തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്. വിവരാകാശ നിയമപ്രകാരമുള്ള അപേക്ഷക്കാണ് റിപ്പോർട്ട് നൽകാനില്ലെന്ന് പോലീസ് മറുപടി നല്‍കിയത്. രഹസ്യ സ്വഭാവമുള്ള രേഖയെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാകാശ അപേക്ഷ നിരസിച്ചത്. വിഷയത്തിൽ തുടരന്വേഷണം നടത്തുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.

തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവിടില്ലെന്ന് പോലീസ് അറിയിച്ചത്. രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്ന വിഭാഗത്തില്‍ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതു വിവരാവകാശ ഓഫിസർ നൽകിയിരിക്കുന്ന വിശദീകരണം.

തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നായിരുന്നു എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഏകോപനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പാളിച്ച പറ്റി. പൂരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു.