കത്തുകള്‍

October - Letters
അഴിമതിക്കെതിരായ ശക്തമായ വികാരം രാജ്യമാകെ ഉണര്‍ന്നുയരുന്നു. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തിനും രാജ്യത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമോ എതിര്‍പ്പോ ഇല്ലാത്തവര്‍പോലും ഹസാരെയുടെ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അഴിമതി കണ്ട് മനം മടുത്തത് കൊണ്ടുതന്നെയാണ്. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിശ്വാസ്യതയുടെ തരിമ്പുപോലും അവകാശപ്പെടാനില്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി നില്‍ക്കുന്നു. ഈ ദുരവസ്ഥ ചരിത്രത്തില്‍ ഇതിനുമുന്‍പുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ലക്ഷക്കണക്കിന് കോടികള്‍ കൊള്ളയടിച്ച 2ജി സ്പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയും തുടങ്ങി അഴിമതിയുടെ കറുത്ത ഒഴുക്കില്‍ നുരക്കുകയാണ് കോണ്‍ഗ്രസും കൂട്ടാളികളുമുള്ള യുപിഎ ഗവണ്‍മെന്റ്. ജനങ്ങളുടെ ക്ഷമാശക്തി ഇവിടെ ഇല്ലാതായി. ജനങ്ങള്‍ അഴിമതി വിരുദ്ധ സമരവുമായി കൂട്ടത്തോടെ കൈകോര്‍ത്തു. ഹസാരെയെ ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ അഴിമതിക്കെതിരെ സമരം ചെയ്യുന്നവരാണെന്ന് സമരത്തില്‍ പങ്കാളികളായ പലരും വിളിച്ച് പറയുന്നതും വാര്‍ത്തകളിലുണ്ട്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് -ബിജെപി ഇതര ഒമ്പത് രാഷ്ട്രീയപാര്‍ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച അഴിമതിയ്ക്കെതിരായ പ്രതിഷേധ ദിനവും പ്രസക്തവും ജനബാഹുല്യമുള്ളതുമായി മാറിയത്.

ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാഹസാരെ നടത്തുന്ന അഴിമതിയ്ക്കെതിരായ സമരത്തെ ജനാധിപത്യമാര്‍ഗത്തിലുള്ള സമരരൂപം എന്ന നിലയില്‍ അംഗീകരിക്കുമ്പോള്‍ തന്നെ ആ സമരത്തിന്റെ വക്താക്കള്‍ മുന്നോട്ട് വെക്കുന്ന അരാഷ്ട്രീയത അംഗീകരിക്കാന്‍ കഴിയില്ല. അരാഷ്ട്രീയവാദം ഭൂര്‍ഷ്വാഭരണാധികാര രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ ഉതകുകയുള്ളു. എല്ലാ രാഷ്ട്രീയപാര്‍ടികളും ഒരു പോലെയാണെന്ന പ്രതീതി ജനിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജനവിരുദ്ധമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടി വെള്ളപൂശപ്പെടുകയാണ്. അത് അരാഷ്ട്രീയ വാദത്തിന്റെ ദൌത്യമാണ്. പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പകരം തങ്ങളും തങ്ങളുടെ വ്യക്തിമഹിമയും മതി എന്ന ഹസാരെ സംഘത്തിന്റെ നിലപാട് ജനാധിപത്യത്തിന് എതിരായ കേളികൊട്ടാണ്.

അരാഷ്ട്രീയവാദത്തെ വളര്‍ത്തുന്നതില്‍ കോര്‍പ്പറേറ്റുകളും അവരുടെ നിയന്ത്രണത്തിലും സഹായത്തിലും വളരുന്ന മാധ്യമങ്ങളും എന്നും ശ്രമിച്ചിട്ടുണ്ട്. ഹസാരെയുടെ സമരത്തിന് ലഭിക്കുന്ന വന്‍ മാധ്യമസഹകരണത്തെ ഈ രീതിയിലും വിലയിരുത്തേണ്ടതുണ്ട്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും ഇത്തരത്തിലുള്ള പിന്തുണ മാധ്യമങ്ങള്‍ നല്‍കിയിട്ടില്ല. അരാഷ്ട്രീയ വാദം എവിടെയുണ്ടായാലും അതിനെയും അതിന്റെ വക്താക്കളെയും മഹത്വവത്കരിച്ച് കാണിക്കാന്‍ വെപ്രാളപ്പെടുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധ ഇവിടെയും പ്രകടമാവുന്നെന്ന് മാത്രം. രാഷ്ട്രീയ നിരപേക്ഷമായുള്ള ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് പൂര്‍ണമായ അര്‍ത്ഥത്തില്‍ വിജയിക്കില്ല എന്നാണ് ഈ മാധ്യമങ്ങളൊക്കെ വിലയിരുത്തുന്നത് എന്നത് മറ്റൊരു കാര്യം. കോര്‍പറേറ്റ് ശക്തികള്‍ അണ്ണാഹസാരെയുടെ സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഗൂഡാര്‍ത്ഥം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. കോര്‍പറേറ്റുകള്‍ വളര്‍ന്ന് പന്തലിക്കുന്നത് ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടി മാത്രമാണ്. അവരുടെ വഴിയില്‍ അഴിമതിയുടെയും അരാജകത്വത്തിന്റേയും നിരവധി ചരിത്രങ്ങളുണ്ട്. രാജ്യത്ത് നടക്കുന്ന വന്‍ അഴിമതികളില്‍ ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ എന്ന വിധത്തില്‍ കോര്‍പ്പറേറ്റുകള്‍ പങ്കാളികളാവുന്നുമുണ്ട്. ആ കോര്‍പ്പറേറ്റുകള്‍ ഗാന്ധിമാര്‍ഗത്തിലുള്ള അഴിമതിവിരുദ്ധ സമരത്തിന് വെള്ളവും വളവും നല്‍കുന്നതിന്റെ യുക്തിഹീനതയാണ് അറിയപ്പെടാതെയും പറയപ്പെടാതെയും പോവുന്നത്.

അഴിമതിയ്ക്കെതിരായ ലോക്പാല്‍ ബില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് ഹസാരെയുടെ സംഭാവനയാണെന്ന പ്രതീതിയാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. 1969ല്‍ രുപപ്പെട്ടുവന്ന ലോക്പാല്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയിട്ടുള്ളതും പൊരുതിയിട്ടുള്ളതും ഇടതുപക്ഷമാണ്. അത് സമര്‍ത്ഥമായി പൂഴ്ത്തിവെക്കുന്നതിനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അഴിമതിയ്ക്കെതിരെ എന്ന അണ്ണാഹസാരെയുടെ മുദ്രാവാക്യത്തോടും മുന്നേറ്റത്തോടും ഞങ്ങള്‍ക്ക് അശേഷം എതിര്‍പ്പില്ല. എന്നാല്‍, ആ സമരം അരാഷ്ട്രീയതയുടെ ഭൂമിക സൃഷ്ടിക്കുവാനുള്ള കുറുക്കുവഴിയാക്കി തീര്‍ക്കുന്ന ആശയപ്രയോഗങ്ങളോടാണ് എതിര്‍പ്പ്.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ദുര്‍ബലവും അഴിമതി തടയാന്‍ കെല്‍പ്പില്ലാത്തതുമാണ്. അത് അങ്ങനെ ദുര്‍ബലപ്പെട്ട് നില്‍ക്കേണ്ടത് യുപിഎ സര്‍ക്കാരിന്റെ ആവശ്യവുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പോലുമുതകുന്ന രീതിയിലുള്ള മ്ളേച്ഛമായ അഭ്യാസപ്രകടനങ്ങളിലൂടെ ജനപ്രതിനിധി സഭകളെപ്പോലും മറികടന്ന് അഴിമതിയെ സംരക്ഷിക്കുക എന്ന നയമാണ് യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിനാല്‍ തന്നെ അഴിമതി തടയാന്‍ ശക്തിയുള്ള ഫലപ്രദമായ പുതിയൊരു ബില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഒപ്പം ജുഡീഷ്യല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും വേണം. ദേശീയ ജുഡീഷ്യല്‍ കമീഷന് വഴിയൊരുക്കുന്ന ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി ബില്‍ പാസാക്കണം. പണാധിപത്യവും ക്രിമിനല്‍ വത്കരണവും തടയുന്നതിന് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നടപ്പിലാക്കണം. കള്ളപ്പണം കണ്ടെത്താനും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കാനും സാധിക്കണം. തുടങ്ങിയ കാര്യങ്ങള്‍ മുന്നോട്ട് വെച്ച് ഇടതുപക്ഷവും പ്രക്ഷോഭവഴിയിലാണ്. തീര്‍ച്ചയായും ഈ പോരാട്ടങ്ങള്‍ക്കൊടുവില്‍ അഴിമതിയുടെ ദുര്‍ഭൂതം മുട്ടുമടക്കുമെന്നതില്‍ സംശയം വേണ്ട.
ഷാജി തലമുണ്ട

മലയാളി മണത്തറിയുന്ന മര്‍ഡോക്
നെല്ലിന്റെ രണ്ടാമത് ലക്കത്തില്‍ സി പി നാരായണന്റെ ഭൂമധ്യരേഖ എന്ന പംക്തിയില്‍ മാധ്യമമര്‍ദകനായ മര്‍ഡോക്കിനെ കുറിച്ച് വിശദീകരിച്ചിരുന്നു. മര്‍ഡോകിന്റെ മാധ്യമ വാഴ്ചയെ കുറിച്ച് കുറച്ച് കൂടി പറയാനുണ്ട്. മുതലാളിത്ത സമൂഹത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും മറ്റ് അധികാര കേന്ദ്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഗാഡമായ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യമാണ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ “ന്യൂസ് ഓഫ് ദ വേള്‍ഡ്” എന്ന ബ്രിട്ടീഷ് ഞായറാഴ്ച ദിനപത്രത്തിന്റെ അടച്ചു പൂട്ടലിലേക്ക് നയിച്ച സംഭവങ്ങള്‍. വാണിജ്യാധിഷ്ടിത മാധ്യമ പ്രവര്‍ത്തനത്തിന്റെ സഹജമായ മൂല്യരാഹിത്യവും അതുവഴി ഉദാര മുതലാളിത്ത ജനാധിപത്യ വ്യവസ്ഥയുടെ തന്നെ അടിസ്ഥാനപരമായ അധാഷ്ഠികതയും വെളിവാക്കുന്നത് ഈ ഇരുപത്തിയേഴ് ലക്ഷം വായനക്കാരിലുണ്ടായിരുന്ന മാധ്യമ ഭീമന്റെ ദയനീയ അന്ത്യം. അപൂര്‍വം അപവാദങ്ങളൊഴിച്ചാല്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിനേറ്റ തിരിച്ചടിയെ പഞ്ചനക്ഷത്ര കുറ്റവാളികള്‍ അഭിനയിക്കുന്ന മറ്റൊരു നാടകമായാണ് ഇവിടെ അവതരിപ്പിക്കുന്നത്. ന്യൂസ് ഓഫ് ദ വേള്‍ഡിന് സംഭവിച്ചത് മര്‍ഡോക്ക് കുടുംബത്തിന്റെ സ്വകാര്യ നാണക്കേടിനപ്പുറം ഒന്നുമല്ല എന്ന രീതിയിലുള്ള അവതരണത്തിലൂടെ ഇത്തരക്കാര്‍ ശ്രമിക്കുന്നത് സ്വന്തം നാണക്കേട് മറക്കാനാണ്.

മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം ഒരു വിദൂര വിപത്തല്ല. അത് നമ്മുടെ വീട്ടു മുറ്റത്തെ വിഷവൃക്ഷമാണ്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ ഉടമ മര്‍ഡോക്ക് കുടുംബമാണ്. റൂവര്‍ട്ട് മര്‍ഡോക്കിന്റെ മൂത്ത മകനും ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം നടത്തിയിരുന്ന ന്യൂസ് കോര്‍പ്പറേഷന്‍ കമ്പനിയുടെ മേധാവിയായ ജയിംസ് മര്‍ഡോക്കാണ് ഏഷ്യാനെറ്റ് മലയാളം ചാനല്‍ നടത്തുന്ന സ്റാര്‍ ഏഷ്യ എന്ന കമ്പനിയുടെ അധിപനും. ഏഷ്യാനെറ്റ് ചാനലിന്റെ സഹോദര സ്ഥാപനമായ ഏഷ്യാനെറ്റിന്റെ ഉടമസ്ഥത പൂര്‍ണ്ണമായും മര്‍ഡോക്കിന്റെ പേരിലാകാത്തത് ഇന്ത്യയില്‍ ഇതു വരെ വാര്‍ത്ത മാധ്യമങ്ങളില്‍ വിദേശ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം അനുവദിക്കപ്പെട്ടിട്ടില്ല എന്നതു കൊണ്ടു മാത്രമാണ്.

ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിന്റെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖര്‍ സംഘപരിവാര്‍ സഹപ്രവര്‍ത്തകനായ ഒരു കെട്ടിടനിര്‍മ്മാണ വ്യവസായിയാണ്. ബി.ജെ.പി യുടെ പിന്തുണയോടെ കര്‍ണ്ണാടകയില്‍ നിന്ന് രാജ്യസഭാംഗമായ ഇദ്ദേഹത്തിന്റെ കമ്പനിയ്ക്ക് സ്റാര്‍ ഏഷ്യയുമായുള്ള യഥാര്‍ത്ഥ ബന്ധം നിഗൂഡമാണ്. എന്നാല്‍ രണ്ടു കൂട്ടര്‍ക്കും ഏഷ്യാനെറ്റിന്റെ പൊതു കേബിള്‍ വിതരണ ശൃംഖലയില്‍ അടുത്തിടെ വരെ പങ്കാളിത്തമുണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയിലെ കുത്തക മുതലാളികളുടെ കേന്ദ്രസംഘടനകളിലൊന്നായ ഫിക്കിയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു. മുഖ്യധാര മാധ്യമങ്ങളുടെ ഉടമസ്ഥരുടെ ഇത്തരം ബന്ധങ്ങള്‍ വായനക്കാരും പ്രേക്ഷകരും അറിയുന്നത് ന്യൂസ് ഓഫ് ദ വേള്‍ഡിനു സംഭവിച്ചതു പോലെയുള്ള തിരിച്ചടിയുണ്ടാകുമ്പോള്‍ മാത്രമാണ്. ബംഗാളിലെ മലയാള മനോരമ എന്ന വിശേഷണം എന്തു കൊണ്ടും യോജിക്കുന്ന ഒരു പത്രമാണ് ആനന്ദ ബസാര്‍ പത്രിക. അതിന്റെ മുഖമുദ്ര സി.വി.ഐ.(എം) വിരുദ്ധതയാണ്. ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പും സ്റാര്‍ ഏഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ്. സ്റാര്‍ ആനന്ദ എന്ന ജനകീയ ബംഗാളി ടെലിവിഷന്‍ ചാനല്‍. സ്വാഭാവികമായി ഇതിന്റെ മുഖമുദ്രയും സി.വി.ഐ.(എം) വിരുദ്ധത തന്നെ. ആനന്ദ ബസാര്‍ പത്ര ഉടമകളുമായ അടുത്ത വ്യവസായ ബന്ധമുള്ള അമിത് മിത്രയാണ്. മമതയുടെ സംസ്ഥാന മന്ത്രിസഭയിലെ ധനകാര്യമന്ത്രി. ഇദ്ദേഹവും ഒരു മുന്‍ ഫിക്കി അധ്യക്ഷന്‍.

മര്‍ഡോക്കിന്റേതു പോലെ ഫ്യൂഡല്‍ കുടുംബ സ്ഥാപനങ്ങളാണ്. നമ്മുടെ മനോരമയും മാതൃഭൂമിയും റൂവര്‍ട്ട് മര്‍ഡോക്കിന്റെ 32 ലക്ഷം കോടി രൂപ വാര്‍ഷിക വരുമാനമുള്ള മാധ്യമ സാമ്രാജ്യത്തിലെ പകുതിയോളം ഓഹരി അച്യുല്‍ മര്‍ഡോക്കിന്റെയും ആണ്‍ മക്കളായ ജെയിംസ് മര്‍ഡോക് എക്ലാന്‍ മര്‍ഡോക് എന്നിവരുടെ പേരിലാണ്. മനോരമയുടെ മാധ്യമ സാമ്രാജ്യം പൂര്‍ണ്ണമായും ഒരു കുടുംബത്തിന്റെ വകയാണ്. മാതൃഭൂമിയുടെ ബഹുഭൂരിപക്ഷം ഓഹരികളും വീരേന്ദ്രകുമാറിന്റെയും കെ ടി സി വ്യവസായി കുടുംബാംഗങ്ങളുടെയും വശമാണ്. മാതൃഭൂമി ഇതിനകം ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുമായി വ്യവസായ സഹകരണ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കുറച്ച് വര്‍ഷം മുമ്പ് മാതൃഭൂമിയെ വടക്കേ ഇന്ത്യന്‍ കുത്തക മുതലാളി മാധ്യമ ശൃംഖലയായ ടൈംസ് ഓഫ് ഇന്ത്യയുടെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ മലയാളി സാംസ്കാരിക നായിക നായകന്‍മാരെ അണിനിരത്തിയ വീരേന്ദ്രകുമാര്‍ കുടുംബമാണ് ഇപ്പോള്‍ മര്‍വാഡി കുത്തകയുമായി സഹശയനത്തിന് തയ്യാറാവുന്നത്.

ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ അന്ത്യം പുറത്ത് കൊണ്ടു വന്ന മര്‍ഡോക്കിന്റെ രാപ്രിയ ബന്ധങ്ങള്‍ക്ക് സമാനമാണ് മലയാളത്തിലെ മാധ്യമ ഭീമന്മാരുടെ രാപ്രിയ ബന്ധങ്ങളും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രധാനമന്ത്രി മാര്‍ഗ്രറ്റ് താച്ചര്‍ , മര്‍ഡോക്കിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെയാണ് ബ്രിട്ടനില്‍ നവ ലിബറല്‍ സ്വകാര്യവല്‍ക്കരണ പരിപാടി നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാര്‍ഗ്രറ്റ് താച്ചര്‍ അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത് റുപ്പര്‍ട്ട് മര്‍ഡോക്കായിരുന്നു. ജോര്‍ജ്ജ് ബുഷ് നേതൃത്വം കൊടുത്ത അഫ്ഗാനിസ്ഥാനും ഇറാനുമെതിരെയുള്ള സാമ്രാജ്യ യുദ്ധങ്ങളിലേയ്ക്ക് ബ്രിട്ടനെ നയിച്ച ലേബര്‍ പ്രധാനമന്ത്രിയായിരുന്നു മര്‍ഡോക്കിന്റെ മറ്റൊരു ഇഷ്ട രാഷ്ട്രീയ നേതാവ്. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ഇതിനകം അറസ്റിലായ മുന്‍ പത്രാധിപര്‍ ആല്‍ഡി കൂള്‍സണ്‍ അടുത്തിട വരെ ഇപ്പോഴത്തെ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മാധ്യ ഉപദേശകനായിരുന്നു. കൂള്‍സണ്‍ന്റെ മുഖ്യദൌത്യം മര്‍ഡോക് കുടുംബത്തിന് ബ്രിട്ടനിലെ ബി സ്കൈബി എന്ന ടെലിവിഷന്‍ ചാനലില്‍ ഭുരിപക്ഷ ഓഹരി സമ്പാദിക്കുന്നതിന് സഹായകരമായ നിയന്ത്രണ ഇളവുകള്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുക എന്നതായിരുന്നു.

മര്‍ഡോക്ക് കുടുംബത്തിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ ഭാഗമാണ് ഹാര്‍വര്യ കോളിന്‍സ് എന്ന പുസ്തക പ്രസിദ്ധീകരണശാല. മുന്‍ രാഷ്ട്രത്തലവരുടെ ഓര്‍മ്മക്കുറിപ്പുകളും ആത്മകഥയും വിലയ്ക്ക് വാങ്ങി പ്രസിദ്ധീകരിക്കുന്ന ഈ പ്രസിദ്ധീകരണ സ്ഥാപനം ഇതിനകം ജോര്‍ജ്ജ് ബുഷിന്റെയും , മാര്‍ഗ്രറ്റ് താച്ചറിന്റെയും ടോണി ബ്ളെയറിന്റെയും ആത്മകഥകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഈ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഇന്ത്യന്‍ ശാഖയായ ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ആത്മകഥകള്‍ ഇതിനകം കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. കേരളത്തിലെ ഒരു പ്രസിദ്ധീകരണ സ്ഥാപനവുമായി ഇവര്‍ ഒരു സംയുക്ത സംരംഭത്തിനും തുടക്കമിട്ടുണ്ട്. മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ നാറുന്ന അടുക്കളയുടെ ദുര്‍ഗന്ധം നമ്മള്‍ മണത്തറിയുന്നത് നമ്മുടെ തീന്‍മേശയില്‍ നിന്നു തന്നെയാണ്.

എന്‍ മാധവന്‍ കുട്ടി