Skip to main content
വാർത്തകൾ

കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം

kasargod dcc

കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കെപിസിസി സെക്രട്ടറി സുബ്ബയ്യ റായി. മുൻ എംപി ഐ. രാമറായിയുടെ മകൻ കൂടിയായ സുബ്ബയ്യ റായി, ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി.

ഡിസിസി ഓഫീസിന്റെ മൂന്നാം നില നിർമിക്കാൻ തീരുമാനിച്ചെന്നും, അതിന് അന്തരിച്ച ഐ. രാമറായിയുടെ പേരിടുന്നതിനായി 20 ലക്ഷം രൂപ നൽകണമെന്ന് ഫൈസൽ ആവശ്യപ്പെട്ടെന്നുമാണ് പരാതിയിലെ ആരോപണം. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഡിസിസി പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നും സുബ്ബയ്യ റായി കുറ്റപ്പെടുത്തി.

അന്തരിച്ച മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കുന്നതിനായി ഇപ്പോൾ പണം പിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഫൈസൽ ഒറ്റയ്ക്കാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും മണ്ഡലം കമ്മിറ്റികളിൽനിന്ന് ഉൾപ്പെടെ പണം സമാഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സുബ്ബയ്യ റായി ആരോപിച്ചു. ഐ. രാമറായിയെ അവഹേളിക്കുന്ന നിലപാടാണ് ഫൈസൽ സ്വീകരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.