Skip to main content
എഡിറ്റോറിയൽ

ആരോഗ്യം നഷ്ടപ്പെടുന്ന കേരളം

ആരോഗ്യം നഷ്ടപ്പെടുന്ന കേരളം

തെരഞ്ഞെടുപ്പിലും അല്ലാതെയും കോൺഗ്രസ് പാർട്ടിയേയും യു ഡി എഫ് മുന്നണിയേയും സഹായിച്ച കോർപ്പറേറ്റുകൾക്കും വമ്പൻ മുതലാളിമാർക്കും ലാഭം കൊയ്യാൻ ആരോഗ്യ മേഖലയെ വിട്ടുകൊടുക്കുകയാണ്. കോൺഗ്രസിന് 13 കോടി ഇലക്ടറൽ ബോണ്ട് നൽകിയ ഹൈദരാബാദിലെ നാറ്റ്കോ എന്ന സ്വകാര്യ കമ്പനിയ്ക്ക് വഴിവിട്ട സഹായം നൽകിയത് ഇതിന്റെ ഭാഗമാണ്. ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് നിലവിൽ സൗജന്യമായി നൽകിവരുന്നത് എവ്റിസ്ഡി എന്ന മരുന്നാണ്. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ അഞ്ചരലക്ഷം രൂപ വിലവരുന്ന ഈ മരുന്ന്, കമ്പനിയുമായി വിലപേശി ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയാണ് സൗജന്യമായി രോഗബാധിതരായ കുട്ടികൾക്ക് നൽകി വന്നിരുന്നത്. ക്യൂവർ എസ്എംഎസ് ഭാരവാഹികൾ പറയുന്നത് ഈ മരുന്ന് ഉപയോഗിക്കുന്ന കുട്ടികൾക്ക് നല്ല ആശ്വാസമുണ്ടെന്നാണ്. ഇത്തരം കാര്യങ്ങൾ പരിഗണിക്കാതെ, നാറ്റ്കോ കമ്പനിയുടെ നാറ്റ്സ്മാർട്ട് എന്ന പരീക്ഷണ മരുന്ന് കുട്ടികളിൽ പ്രയോഗിക്കുകയാണ്. ക്ലിനിക്കൽ ട്രയൽസ്/ ഫിസിഷ്യൻസ് സാംപിൾ എന്ന രേഖപ്പെടുത്തിയ ബോട്ടിലിലെ മരുന്ന് കുഞ്ഞുങ്ങൾക്ക് കുത്തിവെക്കാൻ യു ഡി എഫ് സർക്കാർ നിർദേശം നൽകിയിരിക്കുന്നു.

കേരളത്തിന്റെ ആരോഗ്യമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ് യു ഡി എഫ് സർക്കാർ. 

ഇതൊരു പൊളിറ്റിക്കൽ തീരുമാനത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിലും അല്ലാതെയും കോൺഗ്രസ് പാർട്ടിയേയും യു ഡി എഫ് മുന്നണിയേയും സഹായിച്ച കോർപ്പറേറ്റുകൾക്കും വമ്പൻ മുതലാളിമാർക്കും ലാഭം കൊയ്യാൻ ആരോഗ്യ മേഖലയെ വിട്ടുകൊടുക്കുകയാണ്. കോൺഗ്രസിന് 13 കോടി ഇലക്ടറൽ ബോണ്ട് നൽകിയ ഹൈദരാബാദിലെ നാറ്റ്കോ എന്ന സ്വകാര്യ കമ്പനിയ്ക്ക് വഴിവിട്ട സഹായം നൽകിയത് ഇതിന്റെ ഭാഗമാണ്. ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് നിലവിൽ സൗജന്യമായി നൽകിവരുന്നത് എവ്റിസ്ഡി എന്ന മരുന്നാണ്. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ അഞ്ചരലക്ഷം രൂപ വിലവരുന്ന ഈ മരുന്ന്, കമ്പനിയുമായി വിലപേശി ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയാണ് സൗജന്യമായി രോഗബാധിതരായ കുട്ടികൾക്ക് നൽകി വന്നിരുന്നത്. ക്യൂവർ എസ്എംഎസ് ഭാരവാഹികൾ പറയുന്നത് ഈ മരുന്ന് ഉപയോഗിക്കുന്ന കുട്ടികൾക്ക് നല്ല ആശ്വാസമുണ്ടെന്നാണ്. ഇത്തരം കാര്യങ്ങൾ പരിഗണിക്കാതെ, നാറ്റ്കോ കമ്പനിയുടെ നാറ്റ്സ്മാർട്ട് എന്ന പരീക്ഷണ മരുന്ന് കുട്ടികളിൽ പ്രയോഗിക്കുകയാണ്. ക്ലിനിക്കൽ ട്രയൽസ്/ ഫിസിഷ്യൻസ് സാംപിൾ എന്ന രേഖപ്പെടുത്തിയ ബോട്ടിലിലെ മരുന്ന് കുഞ്ഞുങ്ങൾക്ക് കുത്തിവെക്കാൻ യു ഡി എഫ് സർക്കാർ നിർദേശം നൽകിയിരിക്കുന്നു. പുതിയ മരുന്ന് മനുഷ്യരിൽ സുരക്ഷിതവും ഫലപ്രദവുമാണോ എന്ന പരിശോധിക്കാനുള്ള പരീക്ഷണത്തിന് ഗിനിപ്പന്നികളെ ഉപയോഗിക്കുന്നത് പോലെയാണ് കേരളത്തിലെ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. എൽ ഡി എഫ് സർക്കാർ രോഗബാധിതരായ കുട്ടികൾക്ക് സൗജന്യമായി മരുന്ന് ഉറപ്പാക്കാൻ അവസാന ബജറ്റിൽ 30 കോടി രൂപ മാറ്റിവെച്ചിരുന്നു. പുതുക്കിയ ബജറ്റിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആ തുക എടുത്തുകളഞ്ഞു. തുടർന്നാണ് തങ്ങൾക്ക് കോടികൾ സംഭാവന നൽകിയ മരുന്ന് കമ്പനിക്ക് പരീക്ഷമം നടത്താൻ കേരളത്തിലെ കുഞ്ഞുങ്ങളെ ഉപയോഗിക്കാൻ അനുവാദം നൽകിയത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം ആരോഗ്യരംഗത്ത് ഉണ്ടാവുന്നത്. ഇത് കേരളത്തിന്റെ ആരോഗ്യ മേഖലയെ സമ്പൂർണ്ണമായി കുത്തകകൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.  

ഐക്യകേരള രൂപീകരണത്തിന് മുമ്പ് കേരളത്തിലെ ആരോഗ്യരംഗം അസമത്വങ്ങൾ നിറഞ്ഞതും ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് അപ്രാപ്യവുമായിരുന്നു. അക്കാലത്ത് ഭൗതികമായി ചില ആശുപത്രികൾ ഉണ്ടായിരുന്നുവെങ്കിലും, ജാതിവ്യവസ്ഥയും ദാരിദ്ര്യവും കാരണം പട്ടികജാതി-വർഗ വിഭാഗത്തിലും മറ്റ് പിന്നോക്ക വിഭാഗങ്ങളിലുമുള്ളവർക്ക് ഈ ആരോഗ്യ സംവിധാനങ്ങളൊന്നും പ്രാപ്യമായിരുന്നില്ല. ഉയർന്ന ജാതിക്കാർക്കും പണമുള്ളവർക്കും മാത്രമേ നല്ല ചികിത്സ ലഭിച്ചിരുന്നുള്ളൂ.വസൂരി, കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെട്ട് ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യർ അന്ന് മരണപ്പെട്ടു. ഗ്രാമീണ മേഖലകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ, ശുദ്ധജല ലഭ്യതയോ, ആവശ്യത്തിന് ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ, ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് വലിയ തോതിൽ ആരോഗ്യ സുരക്ഷിതത്വം ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു ആ കാലത്തുണ്ടായിരുന്നത്.

ഐക്യകേരള രൂപീകരണവും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതും അവർ ആരോഗ്യരംഗത്ത്  നടപ്പിലാക്കിയ പരിഷ്കാരങ്ങളുമാണ് കേരളത്തിന്റെ ആരോഗ്യമേഖലയുടെ അടിത്തറ. മലബാർ മേഖലയുടെ ആരോഗ്യപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് 1957-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കിയത്. മലബാറിലെ പാവപ്പെട്ട ജനങ്ങൾക്ക് ആധുനിക ചികിത്സയും സൌജന്യ മെഡിക്കൽ വിദ്യാഭ്യാസവും ഇതിലൂടെ ഉറപ്പാക്കി. വികേന്ദ്രീകൃത ആരോഗ്യ മാതൃകയ്ക്ക് തുടക്കമിട്ടുകൊണ്ട് ഗ്രാമീണ മേഖലകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഡിസ്പെൻസറികളും വ്യാപകമായി സ്ഥാപിക്കാൻ ഇ എം എസ് സർക്കാർ മുൻകൈ എടുത്തു. വസൂരി, കോളറ തുടങ്ങിയ മാരക രോഗങ്ങളെ തുടച്ചുനീക്കുന്നതിനായി സംസ്ഥാന വ്യാപകമായി പ്രതിരോധ കുത്തിവെപ്പ് പരിപാടികൾ ശക്തമാക്കി. ശുദ്ധജല വിതരണത്തിനും ശുചിത്വ പരിപാലനത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു. ആ സർക്കാർ നടപ്പിലാക്കിയ സൗജന്യ റേഷൻ സംവിധാനവും പൊതുവിതരണ സമ്പ്രദായവും ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പട്ടിണി ഇല്ലാതായത് വഴി ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിച്ചു.

1957-ന് മുൻപ് കേരളത്തിലുണ്ടായിരുന്ന ആരോഗ്യ സംവിധാനങ്ങൾ ചില കേന്ദ്രങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നുവെങ്കിൽ, ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ അതിനെ ജാതി-മത-വർഗ്ഗ ഭേദമന്യേ ഏതൊരു സാധാരണക്കാരനും പ്രാപ്യമായ ഒരു പൊതുജനാരോഗ്യ സംവിധാനമാക്കി മാറ്റിതീർത്തു. പിൽക്കാലത്ത് ലോകപ്രസിദ്ധമായ കേരള മോഡൽ ആരോഗ്യ വികസനത്തിന് അടിത്തറയിട്ടത് ഈ പരിഷ്കാരങ്ങളായിരുന്നു. തുടർന്ന് കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ ജനകീയ ആരോഗ്യ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തിൽ വലതുപക്ഷം അധികാരത്തിൽ വന്ന വേളകളിലെല്ലാം ആരോഗ്യമേഖലയെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ പ്രതിരോധിച്ചു. 2016-2026 കാലത്ത് തുടര്‍ച്ചയായി ഭരിച്ച രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. എന്നാൽ, നാം ആരോഗ്യരംഗത്ത് നേടിയെടുത്ത മാതൃകാപരമായ മാറ്റങ്ങളും ആഗോള ശ്രദ്ധ നേടിയ വികസനങ്ങളും അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് അഞ്ച് മാസമായി നാം കാണുന്നത്. രാജ്യത്തിന് അഭിമാനമായി മാറിയ കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയുടെ അടിത്തറ ഇളക്കുകയാണ് യു ഡി എഫ് സര്‍ക്കാർ. കോൺഗ്രസ് പാർട്ടിയുടെയും മുന്നണിയുടേയും സങ്കുചിത താല്‍പ്പര്യങ്ങളും കോര്‍പറേറ്റ് അജന്‍ഡകളും ചേരുമ്പോൾ കേരളത്തിന്റെ ജനകീയാരോഗ്യ രംഗം മരണശയ്യയിലാവുന്നു.
 

2011-2016 കാലയളവിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാർ സർക്കാർ ആശുപത്രികളെയും ആരോഗ്യ സംവിധാനത്തെയാകെയും താറുമാറാക്കിയിരുന്നു. തുടർന്ന് എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സർക്കാർ ആശുപത്രികളെ അത്യാധുനിക സൗകര്യങ്ങളോടെ മികവുറ്റ ആതുരാലയങ്ങളാക്കി മാറ്റിയെടുത്തു. 2016ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നത് 33 ശതമാനം പേരായിരുന്നു. 2020ല്‍ 48 ശതമാനമായും 2026ല്‍ 60 ശതമാനമായും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വര്‍ധനവുണ്ടായി. കോന്നി, ഇടുക്കി, വയനാട്, കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമീഷന്‍ അംഗീകാരം നേടിയെടുത്തു. ആരോഗ്യമേഖലയെ ലാഭം കൊയ്യാനുപയോഗിക്കുന്ന സ്വകാര്യ കുത്തകകൾക്ക് കേരളത്തിൽ നഷ്ടമുണ്ടായ കാലഘട്ടമായിരുന്നു അത്. അവരുടെ സമ്മർദ്ദത്താലാണ് ഇപ്പോൾ യു ഡി എഫ് സര്‍ക്കാര്‍ പൊതുജനാരോഗ്യ രംഗത്തെ തകർക്കാനായി ശ്രമിക്കുന്നത്.

മാസങ്ങൾ പിന്നിടുമ്പോഴേക്കും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ മുരളീധരൻ കഴിവുകെട്ട മന്ത്രിയെന്ന ഖ്യാതി നേടിയിരിക്കുന്നു. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോൾ 'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്', 'എരണംകെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും' എന്നൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ തട്ടിവിട്ടിരുന്നു. ഇപ്പോൾ, കേരളം കണ്ട ഏറ്റവും കഴിവുകെട്ട എരണംകെട്ടവനാരാണെന്ന ചോദ്യത്തിനുള്ള മറുപടി പോലെയാണ് അദ്ദേഹം നിൽക്കുന്നത്. പനിക്കുള്ള ഗുളികയായ പാരസെറ്റമോള്‍ അടക്കം  ജീവന്‍രക്ഷ-ജീവിതശൈലി മരുന്നുകള്‍, സപ്ലിമെന്റുകള്‍, വാക്‌സിനുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെ ക്ഷാമം കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്. ദിവസവും നൂറുകണക്കിന് രോഗികള്‍ ഒപി, ഐപി ചികിത്സയെത്തുന്ന മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.

ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാട്സാപ്പ് ശബ്ദസന്ദേശം. 'മരുന്നുകളുടെ ലോക്കല്‍ പര്‍ച്ചേസിങ്ങിനെപ്പറ്റി മാധ്യമങ്ങളോട് പറയേണ്ട. എന്തെങ്കിലും ചോദിച്ചാല്‍ ഡിഎംഒമാരോട് സംസാരിക്കാന്‍ പറഞ്ഞാല്‍ മതി' എന്നാണ്, ഡിഎംഒമാര്‍ക്കും ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശബ്ദസന്ദേശമയച്ചത്. ഇതിൽ നിന്നും മനസിലാക്കാനാവുന്നത് മരുന്ന് ക്ഷാമം മനപൂര്‍വം സൃഷ്ടിക്കുന്നതാണെന്നാണ്. ഇത് കുത്തക മരുന്ന് കമ്പനി ലോബികളെ സഹായിക്കാനുള്ള കോൺഗ്രസ്, യു ഡി എഫ് അജണ്ടയുടെ സാക്ഷാത്കാരമാണ്.

കേരളം, വ്യക്തിഗത വരുമാനത്തിന്റെ അഞ്ചിലൊന്നും ചികിത്സയ്ക്കായി ചെലവിടുന്ന നാടാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും ദേശീയ സാംപിള്‍ സര്‍വേ സംഘടനയുടെയും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍പ്രകാരം, സംസ്ഥാനത്ത് ജനങ്ങളുടെ വരുമാനവളര്‍ച്ചയെക്കാള്‍ വേഗത്തിലാണ് ചികിത്സാച്ചെലവുകള്‍ കുതിച്ചുയരുന്നത്. സംസ്ഥാനത്തെ ശരാശരി വരുമാനത്തിലുണ്ടായ വളർച്ച 52.3 ശതമാനമാണ്. എന്നാൽ, സാധാരണക്കാരുടെ പ്രതിശീര്‍ഷ ആരോഗ്യച്ചെലവ് 116.7 ശതമാനത്തോളം വര്‍ധിച്ചിരിക്കുന്നു. 100 രൂപ വരുമാനം കിട്ടിയാല്‍ 22 രൂപയോളം ചികിത്സയ്ക്കായിമാത്രം ചെലവിടുന്നവരായി മലയാളികൾ മാറിയിരിക്കുന്നു. അതിനാലാണ് വിദേശ കുത്തകകളടക്കമുള്ളവർ വന്‍ലാഭം ലക്ഷ്യമിട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ഭൂരിഭാഗം ഓഹരികളും വാങ്ങിക്കൂട്ടി കേരളത്തിന്റെ ആരോഗ്യ മേഖലയിൽ പിടിമുറുക്കുന്നത്. ഇത്തരം കുത്തകകളിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് ഏകദേശം 1500 കോടി രൂപ തെരഞ്ഞെടുപ്പുഫണ്ടായി ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ  വെളിപ്പെടുത്തുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹോസ്പിറ്റല്‍ സര്‍വീസസ്, മെഡിക്കല്‍ റീട്ടെയില്‍, ലബോറട്ടറി, ഹെല്‍ത്ത് ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ നിന്നൊക്കെ കണ്ടമാനം സംഭാവന ശേഖരിച്ചവരാണ് കോൺഗ്രസ്, യു ഡി എഫ് നേതാക്കൾ. അവരുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിട്ടാവും നിലവിലുള്ള മരുന്നുക്ഷാമവും അടുത്തവര്‍ഷം മുതല്‍ വന്‍കിട കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുള്ളത്.

കുത്തകകൾക്ക് ലാഭം കൊയ്യാനുള്ള മറ്റൊരു പദ്ധതിയാണ് യു ഡി എഫ് സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചരിപ്പിക്കുന്നത് ഒരു പൊതുബോധ നിർമിതിക്കാണ്. ഇതിലൂടെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാനുതകും വിധത്തിൽ ഉറപ്പായ ഒരു രോഗീശൃംഘലയെ സ്വകാര്യമേഖലയ്ക്ക് വേണ്ടി സർക്കാർ ഒരുക്കി നൽകുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് പുറമെ പഞ്ഞി, ബാന്‍ഡേജ് തുടങ്ങിയ അത്യാവശ്യ സാമഗ്രികള്‍ക്കും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ടാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. പലയിടത്തും രോഗികളോട് പുറത്തുനിന്ന് വാങ്ങാനാണ് നിര്‍ദേശിക്കുന്നത്. എക്‌സ്‌റേ ഫിലിമിന് ക്ഷാമമുള്ളതിനാൽ രോഗികള്‍ എക്‌സ്‌റേ റിസള്‍ട്ട് ഫോണില്‍ പകര്‍ത്തിയെടുക്കേണ്ട ഗതികേടിലാണുള്ളത്. രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ വാർത്ത പുറത്തുവന്നതും നാം കണ്ടു. തുടയെല്ല് പൊട്ടി 13 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന വയോധികയെ ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടതും ആരോഗ്യ കേരളത്തിന്റെ ദുരവസ്ഥയുടെ നേർചിത്രമായി മാറുന്നു.

സംസ്ഥാന സർക്കാരിനെ വെല്ലുന്ന വിധത്തിലാണ് കേന്ദ്ര സർക്കാർ ആരോഗ്യമേഖലയിലെ കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്നത്. ജീവന്‍രക്ഷാമരുന്നുകളുടെ അമിതവില നിയന്ത്രിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചത് ആ പശ്ചാത്തലത്തിലാണ്. മരുന്നുകളുടെ വ്യാപാരിവിലയും പരമാവധി ചില്ലറ വില്‍പ്പനവില(എം.ആര്‍. പി)യും തമ്മിലുള്ള ഭീമമായ അന്തരം കോടതി ചൂണ്ടിക്കാട്ടി. അതൊഴിവാക്കാന്‍ ലാഭവിഹിതം നിയന്ത്രിച്ചുകൂടേയെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്. വ്യാപാരിവിലയുടെ 16 ശതമാനത്തില്‍ക്കൂടുതല്‍ എം.ആര്‍.പി ഈടാക്കരുതെന്ന ഏകീകൃതചട്ടം കൊണ്ടു വരാവുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത് കോർപ്പറേറ്റ് ചൂഷണത്തിന്റെ ആസുരത മനസിലാക്കിയാണ്. പക്ഷെ, കേന്ദ്ര സർക്കാർ കുത്തകകളുടെ ദാസൻമാരായതിനാൽ രാജ്യത്തെ ജനങ്ങൾക്ക് പ്രതീക്ഷയ്ക്ക് വകയില്ല.

സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പൊതുജനാരോഗ്യ മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുമ്പോൾ ബുദ്ധിമുട്ടിലാവുന്നത് ദുർബല ജനവിഭാഗങ്ങളാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ദുരിതത്തിലാവുന്ന സാധാരണക്കാർക്ക് കൈത്താങ്ങൊരുക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സാധിക്കുന്നില്ല. പാവപ്പെട്ട ജനവിഭാഗങ്ങൾ പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തത് കൂടിയാണ് പൊതുജനാരോഗ്യ മാതൃകകൾ. പാവപ്പെട്ട ജനവിഭാഗങ്ങളുടെ  ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടത് ക്ഷേമരാഷ്ട്രങ്ങളുടെ പരമമായ ചുമതലയാണെന്നിരിക്കെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാനുള്ള വിപണിയായി ആരോഗ്യ മേഖലയെ മാറ്റിത്തീർക്കുന്നത് കടുത്ത ജനദ്രോഹമാണ്. സർക്കാർ ആശുപത്രികളടക്കമുള്ള ആരോഗ്യ സംവിധാനങ്ങളെയാകെ തകർത്ത് സ്വകാര്യ മൂലധനത്തിന് ചുവപ്പുപരവതാനി വിരിക്കുന്ന നവലിബറൽ നയങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്. ആരോഗ്യ സേവനത്തെ കച്ചവടച്ചരക്കാക്കാതെ, പൗരന്റെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച് പൊതുജനാരോഗ്യ രംഗം ശക്തിപ്പെടുത്താൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പുതിയ വർഗസമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.