Skip to main content
വാർത്തകൾ

വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്; യുഡിഎഫ് കൺവീനറെ ഒറ്റപ്പെടുത്താൻ ശ്രമമെന്ന് സംശയം

Prakash

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തേക്ക് നയിച്ചതുപോലെ തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളുമായി കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കെ. സുധാകരനെ ഒറ്റപ്പെടുത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്ന് അടൂർ പ്രകാശ് ആരോപിച്ചു. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാനമായ രീതിയിൽ യുഡിഎഫ് കൺവീനറെയും ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ യാത്രകളിലും വിശദീകരണം വേണം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ, വിമാന യാത്രകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സംശയങ്ങളുണ്ടാകാതിരിക്കാൻ യാത്രകളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ തയ്യാറാകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ എവിടേക്ക്, എന്ത് ആവശ്യത്തിനാണ് യാത്ര നടത്തിയതെന്ന് തുറന്നുപറയാനുള്ള ആർജവം കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ സംസ്ഥാന പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനെയും നിയമിച്ച മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ജയ് ഹിന്ദ് ടിവിയുടെ പരിപാടിയിൽ തലേദിവസം ഒരേ വേദിയിലുണ്ടായിരുന്നെങ്കിലും ഇക്കാര്യം തന്നോട് അറിയിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാധ്യമങ്ങൾ ചോദിച്ചപ്പോൾ ലഭ്യമായ വിവരം പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് യോഗം വിളിക്കുന്നതിലും അനിശ്ചിതത്വം

യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയതായും അടൂർ പ്രകാശ് പറഞ്ഞു. പരാതി ഖർഗെ വായിച്ചുനോക്കിയെന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി നൽകിയിട്ടും യുഡിഎഫ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നിർദേശമൊന്നും നൽകിയിട്ടില്ലെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.

വി.ഡി. സതീശനുമായി വ്യക്തിപരമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് തന്നോട് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ അതിന്റെ കാരണം അറിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്നെ യുഡിഎഫ് കൺവീനറായി നിയമിച്ചതിൽ സതീശന്റെ പങ്കിനെക്കുറിച്ചും സംശയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഹൈക്കമാൻഡിനോട് അഭിപ്രായം പറഞ്ഞു

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തന്നോട് അഭിപ്രായം ചോദിച്ചില്ലെന്നും എന്നാൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഭിപ്രായം തേടിയപ്പോൾ നിലപാട് അറിയിച്ചിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പിന്തുണച്ചതെന്ന ചോദ്യത്തിന്, രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പരസ്യമാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഖർഗെയ്ക്ക് നൽകിയ പരാതിയുടെ പകർപ്പ് രാഹുൽ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. കെ.സി. വേണുഗോപാലുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.