Skip to main content
വാർത്തകൾ

സിസ തോമസിന്റെ യോഗ്യത ചോദ്യം ചെയ്ത് തോമസ് ഐസക്; സംഘപരിവാർ വിധേയത്വമാണ് ഏക യോഗ്യതയെന്ന് വിമർശനം

thomas isac

സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ അക്കാദമിക് യോഗ്യത ചോദ്യം ചെയ്ത് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. സർവകലാശാല വൈസ് ചാൻസലറാകാൻ ആവശ്യമായ യോഗ്യതകൾ സിസ തോമസിനുണ്ടോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഇന്ത്യയിലുടനീളം സംഘപരിവാർ നിയമിക്കുന്ന വൈസ് ചാൻസലർമാർക്കുള്ള ഏക യോഗ്യത സംഘപരിവാറിനോടുള്ള വിധേയത്വമാണെന്നും അദ്ദേഹം ആരോപിച്ചു.

സിസ തോമസിന്റെ അക്കാദമിക് സംഭാവനകളെയും പ്രസിദ്ധീകരണങ്ങളെയും പേറ്റന്റ് അവകാശവാദങ്ങളെയും തോമസ് ഐസക് വിമർശിച്ചു. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന അവകാശവാദത്തിൽ ഏഴെണ്ണവും മറ്റുള്ളവരുടെ പ്രബന്ധസമാഹാരങ്ങളുടെ സഹപത്രാധിപ സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളെല്ലാം IntechOpen വഴിയാണെന്നും പ്രമുഖ അക്കാദമിക് പ്രസാധകരുടെ നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങളല്ലെന്നും കുറിപ്പിൽ ആരോപിച്ചു. പേറ്റന്റിന് അപേക്ഷിക്കുന്നതും പേറ്റന്റ് ലഭിക്കുന്നതും രണ്ടാണെന്നും സിസ തോമസിന്റെ പേരിൽ പേറ്റന്റില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറാകാൻ സംസ്കൃത ഭാഷയിലോ സാഹിത്യത്തിലോ ദർശനത്തിലോ കലകളിലോ പ്രാവീണ്യം വേണ്ടേയെന്നും തോമസ് ഐസക് ചോദിച്ചു. എഞ്ചിനീയറിങ് കോളേജിലെ അധ്യാപിക, പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിലെ പ്രവർത്തനം വൈസ് ചാൻസലർ പദവിക്കുള്ള അക്കാദമിക് യോഗ്യതയല്ലെന്നും വിമർശിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിസ തോമസിന്റെ നിയമനമെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികൾക്കെതിരായ നടപടികളിലും സമരങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളിലും വിമർശനം ഉന്നയിച്ച തോമസ് ഐസക്, വിദ്യാർഥികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും സമരത്തിന് പിന്തുണയുമായി തങ്ങളും രംഗത്തിറങ്ങുമെന്നും കുറിച്ചു.