വൈദ്യുതി നിരക്ക് വർധനയ്ക്ക് നീക്കം; പുതിയ താരിഫ് നയം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയ്ക്ക് വഴിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച പുതിയ താരിഫ് നയം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇതിന് പുറമെ അടുത്ത വർഷം മുതൽ പുതിയ സർചാർജും ഏർപ്പെടുത്തും.
കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം ഏകദേശം 5,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ സാമ്പത്തിക ബാധ്യതയ്ക്കൊപ്പം ഹ്രസ്വകാല വൈദ്യുതി കരാറുകൾ മൂലമുണ്ടായ അധിക ചെലവുകളും നികത്തുന്നതിനായാണ് പുതിയ താരിഫ് നയം രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി നിരക്കിനൊപ്പം ഇന്ധന സർചാർജും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് ആറു മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം. നേരത്തെ ഇത് വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെയായിരുന്നു. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള നിരക്കിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.