ആരാണ് യഥാര്‍ത്ഥ ദളിത്‌ശത്രുക്കള്‍

ദളിതനായതുകൊണ്ട് പീഡിപ്പിക്കപ്പെടുന്നതും, നാട്ടിലെ സാധാരണ വിഷയങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് ദളിതന്‍ ഉണ്ടാകുന്നതും വത്യസ്തമായി തന്നെ കാണണം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു വ്യക്തിയുടെ ദളിത്‌സ്വത്വം അവന്‍ ആക്രമിക്കപ്പെടാന്‍ കാരണമാണ്. നരേന്ദ്രമോഡിയുടെ ഗുജറാത്തിലാണ് അഭിമാന സംരക്ഷണത്തിനായുള്ള പ്രക്ഷോഭം ഉയര്‍ന്നത്. ഉനയില്‍ തങ്ങള്‍ സ്ഥിരം ചെയ്യുന്നതുപോലെ ചത്ത പശുവിന്റെ തോല്‍ ഉരിച്ചതിനാണ് ദളിത് യുവാക്കള്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. കേരളത്തില്‍ അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കക്കുന്നില്ല. എന്നാല്‍, ഇവിടെ പുതുതായി ഉയര്‍ന്നുവന്ന ചില ദളിത് സംഘടനകള്‍ നാട്ടില്‍ സ്വാഭാവിക സാഹചര്യത്തില്‍ നടക്കുന്ന ചെറിയ വിഷയങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് ദളിതര്‍ ഉണ്ടെങ്കില്‍ അതിനെ ദളിത് പീഡനമാക്കി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തുകയാണ്. അവരാണ് കമ്യുണിസ്റ്റ് പാര്‍ട്ടിക്കെതിരെ ദളിത് പീഡനാരോപണങ്ങളുമായി വരുന്നത്. ഇതെല്ലാം കേരളത്തിലെ ദളിത് സമൂഹം പുച്ഛിച്ച് തള്ളുമെന്ന കാര്യത്തില്‍ സംശയമില്ല

കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ഒരുകാലത്തും ജാതിമത വര്‍ഗീയകക്ഷികളുടെ സ്‌നേഹലാളന ഏറ്റല്ല വളര്‍ന്നിട്ടുള്ളത്. പലപ്പോഴും ആശയപരമായും, കായികമായും അവരുടെ ആക്രമണങ്ങള്‍ ഏറ്റിട്ടുണ്ട് എന്നത് വസ്തുതയുമാണ്. ജാതിമത വര്‍ഗീയശക്തികളുടെ ആഭിമുഖ്യത്തില്‍ ഉറഞ്ഞുതുള്ളുകയും വിമോചനസമരം നടത്തിയതും ഇ എം എസ് മന്ത്രിസഭയെ മറിച്ചിട്ടതുുമൊന്നും അത്ര പെട്ടെന്നൊന്നും പൊതുസമൂഹത്തിന് മറക്കാനാവില്ല.

കഴിഞ്ഞ ദിവസം സി എസ് ഡി എസ് എന്ന ദളിത് സംഘടന, കോട്ടയത്ത് നടത്തിയ ഹര്‍ത്താല്‍ ആക്രമപരമ്പരയായി മാറി. ആ ഹര്‍ത്താലിന്റെ കാരണം വിചിത്രമാണ്. 'സിപിഐ എം'ന്റെ ദളിത് പീഡനത്തിനെതിരെ' ആയിരുന്നു ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഹര്‍ത്താല്‍. മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി ക്യാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിയെ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നതാണ് ഈ ഹര്‍ത്താലിനാസ്പദമായ കാര്യം. ആ ആരോപണത്തിലെ വസ്തുത സംശയാസ്പദമാണ്.

മര്‍ദ്ദനമേറ്റു എന്ന് പറയുന്നത് തന്നെ പെരുംനുണയാണെന്നാണ് ക്യാമ്പസില്‍ നിന്ന് ലഭിക്കുന്ന വിവരം. ക്യാമ്പസിനകത്തും ഹോസ്റ്റലിലും ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ ഹോസ്റ്റല്‍ സെക്രട്ടറിയും യൂണിയന്‍ ഭാരവാഹികളും ഒരു വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നുപേരെ താക്കീത് ചെയ്തു. അതിനെയാണ് അക്രമണം എന്ന നുണനിറത്താല്‍ അലങ്കരിക്കുന്നത്. വിദ്യാര്‍ത്ഥിയോടൊപ്പമുള്ള രണ്ടുപേരും ആ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളല്ല. തൃശൂരുള്ള ജിനില്‍, കോതമംഗലത്തുള്ള ധനൂപ് എന്നവരാണ് അവര്‍. ജിനില്‍ ക്യാമ്പസുമായി ഒരു ബന്ധവുമില്ലാതെ അവിടെ സ്ഥിരമായി താമസിക്കുന്ന വ്യക്തിയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കൂട്ടുകെട്ടിലെ അംഗവുമാണ് ഇയാള്‍. ധനൂപാവട്ടെ മൂന്നുവര്‍ഷം മുന്‍പ് പഠനം പൂര്‍ത്തിയാക്കിയതാണ്. ന്നെിട്ടും ക്യാമ്പസ് വിട്ടുപോകാതെ കുത്സിതപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരികയാണ്.

ജിനിലും ധനൂപും ദളിതല്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളല്ലാത്ത രണ്ട് സാമൂഹ്യവിരുദ്ധരെ അര്‍ദ്ധരാത്രിയില്‍ വിവേക് കുമാരന്റെ റൂമില്‍, ഹോസ്റ്റല്‍ സെക്രട്ടറിയും യൂണിയന്‍ ഭാരവാഹികളും കണ്ടു. അവര്‍ ലഹരി ഉപയോഗിക്കുന്നത് വിലക്കി. വിവേകാണ് മര്‍ദ്ദനമേറ്റു എന്ന് പറയുന്ന വിദ്യാര്‍ത്ഥി. മയക്കുമരുന്നടക്കമുള്ള ലഹരി ഉപയോഗിക്കുമ്പോള്‍ വിലക്കി എന്നതിനെയാണ് ്ക്രമണമെന്നുള്ള നിലയില്‍ പെരുപ്പിച്ച് കാണിക്കുന്നത്.

മുകളില്‍ പറഞ്ഞ സംഭവം നടന്നതിന്റെ പിറ്റേദിവസം വിദ്യാര്‍ത്ഥികളും ദളിതരുമല്ലാത്ത ജിനിലിനെയും ധനൂപിനെയും ഒഴിവാക്കി, വിവേക് കുമാരനെ മാത്രം മുന്നില്‍ നിറുത്തി പരാതി ഉന്നയിക്കുകയും ജാതിവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുമാണ് ശ്രമിച്ചത്. സി എസ് ഡി എസ് സംഘടനാ നേതൃത്വത്തിന്റെ കുരുട്ടുബുദ്ധിയിലാണ് ഈ ആശയം പിറവികൊണ്ടത്. മൂന്നുപേരടങ്ങുന്ന ഒരുസംഘം നടത്തിയ തെറ്റിനെ ചോദ്യം ചെയ്തപ്പോള്‍ പ്രസ്തുത സംഭവത്തിലെ ദളിത് സ്വത്വമുള്ള വ്യക്തിയെ മാത്രം 'ചെറിപിക്കിംഗ്' നടത്തി, സിപിഐ എം' നെ ദളിത്‌വിരുദ്ധരാക്കി ആക്രമിക്കാന്‍ ശ്രമിക്കുകയാണ്.

ഈ സംഭവത്തിന് പിറകിലുള്ള ബുദ്ധികേന്ദ്രം ഡല്‍ഹി ജെ എന്‍ യുവില്‍ നിന്ന് വന്നിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയാണ്. ഐസയുടെ പ്രവര്‍ത്തകനാണയാള്‍. എസ് എഫ് ഐക്കെതിരെ ജെ എന്‍ യുവില്‍ നടത്തുന്ന കുരുട്ടുനീക്കങ്ങളും കൊണ്ട് കേരളത്തിലേക്ക് വന്നിരിക്കുകയാണ് ഈ വിദ്വാന്‍. ദേശീയതലത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ കരിവാരിതേക്കാന്‍, ഈ സംഭവത്തെ മുന്നില്‍ നിര്‍ത്തി ജെ എന്‍ യുവില്‍ ഉള്‍പ്പെടെ എസ് എഫ് ഐയെ പ്രതീകാത്മകമായി കത്തിക്കുന്നത് ഇയാള്‍ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന്റെ ഏകോപന പരിപാടികളെ തുടര്‍ന്നാണ്. കേരളമാകെ പടരാനിടയുള്ള ഒരു രാഷ്ട്രീയ നീക്കമായിവേണം ഇതിനെ കാണാന്‍.

'കേരളത്തിലെ ദളിതര്‍ വേറെ, കമ്യുണിസ്റ്റ് പാര്‍ട്ടി വേറെ; ദളിതരെ നിരന്തരം പീഡിപ്പിക്കലാണ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പണി' എന്ന് മുദ്രകുത്താനാണ് പുതിയ ചില ദളിത് സംഘടനകള്‍ ശ്രമിച്ചുവരുന്നത്. എന്നാല്‍, ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ ജന്മി, ഫ്യൂഡല്‍ മാടമ്പിമാര്‍ക്കെതിരെ ഐതിഹാസിക പോരാട്ടം നയിച്ചാണ് കമ്യുണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ദളിതരടങ്ങുന്ന പാര്‍ട്ടിയാണ്. വര്‍ഗപരമായ ഉള്‍ക്കാഴ്ചയോടെ എല്ലാ ദളിത് വിഭാഗങ്ങളും ആ പാര്‍ട്ടിയില്‍ അണിചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറുമറക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി കേരളത്തില്‍ സമരം നടന്നിരുന്നു എന്നത് ഇന്നത്തെ തലമുറ വിശ്വസിച്ചെന്ന് വരില്ല.

അയ്യങ്കാളിയെപ്പോലുള്ള മഹാന്മാര്‍ ദളിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന് നവോത്ഥാന പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറി. എന്നാല്‍, അതുപോലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്ന പെരിയോറുടെ തമിഴ്‌നാട്ടിലും, ജ്യോതിറാവു ഫൂലയുടെയും അംബേദ്ക്കറിന്റേയുമൊക്കെ മഹാരാഷ്ട്രയിലും സ്ഥിതി പരിതാപകരമാണ്. ആ നാടുകളിലെ ദളിതരുടെ അവസ്ഥ എന്താണ് ? മഹാനായ അംബേദ്ക്കറുടെ ജാതിയുടെ അവസ്ഥ എങ്കിലും എന്താണെന്ന് പരിശോഖിക്കാന്‍ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ തയ്യാറാവുന്നത് നന്നായിരിക്കും.

കേരളത്തില്‍ അയങ്കാളിയുടെയും, വാഗ്ഭടാനന്ദന്റെയും, ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഏറ്റെടുക്കാന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടായതുകൊണ്ടുമാത്രമാണ് കേരളത്തില്‍ ഇന്ന് കാണുന്ന സാമൂഹിക പുരോഗതി കൈവരിക്കാനായത്. ഇതൊക്കെ ആരെങ്കിലും നിഷേധിച്ചാല്‍ ഇല്ലാതാവുന്ന കാര്യങ്ങളല്ല. ക്ഷേത്രപ്രവേശനവിളംബരം നടന്ന് പിറ്റേദിവസം മുതല്‍ ക്ഷേത്രങ്ങളെല്ലാം പിന്നോക്കക്കാര്‍ക്കായി തുറന്നിട്ടുവെന്ന് ധരിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ആദ്യ ഇ എം എസ് മന്ത്രിസഭയുടെ വിദ്യാഭ്യാസബില്ല് വഴി ലഭിച്ച സാര്‍വ്വത്രിക വിദ്യാഭ്യാസമാണ് ദളിതര്‍, മുസ്ലിങ്ങള്‍, ഈഴവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നതിയുടെ പ്രധാനകാരണം. അത് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. എം എന്‍ ലക്ഷംവീട് പദ്ധതി, വിദ്യാഭ്യാസ ബില്ല്, ഭൂപരിഷ്‌കരണം, സാക്ഷരത, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങിയ സ്വപ്നപദ്ധതികളാണ് ആധുനിക കേരളം നിര്‍മ്മിക്കാന്‍ ഉപയോഗ്യമായ അടിസ്ഥാനശിലകള്‍. അത് തര്‍ക്കരഹിതമായ കാര്യമാണ്.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊന്നും നവോത്ഥാനപ3സ്ഥാനത്തിന്റെ തുടര്‍ച്ച ഏറ്റെടുക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നതാണ് അവിടങ്ങളിലൊക്കെ ദളിതര്‍ ഇന്ന് വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നതിനുള്ള കാരണം.

കേരളത്തില്‍ ദളിതര്‍ക്ക് ഒരു പ്രശ്‌നവുമില്ല എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ ആദ്യമായി ഒരു ദളിത് പ്രസിഡന്റും, ദളിതരില്‍ നിന്ന് സുപ്രീം കോടതി ചീഫ്ജസ്റ്റിസും ഉയര്‍ന്നുവന്നത് ഈ കൊച്ചുകേരളത്തില്‍ നിന്നാണ്. അംബേദ്ക്കറുടെ നാട്ടില്‍ നിന്നുപോലുമല്ല. ദളിതയായ മായാവതി, മുഖ്യമന്ത്രിയായിരുന്ന ഉത്തര്‍പ്രദേശിലെ ദളിതരേക്കാള്‍ സാമൂഹികമായി വളരെയേറെ പുരോഗതി പ്രാപിച്ചവരാണ് കേരളത്തിലെ ദളിത്‌സമൂഹം. അത് യാഥാര്‍ത്ഥ്യമാണ്.

ദളിതനായതുകൊണ്ട് പീഡിപ്പിക്കപ്പെടുന്നതും, നാട്ടിലെ സാധാരണ വിഷയങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് ദളിതന്‍ ഉണ്ടാകുന്നതും വത്യസ്തമായി തന്നെ കാണണം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു വ്യക്തിയുടെ ദളിത്‌സ്വത്വം അവന്‍ ആക്രമിക്കപ്പെടാന്‍ കാരണമാണ്. നരേന്ദ്രമോഡിയുടെ ഗുജറാത്തിലാണ് അഭിമാന സംരക്ഷണത്തിനായുള്ള പ്രക്ഷോഭം ഉയര്‍ന്നത്. ഉനയില്‍ തങ്ങള്‍ സ്ഥിരം ചെയ്യുന്നതുപോലെ ചത്ത പശുവിന്റെ തോല്‍ ഉരിച്ചതിനാണ് ദളിത് യുവാക്കള്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. കേരളത്തില്‍ അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കക്കുന്നില്ല. എന്നാല്‍, ഇവിടെ പുതുതായി ഉയര്‍ന്നുവന്ന ചില ദളിത് സംഘടനകള്‍ നാട്ടില്‍ സ്വാഭാവിക സാഹചര്യത്തില്‍ നടക്കുന്ന ചെറിയ വിഷയങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് ദളിതര്‍ ഉണ്ടെങ്കില്‍ അതിനെ ദളിത് പീഡനമാക്കി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തുകയാണ്. അവരാണ് കമ്യുണിസ്റ്റ് പാര്‍ട്ടിക്കെതിരെ ദളിത് പീഡനാരോപണങ്ങളുമായി വരുന്നത്. ഇതെല്ലാം കേരളത്തിലെ ദളിത് സമൂഹം പുച്ഛിച്ച് തള്ളുമെന്ന കാര്യത്തില്‍ സംശയമില്ല

ദളിതര്‍ക്കിടയില്‍ ഇനിയും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഏറെയുണ്ട്. കോളനികളില്‍ ഒതുക്കപ്പെടുന്നത്, ഭൂമി ഇല്ലാത്തത്, ചില പ്രദേശങ്ങളില്‍ മരിച്ചാല്‍ അടക്കാനിടമില്ലാത്തത്. ഇതുപോലെ ദളിതര്‍ നേരിടുന്ന യഥാര്‍ത്ഥ വിഷയങ്ങള്‍ അഡ്രസ് ചെയ്യാതെ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് കമ്യുണിസ്റ്റ് പാര്‍ട്ടിയെ ദളിത്‌വിരുദ്ധമാക്കി മുദ്രകുത്തുമ്പോള്‍ ദളിതര്‍ക്ക് തന്നെയാണ് നഷ്ടം സംഭവിക്കുന്നത്.

കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ദളിതര്‍ക്ക് ഒരിക്കലും ദളിതനെന്ന പ്രിവിലേജ് കൊടുക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല എന്നത് വിരോധാഭാസമാണ്. തങ്ങളുടെ കൂടെയുള്ളവരുടെ വിഷയത്തില്‍ 'ചെറി പിക്കിംഗ്' നടത്തി ദളിത് പീഡനമാക്കി മാറ്റുമ്പോള്‍, എതിര്‍ഭാഗത്ത് കമ്യുണിസ്റ്റ് പാര്‍ട്ടിയിലുള്ള ദളിതരാണെങ്കില്‍ അവര്‍ 'പാര്‍ട്ടി ചാവേറുകള്‍' എന്ന് മുദ്രകുത്തപ്പെടുകയാണ്. കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കില്‍ ദളിതനെന്ന പ്രിവിലേജ് കിട്ടാന്‍ യോഗ്യതയില്ല എന്നാണ് ഇക്കൂട്ടരുടെ വാദം.

പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭകാലത്ത് തന്നെ പ്രഖ്യാപിച്ച മൂന്ന് സ്വപ്നപദ്ധതികളാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി. ഈ വര്‍ഷം തന്നെ സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, സമ്പൂര്‍ണ ശൗച്യാലയ രൂപീകരണ പദ്ധതി തുടങ്ങിയവയൊക്കെ നടപ്പിലാകുമ്പോള്‍ ദളിത് വിഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുമ്പോള്‍ ആ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ദളിത് വിരുദ്ധമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹിഡന്‍ അജണ്ടകളുണ്ട്. എന്നാലും അവര്‍ നിരാശപ്പെടുകയേ ഉള്ളു. കേരളത്തിലെ ദളിത് വിഭാഗങ്ങളിലുള്ളവര്‍ ഇക്കൂട്ടരുടെ തനിനിറം മനസിലാക്കുന്നുണ്ട്. തല്‍പ്പരകക്ഷികള്‍ അത് മനസിലാക്കിയാല്‍ നല്ലത്.

18-Jan-2017

ഭാരതീയം മുന്‍ലക്കങ്ങളില്‍

More