'കൈയിലങ്ങണിഞ്ഞ് തടവുകാരിയായി മടങ്ങാം'; ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്,
വിജയദിനമായ ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് സർക്കാർ. ഇന്ത്യയുമായുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം കൈവിലങ്ങണിഞ്ഞ് തടവുകാരിയായി മാത്രമേ ഹസീനയ്ക്ക് രാജ്യത്തേക്ക് മടങ്ങാനാകൂവെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. അടുത്ത മാസം മടങ്ങിവരാമെന്ന ഹസീനയുടെ ആഗ്രഹത്തിന് യാഥാർഥ്യവുമായി ബന്ധമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഹസീന മടങ്ങിവരുകയാണെങ്കിൽ തടവുകാരിയായിട്ടായിരിക്കും എത്തേണ്ടിവരികയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വാർത്താസമ്മേളനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹുമയൂൺ കബീർ പറഞ്ഞു.
ഹസീനയുമായല്ല, ഇന്ത്യയുമായാണ് ചർച്ച
ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്മാനും വ്യക്തമാക്കി. ഹസീനയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യയുമായിട്ടായിരിക്കും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഹസീനയ്ക്ക് മടങ്ങിവരണമെങ്കിൽ കുറ്റവാളി കൈമാറ്റ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അവർ വിമാനത്തിലാണോ കാൽനടയായാണോ എത്തുന്നത് എന്നതല്ല വിഷയം. കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും സാഹിദ് ഉർ റഹ്മാൻ കൂട്ടിച്ചേർത്തു.
'ഒളിവിൽ കഴിയുന്ന ഭീകരവാദി'യെന്ന് വിശേഷണം
ഷെയ്ഖ് ഹസീനയെ രൂക്ഷമായ ഭാഷയിലാണ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വിമർശിച്ചത്. ബംഗ്ലാദേശ് സർക്കാരിന്റെ നിലപാടിൽ അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളിയും ഒളിവിൽ കഴിയുന്ന ഭീകരവാദിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. അവാമി ലീഗിന്റെ നേതൃത്വത്തിൽ നടന്നത് ഭീകരവാദമാണെന്നും ഹസീനയുടെ തിരിച്ചുവരവ് കുറ്റവാളി കൈമാറ്റ നടപടികളിലൂടെ മാത്രമേ സാധ്യമാകൂവെന്നും മന്ത്രി വ്യക്തമാക്കി.
പണം നൽകി പ്രസ്താവനകളും രേഖകളും പ്രസിദ്ധീകരിക്കാൻ കഴിയുമെങ്കിലും ആഗ്രഹവും യാഥാർഥ്യവും രണ്ടാണെന്ന് ഹസീനയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പുതിയ പാസ്പോർട്ടിനായി അപേക്ഷ നൽകി ഹസീന
79-കാരിയായ ഷെയ്ഖ് ഹസീന ഡിസംബർ 16-ന് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരിഖ് റഹ്മാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
അവാമി ലീഗ് നിരോധിക്കപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് രാഷ്ട്രീയ സംഘർഷങ്ങളും അക്രമസംഭവങ്ങളും തുടരുകയാണ്. ഈ മാസം ആദ്യം പുതിയ പാസ്പോർട്ടിനും മറ്റ് യാത്രാരേഖകൾക്കുമായി ഹസീന അപേക്ഷ നൽകിയിരുന്നു. റദ്ദാക്കപ്പെട്ട യാത്രാരേഖകൾ പുതുക്കി നൽകണമെന്നും ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ മടങ്ങാൻ സൗകര്യമൊരുക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ കുറ്റവാളി കൈമാറ്റ നടപടികളല്ലാതെ ഹസീനയുടെ തിരിച്ചുവരവ് അനുവദിക്കില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ. അതിനാൽ ഡിസംബർ 16-ന് ഹസീനയുടെ മടക്കം സാധ്യമാകുമോ എന്നത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ചർച്ചകളെ ആശ്രയിച്ചിരിക്കും.