റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കും. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തലവനെന്ന നിലയിൽ നൽകിയ ബഹുമാനത്തിൻ്റെ പ്രതിഫലനമാണ് തനിക്കുള്ള ക്ഷണം എന്നും അദ്ദേഹം പറഞ്ഞു. താൻ തീർച്ചയായും അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു.

വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും ക്ഷണമില്ല. വിരുന്നിൽ ഇരുവർക്കും ക്ഷണം ലഭിക്കാത്തതിനെ കൂറിച്ച് തനിക്ക് അറിയില്ലയെന്നും തരൂർ വ്യക്തമാക്കി

ഇന്ത്യ സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാരും പ്രതിപക്ഷ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകൾ സർക്കാർ നിരുത്സാഹപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ഖർഗെ ആരോപിച്ചിരുന്നു. സുരക്ഷിതത്വം ഇല്ലായ്മ കാരണം വിദേശ പ്രമുഖരോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും വിരുന്നിൽ നിന്ന് അവഗണിച്ചത്.