കോൺഗ്രസിലെ ആഭ്യന്തര കലഹം: ഹൈക്കമാൻഡ് ഇടപെടൽ ഉടൻ; നേതാക്കൾക്ക് പരസ്യപ്രതികരണ വിലക്ക്
കേരളത്തിലെ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ ഹൈക്കമാൻഡ് ഉടൻ ഇടപെടും. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് നിർദേശം നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബെന്നി ബഹനാൻ, ചാണ്ടി ഉമ്മൻ എന്നിവരുമായും ദീപ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി.
യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് നീട്ടിക്കൊണ്ടുപോകരുതെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ നിയന്ത്രിക്കണമെന്നും നേതാക്കൾക്ക് നിർദേശമുണ്ട്. സംഘടനാ പ്രശ്നങ്ങൾ എഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, പരസ്യപ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ കോൺഗ്രസിലെ ചേരിപ്പോര് സൈബറിടത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നേതാക്കളും അണികളും സമൂഹമാധ്യമങ്ങളിൽ പരസ്പരം പോർവിളി തുടരുകയാണ്.
അതിനിടെ, ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലെക്സുകൾ ഉയർന്നു. 'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്നാണ് ഫ്ലെക്സുകളിലെ വാചകം. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഷാഫി പറമ്പിലിന് പിന്തുണയുമായി ഉയർന്ന ഫ്ലെക്സുകളും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.