീവിതം കൂടുതല്‍ നരകതുല്യമാക്കുന്നു.

ഇന്ന് കാണുന്ന മത അസഹിഷ്ണുത വലിയൊരപകടത്തിലേക്കാണ് മാനവരാശിയെ നീക്കികൊണ്ടിരിക്കുന്നത്. സ്വതന്ത്രമായി ഒരു മതത്തെപ്പറ്റിയും പറയാന്‍ മനുഷ്യന്‍ ഭയപ്പെടുന്നു. ഏതെങ്കിലും ഒരു പദം തീര്‍ത്തും നിരുപദ്രവപരമായി ഉപയോഗിച്ചാല്‍ പോലും അതിനെ മതമൗലികതയായും, വര്‍ഗ്ഗീയതയായും എന്തിന് തീവ്രവാദമായിപോലും ചിത്രീകരിക്കപ്പെടുന്നു. ഏതിനും മതത്തിന്റെയും, ജാതിയുടേയും ധ്വനി നല്‍കപ്പെടുന്നു എന്നു മാത്രമല്ല, മതത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയത മൂലം സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നതിന് പോലും ബുദ്ധിമുട്ടനുഭവപ്പെടുന്നു. ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകും രാജ്യത്തെ സാധാരണ മനുഷ്യര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്തത് മതത്തിന്റെ പേരിലാണ്. ഇവിടെ മതവും, ഭീകരതയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?

ഇന്ത്യന്‍ ഭരണഘടനയുടെ പ്രിയാമ്പിളില്‍ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമാണ്, സോഷ്യലിസ്റ്റ് രാഷ്്രടമാണ്, ഒരു മതേതര മതനിരപേക്ഷ രാഷ്ട്രമാണ്. ഇവ രണ്ടും ഒന്നിപ്പിച്ചുകണ്ടുള്ള സമീപനമാണ് നമുക്ക് വേണ്ടത്. ജനാധിപത്യം എന്ന വാക്കിന്റെ നിര്‍വചനം തന്നെ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി എന്നാണ്. ജനങ്ങളുടെ ഭരണ സമ്പ്രദായമാണ് ജനാധിപത്യം. ഉദാത്തമായൊരു പദമാണ് ജനാധിപത്യം. ജാതിയുടേയോ, മതത്തിന്റെയോ, നിറത്തിന്റെയോ ലഘുസൂചനപോലുമില്ലാതെ എല്ലാവിധ വിഭാഗീയതകള്‍ക്കും അതീതമായി സ്ത്രീ പുരുഷന്‍മാര്‍ എന്ന മനുഷ്യര്‍ ഉള്‍ചേരുന്നതാണ് ഇവിടെ 'ജനം'. ചരിത്രം പരിശോധിച്ചാല്‍ ഒരു നീണ്ട മതാധിപത്യ കാലം ഇവിടെ നിലനിന്നിരുന്നതായി കാണാം. സുദീര്‍ഘമായ കലാപങ്ങളുടെ ഫലമായി ഈ മതാധിപത്യ വ്യവസ്ഥക്കെതിരെ ജനാധിപത്യവും, മാനവികതയും ഉടലെടുത്തു. അങ്ങനെ ബഹുമതസമൂഹത്തില്‍ മതനിരപേക്ഷത ഒരു അംഗീക്യത തത്ത്വമായി. ജനാധിപത്യ വ്യവസ്ഥിതിയുടെ ആധാരം അഭിപ്രായ സ്വതന്ത്ര്യവും, ആവിഷ്‌കാര സ്വതന്ത്ര്യവുമാകുമ്പോള്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ മതവിമര്‍ശനം മതനിന്ദയാകുന്നതെങ്ങനെ ?

ഇന്ന് അറിയപ്പെടുന്ന എല്ലാ മതങ്ങളുടേയും സ്ഥാപകരെന്നു വിശേഷിപ്പിക്കുന്നവര്‍ എല്ലാവരും അവരുടെ കാലത്ത് നിലവിലുണ്ടായിരുന്ന മതങ്ങളേയും മതാനുഷ്ഠാനങ്ങളേയും, മതനേതാക്കന്‍മാരേയും വിമര്‍ശിച്ചിരുന്നു. മാത്രമല്ല ശ്രീബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് നബി മുതല്‍ ശ്രീ നാരായണ ഗുരുവിനെ വരെ പരിശോധിക്കുമ്പോള്‍ അവരെല്ലാം മത സാമൂഹ്യ വിമര്‍ശകരാണ്. വേലി കെട്ടുകളോ, നിയമസംഹിതയുടെ ചട്ടകൂടുകളോ ഇല്ലാതെ പുതിയൊരു ലോകത്തേയും, നവമാനുഷിക ബന്ധത്തേയും സ്വപ്നം കണ്ടവരാണവര്‍. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാന്‍ അവരാരും മറ്റൊരു മതത്തിന്റെ രൂപീകരണത്തിനായി ആസൂത്രണം ചെയ്തിട്ടില്ല. പക്ഷേ ഇവിടെ വിരോധാഭാസം എന്ന് പറയുന്നത്; എന്താണോ അവര്‍ ആഗ്രഹിക്കാഞ്ഞത് അവ തന്നെ അവരുടെ നാമത്തില്‍ അനുയായി വ്യന്ദങ്ങളാല്‍ ഇവിടെ നടപ്പാക്കപ്പെടുന്നു എന്നതാണ്. ആരാണ് ഇതിന് ഉത്തരവാദി എന്നു ചോദിച്ചാല്‍! നിസംശയം പറയാം മതപുരോഹിതര്‍ തന്നെ. അവരുടെ ജീവിതമാണ് അവര്‍ക്ക് വിഷയം.

ജനാധിപത്യത്തിന് എന്നും എവിടെയും ഭീഷണി മതതീവ്രവാദം തന്നെയായിരുന്നു. ഇവിടെ മതങ്ങള്‍ ചെയ്യുന്നതെന്താണ്? ജനിച്ചു വീഴുന്ന കുഞ്ഞിനെ അതിന്റെ മാതാപിതാക്കള്‍ അവര്‍ ഏത് മതത്തിലെ അംഗങ്ങളായിരിക്കുന്നുവോ അതിലേക്ക് ചേര്‍ക്കുന്നു. തുടര്‍ന്ന് ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും, ഭക്തക്യത്യങ്ങളും നിരന്തരം ബന്ധിപ്പിച്ചുകൊണ്ട് ആ കുഞ്ഞിനെ അതില്‍ തളച്ചിടുന്നു. സ്വതന്ത്രമായി ഏതെങ്കിലും മതത്തെപ്പറ്റി ചിന്തിക്കാനോ, നിലപാടെടുക്കാനോ സാധ്യത ഇല്ലാത്ത രീതിയില്‍ അവനെ ആ മതത്തിന് അനുയോജ്യമായ വിധം പരുവപ്പെടുത്തിയെടുക്കുന്നു. ഇത് ആ കുഞ്ഞിനോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഒരു കുഞ്ഞിന് പരിപൂര്‍ണ്ണ മനുഷ്യനായി വളര്‍ന്നുവരാനുള്ള മൗലിക അവകാശത്തെയാണ് ഇതിലൂടെ നിഷേധിക്കുന്നത്.

ഇന്ന് ഒരു സ്ത്രീയും, പുരുഷനും വിവാഹിതരാകണമെങ്കില്‍ പ്രായപൂര്‍ത്തിയാകണം. കാരണം കുടുംബ ജീവിതത്തിനും, ആരോഗ്യകരമായ ലൈംഗികതയ്ക്കും നാം പ്രാധാന്യം നല്‍കുന്നു. സ്വതന്ത്രവും പക്വവുമായ തീരുമാനത്തിലൂടെയാണ് അവര്‍ ഒന്നിക്കേണ്ടത് എന്നത് നാം അംഗീകരിക്കുന്നു. ഏതു രാഷ്ട്രീയ പാര്‍ട്ടി ഇവിടെ ഭരിക്കണമെന്നുള്ളത് പ്രായപൂര്‍ത്തിയായ നമ്മളോരോരുത്തരും വോട്ടവകാശം വിനിയോഗിച്ച് തീരുമാനിക്കുന്നു. ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍, പ്രാധാന്യമുള്ള രേഖകളില്‍ ഒപ്പിടണമെങ്കില്‍ പ്രായപൂര്‍ത്തിയാകേണ്ടതുണ്ട്, ഇത് എല്ലാവര്‍ക്കും അറിയുന്നതും അംഗീകരിച്ചതുമായ കാര്യമാണ്. സത്യം ഇങ്ങനെ ആയിരുന്നിട്ടും എന്തുകൊണ്ട് കുഞ്ഞായിരിക്കുമ്പോഴേ ആ കുഞ്ഞിനെ മാതാപിതാക്കളുടെ മതത്തില്‍ കെട്ടിയിടുന്നു? മതം പ്രാധാന്യമുള്ള ഒന്നാണെങ്കില്‍, അത് പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തം തിരിച്ചറിവിലൂടെ ഇഷ്ടാനുസരണം സ്വീകരിക്കുകയോ, നിഷേധിക്കുകയോ ചെയ്യാന്‍ കഴിയണം. അങ്ങിനെവരുമ്പോള്‍ ഇവിടെ നടക്കുന്ന മതാധികാരികളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നടപ്പിലാവില്ല.

മതം എന്ന് കേള്‍ക്കുമ്പോള്‍ വാളും, തോക്കും എടുക്കുന്നവര്‍ അറിയേണ്ട ഒരു യാഥാര്‍ത്യം വന്ദിക്കാന്‍ അവകാശമുണ്ടങ്കില്‍ നിരാകരിക്കാനും അവകാശമുണ്ട് എന്നതാണ്. വിമര്‍ശനാത്മക ഇടപെടലാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും. ഇത്തരം ആശയങ്ങളും, ചിന്താരീതിയും വളര്‍ത്തിയെടുക്കേണ്ടത് അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെയാണ്. നമുക്കിന്ന് വേണ്ടത് ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണ് എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ എത്ര അവഞ്ജയോടെയാണ് അനുയായികള്‍ കാണുന്നത്. ക്ഷേത്രങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും സംഭാവന നല്‍കുന്നവര്‍ വിദ്യാലയങ്ങളെ കൂടി സംഭാവന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നവോത്ഥാന മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് ഒരു സമൂഹത്തെ പരിഷ്‌ക്യതമാക്കുന്നതിനുള്ള ചുവടുവെപ്പാണ്.

എക്കാലവും മനുഷ്യനെ അടിച്ചമര്‍ത്തുന്ന സംവിധാനമാണ് മതം. അത് എപ്പോഴും മനുഷ്യനില്‍ ഇടുങ്ങിയ വിഭജന ചിന്തകളാണ് വളര്‍ത്തുന്നത്. എന്റെ മതമാണ് നല്ല മതം എന്ന ധ്വനിയോടെ പ്രചരണം നടത്തുമ്പോള്‍ അതില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ ഒളിഞ്ഞുകിടപ്പുണ്ടന്നു മനസ്സിലാക്കാം. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. അതിന്റെ ഇടപെടല്‍ മനുഷ്യസമൂഹത്തെ മലീമസമാക്കും, ശിഥിലമാക്കും, വര്‍ഗ്ഗീയത വിതയ്ക്കും. അതുകൊണ്ടാണ് മതനേതാക്കളെ 'ഗുഹാജീവികള്‍' എന്ന് വെനിസ്വേലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രത്തിന്റെ മതനിരപേക്ഷതയും, ജനനന്‍മയും കാത്തുസുക്ഷിച്ചുകൊണ്ടുള്ള ശക്തമായ തീരുമാനം അദ്ദേഹം കൈകൊണ്ടത്. ഇവിടെ മതേതരത്വം എന്ന് അര്‍ത്ഥമാക്കുന്ന സെക്കുലറിസം ഇന്ത്യക്കാര്‍ക്ക് വര്‍ഗ്ഗീയതക്കും മതതീവ്രവാദത്തിനും എതിരെയുള്ള പടച്ചട്ടയാണ്. ഈ മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ വ്യക്തതയുള്ള രാഷ്ട്രീയ നേത്യത്വം രാജ്യം ഭരിക്കേണ്ടതുണ്ട്. 

01-Nov-2016

ഭാരതീയം മുന്‍ലക്കങ്ങളില്‍

More