മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് അഭിജിത് ദീപ്കെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ അദ്ദേഹം കീഴടങ്ങിയെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ട്രംപിന് മുന്നിൽ കീഴടങ്ങി മോദി രാജ്യത്തെ വിറ്റുവെന്നും അതേസമയം സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന് ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന ‘ജന്തർ മന്തർ @ കൊച്ചി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപ്കെ.
സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങൾ തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ പതാക ഉയർത്തിയ ദീപ്കെ, അത് എല്ലായിടത്തും കൊണ്ടുപോകുമെന്നും പറഞ്ഞു. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
തങ്ങൾ കലാപം സൃഷ്ടിക്കാനെത്തിയവരല്ലെന്നും അരാജകവാദികളല്ല, അംബേദ്കറിസ്റ്റുകളാണെന്നും ദീപ്കെ പറഞ്ഞു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പമെത്താൻ മോദിക്ക് കഴിയില്ലെന്നും 2029ലെ തിരഞ്ഞെടുപ്പിലൂടെ അധികാരമാറ്റമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.