കെ എസ് ശബരീനാഥന്റെ കോർപ്പറേഷൻ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം പ്രാദേശികമായാണ് പരിഗണിക്കുന്നത്. അത്തരം കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിക്കുമെന്നും വിഷയം താൻ അറിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ കെ എസ് ശബരീനാഥിനെ യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്നാണ് വിവരം. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്താണ് കോൺഗ്രസ്. നിലമെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുവ മുഖങ്ങളെ രംഗത്തിറക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കവടിയാർ ഡിവിഷനിൽനിന്നും വീണ എസ് നായരെ വഴുതക്കാട് ഡിവിഷനിൽനിന്നും മത്സരിപ്പിക്കുമെന്നാണ് സൂചന. സ്വന്തം വീടുള്ള ശാസ്തമംഗലം വനിതാ സംവരണമണ്ഡലമായതിനാലാണ് ശബരീനാഥനെ തൊട്ടടുത്ത മണ്ഡലമായ കവടിയാറിൽനിന്ന് മത്സരിപ്പിക്കാൻ ആലോചിക്കുന്നത്.
