ജീവിതം ലോകത്തോട് സാക്ഷ്യപ്പെടുത്തുന്നത്

മിനി എം ബി

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് അയാള്‍ ചുറ്റും നോക്കി. രോഗികളുടെ ലോകം! ഓരോ സ്ഥാപനവും ഓരോ ലോകമാണ്. ആവശ്യക്കാരുടെ ലോകം, വിശക്കുന്നവരുടെ ലോകം,കുറ്റവാളികളുടെ ലോകം. ഈ ലോകത്ത് ദൈന്യതയാണ്. അയാള്‍ സ്വീകരണക്കൂടിനുള്ളിലെ പെണ്‍കുട്ടിയെ നോക്കി. അവള്‍ പൈസ വാങ്ങി. അവള്‍ നല്‍കിയ ഒ.പി ടിക്കറ്റുമായി അയാള്‍ തിരിഞ്ഞുനടന്നു.നീണ്ട ഇടനാഴിയില്‍ നിറയെ ആളുകള്‍. അല്ല, രോഗികള്‍. പിന്നെ രോഗങ്ങള്‍ക്ക് കൂട്ടു വന്നവര്‍. ലാബിലെ കണ്ണാടി ജനാലയിലൂടെ അയാള്‍ നേരത്തെ കയ്യിലുണ്ടായിരുന്ന റസീപ്റ്റ് നീട്ടി. അല്‍പ്പനേരത്തെ തിരച്ചിലിനു ശേഷം, അതിനകത്തെ പെണ്‍കുട്ടി വെള്ളക്കടലാസുകൂടിനുള്ളില്‍ ബന്ധിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് അയാള്‍ക്ക് നേരെ നീട്ടി. അതു തുറന്ന് വായിക്കാന്‍ അയാള്‍ക്ക് ഒരു തോന്നലുണ്ടായി. രണ്ടാമതൊരു ചിന്തയില്‍ അയാളതു വേണ്ടെന്നു വെച്ചു. തന്റെ വിധി അറിയാന്‍ അല്‍പ്പനേരം കൂടി കാത്തിരിക്കുന്നതില്‍ തെറ്റില്ല എന്നയാള്‍ക്ക് തോന്നി.

പ്രധാനപാതയില്‍ നിന്ന് ഓട്ടോ ഒരിടവഴിയിലേക്ക് പ്രവേശിച്ചപ്പോള്‍ രാധാകൃഷ്ണന് അകാരണമായ നെഞ്ചിടിപ്പ് വര്‍ദ്ധനയുണ്ടായി. അകാരണമായത് എന്നു പറഞ്ഞുകൂടാ. നെഞ്ചിടിപ്പു കൂടുന്നതിനും വിയര്‍ക്കുന്നതിനും വളരെ വ്യക്തമായ കാരണങ്ങളുണ്ട്. പണ്ടു മുതലേ അയാളൊരു ദുര്‍ബലനായിരുന്നു. ജീവിതത്തെ വല്ലാതെ സ്‌നേഹിച്ച ഒരു ഭീരു. അതെ, അതാണതിന്റെ ശരി. എന്തിനോടുമുള്ള അമിതമായ അടുപ്പം നമ്മളെ ദുര്‍ബലരാക്കും. എന്തു പറയാനാണ്, അയാളങ്ങനെയൊക്കെയായി എന്നല്ലാതെ. ആശുപത്രിയുടെ പടി കടന്നാല്‍, ഒരു ഡോക്ടറുടെ മുറിയിലേക്ക് കാലെടുത്തു വെച്ചാല്‍ അയാള്‍ വിയര്‍ത്തുതുടങ്ങും. ലോകത്തുള്ള സകലഅസുഖങ്ങളും തനിക്കാവേശിച്ചതായി അയാള്‍ക്കു തോന്നും. ഏറ്റവും നിസ്സഹായനും ആസന്നമരണനുമാണെന്നുള്ള തോന്നലില്‍ അയാള്‍ ഉരുകാന്‍ തുടങ്ങും. ഡോക്ടര്‍ പരിശോധിക്കുന്ന ആ അഞ്ചു മിനിറ്റാണ് ഏറ്റവും അസഹനീയം. ജഡ്ജി വിധി കല്‍പ്പിക്കാന്‍ നില്‍ക്കുന്ന പ്രതിയുടെ ഭാവത്തോടെ അയാളാ കസേരയില്‍ തളര്‍ന്നിരിക്കും. തൂക്കികൊലയോ? ജീവപര്യന്തമോ? വെറുതെ വിടലോ? കാര്യമായ അസുഖമൊന്നുമില്ലെന്നറിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ ഈ ലോകത്തിനുള്ള സൗന്ദര്യം! ജീവിതമേ, ഞാന്‍ നിന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു എന്ന് പറയാന്‍ തോന്നും അയാള്‍ക്ക്.

ഇരുവശത്തുമുള്ള ചെടികള്‍ വളരെ പച്ചപ്പുള്ളവയായിരുന്നു. അവയ്ക്കിടയിലൂടെ ഓട്ടോ പോര്‍ട്ടിക്കോവിനടുത്ത് നിര്‍ത്തി. ശവപ്പെട്ടി എത്ര അലങ്കരിച്ചാലും ശവപ്പെട്ടിയാണെന്നതുപോലെ, ആ പൂച്ചെടികള്‍ക്കും, ചെറിയ ആമ്പല്‍കുളത്തിനും, പക്ഷിക്കൂടുകള്‍ക്കും, ഒരല്‍പ്പം പോലും അയാളെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.ഡ്രൈവര്‍ക്ക് പൈസ കൊടുത്ത് അയാള്‍ റിസപ്ഷനിലേക്ക് നടന്നു. അപ്പോള്‍ അയാളുടെ തുടയിലെ തുന്നല്‍ അല്‍പ്പാല്‍പ്പം വലിഞ്ഞ് വേദനിക്കുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് അയാള്‍ ചുറ്റും നോക്കി. രോഗികളുടെ ലോകം! ഓരോ സ്ഥാപനവും ഓരോ ലോകമാണ്. ആവശ്യക്കാരുടെ ലോകം, വിശക്കുന്നവരുടെ ലോകം,കുറ്റവാളികളുടെ ലോകം. ഈ ലോകത്ത് ദൈന്യതയാണ്. അയാള്‍ സ്വീകരണക്കൂടിനുള്ളിലെ പെണ്‍കുട്ടിയെ നോക്കി. അവള്‍ പൈസ വാങ്ങി. അവള്‍ നല്‍കിയ ഒ.പി ടിക്കറ്റുമായി അയാള്‍ തിരിഞ്ഞുനടന്നു.നീണ്ട ഇടനാഴിയില്‍ നിറയെ ആളുകള്‍. അല്ല, രോഗികള്‍. പിന്നെ രോഗങ്ങള്‍ക്ക് കൂട്ടു വന്നവര്‍. ലാബിലെ കണ്ണാടി ജനാലയിലൂടെ അയാള്‍ നേരത്തെ കയ്യിലുണ്ടായിരുന്ന റസീപ്റ്റ് നീട്ടി. അല്‍പ്പനേരത്തെ തിരച്ചിലിനു ശേഷം, അതിനകത്തെ പെണ്‍കുട്ടി വെള്ളക്കടലാസുകൂടിനുള്ളില്‍ ബന്ധിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് അയാള്‍ക്ക് നേരെ നീട്ടി. അതു തുറന്ന് വായിക്കാന്‍ അയാള്‍ക്ക് ഒരു തോന്നലുണ്ടായി. രണ്ടാമതൊരു ചിന്തയില്‍ അയാളതു വേണ്ടെന്നു വെച്ചു. തന്റെ വിധി അറിയാന്‍ അല്‍പ്പനേരം കൂടി കാത്തിരിക്കുന്നതില്‍ തെറ്റില്ല എന്നയാള്‍ക്ക് തോന്നി. എന്തുകൊണ്ടോ ഇപ്പോള്‍ നെഞ്ചിടിപ്പും നിയര്‍പ്പും സാധാരണഗതിയിലായി. ഇനി ഒന്നും ചെയ്യാനില്ല, ഒന്നും. കാത്തിരിക്കുകയല്ലാതെ... ആ ചിന്തയില്‍ അയാള്‍ സ്വസ്ഥനായി. അയാള്‍ക്ക് കാണേണ്ട ഡോക്ടറുടെ മുറി നോക്കി അയാള്‍ നടന്നു. മുറിയുടെ വാതില്‍ക്കല്‍ നീലക്കോട്ട് ധരിച്ച പെണ്‍കുട്ടി നില്‍പ്പുണ്ട്. അടഞ്ഞ വാതില്‍ ഡോക്ടര്‍ അകത്തില്ല എന്നോര്‍മ്മിപ്പിച്ചു. അവള്‍ നിര്‍മമയായി അയാളെ നോക്കി. അയാള്‍ ചീട്ട് നീട്ടി. 'സാര്‍ തിയറ്ററിലാ... 12 മണിയാവും വരാന്‍. കാത്തിരുന്നോളൂ.' അവള്‍ അയാളോടു സംസാരിക്കുമ്പോഴും - ശീലം കൊണ്ടായിരിക്കണം - കണ്ണുകള്‍ ചുറ്റും പാറിക്കളിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ 11 ആവുന്നേയുള്ളു. കാഞ്ചനയെക്കൂടി കൂട്ടാമായിരുന്നു. അയാള്‍ വെറുതെ ചിന്തിച്ചു. ഇത്തരം അവസ്ഥകളില്‍ പിരിമുറുക്കം ലഘൂകരിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്കേ ഉള്ളു. പ്രത്യേകിച്ച് കാഞ്ചനയെപ്പോലെ വലിയ വിദ്യാഭ്യാസത്തിന്റെയോ സമ്പത്തിന്റെയോ ചുമട് തലയില്‍ ഇല്ലാത്ത സാധാരണസ്ത്രീകള്‍ക്ക്. രണ്ടുവര്‍ഷം മുന്‍പ് വയറുവേദന സ്ഥിരമായി വന്ന്, അയാളുടെ ചിന്ത അള്‍സറില്‍ തുടങ്ങി കാന്‍സറില്‍ എത്തി നില്‍ക്കുമ്പോഴാണ് കാഞ്ചന നിസ്സാരമായി പറഞ്ഞത്,

'അത് ദഹനക്കേടും വായുവും ആയിരിക്കും ഏട്ടാ... ഞാനേയ്, നല്ല വെളുത്തുള്ളിച്ചമ്മന്തി ഉണ്ടാക്കിത്തരാം.' അന്നവള്‍ പറഞ്ഞത് ശരിയായിരുന്നു. രണ്ടു ദിവസം കൊണ്ട് വയറിന്റെ അസ്വസ്ഥതകള്‍ തീര്‍ത്തും മാറി. അവളുടേത് ചെറിയ ലോകമാണ്. അവിടെ അവള്‍ എത്ര സന്തുഷ്ടയാണ് എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് അല്‍പ്പം അസൂയ തോന്നാതിരുന്നില്ല. വൈകുന്നേരം പണിയെല്ലാം കഴിഞ്ഞ് ടിവിയ്ക്കു മുന്‍പില്‍ വന്ന് കിടക്കും. ടിവിയുടെ ശബ്ദത്തില്‍, മകളുടെ ബഹളത്തിനിടയില്‍ അവള്‍ കിടന്നുറങ്ങും, യാതൊരു അലോസരവും കൂടാതെ, മകള്‍ ഭക്ഷണം ആവശ്യപ്പെടുന്നതുവരെ.

അയാളുടെ തുടയിലെ മാംസക്കഷ്ണം എടുത്തുകളയുന്ന ദിവസം, അവളുണ്ടായിരുന്നു. അതയാള്‍ക്ക് വേദനയുണ്ടാക്കിത്തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ അതയാളുടെ തുടയില്‍ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞിരുന്നു. ഒരു മറുക് പോലെ. പഴയ സ്‌കൂളില്‍ നിന്ന് എച്.എം പ്രമോഷന്‍ കിട്ടി പുതിയ സ്‌കൂളില്‍ ചെന്നപ്പോഴാണ് അതയാളെ വേദനിപ്പിക്കാന്‍ തുടങ്ങിയത്. ഓഫീസ് രണ്ടാംനിലയിലായിരുന്നു. കോണി കയറുമ്പോഴും ഇറങ്ങുമ്പോഴും മൃദുലമായ ആ മാംസക്കട്ട ഒരു കല്ലായി ഇറുകിപ്പിടിച്ച് സ്വന്തം സാന്നിധ്യം ഓര്‍മ്മിപ്പിച്ചു. അല്‍പ്പനേരം വിശ്രമിച്ചാല്‍ അത് വീണ്ടും പഴയതുപോലെ. സ്ഥിരമായി കാണാറുള്ള ഹോമിയോ ഡോക്റ്ററുടെ ചികില്‍സ രണ്ടുമാസം കഴിഞ്ഞിട്ടും ഒരു മാറ്റവും കാണാതെ വന്നപ്പോഴാണ് അയാള്‍ ഒരു സര്‍ജനെ കണ്ടത്. തുടയില്‍ കുത്തിവെച്ച് മരവിപ്പിച്ച് ആ മാംസക്കഷ്ണം വലിച്ചെടുത്തപ്പോള്‍ അയാള്‍ വേദന കൊണ്ട് നിലവിളിച്ചുപോയി. അയാളുടെ മൂക്കില്‍ ശ്വാസവായുവിന്റെ മാസ്‌ക്ക് വെച്ചപ്പോള്‍ ഡോക്റ്ററുടെ കൈ വിറയ്ക്കുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു. തുടയില്‍ നിന്നു പുറത്തെടുത്ത നീരാളി പോലെ വാലും കാലുമുള്ള രൂപം കുപ്പിക്കുള്ളില്‍ അയാള്‍ കണ്ടു.
'ബയോപ്‌സി കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ പറ്റു.'

ഡോക്റ്റര്‍ നഴ്‌സിനോട് പിറുപിറുത്തു. അന്ന് വീണതാണ് അയാളുടെ നെഞ്ചിനകത്തെ തണുത്ത ഭാരം. പാന്റ്‌സിനു പുറത്തുകൂടി അയാള്‍ മുറിവിന്റെ തുന്നലില്‍ തലോടി. തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ വെളുത്തുനീണ്ട രൂപം അയാലുടെ മുന്നിലൂടെ അടുത്ത കസേരയിലേക്ക് നീങ്ങുന്നതാണ് കണ്ടത്. തല നരച്ച ആ നെടുങ്കന്‍ മനുഷ്യനെ പെട്ടന്ന് അയാള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്ന് വിരമിച്ച എ.ഇ.ഒ രാജഗോപാലന്‍ സാര്‍! അയാള്‍ ഇരുന്നിടത്തു നിന്ന് എണീറ്റുപോയി. ഒരു കക്ഷത്തില്‍ കറുത്ത ബാഗും, ആ കയ്യില്‍ തന്നെ മുണ്ടിന്റെ തലയും ഉണ്ട്.
'സാര്‍...' അയാള്‍ വിളിച്ചു. അയാളെ നോക്കിയ ആ കണ്ണുകള്‍ വൈകാതെ തന്നെ തിരിച്ചറിഞ്ഞു.
'രാധാകൃഷ്ണനോ...?'

'അതെ സാര്‍... സാറിവിടെ..?' അയാള്‍ ആകാവുന്നത്ര ഭവ്യത കാണിച്ചു. വിരമിച്ചെങ്കിലും എ.ഇ.ഒ ആണ്.
'എന്റെ ഭാര്യക്ക് ഒരു ഓപ്പറേഷന്‍ കഴിഞ്ഞു, അതിന്റെ റിപ്പോര്‍ട്ട് കാണിക്കാന്‍ വന്നതാ...'
'ഒറ്റക്കേള്ളു..? മക്കള്...?'

'അവരൊക്കെ തിരക്കിലാടോ.. അവര്‍ക്ക് ലീവ് കിട്ടണ വരെ കാത്തുനിക്കാനുള്ള സാവകാശം കിട്ടീല്ല്യ. വേഗം വേണംന്ന് പറയുമ്പൊ പിന്നെ എന്താ ചെയ്ക? താനിവിടെ?'
'എന്റെ കാലില് ചെറിയൊരു സിസ്റ്റ്. എടുത്തിട്ട് ഒരാഴ്ചയായി. ഇപ്പൊ ചെക്കപ്പിനു വന്നതാ..'

'അവളവിടെ തനിച്ചാ റൂമില്.. ഒരു പെണ്ണ് സഹായത്തിനുള്ളത്, ഇപ്പൊ പോയേള്ളു. ഒന്നു വേഗം പോവാന്‍ പറ്റിയെങ്കില്...' രാജശേഖരന്‍സാര്‍ ചിന്താധീനനായി. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ അല്‍പ്പനേരം നിന്നു. ഇത് എ.ഇ.ഒ ഓഫീസല്ല, അയാള്‍ക്ക് ആ കസേരയില്‍ ധൈര്യമായി ഇരിക്കാം. പക്ഷെ അയാളുടെ മനസിനത് തീരെ സമ്മതമായില്ല.
'ഞാനിപ്പൊ വരാം സാര്‍. ഡോക്റ്റര്‍ വരാന്‍ 12 ആയേക്കും.'
'അതേയോ...?'

രാജശേഖരന്‍സാര്‍ മൗനിയായി. ആശുപത്രിക്കു പുറത്തെ ചെറിയ ചായക്കടയിലേക്ക് അയാള്‍ നടന്നു. ഒരു ചായ വാങ്ങി, ഊതിയൂതിക്കുടിച്ചുകൊണ്ട് അയാള്‍ എച്.എം കോണ്‍ഫറന്‍സുകള്‍ ഓര്‍ത്തു. ചെറിയ തെറ്റുകള്‍ക്ക് വളരെ ക്രൂരമായി പരിഹസിക്കുമായിരുന്നു, രാജശേഖരന്‍സാര്‍. പുതുതായി എച്.എം ആയ അയാള്‍ക്ക് പരിചയക്കുറവ് കൊണ്ട് സംഭവിച്ച അനേകം പിഴവുകള്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം മക്കളെ അണ്‍എയ്ഡഡ് സ്‌ക്കൂളില്‍ ചേര്‍ത്ത് ജോലി ചെയ്യുന്ന സ്‌ക്കൂളില്‍ കുട്ടികളില്ല എന്നു പറഞ്ഞ് വിലപിക്കുന്ന അധ്യാപകരെ ഇരിക്കുന്ന കൊമ്പ് വെട്ടുന്ന ശുംഭന്‍മാര്‍ എന്ന് പറഞ്ഞ് കളിയാക്കിയപ്പോള്‍ അയാള്‍ അകം പുറം പുകഞ്ഞ് നിന്നത്. അണ്‍എയ്ഡഡ് സ്‌ക്കൂളില്‍ പത്താംക്‌ളാസില്‍ പഠിക്കുന്ന മകളുടെ പേരില്‍ അയാളത് നിശ്ശബ്ദം സഹിച്ചു. ലോകത്താരും ചെയ്യാത്ത തെറ്റല്ല താന്‍ ചെയ്യുന്നതെന്നറിഞ്ഞിട്ടും അയാള്‍ തല കുനിച്ചു. അന്ന് മകന് പനിയായതുകൊണ്ട് അര മണിക്കൂര്‍ നേരത്തെ പോകാന്‍ അനുവാദം ചോദിച്ചുവന്ന ലതികടീച്ചറുടെ നേരെ ചാടിക്കയര്‍ത്താണ് അയാളാ വിഷമം തീര്‍ത്തത്. ടീച്ചറുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോഴാണ് അയാളുടെ പുകച്ചില്‍ അല്‍പ്പമെങ്കിലും നിന്നത്.

ചായയുടെ പൈസ കൊടുത്ത് അയാള്‍ തിരിഞ്ഞുനടന്നു, വളരെ പതുക്കെ. ഇനിയും പത്തുമിനിറ്റുണ്ട്. എന്നാലും സാരമില്ല, ഇനി വൈകുന്നതു ശരിയല്ല, ആരെ പേടിച്ചിട്ടാണെങ്കിലും. അയാള്‍ വീണ്ടും ഡോക്റ്ററുടെ മുറിക്കു മുന്‍പിലെത്തി. ഇരുന്നിരുന്ന് മുഷിഞ്ഞ നിറം പൂണ്ട മഞ്ഞക്കസേരയില്‍ വേറെ എങ്ങോട്ടോ നോക്കി ഇരിക്കുന്ന രാജശേഖരന്‍സാര്‍ അയാളില്‍ അപരിചിതമായ ഏതോ ഒരു ബിംബത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി. സ്റ്റെതസ്‌ക്കോപ്പ് കയ്യില്‍ തൂക്കി, ഡോക്റ്റര്‍ ശാന്തഗംഭീരനായി നടന്നുവന്നു. കസേരയില്‍ ഇരുന്നിരുന്ന രാജശേഖരന്‍സാറും എണീറ്റു. വാതില്‍ക്കല്‍ നിന്നിരുന്ന പെണ്‍കുട്ടി തുറന്ന വാതിലിനുള്ളിലേക്ക് ഡോക്റ്റര്‍ മറഞ്ഞു. കയ്യിലെ കടലാസുകള്‍ അയാള്‍ ഒന്നുകൂടി അടുക്കിപ്പിടിച്ചു. അകത്തുപോയ പെണ്‍കുട്ടി പുറത്തുവന്ന് അയാളെ കണ്ണുകള്‍ കൊണ്ട് അകത്തേക്ക് ക്ഷണിച്ചു. പ്രതീക്ഷയോടെ അയാളെ നോക്കുന്ന രാജശേഖരന്‍സാറിനെ നോക്കാതെ അയാള്‍ അകത്തേക്ക് നടന്നു. റിപ്പോര്‍ട്ട് ഡോക്റ്ററുടെ കയ്യില്‍ കൊടുക്കുമ്പോള്‍ എന്തുകൊണ്ടോ അയാള്‍ക്ക് ഒട്ടും ഭീതി അനുഭവപ്പെട്ടില്ല. അതു വാങ്ങി പരിശോധിക്കുന്ന ഡോക്റ്ററുടെ പച്ചരാശി കലര്‍ന്ന മുഖം അയാള്‍ കൗതുകത്തോടെ നോക്കിക്കണ്ടു. ഡോക്റ്റര്‍ മുഖം ഉയര്‍ത്തി തെളിഞ്ഞുചിരിച്ചു.

'പേടിക്കാനൊന്നുമില്ല കെട്ടോ.. കാല്‍സ്യം കട്ട പിടിച്ചതാ.. കൂടെ കുറച്ച് ബ്‌ളഡ് വെസ്സല്‍സും. ഇനി മരുന്നൊന്നും ആവശ്യമില്ല. മുറിവ് ഉണങ്ങിയിട്ടുണ്ടല്ലോ..'

പൊക്കിച്ചുരുട്ടിവെച്ച പാന്റ്‌സ് താഴ്ത്തി അയാള്‍ നിറഞ്ഞുചിരിച്ചു. റിപ്പോര്‍ട്ടുകള്‍ ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം ശ്രദ്ധാപൂര്‍വം എടുത്തു. വാതില്‍ തുറന്ന് പുറത്ത് കടന്നു. ദൈന്യതയോടെ രാജശേഖരന്‍സാര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. സാറിനെ നോക്കി ആത്മവിശ്വാസത്തോടെ അയാള്‍ പറഞ്ഞു.

'സാര്‍ ധൈര്യായി പോകൂ... എന്തുണ്ടെങ്കിലും കൃത്യായി ഡയഗൊണൈസ് ചെയ്യും. നല്ല ഡോക്റ്ററാ...'

പരിചയമില്ലാത്ത ഭാവത്തില്‍ സാര്‍ അയാളെ നോക്കി. നരച്ച തല അകത്തേക്ക് മറയുന്നത് നോക്കി അയാള്‍ നിന്നു. പിന്നെ പുഞ്ചിരിയോടെ ആകാവുന്നത്ര വേഗത്തില്‍ അയാള്‍ നടന്നു, പുറത്തേക്ക്.

Comments  

 
+1 # supervisor — സരത് തൃപ്രയര്‍ 2013-07-14 14:44
കൊള്ളാം
Reply | Reply with quote | Quote
 
 
+1 # ജീവിതം.... — പി.എം.നാരായണന്‍ 2013-07-14 14:51
ഒന്നുകൂടി എഡിറ്റിംഗ് ആവാം. എ.ഇ.ഓ.യുടെ പേര് ആദ്യം ശരിക്കുതന്നെ എഴുതി, അല്ലേ? എ.ഇ.ഓ.യുടെ ഇംഗ്ലീഷ് മീഡിയം വിരോധവും ക്രൂര പരിഹാസവും എല്ലാം വിവരിച്ചത് അപ്രസക്തമാണ് എന്ന് തോന്നി. എങ്കിലും അന്ത്യം എനിക്ക് ഇഷ്ടമായി. നന്നായി,, മിനി ടീച്ചര്‍...
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh