ഡൽഹി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടി; വിമർശനവുമായി ബ്രസീൽ, ഗ്രീസ്, തുർക്കി കമ്മ്യൂണിസ്റ്റ് പാർട്ടികൾ
ന്യൂഡൽഹിയിൽ സിപിഐഎം നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിലും വിമർശനവുമായി ബ്രസീൽ, ഗ്രീസ്, തുർക്കി കമ്മ്യൂണിസ്റ്റ് പാർട്ടികൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആർ ഉടൻ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കെതിരായ നടപടിയെയാണ് മൂന്ന് പാർട്ടികളും അപലപിച്ചത്. സിപിഐഎമ്മിനും നേതാക്കൾക്കും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
സിപിഐഎം നേതൃത്വത്തിന് അയച്ച സന്ദേശത്തിൽ, സെപ്റ്റംബർ 29ന് ന്യൂഡൽഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് ഇടപെടലിനെ തുർക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (ടികെപി) കേന്ദ്ര കമ്മിറ്റി ശക്തമായി വിമർശിച്ചു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും എസ്ഐആർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി. രാഘവലു, ആർ. അരുൺകുമാർ, മുതിർന്ന നേതാക്കളായ വൃന്ദ കാരാട്ട്, സുഭാഷിണി അലി, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, രാജ്യസഭാംഗം വി. ശിവദാസൻ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത നടപടിയെയും ടികെപി അപലപിച്ചു.
തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കെതിരായ അടിച്ചമർത്തൽ വർധിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവമെന്ന് ടികെപി ആരോപിച്ചു. കമ്മ്യൂണിസ്റ്റ് ശക്തികളെ അടിച്ചമർത്താനും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും പാർട്ടി കുറ്റപ്പെടുത്തി. ഭീഷണികളും ഭരണകൂടത്തിന്റെ അടിച്ചമർത്തലും തൊഴിലാളികളുടെ പോരാട്ടങ്ങളിൽ വേരൂന്നിയ സിപിഐഎമ്മിനെ നിശ്ശബ്ദമാക്കില്ലെന്നും ടികെപി വ്യക്തമാക്കി.
ഒക്ടോബർ 10ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച ബ്രസീൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും (പിസിഡിഒബി) സിപിഐഎം നേതാക്കളെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതിനെ അപലപിച്ചു. പ്രതിഷേധക്കാരെ മർദിക്കുകയും ബലമായി ബസുകളിൽ കയറ്റുകയും ചെയ്തതായി പാർട്ടി ആരോപിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ലഭ്യമാക്കാതെ മണിക്കൂറുകളോളം പൊലീസ് വാഹനങ്ങളിൽ പാർപ്പിച്ചെന്നും വനിതാ തടവുകാർക്ക് ശുചിമുറി സൗകര്യം നിഷേധിച്ചെന്നും പ്രസ്താവനയിൽ ആരോപണമുണ്ട്.
സംഭവങ്ങളിൽ അടിയന്തര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിസിഡിഒബി ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ തുടരുന്നവരെ വിട്ടയക്കുക, പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ചുമത്തിയ കേസുകൾ പിൻവലിക്കുക, സിപിഐഎം നേതാക്കൾക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും മാധ്യമപ്രവർത്തകർക്കും ജനകീയ സംഘടനകൾക്കുമെതിരായ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പാർട്ടി ഉന്നയിച്ചു.
ന്യൂഡൽഹി, കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐഎം നേതാക്കൾക്കും യുവജനസംഘടനയായ ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ ഉപദ്രവവും അക്രമവും അറസ്റ്റും നടക്കുന്നുവെന്ന് ആരോപിച്ചാണ് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെകെഇ) ഒക്ടോബർ 10ന് ഐക്യദാർഢ്യ സന്ദേശം പുറത്തിറക്കിയത്. നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധങ്ങളെന്നും പാർട്ടി പറഞ്ഞു.
എം.എ. ബേബി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങൾ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തതും കെകെഇ ചൂണ്ടിക്കാട്ടി , സിപിഐഎമ്മിനും ഡിവൈഎഫ്ഐക്കും സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്കും പിന്തുണ പ്രഖ്യാപിച്ചു.
പൊലീസ് നടപടികൾ, രാഷ്ട്രീയ സ്വാതന്ത്ര്യം, വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം എന്നിവ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ചാണ് മൂന്ന് രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സിപിഐഎമ്മിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.