ഇവരുടെ ക്യാമറക്കണ്ണുകള്‍ തകര്‍ക്കാനായില്ലേ?

ഉപഭോഗപരതയുടെ കൊടിമുടികളില്‍ ജീവിക്കുന്ന പാവകളുടെ ഒരു സമൂഹമായി നാം മാറിയോ? എന്താണ് ഇവിടെ നടക്കുന്നത്. പണ്ട് കേരളത്തില്‍ മലയാളികള്‍ 'മ' പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. വീടിന്റെ അകത്തളത്തില്‍ നിന്നെ കയറ്റില്ല എന്ന് പറഞ്ഞ് അവയ്ക്ക് നേരെ ആട്ടിത്തുപ്പിയിരുന്നു. ഇന്ന് കഥമാറി. 'മ' പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന കഥകള്‍ ടെലിവിഷനുകളില്‍ സീരിയിലുകളായി മാറുന്നു. വീട്ടിലുള്ള സ്ത്രീത്വം അതാണ് സ്ത്രീകളുടെ ജീവിതം എന്ന് ധരിത്തുവശായി പാവകളെ പോലെ മസ്തിഷകമില്ലാത്തവരായി മാറുന്നു. തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കമ്പോളം വിജയിക്കുകയാണ്.

ഇപ്പോള്‍ കമ്പോള ശക്തികള്‍ കളം മാറ്റി ചവിട്ടുകയാണ്. എന്ത് പറഞ്ഞാലും കണ്ടാലും കേട്ടുനില്‍ക്കാനും കണ്ടുനില്‍ക്കാനും പാകത്തില്‍ അവര്‍ ജനങ്ങളെ പരുവപ്പെടുത്തുന്നു. സൂര്യ ടിവി പ്രക്ഷേപണം ചെയ്യുന്ന 'മലയാളിഹൗസ്' എന്ന പരിപാടി അത്തരത്തിലുള്ളതാണ്. ഒരു സമൂഹത്തിന്റെ ജീര്‍ണതയാണ് ആ പരിപാടി.

ഡി വൈ എഫ് ഐ പോലുള്ള യുവജന സംഘടനകളുടെയും പുരോഗമന വനിതാ സംഘടനകളുടെ പ്രവര്‍ത്തകരുമൊക്കെ നാടിന്റെ സംസ്‌കാരത്തെ പിടിച്ചുനിര്‍ത്താന്‍ ഫാഷന്‍ഷോ പോലുള്ള പരിപാടികളെ എതിര്‍ത്തിരുന്നു. അവ സംഘടിപ്പിക്കുന്ന വേദികളിലേക്ക് അവര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ആ പ്രക്ഷോഭങ്ങള്‍ പകര്‍ത്താന്‍ സൂര്യ ടിവിയുടെ ന്യൂസ്ടീമും എത്തിയിട്ടുണ്ടായിരുന്നു. ഇന്ന് അത്തരം പ്രക്ഷോഭങ്ങള്‍ നയിച്ച സിന്ധുജോയി സൂര്യ ടിവിയിലെ മലയാളിഹൗസില്‍ പങ്കെടുത്ത് തന്റെ കൂടെയുള്ള സ്ത്രീയുടെ പൊക്കിള്‍ചുഴിയുടെ ഭംഗി നോക്കുന്നു. ഉടലളവുകള്‍ നോക്കി രസിക്കുന്നു. ആരുടെയും പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ കാണുന്നില്ല. ഒരു വരിയില്‍ പ്രതിഷേധമെഴുതി പത്രമോഫീസില്‍ എത്തിച്ചാല്‍ തീരുന്ന പ്രതികരണമനോഭാവം മാത്രം മതിയോ?

എന്താണ് സമൂഹത്തോട് ഉത്തരവാദിത്തമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഈ സാംസ്‌കാരിക മാലിന്യം പ്രക്ഷേപണം ചെയ്യുന്ന മാധ്യമസ്ഥാപനത്തിന് നേരെ പ്രക്ഷോഭത്തിന്റെ കുന്തമുന തിരിക്കാത്തത്. മാധ്യമ പരിലാളന ആവശ്യമാണെങ്കില്‍ ഇതൊക്കെ കാണാതിരിക്കണം എന്നതാണോ പ്രസ്ഥാനങ്ങളുടെ നയം? നിങ്ങളുടെ വീട്ടില്‍ കുടുംബസമേതം ഇരുന്ന് മലയാളി ഹൗസിലെ 'ചൊറിച്ചുമല്ലല്‍' കേള്‍ക്കാനും കാണാനും സാധിക്കുമോ? അവസാനം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് എന്ന് നിങ്ങളുടെ വീട്ടിലെ കുട്ടി ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ തയ്യാറായി ഇരിക്കുകയാണോ നിങ്ങള്‍? ഇതിലൊന്നും അത്ര വലിയ കാര്യമൊന്നുമില്ല എന്ന ബോധ നിര്‍മിതിയുടെ രാഷ്ട്രീയം സാമ്രാജ്യത്വം മുന്നോട്ട് വെക്കുന്നതാണ്. അത് മനസിലാക്കാന്‍ ഇനിയും സാധിക്കുന്നില്ലേ?

അവരുടെ ക്യാമറകണ്ണുകള്‍ തകര്‍ക്കാന്‍ ഇനിയും എന്ത് രാഷ്ട്രീയ ബോധ്യമാണ് വേണ്ടത്?

ക്യാന്‍വാസ്

രസവര
ക്യാമറകണ്ണ്
വായനാമേശയില്‍
നെല്ലിലെ സൃഷ്ടികളിലെ ആശയങ്ങള്‍ ലേഖകരുടേത് മാത്രമാണ്‌
കൂടുതല്‍