തൊണ്ടിമുതലും ദൃക്സാക്ഷിയും പറയുന്നത്

ചിത്രത്തിൽ അമ്പലത്തിലെ പായസം എല്ലാവർക്കും കൊടുത്തുവെങ്കിലും കളളന് കൊടുക്കുന്നില്ല. മാല നഷ്ടപ്പെട്ട  ഭാര്യാഭർത്താക്കന്മാർക്കും അതിൽ വിഷമമുണ്ട്. ഇവിടെ കള്ളന്റെ "വേണ്ട, ഞാൻ കുളിച്ചിട്ടില്ല" എന്ന പ്രയോഗം തിയേറ്ററിൽ ചിരി പടർത്തിയെങ്കിലും ചിത്രത്തിലെ കുറ്റവാളിയായ കള്ളന്റെ സ്വാഭാവികമായ സ്വഭാവഗതി പ്രകടനത്തിന് അനുരൂപമായില്ല. ഈ സീൻ ഒട്ടും ചിത്രത്തിന് ചേർന്നതായിട്ടില്ല. ഇത്  ക്രിമിനലിന്റെ അസ്വീകാര്യതയുടെ രൂപമായി മറ്റൊരു രീതിയിൽ ചിത്രീകരിക്കാമായിരുന്നു. ഒടുവിലത്തെ ഗാനവും കള്ളന്റെ ചിത്രീകരണവും ക്രിമിനലിന്റെ സ്വാഭാവിക ഗതിവിഗതികൾക്ക് ചേർന്നതായില്ല. അതു വരെ തികച്ചും റിയലിസ്റ്റിക്കായി വികസിപ്പിച്ചു കൊണ്ടുവന്ന  ക്രിമിനലിനെ അവസാന രംഗങ്ങളിലൂടെ ശരാശരി ചിത്രങ്ങളിലെ നായകനാക്കി കളഞ്ഞു. 
'മഹേഷിന്റെ പ്രതികാരം' ടീമിന്റെ രണ്ടാം ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും ഗംഭീരം തന്നെ. അതിഭാവുകത്വം ഒട്ടും ഇല്ലാതെ തികച്ചും  റിയലിസ്റ്റിക്കായ സമീപനം, ഗ്രാമീണ അന്തരീക്ഷം, ചായം അധികമില്ലാത്ത കഥാപാത്രങ്ങൾ, നാടകീയത ഇല്ലാത്ത വികാസഗതികൾ... തുടങ്ങി നീളുകയാണ് പുതിയ ചിത്രത്തിന്റെ സവിശേഷതകൾ. ഇക്കാലത്ത് ഇങ്ങിനെ ഒരു അനുഭവക്കാഴ്ച കിട്ടുക അസാധ്യം. ഇങ്ങിനെയും സിനിമ എടുക്കാമെന്ന് കണ്ട്  മറ്റുള്ളവർ കൂടി തങ്ങളുടെ ക്ലീഷേ ആയ ട്രാക്ക് വിട്ടിരുന്നുവെങ്കിൽ നന്നായിരുന്നു.  ഇങ്ങിനെയും സിനിമകൾ ആകാമെങ്കിൽ   വെറുതെ കുറെ താരരാജാക്കന്മാരും അധോലോകവും അമ്മയും ഒക്കെ നമുക്ക് എന്തിനാണ്?
 
ജാതി മാറി കല്യാണം കഴിച്ച് നാട്ടിൽ നിൽക്കാൻ കഴിയാതെ ദൂരേക്ക് പോകേണ്ടി വരുന്ന യുവമിഥുനങ്ങൾ അസലായിട്ടുണ്ട്. ജാതി വിവേചനം ഒക്കെ അവസാനിച്ചുവെന്ന് രാഷ്ട്രീയമായി നമ്മൾക്ക് പറയാമെങ്കിലും അത് കുടുംബങ്ങളുടെ ജീവിതങ്ങളിലും കല്യാണങ്ങളിലും പാറപോലെ ഉറച്ച യാഥാർത്ഥ്യമായി പൊതു ഇടത്തിൽ നിൽക്കുന്നുണ്ട്.   ഈ സാഹചര്യം പൈങ്കിളി വൽക്കരണം ഇല്ലാതെ തന്നെ ചിത്രം നമ്മെ അനുഭവിപ്പിക്കുന്നു. കമിതാക്കളെ നാട്ടിൽ നിന്ന് അകറ്റുന്നതിന് ഗുണ്ടകളുടെ ഒന്നും ആവശ്യമില്ലെന്ന് ഓർക്കുക. കല്യാണം കഴിച്ച് ജീവിക്കുന്ന സാഹചര്യം കിടപ്പറ സീനും പാലുമില്ലാതെയും ആകാമെന്ന് ചിത്രം കാണുമ്പോൾ മനസിലാകും.
 
ഒരു കുറ്റവാളിയുടെ വികാസപരിണാമങ്ങളും തന്ത്രങ്ങളും വേഗതയും ചിത്രത്തിൽ നന്നായി വരച്ചുകാട്ടിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട മാല കണ്ടെത്താൻ പോലീസുകാർ നടത്തുന്ന ശ്രമങ്ങൾ തികച്ചും സ്വാഭാവികമായിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷനകത്തെ സംഭവങ്ങൾ അതേ പോലെ നാടകീയത ഒട്ടുമില്ലാതെ മറ്റൊരു ചിത്രത്തിലും ഇതിന് മുൻപ് കണ്ടിട്ടില്ല. criminal procedure code ന്റെ  ഒട്ടും വിരസതയില്ലാത്ത ക്ലാസായി മാറി ചിത്രത്തിലെ പോലീസ് സ്റ്റേഷൻ രംഗങ്ങൾ. മാല മോഷണക്കേസ് രമ്യമായി പരിഹരിച്ചിരുന്നുവെങ്കിൽ എന്ന് ചിത്രത്തിലെ യുവമിഥുനങ്ങൾക്കൊപ്പം പ്രേക്ഷകരും പലകുറി ആഗ്രഹിച്ചു പോയിട്ടുണ്ട്.
 
ചിത്രത്തിലെ കള്ളന്റെ character formation ഉം ജീവിത പശ്ചാത്തലവുമൊക്കെ നാട്ടിലെ ഏതൊരു ക്രിമിനലിന്റേതും തന്നെ. അത് വൈകാരികമായ പൊലിമയില്ലാതെ തന്നെ യഥാതഥമായി ചിത്രത്തിലുണ്ട്. എന്നാൽ കള്ളന്റെ ജീവിത പശ്ചാത്തലത്തിലേക്ക് പോയി ശരാശരി ചിത്രങ്ങളുടെ നിലവാരത്തിലേക്ക് താഴുന്നില്ല. അത് നന്നായി. വിശപ്പ് ഒരു പ്രശ്നമാണെന്ന് ചിത്രത്തിൽ കള്ളൻ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ വിക്ടർ യുഗോയിലെ കുറ്റവാളിയിലേക്ക് സഞ്ചരിച്ചതുമില്ല. അതും കൊള്ളാം. അതിന് പറ്റിയ സാഹചര്യമല്ല ചിത്രത്തിൽ ഉണ്ടായിരുന്നത്. എന്തായാലും അയാളെ ഒരു  born criminal തന്നെയായി അനുഭവപ്പെടുന്നുണ്ട്. എങ്കിലും അയാളിലെ അനുതാപത്തിന്റെ അംശവും ചിത്രം കാട്ടിത്തന്നിട്ടുണ്ട്. യുവാവിനെ പാറകൊണ്ട് ഇടിച്ച് രക്ഷപ്പെടാൻ കഴിയുമായിരുന്നെങ്കിലും "എനിക്ക് എന്തായാലും  മാല വേണമെന്ന " അയാളുടെ ദയനീയമായ പുലമ്പലിൽ സ്വാധീനിക്കപ്പെട്ട് കള്ളൻ അങ്ങനെ ചെയ്യുന്നില്ല. പിടിക്കാൻ കള്ളൻ വഴങ്ങിക്കൊടുത്തുവെന്നതാണ് ശരി.  
 
പൊതുവിൽ ചിത്രം ഗംഭീരം!
 
എന്നാൽ, കള്ളന്റെ character formation നിൽ അതേവരെ തുടർന്നു വന്ന  സ്വാഭാവിക ഗതിവിഗതികൾ ചിത്രത്തിന്റെ അവസാനത്തോടു കൂടി നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു born criminal ന്റെ ഭാവവാഹാദികൾക്ക് ചേർന്നതായില്ല കള്ളന്റെ അവസാനത്തെ ഏറ്റുപറച്ചികളുടെ രംഗങ്ങൾ. ഏറ്റുപറച്ചിൽ അല്ല പ്രശ്നം. ഈ രംഗത്തിലെ സ്വഭാവപ്രകടനങ്ങളാണ്. അതേ വരെ ശ്രീജയെ  ചേച്ചി എന്ന് വിളിച്ച അയാൾ ഒടുവിൽ അടുപ്പഭാവത്തിൽ ശ്രീജയെന്നു വിളിക്കുന്നു. ചിത്രത്തിൽ അമ്പലത്തിലെ പായസം എല്ലാവർക്കും കൊടുത്തുവെങ്കിലും കളളന് കൊടുക്കുന്നില്ല. മാല നഷ്ടപ്പെട്ട  ഭാര്യാഭർത്താക്കന്മാർക്കും അതിൽ വിഷമമുണ്ട്. ഇവിടെ കള്ളന്റെ "വേണ്ട, ഞാൻ കുളിച്ചിട്ടില്ല" എന്ന പ്രയോഗം തിയേറ്ററിൽ ചിരി പടർത്തിയെങ്കിലും ചിത്രത്തിലെ കുറ്റവാളിയായ കള്ളന്റെ സ്വാഭാവികമായ സ്വഭാവഗതി പ്രകടനത്തിന് അനുരൂപമായില്ല. ഈ സീൻ ഒട്ടും ചിത്രത്തിന് ചേർന്നതായിട്ടില്ല. ഇത്  ക്രിമിനലിന്റെ അസ്വീകാര്യതയുടെ രൂപമായി മറ്റൊരു രീതിയിൽ ചിത്രീകരിക്കാമായിരുന്നു. ഒടുവിലത്തെ ഗാനവും കള്ളന്റെ ചിത്രീകരണവും ക്രിമിനലിന്റെ സ്വാഭാവിക ഗതിവിഗതികൾക്ക് ചേർന്നതായില്ല. അതു വരെ തികച്ചും റിയലിസ്റ്റിക്കായി വികസിപ്പിച്ചു കൊണ്ടുവന്ന  ക്രിമിനലിനെ അവസാന രംഗങ്ങളിലൂടെ ശരാശരി ചിത്രങ്ങളിലെ നായകനാക്കി കളഞ്ഞു. ഒരു born ക്രിമിനലിന് എതൊരു ശരാശരി  ചിത്രത്തിലേതുമെന്ന പോലെ ഒരു മനംമാറ്റം. എന്തുകൊണ്ട്? എങ്ങിനെ? ഇത് പോലെ എത്ര മോഷണങ്ങൾ അയാൾ നടത്തിയിരിക്കുന്നു. ഊമയായി വരെ അഭിനയിച്ച് രക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോൾ സിനിമയുടെ അന്ത്യത്തിൽ ധൃതിയിൽ ഒരു മനംമാറ്റം.
 
ഒരു പക്ഷെ മലയാള ചിത്രങ്ങളിലെ ഏറ്റവും റിയലിസ്റ്റിക്കായ കള്ളൻ കഥാപാത്രമായി എണ്ണപ്പെട്ടേക്കാമായിരുന്ന കളളൻ കഥാപാത്രത്തിന്റെ സ്വാഭാവികത ഒടുവിൽ നഷ്ടപ്പെട്ടുപോയെന്നര്‍ത്ഥം. ചിത്രത്തിലെ അവസാന 10 മിനിറ്റ് ചിത്രത്തിന്റെ അതേ വരെയുള്ള സ്വാഭാവിക വികാസത്തിന് ചേർന്നതായില്ല.
 
ചിത്രത്തിൽ ആരും അഭിനയിക്കുന്നതായി നമുക്ക് തോന്നില്ല. സുരാജിനെ നിലവാരമില്ലാത്ത കേവലം ഹാസ്യ താരമായി കാണുന്ന സംവിധായകരുടെ പ്രവണത തിരുത്തപ്പെടേണ്ടതാണ്. പേരറിയാത്തവരിലേക്കാൾ യാഥാർത്ഥ്യമായി തോന്നി. ഫഹദ് അസൽ. തോക്കും സ്റ്റണ്ടുമില്ലാതെ  ഇത്രയും സാധാരണയായ കുറ്റവാളിയെ ജീവിതത്തിൽ മാത്രമെ നമുക്ക് കാണാൻ കഴിയൂ. എന്നാൽ കുറ്റവാളിയുടെ  ചിത്രാന്ത്യത്തിലെ പരിണാമ രീതികൾ ഫഹദിനെയും ബാധിച്ചുവെന്നത് പറയാതെ വയ്യ.
 
ഏതായാലും  എല്ലാ തരം പ്രേക്ഷകർക്കും കണ്ട്  അനുഭവിക്കാൻ കഴിയുന്ന ഒരു ചിത്രമാണ് ദൃക്സാക്ഷിയും തൊണ്ടിമുതലും.

05-Jul-2017

മനയോല മുന്‍ലക്കങ്ങളില്‍

More